വിവരണം – Kizheppadan.

സുബ്രമണ്യറോഡ് എന്ന് കണ്ടക്ടർ വിളിച്ചുപറയുമ്പോൾ ആണ് ചെറിയ മയക്കത്തിൽ നിന്നും ഉണരുന്നത്. നല്ല വൃത്തിയുള്ള ബസ് സ്റ്റാൻഡ്. ഇവിടത്തെ സുബ്രമണ്യ ക്ഷേത്രം പ്രശസ്തമാണ്. അതിനാൽ എപ്പോഴും തിരക്കുള്ള ഒരു സ്ഥലമാണ് ഇവിടെ. ഇവിടേ നിന്ന് അല്പം ദൂരമുണ്ട് നമ്മുടെ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലേക്ക്. അതിനു മുന്നേ ക്ഷേത്രം പരിസരം ഒന്ന് ചുറ്റിക്കറങ്ങി. ഉള്ളിൽ കയറാൻ സാധിച്ചില്ല. കഠിനമായ ചൂട് അവിടെ അധികം നേരം നിർത്താൻ അനുവദിച്ചില്ല.

സ്റ്റേഷനിലേക്ക് അവിടെ നിന്ന് ബസ് ഉണ്ട്. അതിന്റെ സമയം അറിയാൻ അന്വേഷണത്തിൽ പോയി ചോദിച്ചു. താഴെ വരും എന്ന് അറിയാൻ കഴിഞ്ഞു താഴെ പോയി നിന്നു. അന്നേരം അവിടെ ഉള്ള മറ്റൊരു ജീവനക്കാരനോട് ചോദിച്ചപ്പോൾ മുകളിൽ വരും എന്ന് മറുപടി. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടാൻ തുടങ്ങിയപ്പോൾ പുറത്തു ഉള്ള ഒരു സ്വകാര്യ വാഹനത്തിൽ കയറി യാത്ര ആരംഭിച്ചു.

ബസ് സ്റ്റാൻഡിലെ അവസ്ഥ ട്രെയിൻ ഓടിക്കുന്നവർക്ക് അറിയില്ലല്ലോ. ഉച്ചക്ക് 1:15 ആണ് ട്രെയിൻ. മംഗലാപുരത്തു നിന്നും യശ്വന്തപുരം പോകുന്ന ട്രെയിൻ ആണ് നമ്മുടെ വണ്ടി. തീർത്ഥാടന കേന്ദ്രം ആയതിനാൽ ആകണം ഒരു അമ്പലം മാതൃകയിൽ ആണ് സ്റ്റേഷന് മുൻഭാഗം. ചെറിയ സ്റ്റേഷൻ ആണ്. വിരലിലെണ്ണാവുന്ന യാത്ര തീവണ്ടികൾ മാത്രമേ ഈ വഴി ഓടുന്നുള്ളു. കൂടുതലും ചരക്കു വണ്ടികൾ ആണ്.

സ്റ്റേഷന് പുറമെ ഒട്ടും തിരക്കില്ല പക്ഷെ ഉള്ളിൽ കയറിയപ്പോൾ ആണ് യഥാർത്ഥ തിരക്ക് കണ്ടത്. ആ കാണുന്ന എല്ലാവരും നമ്മുടെ ട്രെയിനിലേക്ക് ഉള്ള ആളുകൾ ആണെന്ന് മനസിലായി. അന്നേരം അവിടെ മംഗലാപുരത്തേക്കുള്ള ഒരു പാസഞ്ചർ ട്രെയിൻ പോകാൻ തയ്യാറായി നിൽപ്പുണ്ട്. അപ്പുറത്ത് പെട്രോളിയം ആയി മറ്റൊരു വണ്ടിയും. അങ്ങിങ്ങായി നിൽക്കുന്ന മരങ്ങൾ സ്റ്റേഷന്റെ ഭംഗി കൂട്ടുന്നുണ്ട്.

