ഏറെനാളായി കേരളമാകെ, പ്രത്യേകിച്ച് കൊച്ചി നിവാസികൾ അനുഭവിക്കുന്ന ഒരു കഷ്ടപ്പാടായിരുന്നു കുണ്ടും കുഴിയും നിറഞ്ഞു മോശപ്പെട്ട അവസ്ഥയിൽ കിടന്നിരുന്ന റോഡുകൾ. റോഡുകളിൽ ഈ കുഴികളിൽ വീണ് എത്രയോ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു, എത്രയോപേർക്ക് പരിക്കേറ്റിരിക്കുന്നു? പൊടി, അലർജ്ജി, രോഗങ്ങൾ എന്നിവയൊക്കെ വേറെയും. കൂടാതെ ഗതാഗതക്കുരുക്കും.
പലതരത്തിൽ പ്രതിഷേധിച്ചിട്ടും റോഡുകൾ നന്നാക്കാതെയിരുന്നത് വൻ ആക്ഷേപങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നെതർലൻഡ് രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച്, അദ്ദേഹം കടന്നുപോകുന്ന വഴികൾ മനോഹരമായി ടാർ ചെയ്തു ഗതാഗതയോഗ്യമാക്കി ശുഷ്‌കാന്തി കാണിച്ചിരിക്കുകയാണ് നമ്മുടെ പി.ഡബ്‌ള്യുഡി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് നെതർലൻഡ് രാജാവായ വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കൊച്ചിയിൽ എത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ രാജാവും രാജ്ഞിയും റോഡ് മാർഗ്ഗം മട്ടാഞ്ചേരിയിൽ എത്തുകയും അവിടത്തെ ഡച്ച് കൊട്ടാരം സന്ദർശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുട്ടനാട് സന്ദർശനത്തിനായി ആലപ്പുഴയിലേക്കും പോവുകയുണ്ടായി.
പൊതുവെ മറ്റു രാഷ്ട്രത്തലവന്മാർക്ക് ലഭിക്കാത്തയത്ര ജനപിന്തുണയും സ്വീകരണവുമാണ് നെതർലൻഡ് രാജാവിനും രാജ്ഞിയ്ക്കും മലയാളികളിൽ നിന്നും ലഭിച്ചത്. രാജാവിന്റെ വരവ് സോഷ്യൽ മീഡിയയിൽ ഒരു ആഘോഷം തന്നെയായി മാറി. ഇതിനൊക്കെ പിന്നിൽ കൗതുകകരമായ ഒരു കാര്യമുണ്ട്. വില്യം അലക്സാണ്ടർ രാജാവ് കൊച്ചിയിലും ആലപ്പുഴയിലും വരുന്നതു കൊണ്ട് ശാപമോക്ഷം കിട്ടിയത് നാളുകളായി തകർന്നു കിടക്കുകയായിരുന്നു റോഡുകൾക്ക് ആയിരുന്നു.
രാജാവിന്റെ വാഹനം കടന്നു പോകുന്ന വഴികളെല്ലാം നന്നായി ടാർ ചെയ്തു മിനുക്കിയാണ് നമ്മുടെ അധികാരികൾ കാര്യക്ഷമത തെളിയിച്ചത്. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡുകൾ പെട്ടെന്ന് രാജവീഥിയായി മാറി. എറണാകുളത്തു നിന്ന് രാജാവ് കാർ മാർഗം ആലപ്പുഴയിലെത്തുന്ന റോഡുകൾ കണ്ണടച്ചു തുറക്കുംമുമ്പ് ഹൈവേ നിലവാരത്തിലായത് ഏവരെയും അമ്പരപ്പിച്ചു.
