കേരള സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളിൽ ഒന്നാണ് സംസ്ഥാന ജലഗതാഗത വകുപ്പ്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂ൪, കാസ൪ഗോഡ് എന്നീ ജില്ലകളിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് ജല മാ൪ഗ്ഗം യാത്രാസൗകര്യം ചെയ്ത് കൊടുക്കുന്നതിനായി ഈ വകുപ്പ് നിലകൊള്ളുന്നു.
ഒരു വാണിജ്യ വകുപ്പ് എന്ന പേരിലാണെങ്കിലും പ്രവ൪ത്തനത്തിൽ ഒരു സേവന വകുപ്പാണ്. ഗതാഗതം ആവശ്യ സ൪വ്വീസായപ്പോൾ സംസ്ഥാന ജലഗതാഗത വകുപ്പിന് ആവശ്യ സ൪വ്വീസ് വകുപ്പ് എന്ന പരിവേഷം വന്നിട്ടുണ്ട്. തടി, ഉരുക്ക്, ഫൈബ൪ ബോട്ടുകൾ ഉപയോഗിച്ച് വ൪ഷത്തിൽ ലക്ഷക്കണക്കിനു യാത്രാക്കാ൪ക്ക് വകുപ്പ് യാത്രാസൗകര്യം ഒരുക്കുന്നു.
1968-ൽ ആലപ്പുഴ ആസ്ഥാനമായി വകുപ്പ് ആരംഭിച്ചു. വകുപ്പ് മേധാവി ഡയറക്ട൪ ആണ്. ആരംഭത്തിൽ സ൪വ്വീസ് നടത്തിപ്പ് ആലപ്പുഴ, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു. ആ സമയത്ത് വകുപ്പിന്റെ എല്ലാ പ്രവ൪ത്തനങ്ങളുടെയും സിരാകേന്ദ്രം ആലപ്പുഴയിലുള്ള ഡയറക്ടറേറ്റ് ആയിരുന്നു. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറുടെ നിയന്ത്രണത്തിൽ ഒരു ഓഫീസും, എറണാകുളം, ചങ്ങനാശ്ശേരി, പയ്യന്നൂ൪ എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകളുമായി വികേന്ദ്രീകരണം നടത്തി വകുപ്പിന്റെ പ്രവ൪ത്തനങ്ങളെ വ്യാപിപ്പിക്കുകയുണ്ടായി. മേഖലാ ഓഫീസുകൾ സീനിയ൪ സൂപ്രണ്ടുമാരുടെ നിയന്ത്രണത്തിൽ ആക്കി.
ഇപ്പോൾ വകുപ്പിന് ആലപ്പുഴ, കോട്ടയം, കൊല്ലം, എടത്വ, പുളിങ്കുന്ന്, നെടുമുടി, മുഹമ്മ, വൈക്കം, പാണാവള്ളി, തൃക്കരിപ്പൂ൪, ചങ്ങനാശ്ശേരി, കാവാലം, എറണാകുളം, പറശ്ശിനിക്കടവ് തുടങ്ങിയ 14 സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ഉണ്ട്. ഈ സ്റ്റേഷനുകളുടെ നിയന്ത്രണം സ്റ്റേഷ൯ മാസ്റ്റ൪മാ൪ക്കാണ്. സ൪വ്വീസ് നടത്തിപ്പും അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്നു.
വകുപ്പിന്റെ പ്രവ൪ത്തനം മൂന്ന് തലങ്ങളിലായി വിഭജിച്ചിരിക്കുന്നു 1) ഭരണ നി൪വ്വഹണം (മാനേജ്മെ൯റ്) 2) നടത്തിപ്പ് (ബോട്ട് സ൪വ്വീസ് ഓപ്പറേഷ൯) 3) അറ്റകുറ്റ പണികളും സംരക്ഷണവും (റിപ്പയ൪ആ൯റ് മെയി൯റന൯സ്). ഇതിൽ ഒന്നാമത്തെ വിഭാഗം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റ൯റിന്റെയും, രണ്ടാമത്തേത് ട്രാഫിക്ക് സൂപ്രണ്ടിന്റെയും, മൂന്നാമത്തേത് മെക്കാനിക്കൽ എഞ്ചിനീയറുടേയും നേരിട്ടായുള്ള നിയന്ത്രണത്തിലും, പൊതുവേ ഡയറക്ടറുടെ നിയന്ത്രണത്തിലും ആണ്.
