മഹാപ്രളയവും പേമാരിയും വീണ്ടും നമ്മുടെ കൊച്ചു കേരളത്തില്‍ താണ്ഡവമാടിയപ്പോൾ പെട്ടുപോയത് നമ്മുടെ സഹോദരങ്ങൾ ആയിരുന്നു. ഈ പ്രാവശ്യവും ടീ ആനവണ്ടിക്കും ടെക് ട്രാവൽ ഈറ്റിനും മുഖം തിരിച്ച് നില്‍ക്കാന്‍ ആയില്ല. കഴിഞ്ഞ വര്‍ഷം 2018 ആഗസ്റ്റ് 14 ന് വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായിരുന്നു പോയതെങ്കില്‍ ഈ വര്‍ഷം 2019 ആഗസ്റ്റ് 14 ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് ആയിരുന്നു. ആനവണ്ടി ബ്ലോഗ്, ടെക് ട്രാവൽ ഈറ്റ്, MY IJK തുടങ്ങിയവയുടെ നേതൃത്വത്തിൽ നിലമ്പൂരിലേക്ക് സഹായവുമായി പോയ വിവരങ്ങൾ ആനവണ്ടി അഡ്മിനുകളിൽ ഒരാളായ വൈശാഖ് വിവരിക്കുന്നു.
“നാടുകാണി ചുരം ഇടിഞ്ഞ കാരണം ബാംഗ്ലൂരിൽ നിന്നും നിലമ്പുരിലേക്ക് ഡയറക്റ്റ് പോകാൻ പറ്റുമായിരുന്നില്ല.താമരശ്ശേരി വഴിയാണ് പോയത്. ഓഗസ്റ്റ് 14 ന് രാത്രി ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് രാവിലെ ഏഴുമണിക്ക് താമരശ്ശേരി ഇറങ്ങി പൂക്കോയയുടെ വീട്ടിൽ പോയി ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എട്ടു മണിക്ക് ഇറങ്ങി ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളുമായി നിലമ്പുരിലേക്ക്.. അതേ സമയത്ത് കോഴിക്കോട് നിന്ന് റൂഡിറ്റ്, സ്വരൂപ് എന്നിവർ ഇരിങ്ങാലക്കുട, ചാലക്കുടി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും എത്തിയ ലോഡുമായി മിനി ടിപ്പറിൽ മുക്കത്ത് വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
അരീക്കോട് ഒക്കെ കഴിഞ്ഞപ്പോൾ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രകടമാവാൻ തുടങ്ങി.. മനോഹരമായിരുന്ന നിലംബുർ ടൌൺ ആകെ നശിച്ചിരുന്നു.. ഒരു നില പൊക്കത്തിൽ വെള്ളം കയറി എന്നനാണ് മനസിലാക്കുന്നത്. ബാങ്കുകൾ, ഷോറൂമുകൾ തുടങ്ങി ചെറിയതും വലിയതുമായ എല്ലാ കടകൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. സ്വരൂപിന്റെ ന്റെ രണ്ടു സുഹൃത്തുക്കൾ ഞങ്ങളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. നിലംബുർ ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉള്ളിൽ ഉള്ള പാതാർ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾ പോയത്. വഴികാട്ടിയായി രണ്ടു പേർ ബൈക്കിൽ മുൻപിൽ ഉണ്ടായിരുന്നു.
പാതാര് എന്ന ചെറിയ പട്ടണം ആകെ ഒലിച്ചു പോയിരുന്നു. ആ പ്രദേശത്ത് ഉണ്ടായിരുന്നവരെ താമസിപ്പിച്ചിരുന്ന ക്യാമ്പുകളിലാക്കാണ് ഞങ്ങൾ പോയത്. നാട് കാണാൻ മാത്രമായി വരുന്നവരെ പോലീസ് തടയുന്നുണ്ടായിരുന്നു.. കൂളപാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 3 ക്യാമ്പിലേക്ക് സാധനങ്ങൾ നൽകി. അവർ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ എടുത്തുള്ളു. എല്ലാം ഇവിടെ തന്നെ ഇറക്കണം എന്ന് ആരും വാശി പിടിച്ചില്ല..
