എഴുത്ത് – സുധീർ കെ.എച്ച്.
മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്. 10 മിനിറ്റ് ചിലവാക്കി ഇതൊന്ന് മുഴുവനായി വായിക്കാതെ പോകരുത്. ശേഷം ഇതൊന്ന് ഷെയർ ചെയ്യാതെ പോകരുത്.
അടിമാലിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഇരട്ടസഹോദരന്റെ മൃതദേഹം കാണാനായി ആശുപത്രിയിൽ നിന്ന് ട്രോളിയിൽ എത്തി അവസാനമായി കൂടപ്പിറപ്പിന്റെ മുഖം കാണുന്ന അതേ അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ ചിത്രമാണിത്.
എന്തൊരു ഹൃദയഭേദകമായ രംഗമാണെന്ന് നോക്കൂ.. കുഞ്ഞുന്നാൾ മുതൽ ഒരുമിച്ച് കൈപിടിച്ചു കളിച്ചു നടന്ന, ഒന്നിച്ച് സ്കൂളിലും കോളേജിലും പോയ കൂടപ്പിറപ്പ് ഇനിയില്ല ! ഈ ദുഃഖം ജീവിതകാലം ഇനി ഈ യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും മനസ്സിൽ നിന്ന് പോകുമോ? ഒരിക്കലുമില്ല.
ബൈക്കപകടങ്ങളിൽ കൗമാരക്കാരും യുവാക്കളും മരണപ്പെടുന്ന സംഭവങ്ങൾ ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു വരികയാണ്. ന്യൂ ജനറേഷൻ സൂപ്പർ ബൈക്കുകളിൽ കുതിച്ചുപായുന്ന കൗമാരക്കാരും യുവാക്കളും നമ്മുടെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്. അപകടങ്ങളിൽ ദിനം പ്രതി കൊല്ലപ്പെടുന്നവരും മരിച്ചുപോകുന്നതിനേക്കാൾ കഷ്ടമായ നിലയിൽ ഗുരുതരമായി പരിക്കേറ്റ് ശിഷ്ടകാലം കിടക്കയിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുന്നവരും ധാരാളം.. ഇക്കഴിഞ്ഞ ദിവസം 15 വയസ്സുള്ള സഹോദരനെയും പിന്നിലിരുത്തി അമിതവേഗതയിൽ പോയ 22 വയസ്സുകാരൻ ബസ്സിൽ ബൈക്കിടിച്ച് മരണപ്പെട്ട സംഭവം കോതമംഗലത്തും ഉണ്ടായി. അനിയൻ ഒടിഞ്ഞു നുറുങ്ങി ആശുപത്രിയിലും ആണ്.
പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടും അച്ഛനോടും കൂടപ്പിറപ്പുകളോടും അല്പമെങ്കിലും സ്നേഹമോ ആത്മാർത്ഥതയോ ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെ അമിത വേഗത്തിൽ വാഹനം ഓടിക്കാൻ നിങ്ങൾ തയ്യാറാകുമോ? നിങ്ങളെ വളർത്തി വലുതാക്കി ഇത്രയുമാക്കാൻ നിങ്ങളുടെ അമ്മയും അച്ഛനും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഒരു നിമിഷമെങ്കിലും നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളെ ഗർഭം ധരിച്ച കാലം മുതൽ തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാടുകൾ. ഗർഭകാലത്ത് ആദ്യത്തെ മൂന്നുമാസക്കാലം നീണ്ടുനിൽക്കുന്ന തുടർച്ചയായി ഛർദ്ദി മുതൽ ഗർഭസ്ഥശിശുവിന്റെ വളർച്ച അനുസരിച്ച് എന്തൊക്കെ ബുദ്ധിമുട്ടുകളെന്നോ അവർ സഹിച്ചത്. പിന്നീട് നിങ്ങളെ പ്രസവിച്ചപ്പോൾ സഹിച്ച വേദനയും മറ്റ് കഷ്ടതകളും. പ്രസവവേദനക്ക് തുല്യമായ മറ്റൊരു വേദന ഇല്ലെന്നാണ് പറയുന്നത്. ഒരു ചെറിയ പല്ലുവേദനയോ വയറുവേദനയോ വന്നാൽ അലറിക്കരഞ്ഞു ആളെകൂട്ടുന്ന നിങ്ങൾക്ക് നിങ്ങൾ പിറക്കുന്ന സമയത്ത് നിങ്ങളുടെ അമ്മ സഹിച്ച വേദനയുടെ തീവ്രത ഒന്ന് ചിന്തിച്ചു നോക്കാൻ കഴിയുമോ? എന്നിട്ടാണോ നിങ്ങൾ നിങ്ങളുടെ അമ്മയോട് ഇങ്ങനെ നന്ദികേട് കാണിക്കുന്നത്?
നിങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ചുരുങ്ങിയത് ആദ്യത്തെ മൂന്നോ നാലോ വർഷം ഒരു രാത്രി പോലും നിങ്ങളുടെ അമ്മ നന്നായി ഉറങ്ങിയിട്ടില്ല എന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഒരു വട്ടമെങ്കിലും രാത്രി രണ്ട് മണിക്കോ മൂന്നു മണിക്കോ നല്ല ഉറക്കത്തിൽ നിന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചുണർത്തിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ! തീർച്ചയായും നിങ്ങൾക്ക് സഹിക്കാനാകാത്ത കോപം വരും അല്ലേ? അപ്പോൾ മൂന്നോ നാലോ വർഷം നിങ്ങൾക്ക് വേണ്ടി ഉറക്കം കളഞ്ഞ നിങ്ങളുടെ അമ്മയോട് എന്താ നിങ്ങൾക്ക് സ്നേഹവും നന്ദിയും കടപ്പാടും ഇല്ലാത്തത്?
നിങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയാലോ? അതിരാവിലെ നാലുമണിക്കോ അഞ്ചു മണിക്കോ ഒക്കെ ഉണർന്ന് നിങ്ങൾക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള പലഹാരവും ചായയും ഉണ്ടാക്കുന്നതുമുതൽ അവരുടെ കഷ്ടപ്പാട് ആരംഭിക്കുന്നു. ചായയും പലഹാരവും ഉണ്ടാക്കണം, നിങ്ങൾക്കുള്ള ഉച്ച ഭക്ഷണം ചോറും ഇഷ്ടപ്പെട്ട കറിയും ഉണ്ടാക്കി ലഞ്ച് ബോക്സിൽ പാക്ക് ചെയ്യണം. നിങ്ങളെ വിളിച്ചുണർത്തി പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച് അലക്കി തേച്ച യൂണിഫോം ഇടുവിച്ച് സ്കൂൾ ബസ്സിൽ കയറ്റി വിടുന്നു.
വൈകിട്ട് നിങ്ങൾ സ്കൂൾ വിട്ടു വന്നാൽ കാപ്പിയും ഇഷ്ടമുള്ള പലഹാരങ്ങളും ഉണ്ടാക്കി നിങ്ങളെ ഊട്ടുന്നു. നിങ്ങളെ പഠിപ്പിക്കുന്നു. ഹോം വർക്ക് ചെയ്യിക്കുന്നു. അത്താഴം ഉണ്ടാക്കി കഴിപ്പിച്ച് നിങ്ങളെ കിടത്തിയുറക്കിയിട്ട് എന്തെങ്കിലും കഴിച്ചെന്ന് വരുത്തി അടുക്കളയിലെ ബാക്കി ജോലികൾ തീർത്ത് നിങ്ങളുടെ മാതാവ് കിടക്കുമ്പോൾ സമയം രാത്രി പതിനൊന്ന് പതിനൊന്നര ആയിട്ടുണ്ടാവും. പിറ്റേന്ന് വീണ്ടും നാലുമണിക്കോ നാലരമണിക്കോ എഴുന്നേറ്റ് ഇതേ ദിനചര്യ തുടരുന്നു..
ഹൈസ്കൂളിലോ കോളേജിലോ ഒക്കെ എത്തിയാലും നിങ്ങൾ സ്വയം കുളിച്ചുകൊള്ളും, ഭക്ഷണം സ്വന്തമായി കഴിച്ചുകൊള്ളും എന്നതൊഴിച്ചാൽ ബാക്കി അമ്മയുടെ കഷ്ടപ്പാടുകൾ ഒക്കെ ഒരേപോലെ തന്നെ.. അല്ലേ?
