വിവരണം – Shijo&Devu_The Travel Tellers.

അങ്ങനെ ഇത്തവണത്തെ വാലെന്റെന്സ് ഡേയും അടപടലം മൂxxx. പല വർഷങ്ങളായി LONG Drive, Candle Light Dinner അങ്ങനെ പല പ്ലാനുകൾ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങിയിട്ട്. ഇത്തവണ കുഞ്ഞാവയ്ക്ക് വന്ന പനിയുടെ രൂപത്തിലായിരുന്നു വില്ലന്റെ എൻട്രി. അങ്ങനെ സാധാരണ ഒരു വ്യാഴാഴ്ച ആയി ഈ പ്രണയ ദിനവും വിട പറയാറായി. അങ്ങനെ രാത്രി 10 കഴിഞ്ഞപ്പോൾ കുഞ്ഞാവ ഒരു കാര്യമില്ലാതെ ഒരു കരച്ചിൽ തുടങ്ങി. കരച്ചിൽ എന്നു പറഞ്ഞാൽ കരച്ചിലോട് കരച്ചിൽ. നിറുത്താനുള്ള യാതൊരു ലക്ഷണവും ഇല്ലാന്ന് കണ്ടപ്പോൾ ഞാനും ദേവും കുഞ്ഞാവേനേം എടുത്ത് ചുമ്മാ ഡ്രൈവിനിറങ്ങി.

ഞങ്ങളുടെ മോളായ കൊണ്ട് പറയുവല്ല തുള്ളാൻ പോവാൻ പുള്ളക്ക് വല്യ ഇഷ്ടാ. ഏതായാലും സംഗതി ഏറ്റു കുഞ്ഞാവ കരച്ചിൽ നിർത്തി. വണ്ടി മറൈൻ ഡ്രൈവും കടന്ന് ചാത്യാത്ത് വോക്ക് വേയിലെത്തിയപ്പോൾ കുഞ്ഞാവ ഉറങ്ങിയിട്ടുണ്ടായിരുന്നു. കുറച്ചു നേരം കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റുംകൊണ്ട് നിന്നപ്പോ ദേവൂന്റെ ഒരു ചോദ്യം. “കാൻഡിൽ ലൈറ്റ് ഡിന്നറിനു പകരം ഒരു സ്ട്രീറ്റ് ലൈറ്റ് ഡിന്നർ എങ്കിലും തന്നൂടെ” എന്ന്. ഞാൻ ഒന്നും പറയാണ്ട് ദേവൂനേം വണ്ടിൽ കയറ്റി നേരെ വണ്ടിയെടുത്ത് പച്ചാളത്തേക്ക് വിട്ടു.

പാലത്തിന്റെ ഇറക്കത്തിൽ ഉള്ള പലചരക്ക് കടയിൽ നിന്നും ഒരു മെഴുക് തിരിയും തീപ്പട്ടിയും വാങ്ങി. പിന്നെ ഹൈക്കോർട്ട് ജംഗ്ഷനിലെ തട്ടുകടേന്ന് ചൂടു പൊറേട്ടേം ബീഫ് റോസ്റ്റും ചിക്കൻഫ്രൈയും ഒരു കുപ്പിവെള്ളോം പാർസൽ എടുത്തു. പിന്നേം വോക്ക് വേയിൽ എത്തി. സമയം 12 മണി കഴിഞ്ഞിട്ടും തിരക്കിനൊന്നും ഒരു കുറവും ഇല്ലായിരുന്നു. കുഞ്ഞിനെ വണ്ടിയിൽ തന്നെ കിടത്തി ആൾ ഒഴിഞ്ഞൊരു മരച്ചുവട്ടിൽ പോയി സീറ്റുപിടിച്ചു. നടുക്ക് തിരീം കത്തിച്ച് വെച്ച് ചൂടു പൊറോട്ടയിലേക്ക് ബീഫ് റോസ്റ്റിന്റെ ഗ്രേവി ഒഴിച്ച് മൊരിഞ്ഞ ചിക്കന്റെ പീസും കൂട്ടി ഒരു ചെറിയ കഷണം ദേവൂന്റെ വായിലേക്ക് വച്ചപ്പോൾ ദേവുന്റെ കണ്ണ് തള്ളി.

പിന്നെ ഒരു ആക്രമണമായിരുന്നു പൊറോട്ടേം ബീഫും തീർന്ന വഴികണ്ടില്ല. കൊതുകിന്റ മൂളിപ്പാട്ടും വാക്ക് വേയിലൂടെ നടക്കുന്നവരുടെ മുറുമുറുപ്പും നോട്ടവുമൊഴിച്ചാൽ സംഗതി പൊളിയായിരുന്നു. വലുതും ചെറുതുമായ പല ഹോട്ടലുകളിൽ നിന്നും പല ടൈപ്പ് ഫുഡ് കഴിച്ചിട്ടുണ്ടേലും ഇതുപോലെ നട്ടപ്പാതിരായ്ക്ക് വഴിവക്കിലെ മരച്ചോട്ടിൽ ആളുകളുടെ എത്തിനോട്ടങ്ങൾക്കിടയിൽ ഒരു മെഴുകുതിരിയും കത്തിച്ചു വച് ഇതുപോലൊരു ഡിന്നർ ആദ്യത്തെ അനുഭവമായിരുന്നു. Star hotel ലെ റൊമാന്റിക്ക് ഡിന്നർനെക്കാളും എന്റെ പെണ്ണിന് ഇതാണ് ഇഷ്ടപ്പെട്ടതെന്ന് അവളുടെ മുഖത്തെ സന്തോഷം വിളിച്ചോതുന്നുണ്ടായിരുന്നു.

കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് കാറ്റിൽ ആടുന്ന ഇളം മഞ്ഞ നിറത്തിലുള്ള പൂക്കൾക്ക് നടുവിൽ ഇല പൊഴിഞ്ഞ ആ മരത്തിനടിയിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മന്ത്രികസംഗീതവും കേട്ടൊരു ഡിന്നർ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറുകയായിരുന്നു. ചെറിയ ചെറിയ ഇത്തരം സന്തോഷങ്ങളാണ് ജീവിതത്തിൽ എന്നും മറക്കാതെ നില നിൽക്കുന്നത്. മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങളിൽ പതറാതെ ഇരിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം നമ്മളെ തേടി വരുന്നത്.

നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ മറ്റുള്ളവരെ അനുവദിക്കാതെ സ്വയം അത് ഏറ്റെടുക്കുക. “ഉള്ളത് കൊണ്ട് തൃപ്തരാവുക അതിൽ സന്തോഷം കണ്ടെത്തുക” എന്ന തിരിച്ചറിവുമായി ഞങ്ങളെ നോക്കി പുച്ഛിച്ചവരുടെ മുന്നിലൂടെ ഭക്ഷണാവശിഷ്ടങ്ങളും വെള്ളം കുപ്പിയും ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ട് ഞങ്ങൾ പരസ്പരം Happy Valentines Day യും പറഞ്ഞ് സ്ഥലം വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.