ജൂലിയ വാലസ് കൊലക്കേസ് – 87 വര്‍ഷമായി തെളിയിയ്ക്കാനാവാത്ത ഒരു കൊലപാതകം

Total
0
Shares

86 വര്‍ഷമായി തെളിയിയ്ക്കാനാവാത്ത കേസാണ് ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടന്ന “ജൂലിയ വാലസ്” കൊലപാതകം. ഈ കേസിനെ പറ്റി അനേകം പുസ്തകങ്ങള്‍ രചിയ്ക്കപെട്ടിട്ടുണ്ട്, സിനിമ നിര്മിക്കപെട്ടിട്ടുണ്ട്. അനേകം ഡോകുമെണ്ടറികളും പഠനങ്ങളും നടന്നിട്ടുണ്ട്. കേസുമായി ബന്ധപെട്ടവരെല്ലാം മരിച്ചിട്ടും , ഇന്നും ഈ കേസ് അന്വേഷകരെ വിസ്മയിപ്പിക്കുന്നു.

ബിജുകുമാർ ആലക്കോട്.

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി).

ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ നഗരത്തിലെ വോള്‍വെര്‍ട്ടന്‍ തെരുവ്. തെരുവിന് ഇരു വശവും നിരനിരയായി വീടുകളാണ്. അവയിലൊന്നിലാണ്‌ വില്യം വാലസും ഭാര്യ ജൂലിയ വാലസും താമസിയ്ക്കുന്നത്. പ്രുഡന്ഷ്യല്‍ ഇന്ഷുറന്സ് കമ്പനിയിലെ ഒരു ഏജന്റാണ് വില്യം വാലസ്. 52 വയസ്സു പ്രായം. ബിസിനസിന്റെ സൗകര്യാർത്ഥം അയാൾ ഇവിടെ വീടു വാടകയ്ക്കെടുത്താണു താമസം നഗരത്തിന്റെ പല ഭാഗങ്ങളിലും വാലസിനു കക്ഷികളുണ്ട്. അവരിൽ നിന്നും പ്രീമിയം തുക ശേഖരിയ്ക്കാനായും പുതിയ കക്ഷികളെ കണ്ടെത്താനുമായി വാലസ് എന്നും നഗരം ചുറ്റി സഞ്ചരിയ്ക്കും. എങ്കിലും ഭക്ഷണ സമയങ്ങളിൽ എങ്ങനെയും വീട്ടിലെത്തും. ആഹാരം ഭാര്യയുമൊത്തായിരിയ്ക്കണം എന്നതു അയാൾക്കു നിർബന്ധമായിരുന്നു.

1931 ജനുവരി 19. തിങ്കളാഴ്ച.കലശലായ ഫ്ലൂ ബാധയെ തുടർന്നു കുറേ ദിവസങ്ങളായി വാലസ് വീടിനു പുറത്തേയ്ക്കുള്ള യാത്രകൾ നിർത്തിയിരിയ്ക്കുകയായിരുന്നു. ഇന്നു ഏറെക്കുറെ സുഖമായിട്ടുണ്ട്. അതു കൊണ്ട് രാവിലെ തന്നെ കക്ഷികളെ സന്ദർശിയ്ക്കാനുള്ള തയ്യാറെടുപ്പിലാണു വാലസ്. അയാളുടെ ഊഴം കഴിഞ്ഞ പാടെ ഭാര്യയെ പിടികൂടിയിട്ടുണ്ട് ഫ്ലൂ. അതിപ്പോൾ മൂർച്ഛിച്ചതു പോലെയുണ്ട്, രാവിലെ മുതൽ ചുമ. ഉടനെ തന്നെ ഡോക്ടറെ കാണാൻ വാലസ് ഭാര്യയെ ഉപദേശിച്ചു. പത്തുമണിയായതോടെ തന്റെ ഓവർക്കോട്ടും ഹാറ്റുമണിഞ്ഞ് അയാൾ വെളിയിലേയ്ക്കിറങ്ങി. പുറത്ത് ചാറ്റൽ മഴയുണ്ട്. നനഞ്ഞ തെരുവ്. മഴക്കോട്ടുകളണിഞ്ഞ് ചിലർ തിടുക്കത്തിൽ നടന്നു പോകുന്നു.