അച്ഛനാണെങ്കിലോ? രാപ്പകൽ അധ്വാനിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റ് സൗകര്യങ്ങൾക്കും ആയുള്ള പണം ഉണ്ടാക്കുന്നു. ചിലർ വിദേശത്ത് കിടന്ന് പൊള്ളിപ്പോകുന്ന വെയിലിലും ചൂടിലും ചോര നീരാക്കി മക്കളെ നന്നായി വളർത്താനുള്ള പണം ഉണ്ടാക്കുന്നു. നിങ്ങൾ ചോദിക്കുന്ന ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും ചെരിപ്പുകളും വാച്ചുകളും മൊബൈൽ ഫോണും ഏറ്റവും പുതിയ മോഡൽ സൂപ്പർ ബൈക്കും അങ്ങനെ ചോദിക്കുന്നതെന്തും വാങ്ങി നൽകുന്നു. നിങ്ങളുടെ സന്തോഷത്തിന് വേണ്ടി അവർ പാതി വയർ ഉണ്ണുന്നു. വാങ്ങി വർഷങ്ങൾ പിന്നിട്ട വസ്ത്രങ്ങൾ നരച്ചു പിഞ്ഞിയിട്ടും വീണ്ടും വീണ്ടും ഉപയോഗിക്കുന്നു.
അച്ഛൻ ഗൾഫിൽ ജോലി ചെയ്യുന്ന വീടുകളിൽ മക്കൾ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുമ്പോൾ മരുഭൂമിയിൽ കിടക്കുന്ന അച്ഛന്റെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചുനോക്കാറുണ്ടോ? കമ്പനി മെസ്സിൽ നിന്ന് കൊടുക്കുന്ന കടിച്ചാൽ മുറിയാത്ത ഖുബ്ബൂസ് എന്ന ഗോതമ്പ് റൊട്ടിയും പരിപ്പ് കറിയും ആയിരിക്കും മിക്കവാറും 3 നേരവും അവരുടെ ഭക്ഷണം. അത് കഴിച്ച് വായ തഴമ്പിക്കുമ്പോഴും അടുത്തുള്ള കഫ്തീരിയകളിൽ നിന്ന് കൊതിപ്പിക്കുന്ന സാൻഡ് വിച്ചുകളുടെയും ഷവർമയുടേയും അൽഫഹം, മട്ടൻ മന്തി, അൽബൈക്ക് ബ്രോസ്റ്റഡ് ചിക്കൻ എന്നിവയുടേയുമൊക്കെ കൊതിപ്പിക്കുന്ന ഗന്ധം നിങ്ങൾക്ക് വേണ്ടി അവർ അവഗണിക്കുന്നു.
ഒരുനേരം വെളിയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ ചിലവാകുന്ന ആ പൈസ ഉണ്ടെങ്കിൽ അതുകൂടി നാട്ടിലേക്ക് അയക്കാമല്ലോ എന്ന് കരുതുന്ന പ്രവാസികളാണ് ഗൾഫിൽ 99% പേരും. അവർ ചോര നീരാക്കി ഗൾഫിൽ നിന്നയക്കുന്ന പൈസ യാതൊരു മനസ്സാക്ഷിയുമില്ലാതെ ബ്രാൻഡഡ് വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും മൊബൈൽ ഫോണുകളും ഒക്കെ വാങ്ങി ധൂർത്തടിക്കുന്നതും പോരാഞ്ഞിട്ട് നിങ്ങളുടെ നല്ല ഭാവി മാത്രം സ്വപ്നം കണ്ടിരിക്കുന്ന അവരെ നിലയില്ലാത്ത സങ്കടക്കയത്തിലേക്ക് കൂടി ചവിട്ടി താഴ്ത്തണോ?? ഒരല്പം ദയ അവരോട് കാണിച്ചുകൂടെ?
