വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ? പൂക്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട് അവർക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. അങ്ങനെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തി പൂക്കളുടെ വിശേഷങ്ങളിലൂടെ ഒരു യാത്ര പോയി വരാം.
പൂവ് ചൂടി നില്ക്കുമീ ഭൂമി നീ എത്ര സുന്ദരിയാണ്. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തി പാടം ഏതൊരു വ്യക്തിയെയും വശീകരിക്കുകയും മോഹിപ്പിക്കുകയും ചെയ്യും. പൂക്കളുടെ ആകർഷണത്തിൽ ആരും തന്നെ വീണ് പോകും. നമ്മുടെ കണ്ണിനും മനസ്സിനും ഒരേ പോലെ കുളിർമ നല്കി നിറ ശോഭയിൽ വാക്കുകൾക്കും അതീതവും , വർണ്ണനാതീതവുമായ സൂര്യകാന്തി പൂക്കൾക്കൊപ്പം. യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നത്. യാത്രകൾ , എഴുത്ത് , ഫോട്ടോഗ്രഫി , സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ കൊല്ലക്കാരൻ…
സുരണ്ടയിലെ സൂര്യകാന്തിപ്പൂക്കളെ തേടി… വർഷത്തിൽ ഒരിക്കൽ വിരിയുന്ന സൂര്യകാന്തി പൂക്കളെ കൺകുളിർക്കേ കാണാൻ ഞങ്ങൾ ഏകദേശം മുപ്പത്തി നാല് പേരടങ്ങുന്ന യാത്ര സംഘം വെള്ള തൂവൽ പാറി പറത്തി പറവകളെ പോലെ ചിറകുയർത്തി സ്വാതന്ത്ര്യത്തോടെ മണ്ണിൽ പാറി പറക്കാൻ ആരംഭിച്ചു . തെന്മല ഇക്കോ ടൂറിസവും, പതിമൂന്ന് കണ്ണറ പാലവും, പാൽ പോൽ രുചി മധുരമേകും പാലരുവിയും താണ്ടി കേരള കരയിൽ നിന്ന് തമിഴ് മണ്ണിന്റെ സുഗന്ധം ആവോളം നുകരാൻ ഞങ്ങൾ തേൻ വണ്ടുകൾ സുരണ്ടയിലെ സൂര്യകാന്തിപൂക്കളുടെ അടുത്തേക്ക് വരി വരിയായി പറന്നെത്തി.
പൂക്കള്‍ സൗഹൃദങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഏകദേശം ഉച്ച സമയം സൂര്യൻ ഉച്ചിയിൽ വന്ന സമയം ഇളം കാറ്റിന്റെ തലോടലിൽ ആടി ഉലഞ്ഞ് പൊൻ സൂര്യ പ്രഭയിൽ ആ സുന്ദരിയുടെ നിൽപ്പ് കണ്ടാൽ ആരും മോഹിച്ച് പോവും. അതാണ് സുന്ദരപാണ്ഡ്യപുരത്തെ വശ്യ സുന്ദരിക്കളായ സൂര്യകാന്തിപ്പൂക്കൾ. നമ്മുടെ മുഖത്ത് സൂര്യ രശ്മികൾ പതിക്കുമ്പോൾ പതിയെ മുഖം താഴ്ത്തേണ്ട അവസ്ഥ വന്ന സമയവും നിമിഷവും പോലും സൂര്യകാന്തിപ്പൂക്കൾ തലയെടുപ്പോടെ സൂര്യ രശ്മികളെ വരവേൽക്കുന്നത് കാണാം. മാസങ്ങളായി ഉള്ള കർഷകരുടെ ചുടു വിയർപ്പിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമാണ് നമ്മൾ കൺകുളിർക്കേ കാണുന്ന ഈ സൂര്യകാന്തിപ്പാടങ്ങൾ.
