പുരുഷന്മാരുടേതെന്നു അഹങ്കരിച്ചിരുന്ന ഡ്രൈവിംഗ് ജോലി ഇന്ന് വനിതകളും ഈസിയായി ചെയ്യുന്നുണ്ട്. കേരളത്തിലെ വനിതാ ഡ്രൈവര്മാരെക്കുറിച്ച് നാം കുറെ വാർത്തകൾ കേട്ടിട്ടുമുണ്ട്. എന്നാൽ എല്ലാവരിലും വ്യത്യസ്തയായി, ഡ്രൈവിംഗിൽ റെക്കോർഡുകൾ തീർത്ത ഒരു വനിതാ താരം നമ്മുടെയിടയിലുണ്ട്. ആ താരത്തെത്തക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ഒട്ടുമിക്കവർക്കും സുപരിചിതമായ പേരാണത്. ആതിര മുരളി. സാധാരണ റോഡുകളിലും ഓഫ്‌റോഡ് മത്സരങ്ങളിലും ആവേശം തീർത്ത, ഡ്രൈവിംഗിനോടും റേസിംഗിനോടും തീർത്താൽ തീരാത്ത കമ്പമുള്ള ഒരു 25 കാരി..
കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിലാണ് ആതിരയുടെ ജനനം. അച്ഛൻ മുരളി കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ സുസൂക്കി മാക്സ് 100 ബൈക്ക് ഒരു കൗതുകത്തിനു ഓടിച്ചു പഠിച്ചാണ് ആതിര ഡ്രൈവിംഗിന്റെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നത്. അതിനുശേഷം എട്ടാം ക്ലാസ്സ് ആയപ്പോഴേക്കും ആതിര ജീപ്പ് ഓടിക്കുവാൻ പഠിച്ചു. പത്താംക്ലാസ് ആയപ്പോൾ ആതിര നേരെ കാലെടുത്തു വെച്ചത് ലോറിയിലേക്ക് ആയിരുന്നു. പിന്നീട് പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് അച്ഛന്റെ സുഹൃത്തുക്കളുടെ ബസ്സുകൾ ഓടിക്കുമായിരുന്നു. നാട്ടിൻപുറത്തായിരുന്നതിനാൽ യാതൊരു പ്രശ്നങ്ങളും തടസ്സങ്ങളും കൂടാതെ ഇത്രയും വാഹനങ്ങളെ കൈപ്പിടിയിലൊതുക്കുവാൻ ചെറുപ്രായത്തിൽത്തന്നെ ആതിരയ്ക്ക് സാധിച്ചു.
ഡ്രൈവറായ അച്ഛന് ഒരു സഹായകമാകട്ടെ എന്നു കരുതിയാണ് താൻ ഡ്രൈവിംഗ് പഠിച്ചതെന്ന് ആതിര പറയുന്നു. എന്തെങ്കിലും അത്യാവശ്യ സമയങ്ങളിൽ, ആണുങ്ങൾ ഇല്ലാത്തപ്പോൾ വാഹനം എടുക്കേണ്ട അവസ്ഥ വന്നാൽ, ചങ്കുറപ്പോടെ അതിനു സാധിക്കണം. വീട്ടിലാർക്കെങ്കിലും ഒരു അസ്വസ്ഥതയുണ്ടായാൽ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനെങ്കിലും ഇത് ഉപകാരമാവും. അതുകൊണ്ട് എല്ലാ വനിതകളും ഡ്രൈവിംഗ് നന്നായി പഠിച്ചിരിക്കണം എന്നാണു ആതിര പറയുന്നത്. പരിശീലനം പൂർത്തിയാക്കിയെങ്കിലും ഒരു വാഹനവും റോഡിൽ ഇറക്കി ഓടിക്കാൻ കഴിയാത്ത വിഷമത്തിൽ വർഷങ്ങൾ കഴിച്ചുകൂട്ടി.ലൈസൻസിന്റെ ആഭാവമായിരുന്നു വാഹനവുമായി റോഡിലിറങ്ങുന്നതിന് തടസ്സം. ഒടുവിൽ പതിനെട്ടു വയസ്സായപ്പോൾ ടൂവീലർ, ത്രീവീലർ, LMV എന്നീ ലൈസൻസുകൾ ആതിര കരസ്ഥമാക്കി. ഇരുപതാം വയസ്സിൽ ഹെവി ലൈസൻസും ആതിര കൈപ്പിടിയിലാക്കി.