ട്രെയിൻ വരുന്നതിന്റെ മുന്നറിയിപ്പ് ഒന്നും അവിടെ കേട്ടില്ല മറിച്ചു ഒരു ബെല്ലടി മാത്രമേ കേട്ടൊള്ളു. എന്തായാലും സമയം പാലിച്ചു ദൂരെ നിന്ന് കൂകി വരുന്നുണ്ട്. ടിക്കറ്റ് റിസർവ് ചെയ്തതിനാൽ കയറാൻ തിരക്കി കയറേണ്ട ആവശ്യം ഇല്ല പക്ഷെ അതിനേക്കാൾ പ്രധാനം ഇടതു വശത്തെ വാതിലിൽ സ്ഥാനം പിടിക്കുക എന്നുള്ളതാണ്. കാരണം ആ ഭാഗത്താണ് കാഴ്ചകൾ മുഴുവൻ. ട്രെയിൻ നിന്നപാടേ ചാടിക്കയറി സീറ്റിൽ ബാഗ് വെച്ച് രണ്ടു വാതിലുകളിലായി സ്ഥാനം ഉറപ്പിച്ചു. അല്പം സമയത്തെ കാത്തിരിപ്പിന് ശേഷം ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.

പശ്ചിമ ഘട്ട മലനിരകളിൽ മംഗലാപുരം മുതൽ ബാംഗ്ലൂർ വരെയുള്ള ട്രെയിൻ റൂട്ടിലെ 52 KM വരുന്ന റെയിൽ പാതയാണ് #ഗ്രീൻറൂട്ട് ആയി അറിയപ്പെടുന്നത്. സുബ്രമണ്യ റോഡ് മുതൽ സക്ലേശപൂർ വരെയാണ് ഈ പാത. ചെറുതും വലുതുമായ 52 തുരങ്കങ്ങളും 109 പാലങ്ങളും 25 അടുത്ത് വെള്ളച്ചാട്ടവും ഈ ഹരിത പാതയിലുണ്ട്.

1996 ഇൽ മീറ്റർ ഗേജ് നിന്നും ബ്രോഡ് ഗേജ് ആയി മാറിയ ഈ പാതയിൽ 2005 മുതലാണ് ചരക്കു വണ്ടികൾ ഓടി തുടങ്ങിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്കു ശേഷം യാത്ര തീവണ്ടികളും ഈ വഴി ഓടി തുടങ്ങി. സാഹസികത ഇഷ്ടപെടുന്ന സഞ്ചാരികളുടെ ഇഷ്ട പാതയാണ് ഈ വഴി.വന്യതയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര..ചില തുരങ്കങ്ങളുടെ നീളം 700 മീറ്റർ വരെയുണ്ട്..പക്ഷെ നിലവിൽ ട്രെക്കിങ്ങ് നിരോധിച്ചിരിക്കുകയാണ്. എന്നിരുന്നാലും പോകുന്ന ആളുകൾ ഉണ്ട് എന്നാണ് അറിയുന്നത്..

