വിവരണം – ശബരി വർക്കല.

മഴക്കാലത്ത് ചിറാപ്പുഞ്ചിയും അഗുംബെയും ഒന്നും പോകാൻ സാധിക്കാത്തവർക്ക് മഴയുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി സ്ഥലങ്ങൾ പങ്കുവെയ്ക്കുന്നു. റോഡിനിരുവശവും ഓറഞ്ചും കാപ്പിയും കുരുമുളകും ഒക്കെ മാറിമറഞ്ഞു കൊണ്ടേയിരുന്നു. കക്കബേയിലൂടെ കുടകെന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ പെട്ടെന്നാണ് അതുവരെ ഞങ്ങള്‍ക്കായി മാറിനിന്ന മഴ പൊട്ടി ചാടിയത്. കാറിന്‍റെ മേല്‍ക്കൂരയിലൂടെ ചെണ്ടകൊട്ടി അത് പാഞ്ഞു നടക്കുന്നു. വൈപ്പറുകള്‍ ഭ്രാന്തെടുത്ത് തുള്ളാന്‍ തുടങ്ങി. കാവേരിയുടെ താഴെ ഭാഗ മണ്ഡലെത്തിയിട്ടും മഴക്ക് ഒരു അറുതിയും കണ്ടില്ല.

ഇവിടന്ന് ഇനി അങ്ങോട്ട് കാട്ടിലൂടെ ഏഴ് കിലോമീറ്റര്‍ നീളമുള്ള മലമ്പാതയിലൂടെ വണ്ടി വളഞ്ഞും പുളഞ്ഞും മലകയറിത്തുടങ്ങി. വഴിയിലെങ്ങും വെള്ളത്തിന്‍റെ കുത്തൊഴുക്കുകള്‍ മാത്രം. ഹരിത സമൃദ്ധിയില്‍ അണിഞ്ഞൊരുങ്ങിയ കാട് മനസ്സിനെ വല്ലാതെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു. മുകളിലേക്ക് കയറുന്തോറും തണുപ്പിന്‍റെ കാഠിന്യം കൂടിക്കൂടി വന്നു. അതുവരെ കാറിന്‍റെ സൈഡ് വിന്‍ഡോയിലൂടെ വന്നിരുന്ന ഇളം കുളിരുള്ള കാറ്റാണെങ്കില്‍ ഇപ്പോള്‍ വരുന്നത് കിടുകിടാ വിറപ്പിക്കുന്ന നല്ല തണുപ്പുള്ള കാറ്റായി.

മഴ ആസ്വദിക്കാന്‍ തുറന്നിട്ട ഗ്ലാസുകള്‍ തണുപ്പിന്‍റെ കാഠിന്യം കൊണ്ട് മെല്ലെഉയരാന്‍ തുടങ്ങി. ഒടുവില്‍ മൂന്നു മണിയോടെ ചുരം കയറി മുകളിലെത്തിയപ്പോള്‍ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. അതിന്‍റെ പിന്നിലായി പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മഴ മെല്ലെ ഞങ്ങള്‍ക്കായി മാറിത്തന്നതും മഴ മാറിയെന്നറിഞ്ഞ സന്തോഷത്തില്‍ മലഞ്ചെരുവുകളില്‍ എവിടെയോ ഒളിച്ചിരുന്ന കോടമഞ്ഞ് ഞങ്ങളെ ആകെ വാരിപ്പുണര്‍ന്നു. മുന്നില്‍ കണ്ട വലിയ കവാടം കടന്ന് അകത്തേക്ക് കയറിയതും പുരാതനമായ ക്ഷേത്രത്തിനെ മഞ്ഞിന്‍പാളികള്‍ തന്‍റെ വെള്ളിച്ചിറകുകളാല്‍ പൊതിയുന്ന കാഴ്ചയാണ് ആദ്യം കണ്ണില്‍പെട്ടത്.

