എഴുത്ത് – സാദിയ അസ്‌കർ.

തായിഫിലെ തോട്ടങ്ങൾ തേടി ഇറങ്ങുന്നതിനു തലേന്ന് ആണ് വെറുതെ ഒന്ന് തായിഫ് സെർച്ച് ചെയ്തത്. ഒരു സഞ്ചാരിയുടെ യാത്രാ കുറിപ്പിൽ നിന്നുമാണ് തായിഫിൽ റോസാപൂ തോട്ടം ഉണ്ടെന്നു അറിഞ്ഞത്. വലിയ ആഗ്രഹം ആയിരുന്നു മുല്ലയുടെയും റോസിന്റെയും തോട്ടം കാണണം എന്നത്. ആ പോസ്റ്റിൽ പറയുന്നത് ഏപ്രിൽ മെയ് മാസം ആണ് പൂക്കളുടെ വിളവെടുപ്പ് എന്ന്. മാർച്ച് 21 ആണ് ഞങ്ങൾ പോകുന്നത്. പൂവില്ലെങ്കിലും മൊട്ടെങ്കിലും ഉണ്ടായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു ഇറങ്ങി തിരിച്ചു.

ലൊക്കേഷൻ അത്ര വലിയ പിടുത്തം ഒന്നും ഇല്ലായിരുന്നു. ഗൂഗിൾ മാപ്പിൽ zoom ചെയ്തു നാട്ടിലെ കൊയ്ത്തു പാടം പോലെ തോന്നിപ്പിക്കുന്ന വഴിയിലൂടെ എല്ലാം പോയി. എന്റെ ഭാഗ്യം ആയിരിക്കും അന്ന് ചെന്നെത്തുന്നതെല്ലാം റോസിലേക്ക് മാത്രമായിരുന്നു. ഒരുപാടു ഫോട്ടോ എടുക്കാൻ പറ്റി. അവിടെ തന്നെ ഉള്ള വേറെ തോട്ടങ്ങളും ചുറ്റി നടന്നു കണ്ടു. അന്ന് ഉച്ച തിരിഞ്ഞപ്പോഴേക്കു ടോപ് കോട. ഞങ്ങളുടെ സന്തോഷം പറയാനുണ്ടോ. കോടമഞ്ഞിൻ താഴ്‌വരയിൽ ഞങ്ങളങ്ങനെ പാറി പറന്ന് നടന്നു. മൂന്നാറിലോ ഊട്ടിയിലോ ഇത്ര കോട കണ്ടിട്ടില്ലായിരുന്നു.

തോട്ടങ്ങൾ കണ്ടു കഴിഞ്ഞു നേരെ പെർഫ്യൂം ഫാക്ടറിയിലേക്ക് പോയി. ഗൂഗിളിൽ തായിഫ് റോസ് എന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടിയ ലൊക്കേഷൻ വെച്ചാണ് പോയത്. അൽ ഹദ എന്ന സ്ഥലത്താണ് ഫാക്ടറി. പോകുന്ന വഴിയിലെല്ലാം ഫാം ഉണ്ട്. അധികവും റോസ് തന്നെ. ഒരു തോട്ടത്തിൽ കയറിയപ്പോൾ അവിടെ ഉള്ള സൗദി നല്ലൊരു മനുഷ്യൻ. കണ്ടു കഴിഞ്ഞു പോന്നപ്പോൾ എനിക്ക് രണ്ടു റോസ് തന്നു. 3 ദിവസം അതെന്റെ കയ്യിൽ ഉണ്ടായിരുന്നു.തളർന്നു വാടിയിട്ടും അതിന്റെ ആ മണം വിട്ടു പോയിട്ടില്ലായിരുന്നു. പണ്ട് നാട്ടിലെ റോസ് പൂവിനുണ്ടായിരുന്നു ആ മണം.

നല്ല വ്യൂ ഉള്ള സ്ഥലത്തു റോസാ തോട്ടത്തിനു നടുക്ക് ആണ് ഈ ഫാക്ടറി. ഫാക്ടറിയിൽ നമ്മെ വരവേൽക്കാൻ നല്ല റോസ് എസ്സൻസ് ചേർത്ത നല്ല സൂപ്പർ ചായ. പിന്നെ റോസ് ഡ്രിങ്കും. ടീ നമുക്ക് എത്ര വേണമെങ്കിലും കുടിക്കാം. അവിടെ ഉള്ള ആൾ നമ്മുടെ കൂടെ വന്നു ഫാക്ടറിയെ കുറിച്ചും റോസ് എസ്സൻസ് എങ്ങനെ ഉണ്ടാക്കുന്നു എന്നും എല്ലാം പറഞ്ഞു തരും. ഞാൻ പിന്നെ ചറാ പറാ ഫോട്ടോസ് എടുക്കൽ മാത്രം.

