എഴുത്ത് – Vishnuprasad CB.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപെട്ട കാർ v/s സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ നേടിയ ഹാച് ബാക് ശ്രേണിയിലെ ആദ്യ പ്രീമിയം കാർ. ആദ്യം നമുക്ക് ചിത്രത്തിൽ ഉള്ള ‘നാല്’ പേരെ പരിചയപ്പെടാം. ഞാൻ, അച്ഛൻ, അച്ഛൻ 68 ആം വയസ്സിൽ ഡ്രൈവിങ് പഠിച്ച് വളരെ ആശിച്ചു വാങ്ങിയ ആൾട്ടോ (അഞ്ചു വയസ്സ്) , ഒരു സൂപ്പർ ബൈക്ക് വാങ്ങണം എന്ന ആഗ്രഹം കുഴിച്ച് മൂടി രണ്ടു മാസം മുൻപ് ഞാൻ വാങ്ങിയ അൾട്രോസ്സ് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
ഏകദേശം ആറ് കൊല്ലങ്ങൾക്കു മുൻപ് അച്ഛന് കാർ ഓടിക്കാൻ പഠിക്കണം, ലൈസൻസ് എടുക്കണം എന്നൊക്കെ ഞങ്ങളോടും അമ്മയോടും പറഞ്ഞപ്പോൾ അത് വെറും തമാശയായി മാത്രമേ ഞങ്ങൾക്ക് തോന്നിയിരുന്നുള്ളൂ. പിന്നീട് അച്ഛൻ അതിനു വേണ്ടി ഡ്രൈവിങ് സ്കൂളും മറ്റും കണ്ടു പിടിക്കുന്നതിനൊക്കെ മുന്നിട്ടിറങ്ങിയപ്പോൾ മാത്രമാണ് ‘കാര്യം’ സീരിയസ്സ് ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.
അച്ഛൻ തിരഞ്ഞെടുത്ത ‘ആശാൻ’ ഉഴപ്പൻ ആയത് കൊണ്ടും റെഗുലർ ആയി ക്ലാസ്സുകൾ ഒന്നും നടക്കാതിരുന്നത് കൊണ്ടും വളരെയധികം കാലം എടുത്തിട്ടാണ് അച്ഛൻ ക്ലാസ്സെല്ലാം തീർത്തതും അവസാനം ലൈസൻസ് എടുത്തതും. പിന്നീട് ഓടിച്ചു പഠിക്കാനും മറ്റും ഒരു സെക്കൻഡ് ഹാൻഡ് മാരുതി വണ്ടിയെടുക്കുകയും, അതിൽ പയറ്റി തെളിഞ്ഞ് ഈ കാണുന്ന പുതു പുത്തൻ ആൾട്ടോയും എടുത്തു. ഇന്നും പൊന്നു പോലെയാണ് അച്ഛൻ വണ്ടി കൊണ്ട് നടക്കുന്നത്.
എനിക്കാണെങ്കിൽ ആ സമയത്തു ലൈസൻസ് കയ്യിൽ ഉണ്ട് എന്നേയുള്ളൂ. ലൈസൻസ് എടുത്തതിനു ശേഷമുള്ള അടുത്ത പതിമൂന്നു കൊല്ലങ്ങളോളം എനിക്കൊരു വണ്ടി ഓടിക്കാൻ ഉള്ള സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് എൻ്റെ ആത്മവിശാസം എല്ലാം ചോർന്നൊലിച്ചു പോയിരുന്നു. അത് കൊണ്ട് തന്നെ അച്ഛൻ കാർ വാങ്ങിയപ്പോൾ പോലും ഞാൻ ഓടിച്ചു നോക്കിയിരുന്നില്ല. രാത്രി കാലങ്ങളിൽ അച്ഛന് വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് പലപ്പോഴും ഒരു ഡ്രൈവറെ വിളിച്ചിട്ടാണ് ഞങ്ങൾ എവിടെയെങ്കിലും പോയിരുന്നത് തന്നെ.
