എഴുത്ത് – രേഷ്മ അന്ന സെബാസ്റ്റ്യൻ.

മുന്നോട്ടു കുതിക്കുവാനുള്ള ശക്തി , കരുത്താർന്ന കാലുകളിൽ അല്ല , ഉറപ്പാർന്ന മനസ്സിലാണെന്ന് തെളിയിച്ചയാളാണ് ഇന്ത്യയുടെ ആദ്യത്തെ “ബ്ലെയ്ഡ് റണ്ണർ” (Blade Runner ) ആയ മേജർ ഡി പി സിംഗ്. രാജ്യത്തിനു വേണ്ടി പോരാടിയ ഈ സൈനികന്റെ കാലിനെ തകർക്കുവാൻ മാത്രമേ ശത്രുവിന് കഴിഞ്ഞുള്ളു. അദ്ധേഹത്തിന്റെ ഇച്ഛാശക്തിയ്ക്ക് മുൻപിൽ കിലോമീറ്ററുകൾ വെറും അക്കങ്ങൾ മാത്രമായി .

1999ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയായിരുന്നു മേജർ ദേവേന്ദർ പാൽ സിംഗ്. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും 80 മീറ്റർ അകലെ തന്റെ സൈനികരോടൊത്തു യുദ്ധം ചെയ്യുമ്പോൾ പാക്ക് ആർമിയുടെ ഒരു ഗ്രനേഡ് തൊട്ടടുത്ത് വന്നു പതിക്കുകയായിരുന്നു. പൊട്ടിച്ചിതറിയ ഗ്രനേഡിൽ നിന്നും പുറത്തു വന്ന ചീളുകൾ അദ്ധേഹത്തിന്റെ ശരീരത്തിൽ പല ഭാഗങ്ങളിലായി തുളഞ്ഞു കയറി.

സിംഗിന്റെ വാക്കുകളിൽ “ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ പോലും എന്റെ യാത്ര മരണത്തിൽ അവസാനിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടുന്നതാണ് മരണം. അങ്ങനെ കൈവിടുന്നവരെ ഡോക്ടർമാർക്ക് പോലും രക്ഷിക്കാൻ കഴിയില്ല . അങ്ങനെ കൈവിടാൻ ഞാൻ ഒരുക്കമായിരുന്നില്ല”. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയെങ്കിലും വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു.

പരുക്കിൽ നിന്നും മുക്തനായ സിംഗ് പിന്നീട് Army Ordnance Corps ൽ (സൈന്യത്തിന് ആയുധങ്ങളും, സാമഗ്രികളും എത്തിച്ചു കൊടുക്കുന്ന വിഭാഗം) സേവനം തുടരുകയും, അഞ്ചു വർഷത്തിന് ശേഷം 2007ൽ തന്റെ ഒരു പതിറ്റാണ്ടു കാലത്തെ സൈനിക ജീവിതത്തിനു വിരാമമിടുകയും ചെയ്തു. സൈനികവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും ഒരു സൈനികന്റെ ആത്മ വീര്യം അണഞ്ഞു പോകില്ല. തന്റെ കൃത്രിമക്കാൽ ഉപയോഗിച്ച് അദ്ദേഹം ഓടിത്തുടങ്ങി. ആ ഓട്ടം മേജർ ഡി.പി സിംഗിനെ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ബ്ലെയ്ഡ് റണ്ണർ ആക്കി മാറ്റി. പ്രതിസന്ധികളിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത ആ സൈനികൻ പതിനെട്ടോളം മാരത്തോണുകളിൽ പങ്കെടുത്തു.

ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ “People of the Year 2016” ൽ ഡി.പി സിംഗിന്റെയും പേരെഴുതി ചേർക്കപ്പെട്ടു. തകർക്കാനാവാത്ത ആത്മവീര്യത്തിനുള്ള അംഗീകാരം. തന്നെ പോലെ തന്നെ അംഗ പരിമിതർ ആയ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് “The challenging Ones” എന്ന സംഘടനയ്ക്ക് രൂപം നൽകി , മറ്റുള്ളവരെ സഹായിക്കുകയും അവർക്കു പ്രചോദനമാവുകയും ചെയ്യുകയാണ് ഇന്നദ്ദേഹം.

ശരീരത്തേക്കാളുപരി മനസ്സിനുള്ള പരിമിതികളാണ് വിജയത്തിന് തടസ്സമായി നിൽക്കുന്നത്. ഉയരങ്ങളിലേയ്ക്ക് ചവിട്ടി കയറാൻ ബലമുള്ള കാലുകളല്ല, ഉറപ്പുള്ള മനസ്സാണ് ആവശ്യമെന്ന് മേജർ സിംഗ് നമുക്ക് തെളിയിച്ചു തരുന്നുണ്ട്. നമുക്കും പരിമിതികൾ കൊണ്ട് മനസ്സിനെ കെട്ടിയിട്ടിരിക്കുന്ന നൂല് അഴിച്ചു വിടാം, അത് ലക്ഷ്യങ്ങൾ തേടി ഉയരത്തിലേയ്ക്ക് പറക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.