എഴുത്ത് – നിഖിൽ എബ്രഹാം.
കേരളത്തിന്റെ കാലാവസ്ഥക്ക് ഒരു പ്രശ്നം ഉണ്ട്. അത്യുഷ്ണകാലത്ത്, ഇനി ഒരു മാർച്ച് മുതൽ മെയ് വരെ ഒക്കെ വാഹനങ്ങളിൽ AC ഇടാതെ യാത്ര ചെയ്യുന്ന കാര്യം ഇപ്പോൾ ഒന്ന് ആലോചിച്ചു നോക്കാമോ? ഒരുതരം പുഴുങ്ങിയ അവസ്ഥ ആണ് അത് അല്ലേ?. AC സൗകര്യം ഇല്ലാത്ത വാഹനം ആണെങ്കിൽ ഗ്ലാസുകൾ തുറന്നു ഇട്ടും, ഫാൻ ഓൺ ചെയ്തും ഒക്കെ അല്പം ആശ്വാസം കണ്ടെത്തും.
പലരും ചിന്തിക്കുമ്പോൾ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിലും ചൂടാണ്, പക്ഷെ വാഹനത്തിൽ ഈ പുഴുങ്ങൽ അത്ര അനുഭവപെടില്ല. കേരളത്തിലെ കാലാവസ്ഥയിൽ ഹ്യൂമിഡിറ്റി കൂടുതൽ ആയതിനാൽ ആണ് (അതായത് വായുവിൽ നീരാവി കൂടുതൽ ഉള്ള അവസ്ഥ) ഇങ്ങനെ അനുഭവപെടുന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാൽ നമ്മുടെ ഏറ്റവും വലിയ പൊതു ഗതാഗത മാർഗം ആയ ബസുകളിലെ അവസ്ഥയോ? വേനൽകാലത്ത് ബസ് യാത്ര അത്ര സുഖമല്ല. ഷട്ടർ ബസുകൾ ആയിരുന്നു ഒരു പരിധി വരെ ആശ്വാസം. പക്ഷെ ബസ് ബോഡി കോഡ് പ്രകാരം ഇപ്പോൾ ഗ്ലാസ് ബസുകൾ മാത്രമേ നിർമിക്കാൻ പാടുള്ളു. അതിനാൽ ബസിന് അകത്തുള്ള വീർപ്പുമുട്ടലിന്റെ ശതമാനം ഇനിയും കൂടാം. ചൂട് വീണ്ടും കൂടുകയേ ഉള്ളു. മാറി വരുന്ന കാലാവസ്ഥ വീർപ്പുമുട്ടലിന്റെ തോത് വര്ധിപ്പിക്കുകയെ ഉള്ളു.
ഈ ചിന്തകളിൽ ആണ് പണ്ട് ഒരിക്കൽ ചർച്ചയിൽ വന്ന ഒരു കാര്യം ഓർമയിൽ വരേണ്ടത്. കോട്ടയത്തെ കൊണ്ടോടി ഓട്ടോ ക്രാഫ്റ്റ് നിർമിച്ച ഒരു ബസിനെ പറ്റി ആയിരുന്നു അതു. ബസുകൾക്ക് സാധാരണ മുകൾ തട്ടിൽ വായു സഞ്ചാരത്തിന് ആയി എയർ വെന്റിലേട്ടറുകൾ നൽകാറുണ്ട്. എളുപ്പത്തിൽ തുറക്കാനും അടക്കാനും കഴിയുന്നവ ആണ് അവ.
ഇത്തരത്തിൽ ഉള്ളവയുടെ വാതിലുകൾ പൊതുവെ മുൻ ഭാഗത്തേക്ക് തുറന്നു ഇരിക്കുന്ന രീതിയിൽ ആണ്. പൊതുവെ രണ്ട് വെന്റിലേറ്ററുകൾ ഒക്കെ ബസുകളിൽ ഉണ്ടാകാറുണ്ട്. സാധാരണയായി ഇവ രണ്ടും മുൻപോട്ടു തുറന്നു ഇരിക്കുന്നു. ബസ് മുൻപോട്ടു കുതിക്കുന്നതിനാൽ, ഇവയിലേക്ക് മുൻപിൽ നിന്ന് ശുദ്ധവായു അടിച്ചു കയറുന്നു. ബസിൽ വായു സഞ്ചാരം കിട്ടുന്നു. കുറെ ഒക്കെ പിറകിലെ ഹോളിലൂടെയും തുറന്നു കിടക്കുന്ന ഗ്ലാസുകളിലൂടെയും പുറത്തു പോകുന്നു.
