2021 തുടങ്ങി അധികം ദിവസങ്ങൾ വൈകാതെ ഏവരെയും ഞെട്ടിച്ചത് ഒരു വിമാനാപകടത്തിൻ്റെ വാർത്തയാണ്. ജനുവരി 9 നു ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പറന്നുയർന്ന ശ്രീവിജയ എയർ വിമാനം 62 യാത്രക്കാരുമായി കടലിൽ തകർന്നുവീണതാണ് സംഭവം. അപകടവാർത്തയുടെ നടുക്കത്തിലാണെങ്കിലും ഇന്തൊനീഷ്യയിലെ വിമാനക്കമ്പനിക്ക് എങ്ങനെ ‘ശ്രീവിജയ’ എന്ന പേര് വന്നതെന്ന് നമുക്കിടയിൽ ധാരാളമാളുകൾ ചിന്തിച്ചിട്ടുണ്ടാകും. അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.

എട്ടു മുതൽ 13–ാം നൂറ്റാണ്ടു വരെ ഇന്തൊനീഷ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഭരണത്തിലിരുന്ന രാജവംശമാണു ശ്രീവിജയ സാമ്രാജ്യം. 600 വർഷത്തോളം ജാവ മുതൽ തായ്‌ലൻഡ് മുനമ്പു വരെയുള്ള മേഖല അടക്കിവാണ ശ്രീവിജയ സാമ്രാജ്യത്തിലെ രാജാവിന്റെ ആസ്ഥാനം ഇന്തൊനീഷ്യയുടെ പടിഞ്ഞാറൻ പ്രദേശം ഉൾപ്പെടുന്ന സുമാത്ര ദ്വീപായിരുന്നു.

ഹിന്ദു–ബുദ്ധ സംസ്കൃതിയുടെ കൂടിച്ചേരലിന്റെ കൊടിയടയാളം കൂടിയായിരുന്നു ശ്രീവിജയ സാമ്രാജ്യം. ഇന്ത്യയുടെ സ്വാധീനം ഏറെ അനുഭവപ്പെട്ടിരുന്ന ഈ സാമ്രാജ്യത്തിന്റെ വേരുകൾ ആറാം നൂറ്റാണ്ടിലെ തമിഴ് – ചോള സംസ്കൃതിയിലേക്കു നീളുന്നതായും ചില ഗവേഷകർ പറയുന്നു. പേരിലെ ദ്രാവിഡ–സംസ്കൃത ചേരുവയ്ക്കു പിന്നിൽ ചിറകടിച്ച ഘടകവും ഇതാകാം.

ഇനി ശ്രീവിജയ എയർലൈൻസിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 2003 ൽ പ്രവർത്തനമാരംഭിച്ച ഒരു ഇൻഡോനേഷ്യൻ വിമാനക്കമ്പനിയാണ് ശ്രീവിജയ എയർലൈൻസ്. ദേശസ്നേഹം തുടിക്കുന്ന പേര് വേണമെന്നു തീരുമാനിച്ചതു കൊണ്ടായിരിക്കണം എയർലൈനിനു ‘ശ്രീവിജയ’ എന്ന പേര് നൽകിയത്. 2003 നവംബർ 10 നു ജക്കാർത്ത – പാങ് കൽ പിനാംഗ് റൂട്ടിലായിരുന്നു ശ്രീവിജയ എയറിന്റെ ആദ്യ സർവ്വീസ്. ബോയിങ് 737 വിമാനങ്ങളായിരുന്നു ശ്രീവിജയയിൽ ഉണ്ടായിരുന്നത്.

