ഈ ലേഖനം തയ്യാറാക്കിയത് – Sankaran Vijaykumar.

കടൽകൊള്ളകളെ (piracy) കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യക്കാരുടെ പേരുകൾ കേൾക്കുക പ്രയാസമാണ്. രാജ്യസ്നേഹിയും മഹത് വ്യക്തിയും, മാറാത്ത നേവിയുടെ സേനാനായകനും ആയ കനോജി ആൻഗ്രേ(Kanhoji Angre)യെ ബ്രിട്ടീഷ്‌കാർ കടൽകൊള്ളക്കാരാനായി ചിത്രീകരിച്ചത് ഒഴിച്ച് മാറ്റിനിറുത്തിയാൽ ചരിത്രത്തിൽ മറ്റെവിടെയും അങ്ങനെ ഉള്ളതായി അറിവില്ല.എന്നാൽ അങ്ങനെയല്ലായിരുന്നു യുറോപ്യൻമാരുടെ സ്ഥിതി.

അവിടെ 1856 വരെ പ്രൈവറ്റീയറിങ്ങ് (privateering) എന്ന സംവിധാനം ഉണ്ടായിരുന്നു.അതനുസരിച്ച് ആർക്കുവേണമെങ്കിലും ഒരു നാവികസേന രൂപികരിച്ചു ശത്രുരാജ്യത്തിന്റെ കപ്പലുകളെ കൊള്ളയടിക്കാൻ ലൈസെൻസ് ഉണ്ടായിരുന്നു. അങ്ങനെ കൊള്ളയടിച്ചു ഉണ്ടാക്കുന്ന മുതലിൽ പകുതി രാജാവിനു കൊടുക്കണം ,അത്രമാത്രം.അങ്ങനെ യുറോപ്യൻമാർക്ക് കോളനികൾനിന്നും കൊള്ളയടിക്കുന്നത് കൂടാതെ ഇതുപോലുള്ള മറ്റുചില വരുമാനമാർഗ്ഗങ്ങളും ഉണ്ടായിരുന്നു(ഇതൊക്കെ കൊണ്ടാകാം ഇപ്പോഴും അവർ സാമ്പത്തികശക്തിയിൽ മുൻനിരയിൽ തന്നെ ഉള്ളത്).

മുൻപ് പറഞ്ഞ പ്രൈവറ്റീയറിങ്ങ്, രംഗത്തും അല്ലാതെയും കടൽകൊള്ള നടത്തുന്നതിൽ പ്രാവിണ്യം ഉള്ള പലരെയും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയും. അങ്ങനെയുള്ള കുപ്രസിദ്ധന്മാരിൽ അഗ്രഗണ്യൻ ആയിരുന്നു ഹെന്രി എവെരി (Henry Every ). രണ്ടു കൊല്ലത്തോളമേ ഈ രംഗത്ത് ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ നിലയിൽ ലോകത്ത് ഏറ്റവും ധനികൻ ആയത് ഒരുപക്ഷെ ഇദ്ദേഹം ആയിരിക്കും .അതേപോലെ കടൽകൊള്ള നടത്തി മരണം വരെ പിടികൊടുക്കാതെ ജീവിച്ച ലോകത്തിലെ ഒരു വ്യക്തി ചരിത്രത്തിൽ ഉണ്ടെങ്കിൽ അതും ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിനു ഇന്ത്യക്കാരുമായി ഒരു ബന്ധം ഉണ്ട്. ഇദ്ദേഹം ആണ് മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഏറ്റവും വലിയ കപ്പലായ ഗൻജ് -ഇ-സവായി(Ganj-i-Sawai) കൊള്ളയടിക്കുകയും അതുവഴി അക്കാലത്തെ ഏറ്റവും വലിയ പണക്കാരൻ മാറുകയും ചെയ്തത് .അറബികടലിൽ വച്ച് ഇദ്ദേഹം നടത്തിയ കടൽകൊള്ളയും അനുബന്ധസംഭവങ്ങളും ഇപ്പോഴും നമുക്ക് ഞെട്ടൽ ഉളവാക്കുന്നതാണ് .