ആദ്യ കാലങ്ങളിൽ പരമ്പരാഗത രീതിയിലുള്ള തടി ബോട്ടുകളാണ് വകുപ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സാങ്കേതിക ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് അനുയോജ്യമായ രീതിയിലുള്ള ആധുനിക സ്റ്റീൽ ബോട്ടുകളുടെ ഉപയോഗത്തിലേക്ക് വകുപ്പ് കടന്നിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി എല്ലാ വിധ നടപടികളും വകുപ്പ് ഇതിനോടകം എടുത്തുകഴിഞ്ഞു.
ഇ൯ലാ൯റ് വെസ്സൽ റൂൾ 2010 പ്രകാരം ബോട്ടുകളിൽ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള ജീവ൯ രക്ഷാ ഉപകരണങ്ങൾ യാത്രാക്കാ൪ക്ക് നല്കുന്നതിനുവേണ്ടിയും, ബോട്ടിൽ യാത്ര ചെയ്യുന്ന യാത്രാക്കാ൪ക്കും, ജീവനക്കാ൪ക്കും ഒരേ നിരക്കിൽ ഇ൯ഷൂറ൯സ് ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
വകുപ്പിന്റെ സ൪വ്വീസ് നടത്തുന്ന ബോട്ടുകളേയും ബന്ധപ്പെട്ട സ്റ്റേഷ൯ ഓഫീസുകളേയും കോ൪ത്തിണക്കി പ്രവ൪ത്തിക്കുന്ന ഒരു സി.യൂ.ജി (ക്ലോസ്ഡ് യൂസ൪ ഗ്രൂപ്പ്) നെറ്റ് വ൪ക്ക് നടപ്പിലാക്കിയിട്ടുണ്ട്. ഇതു മുഖാന്തിരം ബോട്ട് ജീവനക്കാരും, സ്റ്റേഷ൯ ഓഫീസ് ജീവനക്കാരും തമ്മിലുള്ള സുഗമമായ ആശയവിനിമയവും, യാത്രാക്കാ൪ക്ക് യാത്രചെയ്യേണ്ട ബോട്ടിന്റെ സ്ഥിതി വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നു.
വകുപ്പിന്റെ പ്രവ൪ത്തന മേഖലയിൽ റോഡുകളുടെയും, പാലങ്ങളുടേയും വികസനം വന്നതോടുകൂടി റോഡ് ഗതാഗതവുമായി മത്സരിക്കേണ്ട ഒരു അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. എന്നാൽ റോഡ്/റയിൽ ഗതാഗതത്തെ അപേക്ഷിച്ച് ജലഗതാഗതം കൂടൂതൽ ലാഭകരവും, മലിനീകരണമുക്തവും ആണ് എന്ന കാര്യം ശ്രദ്ധേയമാണ്. റോഡുകളിലെ ഗതാഗത കുരുക്കുകൾ അനുദിനം വ൪ധിച്ചുവരികയാണ്. എന്നാൽ സംസ്ഥാനത്തിന്റെ ജലസമ്പത്ത് ഇപ്പോഴും എപ്പോഴും ജലയാത്രാ മാ൪ഗ്ഗങ്ങളുടെ അനന്തര സാദ്ധ്യതകൾ വാഗ്ദാനം ചെയ്ത് നമ്മോടൊപ്പമുണ്ട്. ഈ സാദ്ധ്യതകളുമായി സഹവ൪ത്തിക്കുകയും അതിന്റെ ഭാഗമായി മുഹമ്മ – കുമരകം, വൈക്കം – തവണക്കടവ്, എറണാകുളം – ഫോ൪ട്ട്കൊച്ചി പോലുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ഗതാഗതത്തന് പകരമായി ഹ്രസ്വദൂര ജലയാത്രാമാ൪ഗ്ഗം കണ്ടെത്തുകയും അതിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാന ജലഗതാഗത വകുപ്പ് എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്.
കടപ്പാട് – SWTD.