നല്ല പോലെ വെള്ളം ലഭിച്ചാൽ സൂര്യകാന്തി പൂവിന്റെ കൃഷി ബുദ്ധിമുട്ട് ഇല്ലാതെ കൊണ്ടുപോകാൻ കഴിയും. പാടത്ത് നിലമുഴുതു വിത്ത് വിതച്ചാൽ ഏകദേശം മൂന്നു മാസം കൊണ്ട് ചെടി നാലടിയോളം ഉയരത്തിലെത്തുമത്രെ. അതിന് ശേഷം ചെടിയിൽ മൊട്ടുകൾ വന്ന് തുടങ്ങും. നാലാമത്തെ മാസം പൂക്കൾ വിടർന്ന് വലുതായി മനോഹരമായ പൂവായി മാറുന്നു. ചെടികൾക്ക് ഇടയിൽ മറ്റു കളകൾ പിടിക്കാതെ നോക്കുകയും പ്രാണികളെ അകറ്റുന്നതിനുള്ള മരുന്നടിയുമാണ് ഇതിനിടയ്ക്കുള്ള വലിയ ജോലികൾ. പൂക്കൾ ഉണങ്ങിത്തുടങ്ങുന്നതോടെ നെല്ല് കൊയ്യുന്ന യന്ത്രമുപയോഗിച്ച് കൊയ്യ്തു മാറ്റുകയും പൂക്കളുടെ ഇതളുകളും നടുക്കുള്ള വിത്തുകളും വെവ്വേറെയാക്കുകയും ചെയ്യും എന്നാണ് കർഷകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
നീലാകാശത്തിനു താഴെ മഞ്ഞ പരവതാനി വിരിച്ച് പൂക്കൾ നമ്മളെ അവരുടെ വസന്തോത്സവത്തിന് ക്ഷണിക്കുമ്പോൾ ഓരോ പൂവിനെയും മാറോട് ചേർത്ത് തലോടുമ്പോഴും, സ്നേഹിക്കുമ്പോഴും ഒരു യുഗം കൊണ്ട് ഞാൻ നിന്നെ അറിഞ്ഞ് പോയി. പൂക്കളുടെ വിളവെടുപ്പ് കാലമായതിനാൽ പല പാടങ്ങളും തരിശ്ശായി കിടക്കുന്നത് കാണാം. കഴിഞ്ഞ വർഷമേ ഞാൻ ഇവിടേക്ക് വരണമെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. അത് ഞാൻ ഇപ്പോൾ വളരെ മനോഹരമായി തന്നെ നിറവേറ്റിയ ആത്മസംപൃതിയുമുണ്ട് എനിക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളത് നമ്മൾ പ്രതീക്ഷ കൈവിടാൻ ഒരുങ്ങുന്ന ആ നേരത്താവും. അതുകൊണ്ട്, പ്രതീക്ഷ കൈവിടാതെ പ്രയത്നിക്കുക. യാത്ര പോകണം എന്ന് തീരുമാനിച്ചാൽ അതിന് വഴി കണ്ടെത്തി മുന്നോട്ട് പോവുക.
നല്ല കാറ്റുവീശുന്ന സ്ഥലമായതിനാൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ നിരവധി കാറ്റാടി യന്ത്രങ്ങൾ പൂപ്പാടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതും അവ പ്രവർത്തിക്കുന്നതും കാണാം. ഈ പൂക്കളുടെയും അത് പോലെ തന്നെ തമിഴ് ഗ്രാമീണ ഭംഗികളെയും മതിയാവോളം ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് അനുദിനം ഇവിടേക്ക് എത്തിച്ചേരുന്നത്. പൂക്കളോടൊപ്പം സെൽഫി എടുത്തും, കുശലാന്വേഷണങ്ങൾ പറഞ്ഞും എന്നോടൊപ്പമുള്ള സഹയാത്രികർ തിരക്കുകളിലായി.
അമ്മയുടെ വാത്സല്യം മതിയാവോളം തന്ന് ലീലാമ്മയും, പൂക്കളുടെയും പ്രകൃതിയുടെയും മനോഹരമായ ദ്യശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാൻ ഓടി നടന്ന അപ്പു ചേട്ടനും, ശ്രാവണും, ലിജോ ഏട്ടനും, സുജു ഏട്ടനും, അജാസ് ഇക്കയും, ഹിലർ ഇക്കയും, ഹരിയേട്ടനും, അജീഷ് ചേട്ടനും, രാകേഷേട്ടനും , കുഞ്ഞ് സഹോദരതുല്യരായ മനുവും, അരുണും, പ്രിയങ്കയും, രൂപയും… പുതിയ സൗഹൃദങ്ങള്‍ ഈ യാത്രയിലും മതിയാവോളം കിട്ടി ആരുടെയും പേര് എടുത്ത് പറയുന്നില്ല കാരണം എല്ലാവരും എന്റെ ഹൃദയത്തിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഏതൊരു ക്യാമറ പകര്‍ത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകള്‍ പകര്‍ത്തി ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. അത് പ്രിയപ്പെട്ടവരിലേക്കും എത്തിക്കുന്നു .