അശ്രദ്ധമായി അമിതവേഗതയിലോ മറ്റോ വാഹനം ഓടിച്ച് ഒരു അപകടത്തിലോ മറ്റോ ഒരു ദിവസം നിങ്ങൾ അങ്ങ് ഇല്ലാതായാൽ ഉള്ള അവസ്ഥ, അത് നിങ്ങളുടെ മാതാപിതാക്കളിലും കൂടപ്പിറപ്പുകളിലും ഉണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമായിരിക്കും എന്ന് ഒന്നാലോചിച്ച് നോക്കൂ.. മാതാപിതാക്കളുടെ ജീവിതത്തിലെ മുഴുവൻ സന്തോഷവുമാണ് നിങ്ങൾ ഒരു നിമിഷത്തിലെ ആവേശം കാരണം ചെയ്യുന്ന പ്രവർത്തിയിലൂടെ തല്ലിക്കെടുത്തുന്നത്. നിങ്ങൾ വളർന്ന് വലുതായി നന്നായി പഠിച്ചു ഒരു നല്ല ജോലി സമ്പാദിച്ചാൽ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഒരു അറുതി ആകുമല്ലോ എന്ന ഒരേ പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആ പാവങ്ങളെ എന്തിന് ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു നിങ്ങൾ.
ഇത് വായിക്കുന്ന നിങ്ങൾ അമിതവേഗതയിൽ വാഹനം ഓടിക്കുന്നയാളാണോ? അങ്ങനെയെങ്കിൽ നിങ്ങളാണ് ഒരു ദിവസം പെട്ടെന്ന് അങ്ങ് ഇല്ലാതാകുന്നത് എന്ന് സങ്കൽപ്പിക്കുക. എന്തായിരിക്കും നിങ്ങളുടെ വീട്ടിലെ അവസ്ഥ? വീട്ടിലെ നിങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന ഓരോ വസ്തുക്കൾ കാണുമ്പോഴും പൊട്ടിക്കരയുന്ന അമ്മയും അച്ഛനും കൂടപ്പിറപ്പുകളും. നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ അങ്ങനെ നിങ്ങളുടെ ഓരോ ഓർമ്മകളും എത്രമാത്രം ഹൃദയഭേദകമായിരിക്കും അവർക്ക് ! അല്ലേ? ഒന്ന് കണ്ണടച്ചിരുന്ന് ചിന്തിച്ചു നോക്കൂ… എന്താ ശരിയല്ലേ?
നിങ്ങളുടെ കൈപിടിച്ച് നടന്ന നിങ്ങളുടെ കൂടപ്പിറപ്പുകൾ നിങ്ങളുടെ വിയോഗം എങ്ങനെ സഹിക്കും ! നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾക്ക് അവരുടെ മൂത്ത ഏട്ടന് പകരം വക്കാൻ ഈ ലോകത്ത് മറ്റെന്തെങ്കിലും കൊണ്ട് കഴിയുമോ? നിങ്ങളുടെ മൂത്ത കൂടപ്പിറപ്പുകൾക്ക് അവർ പുന്നാരിച്ച് കൈപിടിച്ച് നടന്ന്, കൈപിടിച്ച് ചുവടുകൾ ഇടറാതെ സ്കൂളിൽ, കളിസ്ഥലത്ത് അങ്ങനെ എല്ലായിടത്തും വീഴാതെ നായോ പൂച്ചയോ പേടിപ്പിക്കാതെ ഒരു കല്ലിൽ പോലും കാല് തട്ടിവീഴാതെ കണ്ണിലെണ്ണയൊഴിച്ച് വളർത്തിയ ഇളയ അനിയൻ മരണപ്പെട്ടു പോയാൽ അവർ എങ്ങനെ സഹിക്കും ആ വേർപാട്?
ചുരുക്കം പറഞ്ഞാൽ ഒരു നിമിഷത്തെ ബുദ്ധിശൂന്യമായ ആവേശത്തിൽ കാണിച്ച എടുത്തുചാട്ടം കൊണ്ട് നിങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കുന്നത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ ജീവിതത്തിലെ സന്തോഷങ്ങളും നിറങ്ങളുമാണ്. കാലക്രമേണ കൂടപ്പിറപ്പുകൾ എല്ലാം മറന്നാലും നിരവധി അനവധി വേദനകളും കഷ്ടപ്പാടുകളും സഹിച്ച് പത്തുമാസം നിങ്ങളെ വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച് പോറ്റിവളർത്തിയ നിങ്ങളുടെ അമ്മയ്ക്കും കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങളെ പോറ്റിവളർത്തിയ നിങ്ങളുടെ അച്ഛനും നിങ്ങളുടെ വിയോഗം ഒരിക്കലും മറക്കാനാവില്ല. അതുണ്ടാക്കുന്ന മുറിവ് അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാൻ പോകുന്നില്ല. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും എന്നന്നേക്കുമായി നിങ്ങൾ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. അത് വേണോ?
