ലേഖകൻ – സിജി ജി. കുന്നുംപുറം.

മുഖക്കണ്ണാടികളുടെ കൂട്ടത്തിൽ ഏറ്റവും പുരാതനം ലോഹക്കണ്ണാടിയാണ്‌ ആറൻമുള വാൽക്കണ്ണാടി. ആറൻമുളയാണ് ലോഹക്കണ്ണാടിയുടെ ജൻമസ്ഥലമായി കേരളീയർ കേട്ടറിഞ്ഞിട്ടുളളത്‌. എന്നാൽ പാലക്കാട്‌ ജില്ലയിൽ ചെർപ്പളശ്ശേരിയ്‌ക്കടുത്ത്‌ അടയ്‌ക്കാപുത്തൂരെന്ന കൊച്ചുഗ്രാമം ലോഹക്കണ്ണാടികൊണ്ട്‌ പ്രസിദ്ധമാണ്. അടയ്‌ക്കാപുത്തൂരിലെ കുമാരനിലയത്തിലെ ബാലൻ എന്ന മൂശാരിയാണ്‌ അടിയ്‌ക്കാപുത്തൂർ കണ്ണാടിയുടെ ഉപജ്ഞാതാവ്‌. വിഗ്രഹങ്ങളും ഓട്ടുപാത്രങ്ങളും നിർമ്മിച്ചു ജീവിക്കുന്നതിനിടയിലാണ്‌ അയൽവാസിയായ അടയ്‌ക്കപുത്തൂർ കുന്നത്തു മനയ്‌ക്കൽ രാമൻ നമ്പൂതിരി ഇത്തരമൊരു ലോഹക്കണ്ണാടിയുടെ നിർമ്മാണസാദ്ധ്യതകളെക്കുറിച്ച്‌ ബാലനോട്‌ ആരാഞ്ഞത്‌. പിന്നീട്‌ ഈ ലോഹക്കൂട്ടിന്റെ അനുപാതം കണ്ടെത്താനുളള ശ്രമമായി.

കണ്ണാടിനിര്‍മാണം ആരംഭിച്ച് ആദ്യത്തെ അഞ്ചുവര്‍ഷം പരാജയമായിരുന്നു. പരീക്ഷണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോളും അതില്‍നിന്നു പിന്‍വാങ്ങാന്‍ ബാലന്‍മൂശാരി തയ്യാറായില്ല. ചെമ്പും വെളുത്തീയവും കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന വെള്ളോടിലായിരുന്നു പരീക്ഷണം. ഓരോ പരീക്ഷണവും പരാജയപ്പെട്ടപ്പോഴും നിരാശനാകാതെ ചെമ്പും വെളുത്തീയവും വിവിധ അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ചുകൊണ്ടേയിരുന്നു. അവസാനം 1985ല്‍ അടയ്ക്കാപുത്തുര്‍ കണ്ണാടി ജന്മമെടുത്തു. ഈ പാരമ്പര്യം ബാലന്‍മൂശാരി മകന്‍ കൃഷ്ണകുമാറിന് പകര്‍ന്നു നല്‍കി.

ലോഹക്കണ്ണാടിയുടെ നിർമ്മാണം കേരളീയരുടെ സാങ്കേതികജ്‌ഞ്ഞാനത്തേയും സൗന്ദര്യബോധത്തേയും സമന്വയിപ്പിക്കുന്നു. വെളേളാട്‌ മിനുക്കിയാണ്‌ വാൽക്കണ്ണാടി നിർമ്മിക്കുന്നത്‌. ഈയവും ചെമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ്‌ ലോഹക്കൂട്ട്‌ തയ്യാറാക്കുന്നത്‌. ഈ അനുപാതമാണ്‌ ലോഹക്കണ്ണാടിയുടെ നിർമ്മാണരഹസ്യം. ആവശ്യമുള്ള വലുപ്പത്തില്‍ മെഴുകുകൊണ്ട് രൂപമുണ്ടാക്കി അരച്ചെടുത്ത മണ്ണ് മൂന്നുപാളികളിലായി ഇതിനുപുറത്ത് തേച്ചുപിടിപ്പിച്ച് കരു ഉണ്ടാക്കും.

ഒരു വശത്തുമാത്രം മെഴുക് പുറത്തേക്ക് വരാനുള്ള തുളയുണ്ടാക്കും. കരു ഉണക്കിയെടുത്ത് ചൂളയില്‍വച്ച് ചൂടാക്കി തുളയിട്ട ഭാഗത്തുകൂടി മെഴുക് ഉരുക്കിക്കളയും. കരുവിന്റെ ഒഴിഞ്ഞ ഭാഗത്ത് ഓട് ഉരുക്കിയൊഴിക്കും വെളേളാട്‌ തയ്യാറായാൽ ഉരക്കടലാസുകൊണ്ട്‌ പ്രതലം മിനുക്കുന്നു. അതിനുശേഷം മൂശപ്പൊടി കൊണ്ട്‌ മിനുക്കി മെറ്റൽ പോളിഷ്‌ കൂടി പ്രയോഗിച്ചു കഴിഞ്ഞാൽ ഏതൊരു കണ്ണാടിയോടും കിടനിൽക്കുന്ന കണ്ണാടി തയ്യാറാകുന്നു. തുടര്‍ന്ന് കരവിരുത് നിറയുന്ന ഫ്രെയിം കൂടിയാവുമ്പോള്‍ ലക്ഷണമൊത്ത വാല്‍ക്കണ്ണാടിയാവും. അതീവശ്രദ്ധയും വൈദഗ്‌ദ്ധ്യവും ആവശ്യമുളളതാണിതിന്റെ നിർമ്മാണം. വായുകുമിളകൾ കണ്ണാടി ലോഹത്തിൽ കുടുങ്ങിയാൽ മിനുക്കിക്കഴിയുമ്പോൾ കരിക്കുത്തുകൾ വീഴും. പിന്നെ അത്‌ ഉപയോഗശൂന്യമാണ്‌. രാകി മിനുക്കുമ്പോൾ ചൂടുകൂടിയാൽ ലോഹം പിളരും. ഇതിനെയെല്ലാം മറികടക്കുന്ന ശ്രദ്ധ വാൽക്കണ്ണാടിയുടെ നിർമ്മാണത്തിനാവശ്യമാണ്‌.

കൃഷ്ണകുമാര്‍ കണ്ണാടി നിര്‍മിക്കുന്നത് വീടിനുസമീപത്തെ ആലയിലാണ്. അച്ഛനോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ തുടങ്ങിയ കണ്ണാടിനിര്‍മാണം 25 വര്‍ഷം പിന്നിട്ടിട്ടും കൃഷ്ണകുമാര്‍ തുടരുന്നു. വിദേശരാജ്യങ്ങളിലേക്ക് ധാരാളം കയറ്റിഅയക്കുന്നു. ചെറിയ കണ്ണാടി നിര്‍മിക്കാന്‍ ആറു ദിവസവും വലിയതിന് 15 മുതല്‍ 25 ദിവസം വരെയും എടുക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അയ്യായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപവരെയാണ് അടയ്ക്കാപ്പുത്തൂര്‍ കണ്ണാടിയുടെ വിപണിവില. പല ഭാഗത്തുനിന്നായി നിരവധിപേര്‍ ദിവസവും കണ്ണാടിക്കായി എത്താറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.