ഈ പാതയിൽ ട്രെയിനിന് വേഗത കുറവാണ്. അതിനാൽ കാഴ്ച്ചകൾ നല്ലതുപോലെ ആസ്വദിക്കാൻ കഴിയും.. ഓരോ തുരങ്കം കയറുമ്പോഴും ട്രെയിനിലെ കുട്ടികൾ ശബ്ദം ഉണ്ടാക്കി സന്തോഷിക്കുകയാണ്. വാതിലിൽ നിന്നുള്ള യാത്ര ആയതിനാൽ അല്പം ശ്രദ്ധ കൂടുതൽ ആവശ്യമാണ്. പാലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ താഴേക്ക് നോക്കിയാൽ അല്പം ഭയം നമ്മളിൽ ഉണ്ടാകും. എല്ലാ പാലത്തിനടിയിലൂടെയും ചെറിയ രീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. മഴക്കാലം ആണെങ്കിൽ മാത്രമേ ഈ സൗന്ദര്യം പൂർണമായ അളവിൽ നമ്മുക് ആസ്വദിക്കാൻ കഴിയൂ. ഓരോ തുരങ്കത്തിന് മുന്നിലും നമ്പറും അതിന്റെ നീളവും രേഖപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ഘട്ട മലനിരകളുടെ സൗന്ദര്യവും കാനന ഭംഗിയും ആണ് കാഴ്ചയിലുടനീളം. രണ്ടര മണിക്കൂർ ആണ് ഈ ഹരിത പാതയിലൂടെ ഉള്ള യാത്ര.അതിനിടയിൽ രണ്ടു സ്റ്റേഷനിൽ വണ്ടി നിർത്തുകയും ചെയ്യും. യാത്രക്കിടയിൽ പലരും വാതിലിൽ വന്നു എത്തിനോക്കുന്നുണ്ടായിരുന്നു. കാഴ്ചകൾ എല്ലാവർക്കും ആസ്വദിക്കാൻ ഉള്ളതല്ലേ. അതിനാൽ പല സമയങ്ങളിലായി പലർക്കും വേണ്ടി മാറി നിന്നു കൊടുത്തു.

കുടകിൽ ഉണ്ടായ മണ്ണിടിച്ചിൽ ഈ പാതയെയും ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലായി അതിന്റെ അടയാളം കാണാം കൂടാതെ പല സ്ഥലങ്ങളിലും ജോലികൾ പുരോഗമിക്കുന്നുണ്ട്. പകലും രാത്രിയുമായി ഓരോ ട്രെയിൻ ആണ് ഈ വഴിയുള്ളത്. പക്ഷെ കാഴ്ച കാണാൻ രാത്രി സാധിക്കില്ലല്ലോ. അതിനാൽ ഈ ഒരു വണ്ടി മാത്രമേ നമ്മുക് ഈ യാത്ര സമ്മാനിക്കുകയൊള്ളു. കൂടാതെ മംഗലാപുരം ഭാഗത്തു നിന്ന് വരുന്നവർ ഇടതുവശം ചേർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അങ്ങനെ യാത്ര ആരംഭിച്ച സക്ലേശപൂർ തിരിച്ചെത്തി. ഈ വണ്ടി ബാംഗ്ലൂർ പോകുന്നതായതിനാൽ ടിക്കറ്റ് അങ്ങോട്ടാണ് എടുത്തിരുന്നത്. സക്ലേശപൂർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ വിശപ്പും ദാഹവും മാറ്റാൻ കടയിൽ കയറി. മലയാളി ചേട്ടൻ. അങ്ങനെ യാത്ര അവസാനിക്കുന്നതിന് മുൻപ് ഒരു മലയാളിയെ കണ്ടു. ഹസ്സനും ശ്രവണബെലഗോളയും കടന്നു വണ്ടി യശ്വന്തപുരം എത്തിയപ്പോൾ സമയം രാത്രി 8:30.. ആ ദിവസം ബാംഗ്ലൂർ തങ്ങി പിറ്റേ ദിവസം വൈകീട്ട് നാലു ദിവസത്തെ യാത്ര അവസാനിപ്പിച്ച് വന്ന വണ്ടിക്കു തന്നെ കുറ്റിപ്പുറത്തേക്ക് തിരിച്ചു..

ട്രെയിൻ സമയം : മംഗലാപുരത്തു നിന്ന് – തിങ്കൾ, ബുധൻ, വെള്ളി കാലത്തു 11:30, ട്രെയിൻ നമ്പർ 16576. ചൊവ്വ, വ്യാഴം, ശനി കാലത്തു 11:15, ട്രെയിൻ നമ്പർ 16516. യശ്വന്തപുരത്തു നിന്ന് – തിങ്കൾ, ബുധൻ, വെള്ളി കാലത്തു 07:10, ട്രെയിൻ നമ്പർ 16515. ചൊവ്വ, വ്യാഴം, ഞായർ കാലത്തു 07:10, ട്രെയിൻ നമ്പർ 16575.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.