ഇന്നലെ കണ്ട കൂട്ടുകാരാണോ അതോ അച്ഛനും അമ്മയുമാണോ നിങ്ങൾക്ക് വലുത്? ഏതോ കൂട്ടുകാരന്റെ വാക്ക് കേട്ട് എടുത്തുചാടി ഷോ കാണിക്കാനായി വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് എന്തിന് നിങ്ങളുടെയും കുടുംബത്തിന്റെയും സന്തോഷം എന്നന്നേക്കുമായി ഇല്ലാതാക്കണം??
അമിതവേഗതയിൽ വാഹനം ഓടിക്കുമ്പോൾ നിങ്ങൾക്ക് മറ്റു കുട്ടികളുടെ മുന്നിൽ ഹീറോ ആകാൻ പറ്റുമെന്നാണോ കരുതുന്നത്? അതൊക്കെ വെറും താൽക്കാലികമായ ഹീറോ പരിവേഷം മാത്രം. നന്നായി പഠിച്ചു മിടുക്കനായി ഒരു ഉയർന്ന ജോലി സമ്പാദിച്ചു നോക്കൂ.. നിങ്ങൾ അതോടെ ജീവിതത്തിൽ എന്നേയ്ക്കും ഒരു ഹീറോ ആയി മാറുന്നു. അല്ലേ? ഉയർന്ന ശമ്പളം, നല്ല വീട്, സുന്ദരിയായ ഭാര്യ, എല്ലാവിധ ജീവിത സൗകര്യങ്ങളും…
ഇതാണോ നല്ലത് അതോ പഠിക്കാതെ ബൈക്കും കൊണ്ട് റോഡിൽ കിടന്ന് കറങ്ങി കോളേജിലെ കുട്ടികൾക്കിടയിൽ തൽക്കാലത്തേക്ക് ഒന്ന് ഹീറോ ആയി പിന്നീട് കൂടെ പഠിച്ച മറ്റുള്ളവർ നല്ല ജോലിയും നേടി നന്നായി ജീവിക്കുമ്പോൾ വെറുതേ ഊരുതെണ്ടി എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കുന്നതാണോ?? ആലോചിച്ചു നോക്കൂ.. തൽക്കാലത്തേക്ക് ഏതാനും മാസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഹീറോ പരിവേഷമാണോ അതോ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സ്ഥായിയായ ഒരു ഹീറോ പരിവേഷമാണോ നിങ്ങൾക്ക് വേണ്ടത്??
അമിതമായി വേഗതയിൽ വാഹനം ഓടിക്കാൻ എപ്പോഴും താൽപര്യം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ അടുത്തുള്ള സർക്കാർ ഹെൽത്ത് സെന്ററുകളിലോ ആശുപത്രികളിലോ ഉള്ള പാലിയേറ്റീവ് നഴ്സിനെ ഒന്ന് പോയി കാണണം. എന്നിട്ട് അവരുടെ പ്രവർത്തനപരിധിയിൽ ഉള്ള പ്രദേശത്ത് അപകടത്തിൽ ശരീരം തളർന്നു കിടക്കുന്ന എത്ര രോഗികൾ ഉണ്ടെന്ന് ഒന്ന് ചോദിക്കണം. അവരുടെ വിലാസം വാങ്ങി അവരെ ഒന്ന് പോയി കാണണം.