രണ്ടാമത്തെ ക്യാമ്പിൽ പോയപ്പോൾ നിങ്ങൾ ആദ്യം ഭക്ഷണം കഴിക്ക്. ഇവിടെ ഹോട്ടൽ എല്ലാം അടവാണ് . അത് കഴിഞ്ഞു സാധനങ്ങൾ ഇറക്കിയാൽ മതിയെന്ന് പറഞ്ഞു. എങ്കിലും എല്ലാം ഇറക്കി കഴിഞ്ഞു അവരുടെ ക്ഷണപ്രകാരം ക്യാമ്പിലെ അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു. ബ്രെഡും കടല കറിയും. എല്ലാവരും കഴിച്ചു.. അവിടെ നിന്നും അടുത്ത ക്യാമ്പിലേക്ക്..
അവിടെക്ക് എല്ലാം ഇറക്കി കഴിഞ്ഞപ്പോൾ അര കിലോമീറ്റർ അപ്പുറത്താണ് പാതാര് ടൌൺ എന്നറിഞ്ഞു. പോയി കണ്ടു. പോയപ്പോൾ എല്ലാവരുടെയും മനസു ചത്തു. കാണണ്ടയിരുന്നു എന്നു തോന്നി. അത്രക്കും ഭീകരം ആയിരുന്നു. ഒരു പ്രദേശം ഒലിച്ചു പോയി.ഇനിയവിടെ താമസം സാധ്യമല്ല.. അവിടെ കട ഉണ്ടായിരുന്ന ഒരു ചേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എല്ലാവരോടും. ഇത് എന്റെ കട ആയിരുന്നു.ഇപ്പോൾ തടി ഡിപ്പോ ആയെന്നു ഒക്കെ. പാവം..
ഇതിന്റെ എതിർ ഭാഗത്ത് ആയിരുന്നു ഭൂതാനം. അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോൾ നിർത്തി നോക്കാം എന്നു പറഞ്ഞ ഒരു പാലം ഉണ്ടായിരുന്നു. പക്ഷെ നിർത്തിയില്ല. കാണാൻ ഉള്ളത് കണ്ടു കഴിഞ്ഞു.ഇനി കൂടുതൽ എന്ത് കാണാൻ..
തിരിച്ചു വീണ്ടും താമരശ്ശേരിയിലേക്ക്.. വഴിയിൽ ഹോട്ടലുകൾ ഉണ്ടായിരുന്നില്ല. കയ്യിലെ പൈസയും തീർന്നിരുന്നു. എ ടി എം ഒന്നും വർക്കിങ് ആയിരുന്നില്ലേ.. താമരശ്ശേരി എത്തിയിട്ടാണ് പൈസ എടുക്കാൻ സാധിച്ചത്.. ഞങ്ങളുടെ കൂടെ നിന്ന ടിപ്പർ ഡ്രൈവർ ചേട്ടന് നല്ല ഭക്ഷണം വാങ്ങി കൊടുക്കാൻ സാധിച്ചില്ല എന്നത് എല്ലാവർക്കും സങ്കടമായി..
ഏകദേശം ഏഴരക്ക് ന്റെ വീട്ടിൽ താമരശ്ശേരിയിൽ എത്തി. കഴിഞ്ഞ വർഷവും ഓഗസ്റ്റ് 15 ന് ഞങ്ങൾ താമരശ്ശേരിയിൽ ആയിരുന്നു.. അടുത്ത വർഷം ഇങ്ങനൊരു യാത്ര ഉണ്ടാവരുതെ എന്ന പ്രാർത്ഥനയോടെ അവിടെ നിന്ന് രാത്രി പത്തു മണിക്ക് വീണ്ടും ബാംഗ്ലൂരിലേക്ക് തിരിച്ചു.”