കാലക്രമേണ എനിക്ക് സ്വയം കുറ്റബോധം തോന്നുകയും അച്ഛൻ ഈ പ്രായത്തിൽ ലൈസൻസ് എടുത്ത് വണ്ടി ഓടിക്കുന്നത് കാണുമ്പോൾ എൻ്റെ പേടിക്കും ന്യായീകരണങ്ങൾക്കും ഒരു കഴമ്പുമില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ട്രാഫിക്കിലും മറ്റും വണ്ടി എടുക്കുമ്പോൾ നിന്ന് പോകുക, കയറ്റത്ത് എങ്ങാനും നിർത്തേണ്ടി വന്നാൽ വണ്ടി പുറകോട്ട് പോയാലോ, തുടങ്ങിയ എൻ്റെ ഭയം ഞാൻ വെളിപ്പെടുത്തിയപ്പോൾ “നീ ധൈര്യമായി വണ്ടി എടുക്കെടാ.. ഞാനുണ്ട് കൂടെ. ഇതൊക്കെ എനിക്കും പേടിയുള്ള കാര്യങ്ങളായിരുന്നു. ഇപ്പോൾ ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല” എന്ന് അച്ഛൻ പറഞ്ഞപ്പോൾ കിട്ടിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
പിന്നീട് ഞാൻ നാട്ടിലോട്ട് വരുമ്പോളൊക്കെ കുറച്ചു സമയം കാറുമെടുത്ത് അച്ഛൻ അല്ലെങ്കിൽ ചേട്ടനെയും കൂട്ടി കാർ ഓടിക്കൽ ശീലമാക്കി തുടങ്ങി. വലിയ എക്സ്പേർട്ട് ആയിരുന്നില്ലെങ്കിലും കൂടി ആയൊരു സമയത്ത് അച്ഛനും അമ്മയും ഭാര്യയുമൊത്തു ബാംഗ്ലൂർക്കു ഒരു ഡ്രൈവ് പോകാനും ഞാൻ ധൈര്യപ്പെട്ടു. അവർ തന്ന സപ്പോർട്ട് തന്നെ പ്രധാന കാര്യം. കർണാടകയിലെ കുറെ സ്ഥലങ്ങളിലേക്ക് അവരെയും കൂട്ടി പോയി. പിന്നീട് അവസരം കിട്ടിയപ്പോളൊക്കെ അവരെയും കൂട്ടി ആന്ധ്രപ്രദേശ്, തമിൾനാട് അങ്ങനെ കുറെ സ്ഥലങ്ങളിലേക്ക് ഞങ്ങൾ ആൾട്ടോയിൽ പോയി. അങ്ങനെ വളരെയധികം നല്ല ഓർമ്മകൾ ഉണ്ട് ആ കാറിൽ.
ബൈക്കിൽ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങൾക്ക് കാർ ഒരു അത്യാവശ്യമായി തോന്നുകയും കൊറോണ സമയത്ത് സേഫ് ആയി യാത്ര ചെയ്യണമെങ്കിൽ ഇനിയുള്ള കാലത്ത് കാർ തന്നെ രക്ഷ എന്ന ബോധം വന്നതോട് കൂടി ഞാനും ഭാര്യയും അൾട്രോസ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സേഫ്റ്റി ഒരു പ്രധാന കാരണം ആയത് കൊണ്ട് ഞങ്ങൾ ടാറ്റയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
നല്ല നല്ല ഓർമ്മകളും അനുഭവങ്ങളുമാണല്ലോ ജീവനില്ലെങ്കിലും ഈ വാഹനങ്ങളെ നമ്മളോട് ചേർത്ത് നിർത്തുന്നത്. അല്ലെങ്കിൽ ഇതെല്ലാം വെറും യന്ത്രങ്ങൾ മാത്രം. വളരെയധികം ആശയോടും പ്രതീക്ഷയോടും കൂടിയാണ് എല്ലാവരും അവരവരുടെ വണ്ടികൾ വാങ്ങുന്നത്. അവരവരുടെ സന്തോഷം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ അതിനു താഴെ “ഇത് പപ്പടം വണ്ടിയാണ്, പവർ ഇല്ല, വേറെ വണ്ടിയൊന്നും കിട്ടിയില്ലേ?” തുടങ്ങിയ കമന്റ്സ് ധാരാളം കാണാറുണ്ട് .
ആരെങ്കിലും അഭിപ്രായം ചോദിക്കുകയാണെങ്കിൽ നമ്മുടെ അറിവും അനുഭവ സമ്പത്തും വച്ച് ആരോഗ്യപരമായ രീതിയിൽ അഭിപ്രായം പറയുക. അല്ലാതെ ആരാധന മൂത്ത് മറ്റു വണ്ടികളെ ഡിഗ്രേഡ് ചെയ്യുന്ന തലത്തിലേക്ക് ഒരിക്കലും നമ്മൾ എത്താതിരിക്കാൻ ശ്രമിക്കുക. അത്തരം ആളുകളോട് സഹതാപം മാത്രമേ ഉള്ളൂ. ആർക്കു വേണ്ടിയാണ് നമ്മൾ ഈ അടി കൂടുന്നത് എന്ന് ഇടയ്ക്കു ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരാധനയൊക്കെ നല്ലത് തന്നെ. അത് പക്ഷെ അന്ധമാകുമ്പോഴും മറ്റുള്ളവരുടെ സ്പേസിലേക്ക് കടക്കുമ്പോഴും നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.
വാൽകഷ്ണം: ചിലർക്ക് ഇടത് വശത്തുള്ള വണ്ടി ടാങ്കും, വലത് വശത്തുള്ള വണ്ടി പപ്പടമായും തോന്നാം. ഞങ്ങൾക്കിത് വളരെയധികം സന്തോഷവും ഓർമ്മകളും തരുന്ന അൾട്രോസ്സും ആൾട്ടോയും മാത്രം.