ഒരു നിമിഷത്തെ ആവേശത്തിൽ അമിത വേഗതയിൽ വാഹനമോടിച്ചോ അല്ലെങ്കിൽ അമിതവേഗതയിലോ നിയന്ത്രണം വിട്ടോ വന്ന മറ്റൊരു വാഹനം വന്നിടിച്ചോ അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്നു കിടക്കുന്ന നിരവധി ചെറുപ്പക്കാരെ നിങ്ങൾക്ക് കാണാൻ കഴിയും. മലമൂത്രവിസർജ്ജനം പോലും കിടന്ന കിടപ്പിൽ ചെയ്യുന്നവർ. ആഹാരം കഴിക്കാനോ കുളിക്കാനോ ഒക്കെ പരസഹായം ഇല്ലാതെ അവർക്ക് കഴിയില്ല. ഇങ്ങനെ കിടത്താതെ ഒന്ന് മരിപ്പിച്ചു തരൂ എന്ന് പ്രാർത്ഥിക്കുന്നവർ. അന്ന് വാഹനം അമിതവേഗതയിൽ ഓടിക്കാൻ തോന്നിയ ആ നിമിഷത്തെ അവർ ഇപ്പോൾ ശപിക്കുന്നുണ്ടാവും. പക്ഷേ എന്ത് ഫലം? വരാനുള്ളത് വന്നുകഴിഞ്ഞു.
വാഹനാപകടങ്ങളുടെ വാർത്ത പത്രങ്ങളിൽ വായിക്കുമ്പോൾ എത്ര മരണം എന്നാണ് നാം മിക്കപ്പോഴും നോക്കാറ്. ‘രണ്ടാൾ മരണമടഞ്ഞു, 12 പേർക്ക് പരിക്കേറ്റു’ എന്നൊക്കെ ആയിരിക്കും മിക്കവാറും വാർത്ത. പക്ഷേ പരിക്കേറ്റവരിൽ ചിലരുടെ അവസ്ഥ വളരെ ദയനീയമായിരിക്കും. മരിച്ചവർ ഭാഗ്യവാന്മാർ, അവർ രക്ഷപെട്ടു എന്നതായിരിക്കും സത്യം. എങ്ങനെയെങ്കിലും ആളെ ഒന്ന് കിടക്കയിൽ നിന്ന് എഴുന്നേൽപ്പിച്ച് എടുക്കാനായി കിടപ്പാടം പോലും വിറ്റ് ചികിൽസിക്കും. അവസാനം കിടപ്പാടവും ഉണ്ടാകില്ല, ആളും ഉണ്ടാകില്ല എന്നതാവും അവസ്ഥ.
നമ്മളുടെ അശ്രദ്ധ കാരണം ഉണ്ടായ അപകടം ആണെങ്കിൽ അത്തരം കേസുകളിൽ കിടപ്പാടം പോലും നഷ്ടപ്പെടുത്തി ചികിൽസിച്ചിട്ടും ഗുണം കിട്ടാതെ തളർന്നു കിടക്കുന്ന ഒരാൾ തന്നെത്തന്നെ എത്ര മാത്രം ശപിക്കുന്നുണ്ടാവും എന്ന് ഒന്നാലോചിച്ചു നോക്കൂ.. എന്താ ശരിയല്ലേ? നന്നായി പഠിച്ച് നല്ല ഒരു ജോലി സമ്പാദിച്ച് കുടുംബത്തിന് താങ്ങും തണലും ആകേണ്ട താൻ അങ്ങനെ ഒട്ടായതുമില്ല പകരം കുടുംബത്തിന്റെ കിടപ്പാടവും നഷ്ടപ്പെടുത്തി എന്ന ചിന്തയിൽ ഉമിത്തീയിൽ എന്നപോലെ നീറി നീറി ബാക്കിയുള്ള ആയുസ്സ് മുഴുവൻ. എന്തൊരു ദുർവിധി ആയിരിക്കുമത്. നമ്മൾ തന്നെ വരുത്തി തീർത്ത വിധി. അല്ലേ? പറഞ്ഞുവന്നത് ഇങ്ങനെ കിടപ്പിലായിപ്പോയ ചെറുപ്പക്കാരെ സന്ദർശിച്ചാൽ പിന്നെ ഒരിക്കലും വാഹനം അമിതവേഗതയിൽ ഓടിക്കാൻ നിങ്ങൾക്ക് തോന്നുകയേയില്ല..
