എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ – കെഎസ്ആർടിസി എടത്വ.
എടത്വാ ഡിപ്പോയിലെ എൻ്റെ ആദ്യകാലഘട്ടം തിരുവല്ല – അമ്പലപ്പുഴ – ആലപ്പുഴ ചെയിന്‍ സര്‍വ്വീസിലായിരുന്നു. അതിരാവിലെ വീട്ടിലെ ജോലി എല്ലാം തീര്‍ത്ത് വേഗം ഓടി ബസ്സുകളില്‍ കയറി പോകുന്നവരില്‍ തിരുവല്ലായിലെ ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതുപോലെ കുറെ സഹോദരിമ്മാരുണ്ട്.
വൈകിട്ട് ഞങ്ങളുടെ അവസാന ട്രിപ്പ് തിരുവല്ലായില്‍ നിന്നും 0750 ന് എടത്വയിലേക്ക് ലാസ്റ്റ് ട്രിപ്പ്. ഡിപ്പോയില്‍ നിന്നും ബസ്സ് എടുത്ത് അടുത്ത സ്റ്റോപ്പ് കുരിശുകവലയാണ്. പക്ഷേ, അതിന് മുമ്പുളള ട്രാഫിക്ക് ഐലന്‍റില്‍ അതായത് തിരുവല്ല ടൗണിന്‍റെ പ്രധാനഭാഗത്ത് ബസ്സ് നിര്‍ത്തി നല്‍കും. ഈ ബസ്സ് നഷ്ടപ്പെട്ടാല്‍ വിവിധ ടെക്സ്റ്റൈല്‍സുകളിലും, ജുവലറികളിലും ജോലി ചെയ്യുന്ന സഹോദരിമാര്‍. ഇവരെ തിരിച്ചറിയാനും വഴികളുണ്ടായിരുന്നു. വിവധ നിറങ്ങളിലുളള യൂണിഫോമുകളിലായിരുന്നു.
ഈ വീഡിയോ ആദ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് നല്ല സൗഹൃദത്തിലായിരുന്ന ആദ്യകാലഘട്ടത്തിലെ പ്രിയപ്പെട്ട സഹോദരിമാരെയാണ്. സുപ്രിയ അത്തരത്തിലുളള ഓരോ സഹോദരിമാരുടെയും പ്രതിനിധിയാണ്. സ്വകാര്യ ടെക്സ്റ്റൈല്‍സിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുവാന്‍ ഇറങ്ങിയ സുപ്രിയ കുരിശുകവലയില്‍ വെച്ച് യാദൃശ്ചികമായാണ് റോഡിന് നടുവില്‍ നില്‍ക്കുന്ന കാഴ്ച്ചയില്ലാത്ത മനുഷ്യനെ കാണുന്നത്. നിലക്കാത്ത വാഹനങ്ങളുടെ ഹോണടി കേട്ടപ്പോള്‍ എങ്ങനെയെങ്കിലും റോഡരുകിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
റോഡരികില്‍ എത്തിയതിന് ശേഷം തന്നെ വിളിക്കാന്‍ എത്തുന്ന ഭര്‍ത്താവായ അനൂപിനോട് പറഞ്ഞിട്ട് അദ്ദേഹത്തിന്‍റെ സ്കൂട്ടറില്‍ തിരുവല്ല ഡിപ്പോയിലെത്തിക്കാനായിരുന്നു ഉദ്ദേശം. കാഴ്ച്ചയില്ലാത്ത ആ മനുഷ്യനോട് അഭിമുഖമായി നിന്നുകൊണ്ട് എവിടെയാണ് പോകേണ്ടത് എന്ന വിവരം തിരക്കുമ്പോഴാണ് ഒരു കെ.എസ്സ്.ആര്‍.ടി.സി ബസ്സ് അവരെ കടന്നു പോയത്. ഈ സമയത്ത് തന്നെ കടന്നു പോയ ബസ്സിലേക്ക് നോക്കി സുപ്രിയ തന്‍റെ കൈകള്‍ ഉയര്‍ത്തി. ഇതുകണ്ട കണ്ടക്ടര്‍ ബെല്‍ അടിക്കുകയും, ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയും ചെയ്തു. കുറച്ച് മുന്നോട്ടു മാറ്റിയാണ് ബസ്സ് നിര്‍ത്തിയത്.
സുപ്രിയ ഓടി ബസ്സിനരികിലെത്തി. വീഡിയോയില്‍ ഇത് വ്യക്തമാണ്. നിര്‍ത്തിയ ബസ്സിനരികിലെത്തി “ആ ചേട്ടനെയും കൂടി കൊണ്ടുപോകുമോ” എന്ന് കണ്ടക്ടറോട് ചോദിച്ചിട്ട് തിരികെ ആ യാത്രക്കാരന്‍റെ അരികിലെത്തി, അദ്ദേഹത്തിന്‍റെ കൈകളില്‍ പിടിച്ച് ബസ്സിനടുത്തേക്ക് നീങ്ങി. ഒരിക്കലും ബസ്സും ജീവനക്കാരും കാത്തു കിടക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആനവണ്ടി മറ്റുളള സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്.