ഉച്ചയ്ക്കു ഭക്ഷണത്തിനായി വാലസ് തിരികെയെത്തി. അയാളും ജൂലിയയും ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു, തുടർന്ന് രണ്ടു പേരും ചേർന്ന് അല്പനേരം വയലിൻ വായിച്ചു. അതൊരു പതിവാണ്, അല്പനേരം ഒന്നിച്ചിരുന്നുള്ള സ്നേഹ സംഗീതം. ജൂലിയയ്ക്ക്, ഭർത്താവ് വില്യം വാലസിനേക്കാൾ പത്തു വയസ്സിലേറെ കൂടുതലുണ്ട്. എങ്കിലും സുന്ദരിയും പ്രൗഡയുമായിരുന്നു അവർ. വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതം. അപരിചിതരെ ഭയമായതിനാൽ, നല്ല പരിചയമുള്ളവർക്കല്ലാതെ അവർ വീടിനുള്ളിൽ പ്രവേശനം അനുവദിയ്ക്കാറില്ല. വോൾവെർട്ടൻ തെരുവിൽ നിന്നും ഏതാനും മൈലുകൾ അകലെയായി, 24 നോർത്ത് ജോൺ സ്റ്റ്രീറ്റ് എന്ന സ്ഥലത്ത് ഒരു ചെസ്സ് ക്ലബ്ബുണ്ട്. “കോട്ടിൽസ് സിറ്റി കഫേ“യോട് ചേർന്നാണു ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. കഫേയുടെ സൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ട്, ചെസ്സുകളിയിൽ താല്പര്യമുള്ളവർ ചേർന്ന് രൂപീകരിച്ച ഒരു സംവിധാനം, അതാണു ഈ ക്ലബ്ബ്. വില്യം വാലസും ഈ ക്ലബ്ബിലെ അംഗമാണ്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരങ്ങളിൽ അയാൾ അയാൾ അവിടെ ചെസ്സു കളിയ്ക്കാൻ പോകും. വാസ്തവത്തിൽ നല്ലൊരു കളിക്കാരനൊന്നുമല്ല അയാൾ. പക്ഷേ ചെസ്സിനോടുള്ള അയാളുടെ താല്പര്യം വളരെക്കൂടുതലായിരുന്നു.

പലവിധ തിരക്കുകളാൽ കുറേ ആഴ്ചകളായി അയാൾ ക്ലബ്ബിൽ പോയിട്ട്. ഇന്നു എന്തായാലും ക്ലബ്ബിൽ പോകണം. വാലസ് ഉറപ്പിച്ചു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ക്ലബ്ബിലെ അംഗങ്ങളെല്ലാവരും പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് അവിടെ ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 7.45 നാണു മൽസരം ആരംഭിയ്ക്കുക. ഓരോ ദിവസവും മൽസരിയ്ക്കുന്നവരുടെ പേരു വിവരങ്ങൾ ആഴ്ചകൾ മുൻപേ നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്. ഇന്നു വാലസിന്റെ മൽസരമുണ്ട്. പങ്കെടുക്കാതിരുന്നാൽ ഫൈൻ അടയ്ക്കേണ്ടി വരും. ഒരു കാപ്പികുടിച്ച്, മൂന്നുമണിയോടെ വാലസ് ഇൻഷുറൻസ് കലക്ഷനിറങ്ങി. അധികം വൈകാതെ തിരികെ എത്തി. ക്ലബ്ബിലെ ടൂർണമെന്റിനെ പറ്റി അയാൾ ജൂലിയയോടു പറഞ്ഞു. രാത്രി താൻ തിരികെ എത്താൻ അല്പം താമസിച്ചേക്കുമെന്നും സൂചിപ്പിച്ചു. അല്പം ഭക്ഷണം കഴിച്ചു, ഒരുക്കങ്ങൾ കഴിഞ്ഞ് വാലസ് വീട്ടിൽ നിന്നിറങ്ങുമ്പോൾ സമയം 7.15 ആയിരുന്നു. പുറത്ത് ഇരുട്ടിയിര്യ്ക്കുന്നു. നല്ല മഴമൂടലുണ്ട്. അല്പം മുന്നോട്ട് നടന്ന് ബ്രെക്ക് റോഡിലെത്തിയാൽ ഒരു ട്രാം സ്റ്റോപ്പുണ്ട്. അടുത്ത ട്രാം പിടിച്ചാൽ സമയത്തിനു അയാൾക്ക് നഗരത്തിൽ ക്ലബ്ബിലെത്താം.

