വിവരണം – നീന പോൾ.

ഡിസംബറിൽ നാട്ടിൽ വരുമ്പോ എങ്ങോട്ടു പോകും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്‌ ഹോൺബിൽ ഫെസ്റ്റിവലിനെ പറ്റി ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത് .

കുറച്ചു പേരെങ്കിലും കേട്ടിരിക്കും നാഗാലാൻഡിലെ ഈ മഹാ ഉത്സവത്തെ പറ്റി . നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ ഒട്ടനവധി ട്രൈബൽ ഗ്രൂപ്പുകൾ ഒന്നുചേർന്ന് ഡിസംബർ ആദ്യത്തെ പത്തു ദിവസം കാഴ്ച വെക്കുന്ന ഒരു വർണ്ണവിസ്മയമാണ് നാഗാലാൻഡിന്റെ സ്വന്തം ഹോൺബിൽ ഫെസ്റ്റിവൽ. സമയപരിധികാരണം അവസാനത്തെ മൂന്ന് ദിവസം എങ്കിലും ഇതിൽ പങ്കുകൊള്ളുവാനായി ഞാനും എന്റെ ഒരു സുഹൃത്തും കൂടെ ബാംഗ്ലൂരിൽ നിന്നും യാത്ര തിരിച്ചു. ദിമാപുരിൽ എത്തിയ ഞങ്ങൾ ഒരു ടാക്സി വിളിച്ചു റോഡ് എന്ന് പേരിനു മാത്രം പറയാവുന്ന വഴികളിലൂടെ 5 മണിക്കൂർ സഞ്ചരിച്ചാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന കൊഹിമയിൽ എത്തിച്ചേർന്നത്.

പകലന്തിയോളം കിസാമാ ഹെറിറ്റേജ് വില്ലജ് എന്ന് അറിയപ്പെടുന്ന വേദിയിലാണ് ഹോൺബിൽ ഫെസ്റ്റിവലിന്റെ അനവധി ആഘോഷങ്ങൾ അരങ്ങേറുന്നത്. പാട്ടും നൃത്തവും കലാപ്രകടനങ്ങളുമായി നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ പല നാഗാ ട്രൈബൽ ഗ്രൂപ്പുകളും അവരവരുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു. കലാവേദിക്ക് സമീപമായി ഓരോ ട്രൈബൽ ഗ്രൂപ്പും അവർക്കായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ തനതായ രീതിയിലുള്ള വേഷവിധാനങ്ങളും ഭക്ഷണശാലകളും ഒരുക്കിയിരിക്കും. ഈ കുടിലുകളെ “Morung” എന്നാണ് വിശേഷിപ്പിക്കുന്നത്. മെനുവിൽ ബീഫ്. പോർക്ക്, പട്ടിയിറച്ചി , അട്ട തുടങ്ങിയ പലതും കാണാം. എങ്കിലും എല്ലാത്തിനെയും വെല്ലുന്നതു കോച്ചുന്ന തണുപ്പിനെ എതിർക്കാൻ മുള കൊണ്ട് നിർമിച്ച കോപ്പകളിൽ വിളമ്പുന്ന നാഗാലാ‌ൻഡ് സ്പെഷ്യൽ റൈസ് ബിയർ ആണ്.

ഡിസംബർ മാസത്തിൽ കൊഹിമയിൽ വൈകുന്നേരം 4 മണിയോടെ തന്നെ സൂര്യൻ അസ്തമിക്കും. ഏകദേശം 5 മണിയോടെ ഈ പ്രദേശം മുഴുവൻ ഇരുട്ടിലായി. ഹോൺബിൽ ഫെസ്റ്റിവലിന്റെ ഏറ്റവും നിറപ്പകിട്ടാർന്ന സമയം തുടങ്ങുന്നതും അപ്പോഴാണ്. ബോൺ ഫയർ, റോക്ക് മ്യൂസിക് , റോക്ക് ഫെസ്റ്റ്ന്, ഭക്ഷണശാലകൾ , നൃത്തവേദികൾ, ഇതിലെല്ലാം പങ്കെടുക്കാൻ വരുന്ന ജനങ്ങൾ എന്നിങ്ങനെ എല്ലാം കൊണ്ടും കൊഹിമയുടെ നീണ്ട രാത്രികൾക്കു ജീവൻ വെക്കുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള യാത്രാഭ്രാന്തു തലയ്ക്കു പിടിച്ച ഒരുപാട് ആൾക്കാരെ ഇവിടെ കാണാൻ സാധിക്കും . വ്യത്യസ്തമായ യാത്രകൾ തേടിപോകുന്നവർക്കു കൊഹിമ ഈ പത്തുദിവസങ്ങളിൽ സമ്മാനിക്കുന്നതും വേറിട്ട ഒരനുഭവം തന്നെയാണ്.

