1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി. ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതുകയും ഒടുവില്‍ ധീരതയോടെ തൂക്കുമരത്തില്‍ കയറുകയും ചെയ്ത സദ്ദാം ഹുസൈന്റെ ജീവിതം ലോകചരിത്രത്തിലെ മുഖ്യ ഏടുകളാണ്. ആരായിരുന്നു സദ്ദാം…? കൊട്ടിപ്പാടുന്ന പോലെ ധീരവീരശൂര യോദ്ധാവാണോ, അതോ  ക്രൂരനായൊരു സ്വേച്ഛാപതി മാത്രമായിരുന്നോ?

വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. സദ്ദാമിന്റെ ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു. പിന്നീട് അമ്മാവനായ ഖൈരള്ള തുൽഫയുടെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്.

ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. അതോടെ സദ്ദാമിന്റെ ജീവിതം കഷ്ടത്തിലായി. അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചു. അവരുടെ ദ്രോഹം ആ കൊച്ചു ബാലനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. അങ്ങനെ അവൻ ആദ്യമായി ആയുധമെടുത്തു. കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അവൻ അവരെ ആക്രമിക്കാൻ തുടങ്ങി.

അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനായി. സദ്ദാം വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണയിലായി. അദ്ദേഹം സദ്ദാമിനെ തിക്രിത്തിലെ സ്കൂളിൽ ചേർത്തു. സ്കൂളിലെ ഏറ്റവും പ്രായം ചെന്ന കുട്ടിയായിരുന്നു സദ്ദാം.

ഒരു വർഷത്തെ സ്കൂൾ പഠനത്തിനു ശേഷം സദ്ദാം അമ്മാവനൊപ്പം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്കു പോയി;പഠനം തുടർന്നു. ഒപ്പം രാക്ഷ്ട്രീയത്തിലുമിറങ്ങി. ആറടി രണ്ടിഞ്ച് ഉയരം. ആരും അടുക്കാൻ മടിക്കുന്ന പ്രക്രതം.ഇതെല്ലാമായപ്പോൾ രാക്ഷ്ട്രീയത്തിൽ സദ്ദാമിനു നല്ലൊരു ഭാവി തുറന്നു കിട്ടി. അങ്ങനെ 1957-ൽ സദ്ദാം ബാത്ത് പാർട്ടിയിൽ അംഗമായി.

ജൂലൈ 14-ന് അബ്ദുൾ കരീം ഖാസിമിന്റെ നേത്രത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാൽ അറബ് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ പാർട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ൽ ഖാസിമിനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി.സദ്ദാമിനു വേടിയേറ്റതിനെത്തുടർന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്കും കടന്നു.

2003 ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തിൽ നിന്നും നിഷ്കാസിതനാക്കി. ബാത്ത് പാർട്ടിയുടെ തലവൻ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്കാരങ്ങൾ, അറബ് സോഷ്യലിസം, എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തിൽ ഇറാഖിനു സ്ഥിരത നൽകുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.

തന്റെ മാതുലനും അബലനായിരുന്ന പ്രസിഡന്റ് അഹ്മദ് ഹസ്സൻ അൽ-ബക്കർ ന്റെ കീഴിൽ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സർക്കാരും സൈന്യവുമായുള്ള ഭിന്നതകൾ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിർമ്മിച്ച സദ്ദാം തന്റെ അധികാരം സർക്കാരിനു മുകളിൽ ഉറപ്പിച്ചു.

രാഷ്ട്രപതിയായപ്പോൾ സദ്ദാം ഒരു ശക്തമായ സർക്കാർ രൂപവത്കരിച്ചു. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇറാൻ – ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രായേലിനു എതിരായും അമേരിക്കയ്ക്ക് എതിരായും ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരിയായിരുന്നു സദ്ദാം എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം.

ഇന്ത്യയുടെ നല്ല ഒരു സുഹൃത്ത് കൂടിയായിരുന്നു സദ്ദാം. ഇസ്ലാമിക വികാരത്തിന്റെ പേരില്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന, പാക്കിസ്ഥാന്റെ ആവശ്യം പറ്റേ നിരാകരിച്ച് അന്താരാഷ്ട്ര തലത്തില്‍ എന്നും ഇന്ത്യന്‍ താല്പര്യങ്ങളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം സന്നദ്ധത കാട്ടി.

2003 മാര്‍ച്ച്‌ 19 ന് അമേരിക്ക ഇറാഖുമായി യുദ്ധം പ്രഖ്യാപിക്കുകയും സദ്ദാം ഹുസൈനെ ഭരണത്തില്‍ നിന്ന് പുറത്താക്കി ഇറാഖ് പിടിച്ചടക്കുകയും ചെയ്തു. പക്ഷെ സദ്ദാമിനെ അമേരിക്കന്‍ സൈന്യത്തിന് പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവിൽ 2003 ഡിസംബര്‍ 13 ന് തിക്രിത്തിനു പത്ത് കിലോമീറ്റര്‍ തെക്കുള്ള അദ്വാര്‍ പട്ടണത്തിലെ ഒളിസങ്കേതത്തില്‍ നിന്ന് അമേരിക്കന്‍ സേന സദ്ദാമിനെ പിടിച്ചു. സദ്ദാമിനൊപ്പം വിശ്വസ്ഥരായ 11 പേരെക്കൂടി അമേരിക്കന്‍ സൈന്യം പിടികൂടി രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സദ്ദാമിനെ കോടതിയില്‍ ഹാജരാക്കി.

നവംബർ 5, 2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. 1990ല്‍ കുവൈറ്റ് പിടിച്ചടക്കാന്‍ ശ്രമിച്ചു, 1991 ല്‍ ഷിയാകള്‍ക്കും ഖുര്‍ദ്ദുകള്‍ക്കും എതിരെ അക്രമങ്ങള്‍ നടത്തി, 1980 ല്‍ ഖുര്‍ദ്ദുകളെ പലായനം ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് സദ്ദാമിനെതിരെ ചുമത്തപ്പെട്ടത്. എന്നാല്‍ പ്രധാനമായും 1982 ലെ ദുജെയില്‍ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരോപിച്ചായിരുന്നു സദ്ദാമിനെ വധശിക്ഷക്ക്‌ വിധിച്ചത്.

സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. അപ്പോഴും ഒരിക്കല്‍ പോലും,  താന്‍ തീര്‍ത്ത ചോരച്ചാലുകളെ ചൊല്ലിയൊരു പശ്ചാത്താപം സദ്ദാം അവസാനം വരെയും പ്രകടമാക്കിയതായും നാം അറിയുന്നില്ല.

കാലങ്ങള്‍ക്ക്‌ ശേഷം ഇന്ന് ഐഎസ് ഭീകരര്‍ ഇറാക്കില്‍ ഭീകരവാഴ്ച നടത്തുമ്ബോള്‍ ലോകം ഓര്‍ക്കുകയാണ് ഇറാക്കിന്റെ സ്വന്തം സദ്ദാം ഹുസൈനെ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.