കോടയും പൂക്കളും പിന്നെ ആ ചൂട് ചായയും. മക്കയിൽ നിന്നും കാർ റെന്റിനു എടുത്തിട്ട് എന്റെ പ്ലാനിൽ പോയ ട്രിപ്പ് ആണ്. അതെങ്ങാനും പാളിപ്പോയാൽ പിന്നെ ഒരു ട്രിപ്പ് ഉണ്ടായിരിക്കില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ട് നന്നായിട്ടു പ്രാർത്ഥിച്ചിരുന്നു. യാമ്പു ഫ്ലവർ ഷോ ഒഴിവാക്കിയിട്ടാണ് തായിഫ് പോയത്. മക്കയിൽ നിന്നും ഒന്നര മണിക്കൂർ ആണ് അവിടേക്ക്. 11 മണിക്ക് പുറപ്പെട്ടു രാത്രി 8 മണിക്ക് തിരിച്ചെത്തിയ ഒരു സ്മാൾ ട്രിപ്പ്. പക്ഷെ കോടയും തണുപ്പും അവിടുത്തെ വില്ലേജും എല്ലാം കൂടെ ഒരു രക്ഷയും ഇല്ലായിരുന്നു. മുൻപ് പോയിട്ടുണ്ടെങ്കിലും ഇത്ര അടിപൊളി ആയിട്ട് കാണാൻ പറ്റിയില്ലായിരുന്നു..

ആ മൊട്ടിട്ടു നിൽക്കുന്നതെല്ലാം വിരിഞ്ഞാൽ എന്ത് ഭംഗിയും മണവും ആയിരിക്കും അവിടെയെല്ലാം. ആദ്യമായിട്ട് ആണ് ജിദ്ദയിൽ താമസിക്കുന്നവരോട് അസൂയ തോന്നുന്നത്. പ്രവാസ ലോകത്തിൽ നിന്ന് ജോലിയുടെ ടെൻഷനും മറ്റുമായി മനസ്സ് മടുക്കുമ്പോൾ നമ്മുടെ ഊട്ടി മൂന്നാർ പോയി വരുന്ന പോലെ(അതിലേറെ അടുത്ത്) അവർക്ക് പോയി വരാമല്ലോ.. എന്നിട്ടും അവരൊന്നും പോകുന്നില്ലേ ഈ കാഴ്ചകൾ കാണാൻ അതോ ഇടക്കിടക്ക് പോയി പോയി അവർക്ക് മടുത്തു കാണുമോ എന്നെല്ലാം ഒരു കാര്യവുമില്ലാതെ മനസ്സിൽ ചിന്തിച്ചു കൂട്ടി ചുരം ഇറങ്ങി..

തായിഫിനെ കുറിച്ച് : സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണ് താഇഫ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ (5600 അടി) ഉയരത്തിലാണ് ‍താഇഫ് പട്ടണം സ്ഥിതിചെയ്യുന്നത്. സരവാത്ത് മലനിരകളാൽ സമ്പുഷ്ടമായ താഇഫ് സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയും കാർഷിക മേഖലയും ആണ്. സൗദി അറേബ്യയുടെ ഭരണാധികാരികൾ വേനൽക്കാലത്ത് ചൂടൊഴിവാക്കാനായി റിയാദിൽ നിന്നും താഇഫിലേക്കു പ്രവർത്തനം മാറ്റിപ്പോരുന്നു. പ്രധാന കൃഷി തേനും മുന്തിരിയുമാണ്‌. ജിദ്ദയിൽ നിന്നും അൽഹദ ചുരം വഴി 160 കിലോ മീറ്റർ ആണ് തായിഫിലേയ്ക്കുള്ള ദൂരം.

താഇഫ് പുഷ്പമേള : സമുദ്രനിരപ്പിൽനിന്നും അയ്യായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായിഫിൽ എല്ലാ വർഷവും റോസാപ്പൂ വിളവെടുപ്പുകാലത്തു നടക്കുന്ന ആഘോഷമാണ് താഇഫ് പുഷ്പമേള. ലൂന പാർക്കിനടുത്ത അൽസിഭാദ് ഗാർഡനിലാണ് പുഷ്പമേള ഒരുക്കുന്നത്. മേളയോടനുബന്ധിച്ച് തായിഫ് നഗരസഭ ഭീമൻ പൂക്കളം ഒരുക്കാറുണ്ട്. തായിഫിൽ നടക്കുന്ന റോസാപ്പൂമേള കാണാൻ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്ന് നിരവധി പേർ എത്താറുണ്ട്. രണ്ടാഴ്ച നീണ്ടുനില്ക്കുന്ന പുഷ്പപ്രദർശനത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരികപരിപാടികളും സംഘടിപ്പിച്ചിക്കുന്നു. കൂടാതെ മേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കലാമത്സരങ്ങളും സംഘടിപ്പിക്കുന്നു. തായിഫിന്റെ വിവിധ ഭാഗങ്ങളിൽ 760 റോസാപ്പൂതോട്ടങ്ങളും ഇതിനായുള്ള 23 ഫാക്ടറികളും ഉണ്ട്. ഓരോ വർഷവും 233 ദശലക്ഷം റോസാപ്പൂക്കളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. ശഫാ, അനുഹദാ, ബനു സഅദ് മേഖലകളിലാണ് റോസാപ്പൂ തോട്ടങ്ങളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.