എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്).

കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക് ശാന്ത സമുദ്രം വഴി സ്ഥിരമായി പോയ ഒരു കാലമുണ്ടായിരുന്നു. മുടിഞ്ഞ തണുപ്പിനെ പ്രാകുമ്പോള്‍ കോഴിക്കോട് നിന്നുള്ള കപ്പിത്താന്‍ അജിത് വടക്കയില്‍ പറയും ആര്‍ട്ടിക് സമുദ്രവും സൈബീരിയയും കൊണ്ട് ശാന്ത സമുദ്രത്തിന്‍റെ വടക്ക് ഭാഗത്തിന് ഒരിക്കലും ശാന്തമായിരിക്കാന്‍ കഴിയില്ലെന്ന്.

നോര്‍വ്വെയിലെ ഹാവിക്കില്‍ നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ ശീതക്കാറ്റു പ്രകമ്പനത്തോടെ വരുമ്പോൾ മൈനസ് ഇരുപത്തിരണ്ടുവരെ താഴോട്ട് പോയ താപനിലയാണ് എന്‍റെ ജീവിതത്തില്‍ അനുഭവിച്ച കൂടിയ തണുപ്പ്. എന്നാല്‍ മൈനസ് അറുപത്തെട്ട് ഡിഗ്രി വരെ താഴോട്ടു പോകുന്ന സൈബീരിയയിലെ ഒരു ജനവാസ കേന്ദ്രത്തെക്കുറിച്ച് റഷ്യക്കാര്‍ പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.

റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശം, ഏകദേശം പറഞ്ഞാല്‍ ആസ്ത്രേലിയയുടെ വലുപ്പമുള്ള ഒരു ഹിമഭൂമി, അതാണ്‌ സൈബീരിയ. ഭൂമിയുടെ ഒന്‍പതു ശതമാനം സൈബീരിയക്ക് അവകാശപ്പെട്ടതാണ്. ജനസംഖ്യാ ആനുപാതത്തില്‍ നോക്കിയാല്‍ വളരെ കുറഞ്ഞ ജനസാന്ദ്രതയുള്ള ഭൂമിയിലെ ഒരു കൊച്ചു രാജ്യം എന്ന് സൈബീരിയയെക്കുറിച്ച് പറയാം. തണുപ്പിനാല്‍ മൂടിക്കിടക്കുന്നത് കൊണ്ട് ഉറങ്ങുന്ന ഭൂമി എന്നൊരു വിശേഷണം സൈബീരിയയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

അഞ്ഞൂറ് മില്ല്യൻ വര്‍ഷങ്ങളുടെ ഭൂമിശാസ്ത്ര ചരിത്രം, നാല്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യരുടെ മൂന്നു മുന്‍കാല സ്പീഷീസ് ജീവിച്ചു വന്നതിന്‍റെ തെളിവുകള്‍. അങ്ങിനെയുള്ള റഷ്യന്‍ സൈബീരിയയിലെ ഒരു കൊച്ചു വില്ലേജാണ് ഒയ്മ്യക്കോന്‍. സ്ഥിരമായൊരു ജനജീവിതമുള്ള ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ഒരു പ്രദേശമാണിത്. താപനില താഴോട്ട് പോയാല്‍ മൈനസ് അറുപത്തെട്ട് ഡിഗ്രിവരെ പോകും. ഇത് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ചെറിയൊരു വിറയനുഭവപ്പെടുന്നില്ലേ?.

അതിശൈത്യകാലാവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തികച്ചും പ്രവര്‍ത്തനരഹിതമായിരിക്കുമിവിടെ. കൃഷിക്ക് അനുയോജ്യമായ സ്ഥലമല്ലാത്തത് കൊണ്ട് ഇവിടെ താമസിച്ചു വരുന്ന അഞ്ഞൂറോളം ജനങ്ങള്‍ ഹിമക്കലമാനുകളുടെയും കുതിരകളുടെയും ഇറച്ചി തിന്നു ജീവിക്കുന്നു. ഭോജനരീതിയിലുള്ള വ്യത്യാസം കൊണ്ട്പോലും പോഷകാഹാരക്കുറവു രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. തണുത്തുറഞ്ഞുപോകുന്ന കാലാവസ്ഥയില്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതി ശൈത്യത്തെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.