തിരികെ ബസ്സിനരികിലേക്ക് എത്തിയപ്പോള്‍ ബസ്സിന്‍റെ ഡോര്‍ തുറന്നു അദ്ദേഹത്തിന് ബസ്സില്‍ കയറുവാന്‍ കണ്ടക്ടര്‍ സൗകര്യമൊരുക്കി. അദ്ദേഹത്തിനെ ബസ്സില്‍ കയറുവാന്‍ സഹായിക്കുവാന്‍ സുപ്രിയയും, കണ്ടക്ടറും തയ്യാറായി. ഈ കഴ്ച്ചകളെല്ലാം കണ്ടുകൊണ്ട് തൊട്ടടുത്തുളള ഇലക്ട്രോണിംഗ് ഷോപ്പിലെ ജീവനക്കാരനായ ജോഷ്യാ ഈ കാഴ്ച്ചകളെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ ഫോണില്‍ ഇത് ചിത്രീകരിച്ചു.
ഇദ്ദേഹം ചിത്രീകരിച്ച വീഡിയോ ആണ് നന്മകള്‍ നിറഞ്ഞ സുപ്രിയയേയും, ആനവണ്ടി ജീവനക്കാരായ ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ഡി റെമോള്‍ഡിന്‍റെയും, ഡ്രൈവര്‍ എസ്സ്.സുനില്‍കുമാറിന്റെയും നന്മകളെ നമ്മളിലേക്കെത്തിച്ചത്. ജോഷ്യ ഇദ്ദേഹത്തെ സഹായിക്കാന്‍ താഴേക്ക് ഇറങ്ങി വന്നതാണ്.
ബസ്സില്‍ കയറിയ യാത്രികനെ കണ്ടക്ടര്‍ സീറ്റിലിരുത്തി. തിരുവല്ലായിലെത്തിയപ്പോള്‍ ഡ്രൈവര്‍ ഇദ്ദേഹത്തെ ബസ്സില്‍ നിന്നും ഇറക്കി. വൈകിട്ട് സമയം 6.40 ആയി. കോന്നി എന്ന സ്ഥലത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ തിരുവല്ലാ സ്റ്റാന്‍ഡില്‍ കിടന്ന പത്തനംതിട്ട ബസ്സില്‍ കയറ്റി വിട്ടു.
വൈറലായ ഈ വീഡിയോയിൽ നാലുപേരും വളരെ പ്രാധാധ്യം അര്‍ഹിക്കുന്നു. ടെക്സ്റ്റൈല്‍ ജീവനക്കാരിയായ സുപ്രിയ തകഴി സ്വദേശിയായിരുന്നു. വിവാഹത്തിന് ശേഷം സുപ്രിയയുടെ ഭര്‍ത്താവ് അനുപുമായി തിരുവല്ലയില്‍ താമസിക്കുന്നു. ആലപ്പുഴ ഡിപ്പോയിലെ RNM 931 ബസ്സില്‍ ആലപ്പുഴയില്‍ നിന്നും തിരുവല്ല സര്‍വീസ്സ് പോയതാണ് ജീവനക്കാര്‍.
ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരാളമായി എൻ്റെ പത്തുവര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. കാഴ്ച്ചയില്ലാത്ത ധാരാളം സഹോദരങ്ങളുമുണ്ട്. ഇത്തരം യാത്രകാരുടെ കണ്ണുകളായി മാറുവാന്‍ കണ്ടക്ടര്‍ക്ക് കഴിയണമെന്നാണ് അഭിപ്രായം. ഇനിയും ഇതുപോലെയുളള നന്മകളുടെ സഹോദരിമാരെയും, സഹോദരന്മാരെയും, `ആനവണ്ടി’ ജീവനക്കാരെയും നമ്മളുടെ കൊച്ചു കേരളത്തിന് ആവശ്യമാണ്. ഇത്തരം നന്മകളാണ് ഇപ്പോഴും നമ്മളുടെ നാട് നിലനിര്‍ത്തുവാന്‍ സഹായമാകുന്നത്.
പരസഹായമില്ലാത്തതും, കാഴ്ച്ചയില്ലാത്തതുമായ യാത്രികനെ ബസ്സില്‍ നിന്നുമിറങ്ങി ബസ്സില്‍ കയറ്റുവാന്‍ സഹായിക്കുകയും, സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ ഒരു സീറ്റ് ക്രമീകരിച്ച് സുരക്ഷിത യാത്ര സമ്മാനിക്കുകയും, തിരികെ കൃത്യമായി സ്ഥലം തിരക്കി കൃത്യമായ ഇടങ്ങളില്‍ ഇറക്കുകയും ചെയ്യുമ്പോഴെ ഒരു കണ്ടക്ടറുടെ ദൗത്യം പൂര്‍ത്തിയാകുകയുളളു.
ഇപ്രകാരം ഒരു യാത്ര പൂര്‍ത്തിയായാല്‍ പറയാം `നന്മയിലേക്ക് ഒരു യാത്ര’യെന്ന്. കാഴ്ച്ചയില്ലാത്ത ആ മനുഷ്യന് സ്വന്തം കണ്ണുകളിലൂടെ കാഴ്ച്ച നല്‍കിയ സുപ്രിയ നമ്മളുടെ സമൂഹത്തിലെ പലരുടെ യും കണ്ണുകള്‍ ആണ് തുറപ്പിക്കുന്നത്. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.