ഇതേ സമയം, നഗരത്തിലെ റിച്ച്മോണ്ട് ടെറസ് ടെലഫോൺ എക്ചേഞ്ച്. ഓപറേറ്റർ ലൂയിസ ആൽഫ്രെഡ്സിന്റെ മുൻപിലെ ഫോൺ റിംഗ് ചെയ്തു. അവൾ ഫോണെടുത്തു. ഒരു പുരുഷ ശബ്ദം. 3581 എന്ന നമ്പരിലേയ്ക്കു കോൾ കണക്റ്റ് ചെയ്തു കിട്ടാനായിരുന്നു അയാൾ വിളിച്ചത്. ലൂയിസ ആ നമ്പരിലേയ്ക്കു കണക്ട് ചെയ്ത അതേ സമയം തന്നെ ഫോൺ കട്ടായി. അല്പസമയത്തിനകം വീണ്ടും ഫോൺ റിംഗ് ചെയ്തു. ഇത്തവണ ലൂയിസയുടെ അടുത്തിരുന്ന ഓപറേറ്റർ ലിലിയൻ മാർത ആണു ഫോണെടുത്തത്. 3581 എന്ന നമ്പരിലേയ്ക്ക് കോൾ കണക്ട് ചെയ്യാനായിരുന്നു ആവശ്യം. താൻ തൊട്ടു മുൻപേ വിളിച്ചിട്ടു കണക്ഷൻ കിട്ടും മുൻപേ കോൾ കട്ടായി എന്നും കോയിൻ ബോക്സിൽ നിക്ഷേപിച്ച പണം നഷ്ടമായെന്നും അയാൾ വിശദീകരിച്ചു. മാർത്ത ഇക്കാര്യം ലൂയിസയോടു പറഞ്ഞു. എന്നാൽ ലൂയിസയുടെ മുന്നിലെ സ്വിച്ച് ബോർഡിലെ ലൈറ്റ് നൽകുന്ന സൂചന അയാൾ ആദ്യ കോൾ കണക്ഷൻ ആകും മുൻപേ മനപൂർവം കട്ടാക്കിയത് ആണെന്നായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ബോക്സിൽ നിക്ഷേപിച്ച നാണയം പുറത്തേയ്ക്കു വരും. അതായത് സൗജന്യമായി ഒരു കോൾ നേടാനുള്ള തന്ത്രമാകണം അയാളുടേത്.

ഉടനെ മാർത്ത അയാൾ വിളിയ്ക്കുന്ന ബൂത്തിന്റെ നമ്പർ ഒരു നോട്ട് ബുക്കിൽ കുറിച്ചു – 1627. ഒപ്പം, കണക്ഷൻ വേണ്ട നമ്പരും വിളിച്ച സമയവും അതായത് 7.20 PM. തുടർന്ന് അവർ 3581 എന്ന നമ്പരിലേയ്ക്കു കോൾ കണക്ട് ചെയ്തു. കോട്ടിൽസ് സിറ്റി കഫേയുടെ നമ്പരിലേയ്ക്കായിരുന്നു അയാൾ വിളിച്ചത്. സിറ്റി കഫേ ജോലിക്കാരി ഗ്ലാഡിസ് ഹാർലിയാണു ഫോണെടുത്തത്. “മി. വാലസ് അവിടെയുണ്ടോ?“ മുഴക്കമുള്ള ശബ്ദം. ഫോൺ ചെസ്സ് ക്ലബ്ബിലേയ്ക്കാണെന്ന് ഗ്ലാഡിസിനു മനസ്സിലായി. ഹോൾഡ് ചെയ്യാൻ പറഞ്ഞിട്ട് അവൾ ചെസ്സ് ക്ലബ്ബിൽ വിവരമറിയിച്ചു. ക്ലബ്ബ് ക്യാപ്ടൻ സാമുവൽ ബിയാറ്റി വന്നു ഫോൺ എടുത്തു. “മി. വാലസ് അവിടെയുണ്ടോ? അയാളിന്നു വരാൻ സാധ്യതയുണ്ടോ? “ “എനിയ്ക്ക് ഉറപ്പുപറയാൻ കഴിയില്ല.“ ബീയാറ്റി പറഞ്ഞു. “അയാളുടെ അഡ്രസ്സ് ഒന്നു പറയാമോ?“ “ബുദ്ധിമുട്ടാണ്.“ “താങ്കൾ അയാളെ ഇന്നു കാണാൻ സാധ്യതയുണ്ടോ?“ “എനിയ്ക്കറിയില്ല“. “സർ, എന്റെ പേരു RM ക്വാൽട്രോഫ്. 25 മെൻലോവ് ഗാർഡെൻസ് ഈസ്റ്റ്. അതാണെന്റെ അഡ്രസ്. എന്റെ മകളുടെ 21 മത് ബെർത്ത്ഡേയാണ്. അവൾക്കു ഭാവിയിൽ ഗുണപ്രദമായ എന്തെങ്കിലും സമ്മാനം നൽകണമെന്ന് ആഗ്രഹിയ്ക്കുന്നു. വാലസിന്റെ ഇൻഷുറൻസ് കമ്പനിയുടെ ഒരു പോളിസി നൽകിയാലോ എന്നാണു ഞാൻ ചിന്തിയ്ക്കുന്നത്. ഇക്കാര്യം സംസാരിയ്ക്കുന്നതിനായി അയാളെ കാണണമെന്നുണ്ട്. നാളെ വൈകിട്ട് 7.30 എന്റെ വീട്ടിൽ വന്നു കാണുവാൻ അയാളെ അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു.“ വാലസ് വരുമ്പോൾ ഇക്കാര്യം അറിയിയ്ക്കാമെന്നു പറഞ്ഞ് ബീയാറ്റി ഫോൺ വെച്ചു.