വി.വി.ഐ.പി. സന്ദർശനം നടത്തുന്ന സമയത്ത് റോഡുകൾ നന്നാക്കുന്നതിന് സർക്കാരിന് പ്രത്യേക ഫണ്ടുണ്ട്. ഇതുപയോഗിച്ചായിരുന്നു റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്. മോശം റോഡുകൾ കണ്ടാൽ അതിഥിയായ രാജാവിന്റെ മതിപ്പ് നഷ്ടപ്പെടുമല്ലോ എന്നോർത്താണ് അറ്റകുറ്റപ്പണികൾ മിന്നൽ വേഗത്തിൽ നടന്നത്. ടെൻഡറിനും പണിക്കും എല്ലാം കൂടി മൂന്നു ദിവസമേ വേണ്ടി വന്നുള്ളു.
രാജാവ് വരുന്നതിനു മുൻപായി ഇത്തരത്തിൽ റോഡ് നന്നാക്കിയ വാർത്തയറിഞ്ഞു ധാരാളമാളുകളാണ് രാജാവിനും രാജ്ഞിയ്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ട്രോളന്മാരാകട്ടെ തങ്ങൾക്ക് കിട്ടിയ ചാകര നന്നായി മുതലെടുക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രാജാവിനെ തങ്ങളുടെ ഏരിയകളിലേക്ക് ട്രോളുകളിലൂടെയും കമന്റുകളിലൂടെയും ക്ഷണിച്ചു. രാജാവ് വന്നാൽ റോഡ് നന്നാകുമല്ലോ എന്നതായിരുന്നു ഈ ക്ഷണത്തിനു പിന്നിലെ ചേതോവികാരം. ഇതിനിടെ രാജാവ് കടന്നു പോകുന്ന വഴിയിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ആരോ ഒരു ഫ്ളക്സ് ബോർഡും വെച്ചു.
ഒടുവിൽ സന്ദർശനം മതിയാക്കി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും തിരികെ പോയ രാജാവിനെ നിറകണ്ണുകളോടെയും നന്ദിയോടെയുമായിരുന്നു ജനങ്ങൾ യാത്രയാക്കിയത്. “നാട്ടിൽ ചെന്നിട്ട് പരിചയമുള്ള മറ്റു രാജാക്കന്മാരെയെല്ലാം ഇവിടേക്ക് വിടുമോ?” എന്നും ട്രോളന്മാർ അടക്കമുള്ളവർ രാജാവിനോട് അഭ്യർത്ഥിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ ആളുകളുടെ ജീവന് ആരും വില കൽപ്പിച്ചിരുന്നില്ല. റോഡുകളിലെ ഗർത്തങ്ങളിൽ വീണു പൊലിഞ്ഞു പോയ പാവം മനുഷ്യർക്ക് ഇനിയിപ്പോൾ ആദരാജ്ഞലികൾ മാത്രമേ അർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. എന്തായാലും നമ്മുടെ നാട്ടിലെ പ്രതിഷേധങ്ങൾ കൊണ്ട് സാധിക്കാതിരുന്നത് ഒരു രാജാവ് വന്നപ്പോൾ സാധിച്ചല്ലോ എന്നോർത്ത് ഇനി നെടുവീർപ്പിടാം. ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾക്ക് ശാപമോക്ഷം നൽകുവാനായി ഏതെങ്കിലും രാജാവോ പ്രസിഡന്റോ വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്തൊരു അവസ്ഥയാണെന്നു നോക്കണേ.
ഇതുപോലെ പല രാജാക്കൻ മാരും പല പ്രമുഹറും വന്നാലേ നമ്മുടെ കൊച്ചു കേരളം നന്നാക്കൂ…..അല്ലാതെ ഇപ്പോഴത്തെ ഗവണ്മെന്റ് ഒന്നും ചെയ്യില്ല ….. എല്ലാം ശരി ആക്കി തരും …. പാലിയേക്കര /അരൂർ …അങ്ങനെ എന്തൊക്കെ …. വോട്ട് ചെയ്യുന്ന ജനങ്ങളെ പറ്റിക്കുന്ന ______ കൾ