കടപ്പാട് – Jayadev P, വാഹനമേളം.
മലയാളികൾക്ക് ലോറി എന്നു കേൾക്കുമ്പോൾ ഒരേയൊരു രൂപമായിരിക്കും മനസ്സിൽ ഓടിയെത്തുക. നീണ്ട മൂക്കും, നെറ്റിയിൽ പേരെഴുതുവാനുള്ള സ്ഥലവും, പിന്നിൽ ആനയുടെയോ ദൈവങ്ങളുടെയോ ചിത്രവുമൊക്കെയായി കളം നിറഞ്ഞു നിന്ന ടാറ്റായുടെ ലോറി. കേരള ലോറി എന്നാണു ഇവൻ പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം അറിയപെടുന്നത് തന്നെ.
ഏത് കാട്ടിലും, മേട്ടിലും, കൂപ്പിലും കയറി ഇരുപതും ഇരുപത്തിയഞ്ചും ടൺ ലോഡും കയറ്റി വരുന്നവൻ അങ്ങനെ വിശേഷണങ്ങൾ പലതാണ് ടാറ്റ 1613 SE എന്ന മോഡലിനെ പറ്റി. പണ്ടൊക്കെ ഇരട്ട ചില്ലുള്ള അമ്മാവൻ മോഡൽ ലോറികളായിരുന്നു കൂപ്പുകളിലെ താരമെങ്കിൽ പിന്നീട് അൽപ്പം ചെറുപ്പം ലുക്കുള്ള മോഡലാണ് കൂടുതൽ ഹിറ്റായത്.
സിനിമകളിൽ വില്ലന്റെയും, ഒപ്പം തന്നെ നായകന്റെയും വാഹനമായി മികച്ച പ്രകടനം കാഴ്ച വെക്കുവാൻ ഈ ലോറികൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌ഫടികം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രത്തോടൊപ്പം അതിലെ ലോറിയും ഹിറ്റായി മാറിയത് ഒരുദാഹരണം മാത്രം. ഇന്നും ‘സ്‌ഫടികം ലോറി’ എന്ന് ആ മോഡലിനെ വിളിക്കുന്നവരുണ്ട്. പിന്നീട് ശിക്കാർ, പുലിമുരുകൻ എന്നീ ചിത്രങ്ങളിലും മോഹൻലാലിന്റെ സന്തത സഹചാരിയായി വിലസിയതും ഈ ടാറ്റാ ലോറികൾ തന്നെ.
1954-ൽ മെഴ്‌സിഡസ് ബെൻസുമായി ചേർന്ന് ടാറ്റ തങ്ങളുടെ ആദ്യത്തെ സെമി ഫോർവെഡ് ട്രക്ക് ഇറക്കിയതു മുതൽ ഇന്ന് വരെ ഈ വിഭാഗത്തിൽ മുടിചൂടാ മന്നന്മാരാണ് ടാറ്റ. ഈ വിഭാഗത്തിൽ പല കാലങ്ങളിലായി എതിരാളികൾ പലരും കടന്നുവന്നെങ്കിലും അവരെ എല്ലാം പിന്തള്ളി ടാറ്റ നീണ്ട 63 വർഷത്തെ ജൈത്രയാത്ര തുടരുകയാണ്.
ടാറ്റയുടെ സെമി ഫോർവേഡ് ട്രക്ക് സെഗ്മെന്റിലെ പുതിയ കണ്ണിയാണ് 1613 SE. BS 4 ലും ടാറ്റ തങ്ങളുടെ പുലിക്കുട്ടിയെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. BS 4 ൽ ടാറ്റയുടെ സ്വന്തം 5675 cc, 136 BHP, 697 TCIC CRDI എഞ്ചിനാണ് 1613 SE-യ്ക്ക് ശക്തിപകരുന്നത്. 1400-1600 RPM ൽ 490 ന്യൂട്ടൺ മീറ്റർ ടോർക്കാണ് ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കുന്നത് . 6 – സ്പീഡ് മാനുവൽ GBS-600 ഗിയർ ബോക്സണ് 1613ൽ ടാറ്റ ഉപയോഗിക്കുന്നത്. മുന്നിലും പിന്നിലുമായി സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിങ് സസ്പെൻഷനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
26% ഗ്രെഡബ്ളിറ്റി വാഹനത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. 225 ലിറ്ററാണ് വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ ശേഷി. BS 4 നിബന്ധന പാലിക്കുന്നതിനായി Exhaust Gas Re-circulation അഥവാ EGR ടെക്നൊളജിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ Ad-Blue അഥവാ യൂറിയയുടെ ആവശ്യം വരുന്നില്ല. BS 3 യിൽ 1613 SE-യ്ക്ക് ടാറ്റ 697, കുമ്മിൻസ് ISBe 5.9 എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനിലും ലഭ്യമായിരുന്നു.
ഇന്ത്യൻ ട്രക്ക് വിപണിയിൽ അശോക് ലെയ്‌ലാൻഡ്, ടാറ്റ എന്നിവർക്കൊപ്പം ഇന്ന് ഭാരത് ബെൻസ്, വോൾവോ തുടങ്ങിയ ഭീമന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. എങ്കിലും നമ്മൾ മലയാളികളുടെയുള്ളിൽ ലോറി എന്നു പറയുമ്പോൾ ഓടിവരുന്ന ചിത്രം ടാറ്റ 1613 ന്റെ തന്നെയായിരിക്കും. ആനകളെയും കൊണ്ട് സഞ്ചരിക്കുവാനും, കാട്ടിൽ നിന്നും തടികൾ വെട്ടിക്കയറ്റി കൊണ്ടുവരാനും, റേഷൻ കടകളിലേക്ക് അരിച്ചാക്കുകൾ എത്തിക്കുവാനുമൊക്കെ അക്കാലത്തു ടാറ്റ ലോറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും വാഹനപ്രേമികൾക്കിടയിൽ ടാറ്റയ്ക്ക് പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെയാണ് ഉള്ളത്.