കേരളത്തിൽ പ്രളയം താണ്ഡവമാടിയപ്പോൾ, നാടും വീടും മുങ്ങിയപ്പോൾ രക്ഷകരായി കയ്യും മെയ്യും മറന്ന് ഓടിയെത്തിയത് മൽസ്യത്തൊഴിലാളികളായിരുന്നു. കടലിന്റെ മക്കൾ എന്ന് നാം വിളിച്ചിരുന്ന അവർ ഇന്ന് ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. യാതൊരുവിധ ലാഭേച്ഛയും നോക്കാതെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ രക്ഷാപ്രവർത്തനങ്ങൾക്ക് തങ്ങളുടെ ജീവിതമാർഗ്ഗമായ വള്ളങ്ങളുമായി ദൂരദേശങ്ങളിലേക്ക് വരെ എത്തിച്ചേർന്ന മത്സ്യത്തൊഴിലാളികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

മൽസ്യത്തൊഴിലാളികളുടെ ഒരു സിംബൽ ആയി എല്ലാവരും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഒരു ചിത്രം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. കടൽത്തീരത്ത് ഒരു വള്ളം കഴയിൽ കെട്ടി ഇരുവശത്തു നിന്നും കുറച്ചധികം ആളുകൾ ചേർന്ന് ചുമന്ന് കരയിലേക്ക് കൊണ്ടുവരുന്ന ചിത്രം. 2018 ലെ പ്രളയദുരന്തത്തിനിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട ഈ ചിത്രം നെഞ്ചോട്‌ ചേർത്ത്‌ മലയാളികൾ, രക്ഷകരായ നമ്മുടെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കേരളത്തിലെവിടെയോ മഹാപ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ആരോ എടുത്തതാവാം‌ ഈ ചിത്രമെന്ന് നമ്മളൊക്കെ വിശ്വസിക്കുകയും ചെയ്തു.

എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം കേരളത്തിലെ മൽസ്യത്തൊഴിലാളികളുടേത് അല്ല എന്നതാണ് സത്യം. തൃശ്ശൂർ സ്വദേശിയായ തോമസ് കേയൽ എന്ന വ്യക്തിയാണ് ഈ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. ‘ആര്‌, എപ്പോൾ, എവിടെ വച്ച്‌’ എന്നീ വിവരങ്ങളൊന്നും ഫോട്ടോക്കൊപ്പം കാണാതിരുന്നപ്പോഴാണ്‌ ഈ ചിത്രത്തിന്റെ ഉടയോനെ തെരയാൻ അദ്ദേഹം തുനിഞ്ഞത്‌.

വഞ്ചി ചുമക്കുന്നവരുടെ വസ്ത്രധാരണ രീതി ശ്രദ്ധിച്ചപ്പോൾ കേരളത്തിലെയല്ല ഈ മത്സ്യത്തൊഴിലാളികൾ എന്നും അദ്ദേഹത്തിന് മനസ്സിലായി. ഒടുവിൽ അന്വേഷണം ചെന്നെത്തിയത്‌ നിർമല്യ ഭട്ടാചാര്യ എന്ന ബംഗാളി ഫോട്ടോഗ്രാഫറിലാണ്‌. 2014 ൽ ബംഗാളിലെ ദിഗ എന്ന കടലോര ഗ്രാമത്തിൽ നിന്നാണ്‌ ഭട്ടാചാര്യ ‌ഈ ഫോട്ടോ കാമറയിലാക്കിയത്‌.‌‌ ആ വർഷം തന്നെ‌ ‌‌ Smithsonian Magazine പുരസ്കാരം ഈ ചിത്രത്തിന്‌ ലഭിച്ചു‌.

ദേശീയവും അന്തർദേശീയവുമായ ഫോട്ടോഗ്രഫി മത്സരങ്ങളിൽ നിന്ന് നൂറോളം ‌ പുരസ്കാരങ്ങൾ ലഭിച്ച കൽക്കത്തയിലെ ഹൗറ സ്വദേശിയായ നിർമല്യ ഒരു പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറല്ല. ഫോട്ടോ​ഗ്രാഫിയോടുളള ഇഷ്ടം കൊണ്ടാണ് ഇദ്ദേഹം കാഴ്ചകളെ ഫ്രെയിമിലാക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒട്ടേറെപേർ എടുത്ത്‌ ചേർത്ത ഈ ചിത്രത്തിന്‌‌ ‘കോപ്പി റൈറ്റ്‌’ വാദമൊന്നുമുയർത്തിയില്ല. “തന്‍റെ ഒരു ചിത്രം ഇത്തരത്തില്‍ വലിയൊരു പ്രചോദനമാകുമെന്ന് കരുതിയിരുന്നില്ലെന്നും തനിക്കു ലഭിച്ച വലിയൊരു ആദരമാണിതെന്നും” അദ്ദേഹം പറയുന്നു.

നിർമല്യ ഭട്ടാചാര്യ പ്രശസ്തി ആഗ്രഹിക്കുന്ന വ്യക്തിയല്ല എന്നതും ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടും അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും മാറിയില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.