നല്ല പിരിമുറുക്കമുള്ള ഒരു കളിയ്ക്കിടയിൽ നിന്നാണു ബീയാറ്റി ഫോൺ അറ്റൻഡ് ചെയ്യാൻ വന്നത്. അയാൾ വേഗം ചെസ്സ് ബോർഡിനരുകിലേയ്ക്ക് ഓടി. അവിടെ അപ്പോൾ വാലസ് എത്തിയിട്ടുണ്ടായിരുന്നു. “നിങ്ങളെ ഒരു ക്വാൽട്രോഫ് വിളിച്ചിരുന്നു വാലസ്. അയാൾ നിങ്ങൾക്കൊരു ബിസിനസ് തരാൻ ആഗ്രഹിയ്ക്കുന്നു. നാളെ രാത്രി 7.30 അയാളെ വീട്ടിൽ പോയി കാണുക. അഡ്രസ്സ് തന്നിട്ടുണ്ട്.“ “ക്വാൽട്രോഫ്.. അങ്ങനെ ഒരാളെപ്പറ്റി ഞാൻ കേട്ടിട്ടില്ലല്ലോ..“ വാലസ് അതിശയിച്ചു. രാത്രി 10 മണിയായി അന്നത്തെ മൽസരങ്ങൾ അവസാനിച്ചപ്പോൾ. അത്ഭുതമെന്തെന്നു വച്ചാൽ തന്റെ മൽസരത്തിൽ വാലസ് ജയിച്ചു എന്നുള്ളതാണ്.! അയാൾക്കു പോലും അതു വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. ലോകം വെട്ടിപ്പിടിച്ച സന്തോഷമായി അയാൾക്ക്. വീട്ടിലെത്തുമ്പോൾ ജൂലിയ അയാളെ കാത്തിരിപ്പുണ്ടായിരുന്നു. പനിയുടെയും ചുമയുടെയും കടുത്ത ക്ഷീണം അവരുടെ മുഖത്തുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് അവർ കിടന്നു.

ജനുവരി 20. ചൊവാഴ്ച. വാലസ് പതിവു പോലെ രാവിലെ പത്തുമണിയ്ക്കു തന്നെ പുറപ്പെട്ടു. മാസത്തിലെ അവസാന ആഴ്ച എന്ന നിലയിൽ ഏറെ ജോലികൾ ബാക്കി കിടക്കുന്നു അയാൾക്ക്. പനി മൂലം നഷ്ടപ്പെട്ട ദിവസങ്ങളിലെ ജോലി കൂടി പൂർത്തിയാക്കേണ്ടിയിരിയ്ക്കുന്നു. ബ്രെക്ക് റോഡ് ട്രാം സ്റ്റോപ്പിൽ നിന്നും ക്ലബ്ബ് മൂർ എന്ന സ്ഥലത്തേയ്ക്കുള്ള ട്രാമിൽ അയാൾ കയറി. വീട്ടിൽ ജൂലിയ തനിച്ചായിരുന്നു. രാവിലെ 11.30 യോടെ ഒരു ബെൽ കേട്ട് വാതിൽ തുറന്നു. ആർതർ ഹോയർ എന്നയാളായിരുന്നു അത്. ഒരു ബക്കറ്റ് ചൂടുവെള്ളമായിരുന്നു അയാളുടെ ആവശ്യം. തെരുവിലെ വീടുകളുടെ ജനാല വൃത്തിയാക്കലാണു അയാളുടെയും ഭാര്യഎമിലിയുടെയും ജോലി. ജൂലിയയ്ക്ക് അയാളെ നല്ല പരിചയമുണ്ട്. വെള്ളവുമായി അയാൾ പോയി. എമിലി ഓരോ വീടുകളായി വൃത്തിയാക്കി വരുകയാണ്.