ഇംഗ്ലണ്ടിലെ ഡവോൺ (Devon ) എന്ന സ്ഥലത്താണ് ഹെന്രി എവരി ജനിച്ചത്‌(1659ൽ). കുറേക്കാലം ഇയാൾ ബ്രിട്ടീഷ്‌ റോയൽ നേവിയിലും പിന്നീട് അടിമവ്യാപരത്തിലും ജോലി ചെയ്തിരുന്നു.ഇതൊക്കെ കഴിഞ്ഞാണ് മുകളിൽ സൂചിപ്പിച്ച പ്രൈവറ്റീയറിങ്ങ് എന്ന ഗവർമെന്റു അന്ഗീകൃത കടൽകൊള്ള സംഘത്തിൽ ചേർന്നത്‌. എന്നാൽ അധികകാലം കഴിയുന്നതിനു മുൻപ് തന്നെ അവിടം വിട്ടു സ്വന്തമായി കടൽകൊള്ളസംഘം തുടങ്ങി. ഫാൻസി (Fancy ) എന്ന കപ്പലിന്റെ കപ്പിത്താനായി കുറെയധികം കൊള്ളകൾ നടത്തി, അഫിക്കയുടെ തെക്കെ അറ്റത്തുള്ള ഗുഡ് ഹോപ് മുനമ്പ് ചുറ്റി ,മഡഗസ്കാറിനടുത്തുള്ള കോമോറോസ് (Comoros Islands ) ദ്വീപിൽ എത്തിച്ചേർന്നു. അവിടെവെച്ചാണ് ഹെന്ററി എവെരി മനസ്സിലാക്കുന്നത്, അക്കൊലത്തെ മെക്കയിലെ ഹജ്ജ് കഴിഞ്ഞു മുഗൾ രാജാവായ ഔറംഗസീബിന്റെ കപ്പലുകളും പരിവാരങ്ങളും വലിയ സമ്പത്തുമായി ഏഷ്യക്കും ആഫ്രിക്കക്കും മദ്ധ്യയുള്ള യമൻ കടലിടുക്ക് വഴി മടങ്ങി വരുന്നു എന്ന്. അക്കാലത്ത് ,വർഷംതോറും നടക്കുന്ന ഹജ്ജിൽ പങ്കെടുക്കാനായി ഏകദേശം ഒന്നരലക്ഷം പേർ ഇന്ത്യയിൽ നിന്നും സൂററ്റ് (ഗുജറാത്ത് ), ചിറ്റഗൊങ്ങ്(ബംഗാൾ ) എന്നീ തുറമുഖങ്ങൾ വഴി സൗദി അറേബ്യക്കടുത്തുള്ള യെമെനിലെ മോച്ച (Mocha )എന്ന തുറമുഖത്തു എത്തിച്ചേരുമായിരുന്നു. അവിടെ വ്യാപാരവും നടത്തി തിരിച്ചു വരുന്ന ഇവരുടെ കപ്പലുകളിൽ ധാരാളം സ്വർണനാണയങ്ങളും രത്നങ്ങളും ഉണ്ടായിരുന്നു.

മറ്റൊരു കാര്യം ഉള്ളത് ,ആ കാലയളവുകളിൽ ഇന്ത്യയിലെ സമ്പത്തു പൊലെ വേറെ ലോകത്ത് ഒരു രാജ്യത്തും ഉണ്ടാകാൻ വഴിയില്ല. ലോകത്തിലെ സമ്പത്തിന്റെ 23%വും ഇന്ത്യയിൽ ആയിരുന്നു.അതിനാൽ ഈ ഇന്ത്യൻ കപ്പലുകൾ പിടിച്ചെടുത്താൽ പിന്നീട് തന്റെ പണി തന്നെ ഉപേക്ഷിച്ചു ഒരു നല്ല ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഹെന്രി എവെരി കണക്കുകൂട്ടി. അതുകൊണ്ട് ഹെന്രി തന്റെ കപ്പലായ ഫാൻസിയിൽ ഏകദേശം 150 കൂട്ടാളികളുമായി യമൻ കടലിടുക്കിൽ ഉള്ള പെരിം(Perim)എന്ന ദ്വീപിനടുത്തേക്ക് നീങ്ങാൻ തീരുമാനിച്ചു.