പ്രവർത്തനമാരംഭിച്ച ആദ്യ വര്ഷം തന്നെ ശ്രീവിജയ ലാഭം കണ്ടുതുടങ്ങി. 2007 ൽ എയർക്രാഫ്റ്റുകളുടെ സുരക്ഷ, പരിപാലനം എന്നിവയ്ക്കുള്ള ബോയിങ് ഇന്റർനാഷണൽ അവാർഡ് ശ്രീവിജയ കരസ്ഥമാക്കി. 2011 ലെ പാരീസ് എയർഷോയ്ക്കിടെ 20 Embraer 190 ജെറ്റുകൾ വാങ്ങുവാനായി കരാറിലേർപ്പെട്ടെങ്കിലും പിന്നീട് അത് റദ്ദാക്കി ബോയിങ് 737 മോഡൽ തന്നെ സ്വീകരിക്കുകയായിരുന്നു.

ഇൻഡോനേഷ്യയിലെ തന്നെ മറ്റൊരു വിമാനക്കമ്പനിയായ നാം എയർ ശ്രീവിജയയുടെ സബ്സിഡിയറി എയർലൈനാണ്‌. ജക്കാർത്തയിലെ സോകർണോ ഹട്ട ഇന്റർനാഷണൽ എയർപോർട്ടാണ് ശ്രീവിജയയുടെ പ്രധാന ഹബ്ബ്. ഏകദേശം 53 ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ശ്രീവിജയ സർവ്വീസ് നടത്തുന്നുണ്ട്. തുടക്കം മുതൽ ഇതുവരെ ബോയിങ് 737 മോഡൽ എയർക്രാഫ്റ്റുകളാണ് ശ്രീവിജയ ഉപയോഗിച്ചു വരുന്നത്. നിലവിൽ 18 എയർക്രാഫ്റ്റുകളാണ് ശ്രീവിജയയുടെ ഫ്‌ലീറ്റിൽ ഉള്ളത്.

പ്രവർത്തനമാരംഭിച്ചതു മുതൽ ഇത്രയുംനാൾ വലിയ അപകടങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത ശ്രീവിജയയെ 2021 കാത്തിരുന്നത് വലിയൊരു അപകടം തന്നെയായിരുന്നു. 2021 ജനുവരി 9 ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയറിന്റെ SJ182 എന്ന ബോയിങ് 737 വിമാനം ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്ന്‌ മിനിട്ടുകൾക്കകം വിമാനം കുത്തനെ വീഴുകയായിരുന്നുവെന്നു വിവരം ലഭിച്ചതോടെ കടലിൽ നടത്തിയ തിരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. അപകടകാരണം ഇനിയും വ്യക്തമാകുവാനിരിക്കുന്നു.

അപകടത്തിൽപ്പെട്ട വിമാനത്തിന് 27 വർഷത്തോളം പഴക്കവുമുണ്ടായിരുന്നു. 1994 ൽ പുറത്തിറങ്ങിയ ഈ ബോയിങ് 737-500 വിമാനം ആദ്യം ഉപയോഗിച്ചത് അമേരിക്കയിലെ കോണ്ടിനെന്റൽ എയർലൈൻസ് ആയിരുന്നു. 2010 ൽ കോണ്ടിനെന്റൽ എയർലൈൻസ് യുണൈറ്റഡ് എയർലൈൻസുമായി യോജിച്ചപ്പോൾ ഈ വിമാനം പിന്നെ യുണൈറ്റഡ് എയര്ലൈന്സിന്റെതായി മാറി. 2012 ലാണ് ഈ വിമാനം ശ്രീവിജയ എയർ വാങ്ങുന്നത്.

പ്രവർത്തനമാരംഭിച്ചിട്ട് ഇതുവരെ വലിയ അപകടങ്ങളിലൊന്നും പെട്ടിട്ടില്ലാത്ത, മികച്ച സുരക്ഷാ ചരിത്രമുള്ള ശ്രീവിജയ എയറിനുമേൽ ഒരു കറുത്ത അധ്യായമായി മാറിയിരിക്കുകയാണ് തകർന്നു വീണ SJ182 എന്ന ബോയിങ് 737 വിമാനം. ദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാജ്ഞലികൾ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.