കഴിഞ്ഞ ദിവസം ആനവണ്ടി ബ്ലോഗിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സാധനങ്ങളുമായി ട്രിപ്പ് അടിച്ചിരുന്ന പിക്കപ്പ് വാൻ വെള്ളം കയറി കേടാകുകയും അതിനു സഹായമഭ്യർത്ഥിച്ചു കൊണ്ട് ആനവണ്ടി, ടെക് ട്രാവൽ ഈറ്റ് തുടങ്ങിയ പേജുകളിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ധാരാളം സുമനസ്സുകൾ പിക്കപ്പ് ഡ്രൈവറും നമ്മുടെ സുഹൃത്തുമായ സുജിത്തിനെ വിളിക്കുകയും പരിഹാരം കാണുന്നതിനുള്ള വഴിയൊരുക്കി കൊടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പിക്കപ്പ് ഡ്രൈവർ സുജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത നന്ദിക്കുറിപ്പ് താഴെ കൊടുക്കുന്നു.

“ഒരിക്കലും നന്മ വറ്റാത്ത മനുഷ്യര്‍ ആണ് നമ്മള്‍. ഒരു പകല്‍ കൊണ്ട് എല്ലാം മനസിലാക്കി തന്നു. നമ്മള്‍ എല്ലാവരും നന്മ വറ്റാത്ത മനുഷ്യര്‍ ആണെന്ന്. ദേശമോ സംസ്കാരമോ ഒന്നും അതിനൊരു തടസം അല്ലെന്ന്..

എന്‍റെ പേര് സുജിത്ത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിന് അടുത്ത് ചേപ്പാട് ആണ് സ്വദേശം. കോഴിക്കോട് എത്തിയിട്ട് 4 വര്‍ഷം തികഞ്ഞു. ടീം ആനവണ്ടി കോഴിക്കോടിന്‍റെ വാളണ്ടിയര്‍ ആയി നിന്നുകൊണ്ട് കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. കോഴിക്കോട് എനിക്ക് ഒരു പിക്കപ്പ് ടെമ്പോ ഉള്ളതുകൊണ്ട് സാധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാനും ശേഖരിച്ച് വെക്കുവാനും കഴിഞ്ഞതും ഭാഗ്യം. കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും വന്ന എല്ലാ സാധനങ്ങളും എന്‍റെ റൂമില്‍ ശേഖരിച്ച് വെച്ചാണ് കൊണ്ടുപോയത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഈ പ്രളയത്തേക്കാള്‍ അതി ഭീകരം ആയിരുന്നു എന്നത് ഒരു രാത്രി കൊണ്ട് മനസിലാക്കി. ടീം ആനവണ്ടിയുടെ സഹായം ആയതുകൊണ്ട് എല്ലാ സഹായവും കെഎസ്ആര്‍ടിസി ബസ് മുഖേനയാണ് വന്നത്. എല്ലാം രാത്രി സര്‍വീസില്‍ ആണ് വന്നത്. ആയതുകൊണ്ട് മൂന്നു ദിവസത്തോളം പിക്കപ്പുമായി കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ പരിസരത്ത് ആയിരുന്നു രാത്രി മുഴുവന്‍. സാധാരണ ചെറിയ മഴ പെയ്താല്‍ കോഴിക്കോട് സിറ്റി മുഴുവന്‍ വെള്ളത്തില്‍ ആകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കോഴിക്കോട് അങ്ങനെ പരിചയക്കാര്‍ ഇല്ലാഞ്ഞതുകൊണ്ടും ഞാന്‍ കൂടാതെയുള്ള ഒരു കോഴിക്കോട് ജില്ലാ വാളണ്ടിയറും അഡ്മിനും ആയ അനീഷ് പൂക്കോത്ത് ബാംഗ്ലൂര്‍ ആയിരുന്നതു കൊണ്ടും എല്ലായിടത്തേക്കും ഒറ്റക്കാണ് പോയത്. ആദ്യത്തേ ദിവസം സ്റ്റാന്‍ഡില്‍ നിന്നും സാധനം എടുക്കാന്‍ പോയപ്പോള്‍ പിക്കപ്പ് സ്റ്റാന്‍ഡില്‍ കയറ്റിയില്ല. പാര്‍ക്കിങില്‍ ഇട്ട് സാധനങ്ങള്‍ ഓരോന്നായി ചുമന്ന് താഴെ എത്തിച്ചു. രണ്ടാമത്തെ ദിവസം ഫ്ലെക്സ് കെട്ടി പോയതുകൊണ്ട് സ്റ്റാന്‍ഡിലെ എന്‍ട്രി റാംപില്‍ പാര്‍ക്ക് ചെയ്ത് സാധനം കയറ്റി..

പക്ഷേ മൂന്നാമത്തെ ദിവസം 3 വണ്ടി സാധനങ്ങള്‍ വരാന്‍ ഉണ്ടായിരുന്നു. അത് 12.30, 1.45, 3.20 ഒക്കെയായാണ് എത്തിയത്. അന്ന് റോഡില്‍ ആണ് വണ്ടി ഇട്ടിരുന്നത്. 12 മണിക്ക് സ്റ്റാന്‍ഡില്‍ എത്തി മഴ അല്‍പം ശമിച്ചതുകൊണ്ട് റോഡില്‍ അധികം വെള്ളം ഇല്ലായിരുന്നു. ആദ്യത്തെ ലോഡ് വന്നു. അത് സ്റ്റാഡിനകത്ത് വണ്ടി കയറ്റി സാധനങ്ങള്‍ കയറ്റി സെറ്റാക്കിയപ്പോള്‍ മഴ തുടങ്ങി. വീണ്ടും പഴയപോലെ റോഡില്‍ വന്നു. വെള്ളം കയറിത്തുടങ്ങിയിരുന്നു. അതിനിടക്ക് രണ്ടാമത്തെ വണ്ടി വന്നു. അതും കയറ്റി സെറ്റാക്കി റോഡില്‍ വന്നപ്പോഴേക്കും റോഡില്‍ 2 അടിയോളം വെള്ളം.