ലൈസൻസുകൾ കൈവശം വന്നതോടെ ആതിര പുറമേയുള്ള റോഡുകളിലൂടെ വാഹനമോടിക്കുവാൻ തുടങ്ങി. ബസ്സും, ലോറിയും ജീപ്പുമൊക്കെ അനായാസം ഓടിച്ചുകൊണ്ടു പോകുന്ന പെൺകുട്ടിയെ നോക്കി എല്ലാവരും അമ്പരന്നു. അതിനിടയിൽ ജെസിബി, ട്രാക്ടർ തുടങ്ങിയ ലൈസൻസുകൾ കൂടി ആതിര എടുക്കുകയുണ്ടായി. അങ്ങനെ ആതിര ആരും കരസ്ഥമാക്കാത്ത രണ്ടു റെക്കോർഡുകൾക്കുടമയായി. ഏറ്റവും അധികം ലൈസന്‍സുള്ള ഏറ്റവും പ്രായംകുറഞ്ഞ സ്‌ത്രീ, കേരളത്തിലെ ആദ്യത്തെ മോട്ടോര്‍സ്‌പോര്‍ട്‌സ് ഡ്രൈവറായ സ്‌ത്രീ തുടങ്ങിയ ബഹുമതികളെല്ലാം ആതിരയുടെ കരുത്തിന്റെ നേട്ടങ്ങളാണ്.
ആദ്യമൊക്കെ കുടുംബത്തിലെ ചിലർ പഴഞ്ചന്‍ സങ്കല്‍പങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തി പിന്നോട്ടുവലിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ആതിരയുടെ മിടുക്കിനെ അത് ബാധിച്ചതേയില്ല. എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് ഡ്രൈവറായ അച്ഛൻ മുരളിയാണെന്ന് ആതിര പറയുന്നു. ഇങ്ങനെ പോകുന്നതിനിടയിലാണ് ആതിര ഓഫ്റോഡ് റേസിംഗ് രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. ബൈക്ക് സ്റ്റണ്ടും ഓഫ് റോഡ് ഡ്രൈവിംഗും പഠിച്ചെടുക്കുന്നതിനായി വിദഗ്ദ്ധരായ പരിശീലകരുടെ കീഴിലാണ് ആതിര പരിശീലിച്ചത്. അങ്ങനെ മുംബൈയില്‍ മഹേന്ദ്ര നടത്തിയ ഓഫ് റോഡ് റെയ്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചതില്‍ ഒന്നാം സ്‌ഥാനം ലഭിച്ചു. മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പിലെ വിജയം ഈ മിടുമിടുക്കിയുടെ പേരുയർത്തിയത് വാനോളം..
മോട്ടോർ സ്പോർട്സ് രംഗത്ത് കേരളത്തിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ രംഗത്തേക്ക് നിരവധി വനിതകൾ എത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഈ രംഗത്തേയ്ക്ക് സ്ത്രീകളെ ആകർഷിക്കുന്നതിനായാണ് ആതിരയുടെ ഓഫ്റോഡ് ശ്രമങ്ങൾ. റാലികളിലും റൈഡുകളിലും മറ്റും ഞാൻ പങ്കെടുക്കുന്നതും ഈ ലക്ഷ്യം മുന്നിൽക്കണ്ടാണ്.ആതിര വ്യക്തമാക്കി. സ്വദേശത്തും വിദേശത്തും ജോലിചെയ്യുന്ന ഒരു ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം ഡ്രൈവർമാർ അംഗങ്ങളായുള്ള ‘All Kerala Driver Freakers (AKDF)‘ എന്ന ഗ്രൂപ്പിന്റെ അഡ്മിനുകളിൽ ഒരാൾ കൂടിയാണ് ആതിര. വനിതകൾക്കായുള്ള ടീം മോട്ടോ എയ്‌ഞ്ചൽ എന്ന ഗ്രൂപ്പിന്റെ ഭാരവാഹികളിൽ ഒരാളായി നിയന്ത്രിക്കുന്നതും ആതിര തന്നെയാണ്. 2017 ൽ കോട്ടയം സ്വദേശിയായ അജിത്തുമായി ആതിരയുടെ വിവാഹം നടന്നു. സാധാരണ വിവാഹത്തോടെ പെൺകുട്ടികളുടെ കഴിവുകൾക്കും ആഗ്രഹങ്ങൾക്കും കടിഞ്ഞാൺ വീഴുകയാണ് പൊതുവെ സംഭവിക്കാറുള്ളത്. എന്നാൽ ആതിരയ്ക്ക് ഭർത്താവ് അജിത്തിന്റെ കട്ട സപ്പോർട്ട് ആയിരുന്നു എല്ലാത്തിനും ലഭിച്ചത്.
