സ്റ്റാൻലി ചേട്ടന് ലോട്ടറിയടിച്ചു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാമെന്ന് അയാൾ കരുതി. ലോട്ടറി വിൽപ്പനശാലയിലെ ജീവനക്കാരൻ സ്റ്റാൻലി ചേട്ടനോട് അവിടെ അൽപ്പസമയം ഇരിക്കാൻ പറഞ്ഞു. അപ്പോഴേക്കും ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. അതിൽ നിന്നും പോലീസുദ്യോഗസ്ഥർ ഇറങ്ങി, വേഗത്തിൽ ലോട്ടറി വിൽപ്പനശാലയിലേക്ക് നടന്നു. അവിടെ സ്റ്റാൻലി ചേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.
പോലീസുദ്യോഗസ്ഥർ വളരെ അനുനയത്തോടെ സ്റ്റാൻലി ചേട്ടനോട് സംസാരിച്ചു. എന്നിട്ട് അയാളോട് പോലീസ് വാഹനത്തിൽ കയറുവാൻ പറഞ്ഞു. “ഞാനെന്തു തെറ്റാണ് ചെയ്തത് സാറേ?” സ്റ്റാൻലി ചേട്ടൻ പോലീസ് ഓഫീസറോട് ചോദിച്ചു. അപ്പോഴേക്കും ആ വാർത്ത മിന്നൽപ്പിണരുപോലെ പരന്നു. തൃശൂർ നഗരത്തിലെ ലോട്ടറി വിൽപ്പന കടയിൽ ലോട്ടറി വാങ്ങാനെത്തിയ ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നു.
അറിഞ്ഞവരിൽ ചിലരൊക്കെ അവിടേക്ക് വന്നു. ലോട്ടറി വാങ്ങാൻ വന്നയാളെ എന്തിനാണ് പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് ? ചിലരൊക്കെ അടക്കം പറഞ്ഞു. ചിലർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇനിയാണ് കഥയിലെ ട്വിസ്റ്റ്.
ഇക്കഴിഞ്ഞ ആഗസ്ത് 25 ന് പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ ഒരു പലചരക്കുകടയുടെ ഷട്ടർ പൊളിച്ച് മോഷണം നടന്നിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഉടമസ്ഥനാണ് മോഷണം നടന്ന വിവരം പോലീസിൽ അറിയിച്ചത്. കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും കള്ളൻ മോഷണം ചെയ്തു കൊണ്ടുപോയി.
തൃശൂർ ടൌൺ വെസ്റ്റ് പോലീസ് ഇക്കാര്യത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ, നഷ്ടപ്പെട്ട പണത്തെക്കുറിച്ചും, ലോട്ടറിടിക്കറ്റുകളെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു.
കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടക്കുകയുണ്ടായി. അതിൽ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി. അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥർ മനസ്സിലാക്കി.
മോഷണം ചെയ്തു കൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ, ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാൻ കള്ളൻ എത്തുമെന്ന് പോലീസിനറിയാമായിരുന്നു. അക്കാരണത്താൽ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വിൽപ്പനശാലകളിൽ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നൽകി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നൽകി.
അങ്ങിനെയിരിക്കെയാണ് നമ്മുടെ സ്റ്റാൻലി ചേട്ടൻ, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വിൽപ്പനശാലയിൽ എത്തിയത്. പോലീസുദ്യോഗസ്ഥർ അറിയിച്ച പ്രകാരമുള്ള സീരീസിൽ പെട്ട ലോട്ടറിടിക്കറ്റുകളാണ് അതെന്ന് ലോട്ടറി വിൽപ്പന കടക്കാരൻ ഉറപ്പുവരുത്തി. നയത്തിൽ അയാളെ അവിടെ ഇരുത്തി സംസാരിച്ചു. അപ്പോഴേക്കും പോലീസുദ്യോഗസ്ഥർ അവിടെ എത്തി. സ്റ്റാൻലിയെ കസ്റ്റഡിയിലെടുത്തു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചു.
അങ്ങിനെ ആ കഥയ്ക് ശുഭകരമായ ഒരു അവസാനം കൈവന്നിരിക്കുന്നു.
താങ്ക് യൂ വെരി മച്ച് ഡിയർ സ്റ്റാൻലി ചേട്ടൻ.
കടപ്പാട് – Thrissur City Police.