എന്നാൽ ഏറ്റവും വലിയ മുഗൾ കപ്പലായ “ഗൻജ് -ഇ-സവായി”മാത്രമല്ലയായിരുന്നു ഹെന്രിക്ക് നേരിടേണ്ടിയിരുന്നത്. അതിനെ അകമ്പടിസേവിക്കാൻ ഏകദേശം 25 ഓളം കപ്പലുകൾ വേറെയും ഉണ്ടായിരുന്നു. ഇവയിൽ എല്ലാം ആയുധധാരികളും ആയുധങ്ങളും ഉണ്ടായിരുന്നു. ഏറ്റവും മുൻപിൽ ഉള്ള “ഗൻജ് -ഇ-സവായി” -ൽ 80 വലിയ പീരേങ്കികളും തോക്കുധാരികൾ ആയ 400 ഓളം പടയാളികളും ഉണ്ടായിരുന്നു.അതിനു പിറകിൽ ഉള്ള “ഫത്തേ മുഹമ്മദ്‌” (Fateh Muhammed) എന്ന കപ്പലിലും സൈനികർ ഉണ്ടായിരുന്നു.അതിനാൽ ഹെന്രിയുടെ കപ്പലിലെ 46 പീരേങ്കികളും 150 കൂട്ടാളികളെയും ഉപയോഗിച്ചു ഇവരെ നേരിടുക അത്ര എളുപ്പം അല്ല. അതിനാൽ അയാൾ അവിടങ്ങളിൽ ഉള്ള മറ്റു കടൽകൊള്ളക്കാരുടെ സഹായം അഭ്യർഥിച്ചു. അങ്ങനെ ഏകദേശം 440 കടൽകൊള്ളക്കാരും 5 കപ്പലുകളുമായി അവർ “പെരിം”ദ്വീപിൽ മുഗൾ ചക്രവർത്തിയുടെ കപ്പലിനായി കാത്തുകിടന്നു.

സെപ്റ്റംബർ 8 ,1695 – മുഗൾ രാജാവിന്റെ അകമ്പടി സേവിച്ച ഫത്തേ മുഹമ്മദും വേറൊരു കപ്പലും അവർക്ക് ദൃശ്യമായി. ഇരുട്ടിന്റെ മറവുപറ്റി കടൽകൊള്ളക്കാരെ പേടിച്ചു യാത്ര ചെയ്ത ഈ കപ്പലുകളെ നാലു ദിവസത്തോളം പിന്തുടർന്നാണ് അവർക്ക് അടുത്ത് എത്താൻ സാധിച്ചത്.തുടർന്ന് നടന്ന യുദ്ധത്തിൽ പങ്കെടുത്തത് ഹെന്രിയുടെ കപ്പൽവ്യൂഹത്തിൽ തന്നെയുള്ള മറ്റൊരു കപ്പലായ അമിറ്റി(Amity )യായിരുന്നു. എന്നാൽ അമിറ്റിയിലെ കപ്പിത്താനും കുപ്രസിദ്ധകൊള്ളക്കരാനുമായ തോമസ് റ്റ്യു (Thomas Tew) ഫത്തേ മുഹമ്മദിൽ നിന്നുള്ള വെടിയുണ്ടയേറ്റു കൊല്ലപ്പെടുകയും അതിലെ കൊള്ളക്കാരെല്ലാം കീഴടങ്ങുകയും ചെയ്തു. അവരെയെല്ലാം ഫത്തേ മുഹമ്മദിൽ കൊണ്ടുവന്നാണ് തടവിൽ പാർപ്പിച്ചത്. ഈ വിവരം അറിഞ്ഞ ഹെന്രി തന്റെ കപ്പലിൽ നിന്നും തുടരെ തുടരെ വെടി ഉതിർത്തു ഫത്തേ മുഹമ്മദിനേ കീഴ്പെടുത്തുകയും അതിലുള്ള തങ്ങളുടെ ആളുകളെ രക്ഷപെടുത്തുകയും, കൂടാതെ അതിലുള്ള എല്ലാ സമ്പത്തും കൊള്ളയടിക്കുകയും ചെയ്തു. ഇതുതന്നെ ഏകദേശം 80 കോടി രൂപയ്ക്കുള്ളത് ഉണ്ടായിരുന്നു (£60000 ).