പക്ഷെ കയറുന്ന അത്ര വായു പുറത്തു പോകാത്തതിനാൽ ബസിന് ഫ്രിക്ഷൻ (കാറ്റു പിടിക്കൽ) എന്ന പ്രതിഭാസം കൂടുകയും കാറ്റ് പിടിക്കുന്നത് കൊണ്ട് മൈലേജ് അല്പം കുറയുകയും ചെയ്യുന്നു എന്ന് പറയപ്പെടാറുണ്ട്. അതിനാൽ ജീവനക്കാർ ഇത് അങ്ങനെ തുറക്കാറില്ല, ( മാത്രം അല്ല അതു അല്പം മെനക്കേടും ആണ് ). പക്ഷെ യാത്രക്കാർ ആവശ്യപ്പെട്ടാൽ തുറന്നു കൊടുക്കാറുണ്ട് താനും…
എന്നാൽ ഈ മുകൾതട്ടിലെ പിൻഭാഗത്തെ എയർ വെന്റിലേറ്റർ പുറകോട്ടു തുറന്നു ഇരിക്കുന്ന രീതിയിൽ നിർമിച്ചാൽ, അതായത് അതിന്റെ അടപ്പ് പുറകോട്ടു തുറക്കുന്ന പോലെ ക്രമപ്പെടുത്തിയാൽ വായു സഞ്ചാരം കൂടില്ലേ. അതായത് മുൻപോട്ടു തുറന്നു ഇരിക്കുന്ന വാതിൽ വഴി, എളുപ്പത്തിൽ വായു മുൻപോട്ടു കുതിക്കുന്ന ബസിലേക്ക് പ്രവേശിക്കുന്നു. ബസിൽ പ്രവേശിക്കുന്നത് താരതമ്യേന തണുത്ത വായു ആണ്. തണുത്ത വായു വരുമ്പോൾ ചൂടുള്ള വായു മുകളിലേക്ക് ഉയരും എന്നാണ് ശാസ്ത്രം.
പ്രവേശിക്കുന്ന വായുവിന്റെ ഏകദേശം അതെ അളവിൽ തന്നെ അകത്തുള്ള ചൂട് വായു മുകളിലേക്ക് ഉയർന്നു പുറകു ഭാഗത്തേക്ക് തുറന്ന ഹോളിലൂടെ എളുപ്പത്തിൽ പുറത്തേക്ക് പോകുന്നു. അതിനാൽ ഫ്രിക്ഷൻ ഒന്നുടെ കുറയുന്നു, മൈലേജ് താരതമ്യേന കൂടുന്നു. എന്നാൽ ഈ ഹോൾ മുൻപോട്ടു തുറന്നു ഇരിക്കുന്നത് ആണെങ്കിൽ വായു പുറത്തു കടക്കുക അത്ര എളുപ്പം അല്ല, അതിനാൽ ഫ്രിക്ഷൻ കൂടുന്നു മൈലേജ് അല്പം കുറയുന്നു.
ഇത് കൂടാതെ തുറന്നു കിടക്കുന്ന ഗ്ലാസ്കളിലൂടെയും വായു പുറത്തേക്ക് പോകും. അതിനാൽ ബസിൽ വായു സഞ്ചാരം ഇല്ലെന്ന പരാതിക്ക്, വേനലിലെ ഈ പുഴുങ്ങലിനു അല്പം കൂടെ ആശ്വാസം കിട്ടാൻ തന്നെ ആണ് സാധ്യത. എയർ വെന്റിലേറ്റർ മുൻപോട്ടു ഘടിപ്പിക്കുന്നതിനു പകരം പുറകോട്ടു വക്കുന്നു എന്ന് മാത്രമേ വ്യത്യാസം ഉള്ളു. അതിനാൽ നിർമാണചിലവ് കൂടുന്നുമില്ല. ഇത്തരം ബദൽ മാർഗങ്ങൾ സ്വീകരിച്ചില്ല എങ്കിൽ ശേഷിക്കുന്ന യാത്രക്കാരും പണം നോക്കാതെ കൂടുതൽ സൗകര്യം തേടി പോയേക്കാം..
ഈ രീതിയിൽ പ്രത്യേകം പറഞ്ഞു കൊണ്ടോടിയിൽ ബോഡി നിർമിച്ച ഒരു ബസിന്റെ (KL 35 D 7344) കാര്യം ആണ് നേരത്തെ പറഞ്ഞു തുടങ്ങിയത്. കല്ലൂർ മോട്ടോർസ് ഫാസ്റ്റ് പാസഞ്ചർ ആയി ആണ് അന്ന് ആ ബസ് ഇറക്കിയത്. പിന്നെ ആ വാഹനം സൂര്യ എന്ന പേരിൽ തോപ്രാംകുടി – കോതമംഗലം ഓടുന്നുണ്ടായിരുന്നു. മുകളിൽ പറഞ്ഞ തത്വം മനസ്സിൽ കണ്ടാണ് ഈ നിർമാണരീതി അവലംബിച്ചത് എങ്കിലും ഇതിന്റെ ഇന്ധന ക്ഷമത സംബന്ധിച്ച് താരതമ്യം ഒന്നും അന്ന് നടത്തിയിരുന്നില്ല.
ഇങ്ങനെ ഒരു നിർമാണരീതിക്ക് നിലവിൽ നിയമതടസങ്ങൾ ഒന്നുമില്ല. അതിനാൽ ഇത് പരീക്ഷിച്ചാൽ ഇന്ധനക്ഷമതയിൽ ഗുണം ഉണ്ടാകുമോ? ബസുകളിൽ കൂടുതൽ കാറ്റ് കയറുന്നത് വഴി യാത്ര സുഖം കൂടി ആളുകൾ കൂടുമോ? വിദഗ്ത അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.