അഥവാ നിങ്ങൾ അമിത വേഗതയിൽ ഓടിച്ച വാഹനം ഇടിച്ച് മറ്റാരെങ്കിലുമാണ് മരണപ്പെടുന്നത് അല്ലെങ്കിൽ ശയ്യാവലംബിയാകുന്നത് എന്ന് കരുതുക. അത് ചിലപ്പോൾ ഒരു കുടുംബത്തിലെ മൊത്തം ഭാരം തലയിലേന്തുന്ന ഗൃഹനാഥനാകാം, അല്ലെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞുമക്കളുടെ അമ്മയാകാം അതുമല്ലെങ്കിൽ ഒരു കുടുംബം മൊത്തം പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന മക്കളാവാം.. അത്തരക്കാർ മരിക്കാനോ ശയ്യാവലംബിയാവാനോ നിങ്ങൾ കാരണമായി തീർന്നാൽ പിന്നെ ഈ ജന്മം നിങ്ങൾക്ക് മനസ്സമാധാനം കിട്ടുമോ? ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളും സന്തോഷവും തകർത്തല്ലോ എന്ന കുറ്റബോധം നിങ്ങളെ മരണം വരെ വേട്ടയാടിക്കൊണ്ടിരിക്കും. തീർച്ച.
മക്കളേ, അമിത വേഗതയിൽ വാഹനമോടിക്കുന്നതൊന്നും ഒരിക്കലും ഒരു ഹീറോയിസം അല്ല. കാണാനും കയ്യടിക്കാനും ആരാധിക്കാനും ഒക്കെ തൽക്കാലത്തേക്ക് കുറച്ചുപേർ ഉണ്ടാകും. പക്ഷേ കിടപ്പിലായി കഴിഞ്ഞാൽ ഒരു പട്ടി പോലും നിങ്ങളെ തിരിഞ്ഞുനോക്കില്ല.. മലവും മൂത്രവും മണക്കുന്ന കിടക്കയിൽ ശരീരത്തിലെ വ്രണങ്ങളിൽ വന്നിരിക്കുന്ന ഈച്ചയെ പോലും ആട്ടിയോടിക്കാൻ ശേഷിയില്ലാതെ നരകതുല്യമായി കഴിച്ചുകൂട്ടേണ്ടി വരും ബാക്കി കാലം… എത്ര ആഗ്രഹിച്ചാലും മരണം പോലും നിങ്ങളെ കയ്യൊഴിഞ്ഞുകളയും.
അതുകൊണ്ട് ഇനിയെങ്കിലും വാഹനം എടുക്കുമ്പോൾ നന്നായി ആലോചിക്കുക. വൈകിട്ട് നിങ്ങൾ വരാൻ 10 മിനിറ്റ് വൈകിയാൽ ആധിപിടിക്കുന്ന, നിങ്ങളെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന കുറേ മനസ്സുകൾ വീട്ടിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. നിങ്ങളെ ഇന്നത്തെ ഈ നിങ്ങൾ ആക്കിയെടുക്കാൻ അവർ കുറേയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരോട് നിങ്ങൾക്ക് കടമയും കടപ്പാടും സ്നേഹവുമുണ്ട്.
അതുകൊണ്ട് ഇനിമുതൽ ഞാൻ അമിതവേഗതയിൽ വാഹനം ഓടിക്കില്ല എന്ന ഒരു ദൃഢപ്രതിജ്ഞ എടുക്കുക. അത് ഒരിക്കലും തെറ്റിക്കാതെ പാലിക്കുക. വാഹനം സ്പീഡ് കൂട്ടണമെന്ന് തോന്നിയാൽ നിങ്ങളുടെ സ്നേഹനിധിയായ അമ്മയുടെ, അച്ഛന്റെ, അനിയത്തിയുടെ അനിയന്റെ മുഖം മനസ്സിലോർക്കുക…
ഈ പ്രായത്തിൽ പഠിക്കുക എന്നത് മാത്രമാണ് നിങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അത് ഭംഗിയായി ചെയ്യുക. അതിന് തടസ്സം വരുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കുക. ചീത്ത കൂട്ടുകെട്ടുകളെ അകറ്റി നിർത്തുക. ലഹരി ഉപയോഗം പോലെയുള്ള കാര്യങ്ങളിൽ ഒരിക്കലും പെട്ടുപോകരുത്. ‘എടാ, നീയൊക്കെ ആണാണോ, ഇതൊക്കെ ഒരു പ്രാവശ്യം ഉപയോഗിച്ച് നോക്കെടാ’ എന്ന് പ്രലോഭിപ്പിക്കുന്ന കൂട്ടുകാർ ഉണ്ടാകും. നമ്മളെ അടിമയാക്കാൻ ആദ്യം രണ്ടോ മൂന്നോ വട്ടം അവർ ലഹരിവസ്തുക്കൾ സൗജന്യമായി നൽകും. അത്തരക്കാരെ പരാമാവധി അകറ്റി നിർത്തുക. അത്തരക്കാർ സ്വയം നശിച്ച് മറ്റുള്ളവരെകൂടി നശിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവർ ആണ്.
