ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്.” ഹിന്ദുവായ കെ കേശവൻ നായരുടെയും, മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്. (മതം പറയുകയാണെന്നു വിചാരിക്കരുത്). ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു. സ്വന്തം മക്കളെക്കാൾ വണ്ടിയെ സ്നേഹിച്ചിരുന്നവർ. അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജനസേവനം കൂടിയായിരുന്നു.
പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്. ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു.
മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ് ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു. ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല.
ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ – കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര – തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്‌താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം.. ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ.. അപ്പോഴാണ് എല്ലാം തകർത്തു കളയാനായി തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്.
ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ചില തൊഴിലാളികൾ ഉടമകളുടെ വീട്ടുപടിക്കൽ സമരം തുടങ്ങി. ഇതുമൂലം മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു. തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്‌കരുണം തള്ളി, അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി. അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി. ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു. ചങ്ങനാശേരിയുടെ അഭിമാനമായിരുന്ന സെന്റ് ജോർജ് ബസ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി.
വിവരങ്ങൾക്ക് കടപ്പാട് : വിനോദ് പണിക്കർ, ചങ്ങനാശ്ശേരി ജംഗ്‌ഷൻ ഫേസ്‌ബുക്ക് കൂട്ടായ്മ.