തുടർന്ന് ഹെന്രി മുഗൾ രാജാവിന്റെ ഗൻജ് -ഇ-സവായിയെ ഓവർട്ടേക്ക് ചെയ്തു. അതിന്റെ മുൻപിൽ എത്തി. തുടർന്ന് അവിടെ നടന്നത് അതിരൂക്ഷമായ യുദ്ധം ആണ്. മുഗൾ രാജാവിന്റെ കപ്പലിൽ നിന്നുള്ള വെടിയെ തടുക്കാൻ ഹെന്രി പാടുപെട്ടു. അയാൾ പരാജയപ്പെട്ട് പിൻവാങ്ങാൻ തുടങ്ങിയ അവസരത്തിൽ ആണ് അത് സംഭവിച്ചതു. ഫാൻസിയിൽ നിന്നുള്ള ഒരു വെടിയുണ്ട ഗൻജ് -ഇ-സവായിയുടെ കൊടിമരം തകർത്തു. തുടർന്ന് അവിടെ വലിയ തീപിടുത്തം ഉണ്ടായി. അത് അവിടെയുള്ളവരുടെ ആത്മവിശ്വാസം തകർത്തു. ആ സമയം മുതലാക്കി ഹെന്രി തന്റെ കപ്പൽ ഗൻജ് – ഇ – സവായിയോട് അടുപ്പിച്ചു. അതിനുള്ളിൽ കയറിപറ്റാൻ ശ്രമിച്ചു, അവിടെയുള്ളവർ ചെറുത്തുനിന്നു. അതാ അടുത്ത സുവർണാവസരം..!ഗൻജ് -ഇ-സവായിയുടെ ഒരു പീരെങ്കി അറിയാതെ പൊട്ടി അവിടെ നിന്ന കുറെ പടയാളികൾ മരണമടഞ്ഞു. ബാക്കിയുള്ളവർ നാലുപാടും പാഞ്ഞു. അങ്ങനെ അവിടാകെ താറുമാറായി …പിന്നീടു അമാന്തിച്ചില്ല …ഹെന്രിയും സംഘവും കപ്പലിൽ കയറി പറ്റി.

പിന്നീട് അവിടെ നടന്നത് കയ്യാങ്കളി ആണ്. പേടിതൊണ്ടനായ ഗൻജ് -ഇ-സവായിയുടെ കപ്പിത്താൻ കപ്പലിന്റെ അടിത്തട്ടിൽ പോയി ഒളിച്ചു. നായകൻ നഷ്ടപെട്ട കപ്പലിലെ എല്ലാവരും അങ്ങനെ കീഴടങ്ങി. പിന്നീടു കപ്പലിൽ ഉള്ള സമ്പത്തിനെകുറിച്ച് മനസ്സിലാക്കാൻ ഹെന്രി അതിക്രുരമായ മുറകൾ ആണ് അഴിച്ചു വിട്ടത്. യുദ്ധത്തിൽ ഹെന്രിയുടെ 20 ഓളം ആളുകൾ മരണമടഞ്ഞിരുന്നു. അതിനു പ്രതികാരമായി ഹെന്രിയുടെ ആളുകൾ അവിടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തു. വയസ്സായവരെ പോലും വെറുതെ വിട്ടില്ല. ഒരാഴ്ചയോളം നടുക്കടലിൽ ഈ പീഡനം തുടർന്നു. കപ്പലിൽ നിന്നും ഹെന്രിക്ക് കിട്ടിയത് 500 കോടിയോളം വിലയുള്ള സ്വർണ്ണ നാണയങ്ങളും രത്നങ്ങളും ആണ്( £600,000). കൂടെയുള്ളവർക്ക് വീതിച്ചു കഴിഞ്ഞു, ഹെന്രിക്ക് ഏകദേശം 500 കോടിയോളം കിട്ടിക്കാണും. അങ്ങനെ അയാൾ ചരിത്രത്തിലെ ഏറ്റവും ധനികനായ കപ്പൽകൊള്ളക്കാരൻ ആയി തീർന്നു .

ഇതെല്ലാം കഴിഞ്ഞു മുഗൾ കപ്പലുകൾ തിരിച്ചു സൂററ്റിൽ എത്തിച്ചേര്ന്നു. വിവരം അറിഞ്ഞ ഔറംഗസീബു ചക്രവർത്തി കലികൊണ്ട്‌ തുള്ളി. ഇത് ഇംഗ്ലീഷുകാരുടെ പണി ആണെന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന് ഇന്ത്യയിൽ ഉള്ള ഇംഗ്ലീഷുകാരുടെ എല്ലാ സങ്കേതങ്ങളും വളഞ്ഞു,അവരെയെല്ലാം തടവിൽ വച്ചു. അവസാനം കപ്പലിൽ നിന്നു നഷ്ടപ്പെട്ട 500 കോടിയുടെ മുതലും ഇംഗ്ലിഷുകാർക്ക് കൊടുക്കേണ്ടി വന്നു. എന്നാൽ അത് മോഷ്ടിച്ച് കടന്നു കളഞ്ഞ ഹെന്രി എവെരിയെകുറിച്ച് നാളിതുവരെയും ഒരു വിവരവും ഇല്ല ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.