മയക്കുമരുന്ന് പോലുള്ള കാര്യങ്ങളിൽ ഒരിക്കൽ പെട്ടാൽ പിന്നീട് അതിന് അടിമയായി തീരും. പിന്നെ മയക്കുമരുന്ന് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ മോഷണമോ കൊലപാതകമോ നടത്തിയോ മയക്കുമരുന്ന് കച്ചവടം നടത്തിയതിനോ ഒക്കെ ശിഷ്ടജീവിതം ജയിലിൽ ഹോമിക്കേണ്ടി വരും. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒക്കെ ഒറ്റപ്പെട്ട് ബുദ്ധിയും ഓർമ്മയും ശാരീരികമായ എല്ലാ പ്രവർത്തനങ്ങളും മാനസികാരോഗ്യവും താളം തെറ്റി അങ്ങേയറ്റം ദുരിത പൂർണ്ണമായ ഒരന്ത്യം ആയിരിക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. അത് മറക്കരുത്.
പ്രലോഭനങ്ങളിൽ പെട്ടുപോകും എന്ന് തോന്നിയാൽ നിങ്ങളുടെ അമ്മയുടെ മുഖം മനസ്സിലോർക്കുക.. അമ്മയോട് അല്പമെങ്കിലും സ്നേഹം മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ലഹരി ഉപയോഗിക്കാൻ തോന്നില്ല എന്നുറപ്പ്..
ഒരിക്കലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നയാളുടെ ഒപ്പം ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. നമ്മൾക്ക് എല്ലാം നിയന്ത്രണത്തിൽ ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരിക്കലും അങ്ങനെ ആയിരിക്കില്ല കാര്യങ്ങൾ. എത്ര അടുപ്പമുള്ള കൂട്ടുകാരൻ ആണെങ്കിലും ലഹരി ഉപയോഗിച്ചിട്ട് അവൻ ഓടിക്കുന്ന വാഹനത്തിൽ കയറാനായി ക്ഷണിച്ചാൽ ഒരു മടിയും കൂടാതെ മുഖത്ത് നോക്കി NO പറയാൻ പഠിക്കുക. അവന് വേണ്ടി നിങ്ങളും കുടുംബവും എന്തിന് കണ്ണീരു കുടിക്കണം??
എനിക്ക് വാഹനം ഓടിക്കാൻ നന്നായി അറിയാം എന്നും എത്ര സ്പീഡിൽ ഓടിച്ചാലും വാഹനം എനിക്ക് നിയന്ത്രിക്കാൻ കഴിയും എന്നതുമൊക്കെ തെറ്റായ വിശ്വാസമാണ്. വാഹനം അമിതവേഗതയിൽ പോകുമ്പോൾ ചിലപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പോയി എന്നിരിക്കും. അതോടെ എല്ലാം തീരും… നിങ്ങൾക്കും കുടുംബത്തിനും തീരാദുഖം മാത്രം ബാക്കിയാവും.
അതുകൊണ്ട് മിതമായ വേഗത്തിൽ മോട്ടോർവാഹനഗതാഗത നിയമങ്ങൾ എല്ലാം പാലിച്ച് മാത്രം വാഹനം ഓടിക്കുക. കാൽനടക്കാരെയോ റോഡ് ക്രോസ്സ് ചെയ്യുന്നവരെയോ കണ്ടാൽ വാഹനം നിർത്തി കൊടുക്കുക. രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തു കൊടുക്കുക. പ്രായപൂർത്തി ആവാതെയും ലൈസൻസ് ഇല്ലാതെയും ഒരു കാരണവശാലും വാഹനം ഓടിക്കരുത്. താൽക്കാലികമായ ഒരു ഹീറോ പരിവേഷത്തിലും എത്രയോ നല്ലതാണ് വരാനിരിക്കുന്ന വർണശബളമായ ഒരു ജീവിതം.