മൂന്നാമത്തെ ലോഡ് വരാന്‍ താമസിച്ചതുകൊണ്ട് വണ്ടിയില്‍ ഇരുന്ന് ഒന്നുറങ്ങിപ്പോയി. ഇടക്ക് എപ്പോഴോ കാലില്‍ വെള്ളം തട്ടിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴേക്കും വണ്ടിയുടെ ക്യാബിനകത്ത് വെള്ളം കയറിയിരുന്നു. അവിടെയിരുന്ന് സര്‍വ്വ ദൈവത്തേയും വിളിച്ചു. അതിനിടക്ക് മൂന്നാമത്തെ ലോഡ് വന്ന് കണ്ടക്ടര്‍ വിളിക്കാതെ അതുമായി ബസ് അങ്ങ് പോയി. വിളിച്ചപ്പോള്‍ പോയി എന്ന് പറഞ്ഞു. എന്ത് ചെയ്യാന്‍? അകത്ത് വെള്ളം ഉള്ളതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റുന്നില്ല. അവിടെ തന്നെയിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മഴ നിന്നു. വീണ്ടും 2 മണിക്കൂര്‍ അവിടെ തന്നെയിരുന്നു.

ക്യാബിനില്‍ നിന്നും വെള്ളം ഇറങ്ങി സേഫ് ആയപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പോന്നു. പക്ഷേ ദൈവം വില്ലനായി മാവൂര്‍ റോഡ് സിഗ്നലില്‍ നിന്നത് അറിഞ്ഞില്ല. സിഗ്നലില്‍ ഓടിച്ച് അടുക്കാറായപ്പോള്‍ ക്യാബിനകത്തേക്ക് വെള്ളം ഇരച്ചുകയറി. പക്ഷേ ഓഫാക്കാതെ ഓടിച്ച് വീട്ടില്‍ വന്നു. പിറ്റേ ദിവസം രാവിലെ സാധനങ്ങളുമായി വയനാടിന് പോയി. പോയവഴിയിലും ഇതേപോലെ ക്യാബിനില്‍ വെള്ളം കേറിയിരുന്നു. എല്ലാം കഴിഞ്ഞ് വീട്ടില്‍ വന്ന് പിറ്റേ ദിവസം വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ അനക്കമില്ല. വാന്‍ കംപ്ലെയിന്‍റ് ആയിരുന്നു…

അന്ന് എല്ലാം ഒറ്റക്കായിപ്പോയതുകൊണ്ട് മനസും ശരീരവും ഒരുപോലെ തളര്‍ന്നു പോയി. ഇത്തവണ  നിലമ്പൂര്‍ ആണ് സഹായം നല്‍കാന്‍ ഉദ്ദേശിച്ചത്. അതിലേക്കായി കിട്ടിയ സാധനങ്ങള്‍ എടുത്ത് തിരിച്ച് വരുന്ന വഴിയാണ് ഈ പ്രശ്നം ഉണ്ടായത്. പക്ഷേ ഞാന്‍ സഹായം തേടേണ്ട അവസ്ഥയില്‍ ആയിപ്പോയി. ആ സഹായം ആദ്യം ഞാന്‍ ADCB ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അതില്‍ നിന്നും ആനവണ്ടി അഡ്മിനുകളിൽ ഒരാളായ പ്രശാന്തേട്ടന്‍ ഈ വിവരം സുജിത്ത് ഭക്തൻ വഴി TECH TRAVEL EAT പേജിൽ എത്തിച്ചു.

എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല സുജിത്തേട്ടനും പ്രശാന്തേട്ടനും. രാവിലെ മുതല്‍ സഹായങ്ങളുടെ പ്രവാഹം. കുറഞ്ഞത് 200 കോളുകള്‍ വന്നിട്ടുണ്ട്. 30 വിളികളോളം അറ്റെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. വണ്ടി വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. കഴിഞ്ഞ തവണ പ്രളയത്തിന്‍റെ ട്രിപ്പ് കഴിഞ്ഞ് വീട്ടില്‍ എത്തിയതിനു ശേഷം ആണ് വണ്ടി കംപ്ലെയിന്‍റ് ആയത്. ഇത്തവണ അതിനിടക്കും. വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലല്ലോ…

പോസ്റ്റ് കണ്ടും ഷെയര്‍ ചെയ്തും GNPC, AKDF, ADCB, BDK തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകളില്‍ നിന്നും വന്ന സഹായങ്ങള്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. അതുപോലെ പോസ്റ്റിലെ എന്‍റെ നംബരില്‍ വിളിച്ച് നേരിട്ടും അല്ലാതെയും സഹായിച്ചും എന്‍റെ മനസിന് ബലം തന്നും സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു. നിസാരം ഒരു വണ്ടി കേടായതില്‍ ഇത്രയും സഹകരണം ലഭിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ഈ പ്രളയത്തെയും അതിജീവിക്കും.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.