ആ ദൃശ്യചാരുത ഒട്ടും വര്‍ണം ചോരാതെ ഒപ്പിയെടുക്കാനാണ് കാമറ പുറത്തേക്ക് എടുത്തത്. എന്നാല്‍, രണ്ട് കൊച്ചു കാലടികള്‍ കോടയെ തട്ടിമാറ്റി പടികളിലൂടെ ഓടിക്കയറുന്ന കാഴ്ചയാണ് കാമറ ആദ്യം കവര്‍ന്നത്. നീളമേറിയ പടികളില്‍ പാദങ്ങള്‍ പതിയുമ്പോള്‍ എങ്ങുനിന്നോ തണുപ്പ് രൂക്ഷമായി ഇരച്ചു കയറുന്നുണ്ടായിരുന്നു. ചുറ്റുപാടും കോട പുതച്ചു നില്‍ക്കുന്ന തലക്കാവേരി ക്ഷേത്രക്കാഴ്ച എന്‍റെ കണ്ണുകളെ അദ്ഭുതപ്പെടുത്തി. മഴത്തുള്ളികള്‍ വിതറി കണ്ണാടി പോലെ തിളങ്ങുന്ന തറയില്‍ എവിടെ നോക്കിയാലും പ്രതിബിംബങ്ങള്‍ തെളിഞ്ഞുകാണാം.

ഒരുപക്ഷേ, അവ നമ്മളെ സെല്‍ഫി എടുക്കുകയാണെന്ന് തോന്നിപ്പോകും. ശരിക്കും മഞ്ഞും മഴയും മത്സരിക്കുകയാണ് തലക്കാവേരിയെ പ്രണയിക്കാന്‍. തലക്കാവേരി എന്നാല്‍ കാവേരിയുടെ തല എന്നാണര്‍ഥം. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പ്രധാന നദിയായ കാവേരി ഏകദേശം 800 കി.മീറ്ററോളം രണ്ട് സംസ്ഥാനങ്ങളുമായി വ്യാപിച്ചുകിടക്കുന്നു. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന ഈ കുഞ്ഞരുവിയാണ് കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനില്‍പ് എന്ന് ചിന്തിക്കാന്‍പോലും പറ്റുന്നില്ല. സഹ്യപര്‍വതത്തിന്‍റെ ബ്രഹ്മഗിരി മലനിരകളുടെ മുകളില്‍നിന്ന് ഉദ്ഭവിക്കുന്ന കാവേരിക്ക് കുടകിന്‍റെ മാതാവ് എന്ന വിശേഷണമാണുള്ളത്.

ക്ഷേത്രത്തിന്‍റെ വലതു ഭാഗത്തുള പടികള്‍ കയറിച്ചെന്നാല്‍ ബ്രഹ്മഗിരി മലനിരകളുടെ വിശാലമായ കാഴ്ചകള്‍ കാണാന്‍ സാധിക്കും. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മുകളിലത്തെിയപ്പോള്‍ കോടമഞ്ഞ് ആ കാഴ്ചകളെയൊക്കെ മറച്ചുകളഞ്ഞു. ജീവിതത്തില്‍ മഞ്ഞും മഴയും ആസ്വദിക്കാന്‍ ഇത്രയും നല്ലൊരു സ്ഥലം വേറെ ഇല്ലെന്നുതന്നെ തോന്നി. എന്തായാലും ഇത്രയും നല്ല കാഴ്ചകള്‍ സമ്മാനിച്ചതിന് കുടക് എന്ന അയലത്തെ സുന്ദരിയോട് നമ്മുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി അടുത്ത് പെയ്യാനിരിക്കുന്ന മഴക്കു മുന്നേ മലയിറങ്ങാന്‍ തീരുമാനിച്ചു. മലയിറങ്ങി തീരുന്നതുവരെ ഞങ്ങളുടെ പിന്നാലെ യാത്രയയക്കാനായി കോടയും…

ദൂരം: കര്‍ണാടകയിലെ കുടക് ജില്ലയില്‍ കേരളത്തോട് ചേര്‍ന്നാണ് തലക്കാവേരി സ്ഥിതിചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ഇരിട്ടി വീരാജ്പേട്ട്, കക്കബെ വഴി 140 കി.മീ സഞ്ചരിച്ചാല്‍ തലക്കാവേരി എത്താം. തൃശൂരില്‍ നിന്ന് കോഴിക്കോട്, മാഹി, ഇരിട്ടി വഴി 319 കി.മീ. തൃശൂരില്‍ നിന്ന് വയനാട് തോല്‍പെട്ടി വഴി 338 കി.മീ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.