നോർത്ത്ഈസ്റ്റ് ഇന്ത്യയുടെ ഏറ്റവും വലിയ മഹോത്സവം ആയതു കൊണ്ട് തന്നെ കൊഹിമയിൽ എല്ലാ ഹോട്ടലും മാസങ്ങൾക്കു മുന്നേ റിസേർവ്ഡ്ആണ് ഈ പത്തുദിവസത്തേക്കു. സാധാരണയിൽ നിന്നും മൂന്നിരട്ടി ആകും എന്തിന്റെയും വില. കേന്ദ്രസർക്കാരിന്റെ പല പ്രതിനിധികളെയും ഈ പത്തുദിവസം ഇവിടെ കാണാവുന്നതാണ്. ആദ്യത്തെയും അവസാനത്തെയും ദിവസങ്ങളാണ് ഹോൺബിൽ ഫെസ്റ്റിവലിന്റെ ഹൈലൈറ്.

എത്തിച്ചേരാനുള്ള വഴി: ഗുവാഹത്തി വരെ ഫ്ലൈറ്റ്, ഗുവാഹത്തിയിൽ നിന്നും ദിമാപൂരിനു ൭ മണിക്കൂർ ട്രെയിൻ യാത്ര , ദിമാപുരിൽ നിന്നും കൊഹിമ വരെ ടാക്സി – ഇങ്ങനെയാണ് ഞങ്ങൾ സഞ്ചരിച്ച വഴി. രണ്ടു പെൺകുട്ടികൾ തനിയെ നടത്തിയ യാത്ര ആയതു കൊണ്ട് രാവിലെ എത്തി ടാക്സി മാർഗം പോകാൻ ആണ് ശ്രദ്ധിച്ച ഏക കാര്യം. ദിമാപുരിൽ നിന്നും കൊഹിമക്കുള്ള വഴി വളരെ മോശവും പൊതുവെ ജനസഞ്ചാരം കുറഞ്ഞതുമാണ്. 70 km മാത്രമേ ഉള്ളുവെങ്കിലും 5 മുതൽ 7 മണിക്കൂർ വരെ എടുക്കാം ഈ ദൂരം തരണം ചെയ്യാൻ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ഡിസംബറിൽ കൊഹിമ 10 ഡിഗ്രിയിൽ താഴെ ആണ് പൊതുവെ. നേരത്തെ സൂര്യൻ അസ്തമിക്കുന്നതോടെ തണുപ്പിന് കാഠിന്യം വർധിക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ നിർബന്ധമായും കൊണ്ട് പോകേണ്ടതാണ്. ദിമാപുരിൽ നിന്നും കൊഹിമക്കുള്ള വഴിയിൽ ഭക്ഷണസൗകര്യം വളരെ കുറവാണു. ഇരുട്ടിയ ശേഷം ഇതിലെ യാത്ര ചെയ്യുന്നത് ഉചിതവുമല്ല.

താമസസൗകര്യങ്ങൾ ഇവിടെ പൊതുവെ കുറവാണ് . മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ താമസം ലഭിക്കാൻ ബുദ്ധിമുട്ടാവും. നാഗാലാൻഡിലേക്കു യാത്ര ചെയ്യുന്നവർ എൻട്രി പെർമിറ് എടുക്കണം എന്ന് ഒരു നിയമമുണ്ട്. ആരും അത് ചോദിച്ചു വന്നില്ലെങ്കിലും താമസിച്ച ഹോട്ടൽ വഴി ഞങ്ങളും എടുത്തിരുന്നു പെർമിറ്റ്. ഫോട്ടോ ഐഡി പ്രൂഫും പാസ്പോര്ട്ട് സൈസ് ഫോട്ടോയും 300 രൂപയും കൊടുത്താൽ താമസിക്കുന്ന ഹോട്ടൽ വഴി ഇത് ലഭിക്കും.

കൂടുതൽ വിവരങ്ങൾ ഫേസ്ബുക് പേജിലും ബ്ലോഗിലും ലഭ്യമാണ് : https://kindleandkompass.com/2019/05/09/the-great-hornbill-festival-nagaland/.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.