ഈ കൊടും തണുപ്പില്‍ ജീവിക്കുന്നവരുടെ വാഹനങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്നു ദിവസം മുന്‍പേ കുഴി എടുത്ത് തുടങ്ങണം. കല്‍ക്കരി പുകച്ച് ഐസ് കട്ടകള്‍ ഉരുക്കിയശേഷം കുഴിയെടുത്ത് അതില്‍ വീണ്ടും കല്‍ക്കരി പുകച്ചു ആവശ്യമായ ആഴം വെട്ടിയെടുക്കാന്‍ അത്ര എളുപ്പമല്ല. ഉത്തര ധ്രുവത്തിനടുത്തുള്ള എന്‍റെ സാല്‍ബാട് യാത്രയില്‍ ഞങ്ങളുടെ നോര്‍വ്വീജിയന്‍ ഡ്രൈവര്‍ ഇതേ സ്ഥിതിയാണ് അവിടെയുമെന്നു പറഞ്ഞത് ഓര്‍മ്മ വരുന്നു. ശവമടക്കി രണ്ടോ മൂന്നോ മാസം കഴിഞ്ഞു ചെന്ന് നോക്കിയാലും മരിച്ചയാള്‍ അത് പോലെ കിടക്കുന്നുണ്ടാവും. ശൈത്യകാലങ്ങളില്‍ ബോഡി ഉറഞ്ഞു ജീര്‍ണ്ണിച്ചുപോവാന്‍ അവര്‍ ഓസ്ലോയില്‍ കൊണ്ട് പോയി ശവമടക്ക് നടത്തുകയാണ് ഇതിനു കണ്ട ഒരു പരിഹാരം.

ജനുവരിയില്‍ മൈനസ് 52 ഡിഗ്രിയൊക്കെയായിരിക്കും ഇവിടുത്തെ താപനില. വോഡ്ക തണുത്ത് മരവിച്ചു പോകുന്ന കാലാവസ്ഥ. എന്നാല്‍ വേനല്‍ കാലത്ത് അത് പതിനെട്ടു ഡിഗ്രി വരെ ഉയര്‍ന്നും പോകും. ഉത്തരധ്രുവത്തില്‍ താപനിലയിലെ ഗണ്യമായ വ്യത്യാസം രേഖപ്പെടുത്തുന്നതും ഇവിടെത്തന്നെ. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മൈനസ് ഇരുപത് ഡിഗ്രിയൊന്നും വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാത്തവിധം ജീവിത ചക്രങ്ങളില്‍ അവര്‍ താഥാമ്യം പ്രാപിച്ചുപോയിട്ടുണ്ട്. മൈനസ് മുപ്പത്തെട്ടു കഴിഞ്ഞാല്‍ തണുപ്പ് അനുഭവിച്ചു തുടങ്ങുന്നെന്നൊരു തോന്നല്‍, അതാണ്‌ വടക്ക് കിഴക്കന്‍ സൈബീരിയന്‍ ജീവിത രീതി.

പൊതുവേ സൈബീരിയന്‍ ജനങ്ങള്‍ക്ക് മോശമായ ഒരു ആരോഗ്യനിലയുണ്ടാവില്ല. കാരണം അത്തരക്കാര്‍ക്ക് അവിടെ ആ കാലാവസ്ഥയെ അതിജീവിക്കാനാവില്ല. റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശമുള്ള ഈ സ്ഥലത്ത് ദൂരത്തെ അളക്കുമ്പോള്‍ ആയിരം മൈല്‍ ഒന്നും തന്നെയല്ല എന്ന് അവര്‍ പറയും. ഒരു സുഹൃത്തിനെയോ കുടുംബാംഗങ്ങളെയോ കാണാന്‍ ഇരുന്നൂറ് മൈലുകളോളം വാഹനമോടിച്ച് പോവുന്നത് ഒരു നിത്യ സംഭവം. കാലാവസ്ഥയുടെ അതി തീവ്രതയെ അതിജയിക്കുന്നവരുടെ മനസ്ഥൈര്യത്തിനു മുന്‍പില്‍ നമുക്കെല്ലാം നാളേക്ക് നീട്ടിവെക്കാനെ കഴിയൂ. ഒയ്മ്യക്കോന്‍ ഒരത്ഭുതമാണ്. ഒന്നോ രണ്ടോ ചുക്ക്‌ കാപ്പി കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല ഇവിടുത്തെ തണുപ്പിന്‍റെ ചരിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.