പ്രതീക്ഷിച്ചതിലും സമയം കടന്നു പോയതറിഞ്ഞില്ല എല്ലാവരും സന്തോഷത്തിൽ ആഹ്ലാദിക്കുമ്പോൾ തിരശ്ശീലയിൽ പതിയെ സൂര്യകാന്തി സുന്ദരികളോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മന്ദമന്ദമെൻ താഴും മുഗ്ദമാം മുഖം പൊക്കി ഞാൻ നിന്നോട് ചോദിച്ചു മധുരമായ് “ആര് നീ പുഷ്പമേ എനിക്ക് ?”. ചോദ്യത്തിന് ഉത്തരം തേടി അടുത്ത വർഷകാലം നിന്നക്കായും നിന്റെ ഉത്തരത്തിനായും കാത്തിരിപ്പൂ.
ഉച്ച ഭക്ഷണത്തിനു ശേഷം ഗുണ്ടാർ ഡാമിലേക്കായി പുറപ്പെട്ടു കാഠിനമേറിയ വെയിൽ സഞ്ചാര പാതകളിൽ ഒളിഞ്ഞിരുന്ന് അതിശക്തമായി ആക്രമിക്കുമ്പോഴും ഒറ്റക്കെട്ടായ് അവരോടു പൊരുതി മുന്നേറി ഞങ്ങൾ. പാത മനോഹരമാണെങ്കിൽ എങ്ങോട്ടാണെന്നു അന്വേഷണം വേണ്ട. ലക്ഷ്യസ്ഥാനം മനോഹരമാണെങ്കിൽ പാതയെക്കുറിച്ച് ആലോചിക്കേണ്ടതുമില്ല മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുക. തമിഴ്നാട്ടിലെ കോട്ടവാസൽ അതിർത്തിയോട് ചേർന്നാണ് ഗുണ്ടാർ ഡാം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ മഴയെ ആശ്രയിച്ചുള്ള ഡാമാണ് ഗുണ്ടാർ. ഡാമുകളിലേക്ക് നിരവധി സഞ്ചാരികളാണ് ദിനവും എത്തുന്നത് . വിനോദസഞ്ചാരത്തിനും കൃഷിക്കും വേണ്ടിയാണു ഗുണ്ടാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ മനോഹരമായ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത് കാണാവുന്നതാണ്.
ഞാറാഴ്ച്ച ആയതിനാൽ സഞ്ചാരികളുടെ തിരക്കേറിയിട്ടുമുണ്ട്. ഡാമിനുള്ളിലെ ജലപരപ്പിലെ ബോട്ട് സർവ്വീസും, സഞ്ചാരികളുടെ നീന്തലും, സാഹസിക പ്രകടനങ്ങളും ചെറു ചാറ്റൽ മഴയിൽ നടന്ന് ആസ്വദിക്കുമ്പോൾ മലനിരകൾക്കിടയിൽ പോയി മറയുന്ന അസ്തമയ സൂര്യനെ സാക്ഷി നിർത്തി യാത്ര തിരിച്ചു.
ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു.
സൂര്യകാന്തി പാടത്തേക്കുള്ള വഴി : ദേശീയ പാതയിൽ ചെങ്കോട്ട ഇലഞ്ഞി വഴി മധുര റോഡിൽ പ്രവേശിക്കാം. അവിടെ നിന്ന് അഞ്ച് കിലോ മീറ്റർ മുന്നോട്ട് പോകുമ്പോൾ നാല് റോഡ് സംഗമിക്കുന്നടത്ത് (രണ്ടാമത്തെ നാല് റോഡ് സംഗമിക്കുന്ന കവല) നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചുരണ്ട റോഡിൽ പ്രവേശിക്കാം. വീണ്ടും അഞ്ച് കിലോമീറ്റർ പോകുമ്പോൾ ഇടതു വശത്ത് സൂര്യകാന്തിപ്പാടങ്ങൾ കണ്ട് തുടങ്ങും. ഇവിടെ നിന്ന് സുന്ദരപാണ്ഡ്യപുരം എത്തിച്ചേരാം.