വിവരണം – ബിനു ഗോപാൽ.

പതിവ് യാത്രകൾ പോലെ ഈ വർഷത്തെ ആദ്യ യാത്രയും വഴിപിഴച്ചുപോയി. എന്നുവച്ചാൽ തെക്കോട്ടു പോയാൽ അവസാനം വടക്കോട്ട് ചെന്നവസാനിക്കും, പണ്ടുതൊട്ട് എന്റെ യാത്രകൾ അങ്ങിനെ ആയിരുന്നു. ആലുവയിൽ നിന്നും ഞങ്ങൾ ഇറങ്ങുങ്ങുമ്പോൾ മൂന്നാർ ചൊക്രൻ മുടിയായിരുന്നു ലക്ഷ്യം. ബൈസൺവാലി കഴിഞ്ഞ് ഇടുങ്ങിയ ഗ്യാപ് റോഡും കഷ്ടപ്പെട്ട് സ്‌കൂട്ടർ ഓടിച്ചു ചൊക്രന്റെ താഴെയുള്ള ഫോറെസ്റ്റ് ഓഫീസിനു മുന്നിലെത്തിയപ്പോൾ ഒന്ന് ഞെട്ടി. ഗേറ്റ് പൂട്ടിയിട്ട് ആരും കേറാതിരിക്കാൻ ചുറ്റും മുളകൊണ്ട് വേലിയും ക്കെട്ടിയിരിക്കുന്നു. നിരോധിത മേഖല എന്നൊരു ബോർഡും.

രണ്ടും കല്പിച്ചു കഷ്ടപ്പെട്ട് ഗേറ്റും മുൾവേലിയും ചാടിക്കടന്നു ഫോറെസ്റ്റ് കെട്ടിടത്തിന് അടുത്തെത്തിയതും രണ്ടു വാച്ചർ മാർ എവിടെ നിന്നോ വടിയുമായി ഓടിവരുന്നു. ഞെട്ടി നിന്നുപോയ ഞങ്ങളോട് അവരിലൊരാൾ അലറി “കടക്കൂ പുറത്ത് “. ഇല്ലെങ്കിലും കേസാക്കുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട്‌ ചാടിയ സ്പീഡിൽ തിരിച്ചു ഗേറ്റ് ചാടി. കാര്യം അനേഷിച്ചപ്പോൾ അറിഞ്ഞത്, കുരങ്ങണി തീ പിടിച്ച ശേഷം ഇവിടേക്ക് ‘നോ എൻട്രി’ ആണെന്ന്.

സമയം ഏതാണ്ട് ഉച്ചക്ക് 12 മണി ആയിക്കാണും. ഇനി എങ്ങോട്ട് പോകും എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ്, ടോപ് സ്റ്റേഷൻ തീരുമാനമായത്. കൂടേ ഉള്ളവർ ഇതുവരെ പോയിട്ടുമില്ല അവിടേക്ക്. സമയം കളയാതെ ഞങ്ങളുടെ വാഹനങ്ങളായ TVS ജൂപിറ്റ, HERO മാസ്റ്ററോ സ്‌കൂട്ടറുകൾ ടോപ് സ്റ്റേഷനിലേക്ക് കുതിച്ചു.

ഇടദിവസം ആയതുകൊണ്ടായിരിക്കും വല്ല്യ തിരക്കൊന്നുമില്ല റോഡിൽ. എക്കോ പോയിന്റിൽ കണ്ടൊരു വഴിയോര ബിരിയാണി കടയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു വീണ്ടും യാത്രയായി. വൈകുന്നേരം മൂന്നരയോടെ ടോപ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും, മറ്റു സഞ്ചാരികളെല്ലാം തിരിച്ചു പോരുന്ന സമയമായിരുന്നു. ടിക്കറ്റ് എടുത്ത് ഞങ്ങൾ നാലുപേരും ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിലേക്ക് നടന്നിറങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. രാത്രിയിൽ മൈനസ് വരെ എത്തുമെന്ന് അവിടെ കട നടത്തുന്നവർ പറയുന്നുണ്ട്. അങ്ങ് താഴെ സെൻട്രൽ സ്റ്റേഷൻ വരെ മലയുടെ ഓരം പിടിച്ചു നടന്നിറങ്ങി.

അഞ്ചുമണി കഴിഞ്ഞതോടെ സൂര്യൻ മലയുടെ പടിഞ്ഞാറെ അറ്റത്തേക്ക് അസ്തമിച്ചിറങ്ങാൻ വെമ്പി നിൽക്കുന്ന പോലെ എനിക്ക് തോന്നി. അതുപോലെ ജനുവരിയിലെ കൊടും തണുപ്പ് എന്തെന്നും അറിഞ്ഞു തുടങ്ങി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയെ പറ്റി പറഞ്ഞു നിൽക്കുമ്പോഴായിരുന്നു ആ സുന്ദരമായ മായാ കാഴ്ച്ച കാണുവാൻ കഴിഞ്ഞത്. അതേ അതുതന്നെ കുങ്കുമ സൂര്യന്റെ ഗംബീരമായ അസ്തമയ കാഴ്ച്ചകൾ ഞങ്ങൾക്ക് ഒരു പുതിയ അനുഭവമായിരുന്നു നൽകിയത്.

അങ്ങനെ ടോപ്സ്റ്റേഷനിലെ സ്വപ്ന തുല്യമായ അസ്തമയ വർണ്ണകാഴ്ചകൾ കണ്ടശേഷം, കുളിരണിഞ്ഞ രാത്രിയിൽ മുന്നാറിലെ കുന്നിറങ്ങുമ്പോൾ രാവിലെ നഷ്ടമായ ചൊക്രൻ മുടി ട്രക്കിങ് മനസ്സിൽ നിന്നും എപ്പോഴേ മാഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.