ഇപ്പോൾ പ്രശസ്ത മൈൻഡ് പവർ ട്രെയ്‌നറായ പ്രിയ ശിവദാസുമൊത്ത് ആതിര ‘വുമൺ മാജിക്’ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി യാത്രകളും, അതോടൊപ്പം തന്നെ മെഡിറ്റേഷനും, മൈൻഡ് പവർ ട്രെയിനിംഗുമെല്ലാം ഇതിലൂടെ ഇവർ പ്രദാനം ചെയ്യുന്നു. കൂടുതലും ഭർത്താക്കന്മാർ തന്നെയാണ് തങ്ങളുടെ ഭാര്യമാരെ ഈ കൂട്ടായ്മയിൽ ചേരുവാൻ സപ്പോർട്ട് ചെയ്തുകൊണ്ട് വരുന്നതും. വുമൺ മാജിക് എന്ന ഈ കൂട്ടായ്മയിൽ ചേരുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും നിങ്ങൾക്ക് വിളിക്കാം – 9061568544. ഇതുകൂടാതെ ആതിര മുരളി സ്വന്തം ബ്രാൻഡ് നെയിമിൽ ബൈക്ക് ട്രിപ്പുകൾ, മറ്റുള്ള എന്ജോയ്മെന്റ് യാത്രകൾ തുടങ്ങിയവ conduct ചെയ്യുന്നുണ്ട്. ഇതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുടങ്ങി യാത്രകൾ ഇഷ്ടപ്പെടുന്ന ആർക്കും പങ്കുചേരാവുന്നതാണ്. ഇതിനെല്ലാം പുറമെ ആതിരയ്ക്ക് ഇപ്പോൾ Athira Murali എന്ന പേരിൽ ഒരു ഒരു യൂട്യൂബ് ചാനലും ഉണ്ട്. യാത്രകളുടെയും മറ്റും വീഡിയോകളാണ് ഈ ചാനലിലൂടെ ആതിര പങ്കുവെയ്ക്കുന്നത്.
നിരവധി കഠിന പ്രയത്നങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിച്ചതാണ് ആതിര. ളാക്കാട്ടുര്‍ എന്നൊരു ഗ്രാമത്തില്‍നിന്നും ഡ്രൈവിംഗിന്റെ, റെയ്‌സിങ്ങിന്റെ ലോകത്തേക്ക് കാല്‍വച്ച് വിജയിച്ചതില്‍ ഓരോ നിമിഷവും അഭിമാനം കൊള്ളുകയാണ് ആതിരയും കുടുംബവും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. തിരക്കേറിയ ഈ ജീവിതത്തിനിടയിൽ കിട്ടുന്ന ഒഴിവ് ദിവസങ്ങളിൽ ലോംഗ് ഡ്രൈവ് പോകാനും വേണ്ടിവന്നാൽ ഏതെങ്കിലും സ്വകാര്യബസ്സിൽ ഡ്രൈവറായി സേവനം അനുഷ്ടിക്കുന്നതിനും ഇന്നും ആതിര റെഡി. പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ്സിൽ ഇടയ്ക്കൊക്കെ ഡ്രൈവറുടെ വേഷത്തിലും ആതിര പ്രത്യക്ഷപ്പെടാറുണ്ട്. നമ്മുടെ നാട്ടിലെ സഹോദരിമാർക്കെല്ലാം ഒരു മാതൃക കൂടിയാണ് ഈ കോട്ടയംകാരി മിടുക്കി പെൺകുട്ടി.