ഉച്ചയായപ്പോൾ വാലസ് ഭക്ഷണത്തിനായി തിരികെ വീട്ടിലെത്തി. ഭക്ഷണശേഷം വാലസ് വീണ്ടും ക്ലബ് മൂറിലേയ്ക്കു പോയി. ഈ നേരത്ത് ജൂലിയയുടെ നാത്തൂൻ ആമി വാലസ് അവിടെയെത്തി. വില്യം വാലസിന്റെ ജ്യേഷ്ഠൻ ജോസഫ് വാലസിന്റെ ഭാര്യയാണു ആമി. ജോസഫ് ഇന്ത്യയിലോ മലേഷ്യയിലോ മറ്റോ ആണു ജോലി ചെയ്യുന്നത്. വർഷത്തിൽ ഒരിയ്ക്കലാണു വീട്ടിലെത്തുക. ജൂലിയയും ആമിയും ഏറെ നേരം സംസാരിച്ചിരുന്നു. 4.30 ആയി അവർ പിരിയുമ്പോൾ. വീടിന്റെ പിൻവാതിലിൽ കൂടി ജൂലിയ പുറത്തിറങ്ങി. അവിടെ നിന്നാൽ അയൽക്കാരായ ജോൺ ജോൺസ്റ്റന്റെയും ഫ്ലോറെൻസ് ജോൺസ്റ്റന്റെയും വീടിന്റെ പിൻവശം കാണാം. ജൂലിയയെ കണ്ടിട്ടാവാം അവരും ജോൺസ്റ്റനും ഭാര്യയും പുറത്തു വന്നു. കുറേ നേരം അവർ കുശലം പറഞ്ഞു നിന്നു.

വൈകിട്ട് 6.05 ആയി വാലസ് തിരികെ വീട്ടിലെത്തുമ്പോൾ. അധികം തങ്ങുവാൻ സമയമുണ്ടായിരുന്നില്ല അയാൾക്ക്. 7.30 നു മെൻലോവ് ഗാർഡനിലെത്തി ക്വാൽട്രോഫിനെ കാണേണ്ടതാണു. ലഘുഭക്ഷണശേഷം വാലസ് യാത്രയ്ക്കു തയ്യാറായി. ഇൻഷുറൻസ് സംബന്ധമായകുറേ പേപ്പറുകൾ അയാൾ കരുതിയിട്ടുണ്ട്. കസ്റ്റമറുടെ ഏതു സംശയത്തിനും കൃത്യമായ ഉത്തരം കൊടുക്കാൻ ഒരു ഏജന്റിനു കഴിയണം. വാലസ് വീട്ടിൽ നിന്നിറങ്ങുമ്പോൾ സമയം 6.45. പിൻവശത്തെ വാതിൽ വഴിയാണു പുറത്തിറങ്ങിയത്. ഇരുട്ടു വീണു തുടങ്ങിയിരിയ്ക്കുന്നു. മഴയുടെ ലക്ഷണമൊന്നുമില്ല. ഗേറ്റ് വരെ ജൂലിയ അയാളെ അനുഗമിച്ചു. അതിനു ശേഷം ഗേറ്റ് പൂട്ടി അകത്തേയ്ക്കു പോന്നു.

ഏതാണ്ട് അരകിലോമീറ്റർ നടന്ന് സെന്റ് മാർഗരറ്റ് ചർച്ചിന്റെ സമീപത്തു നിന്നും അയാൾ ട്രാമിൽ കയറി. രണ്ടു ട്രാമുകൾ കൂടി മാറിക്കയറി , 7.20 നു പെന്നി ലെയിൻ റൗണ്ട് എബൗട്ടിലെത്തി. അവിടെ ക്വാൽട്രോഫിന്റെ 25, മെൻലോവ് ഗാർഡൻസ്, ഈസ്റ്റ് എന്ന അഡ്രസിലേയ്ക്കു നടന്നു. ഈ ഭാഗം വാലസിനു അത്ര പരിചയമുള്ളതല്ല. കുറേ മുന്നോട്ടു നടന്നിട്ടും ആ അഡ്രസ്സ് കണ്ടെത്തനായില്ല. ഒടുവിൽ തെരുവിൽ കണ്ട ഒരു സ്ത്രീയോട് അന്വേഷിച്ചു. താനിപ്പോൾ നടക്കുന്നത് മെൻലോവ് അവന്യൂവിൽ കൂടിയാണെന്ന് അവരിൽ നിന്നാണു മനസ്സിലായത്. മെൻലോവ് ഈസ്റ്റ് എവിടെ ആണെന്ന് അവർക്കും അറിയില്ല. വാലസ് തിരികെ നടന്നു. റൗണ്ട് എബൗട്ടിൽ നിന്നും തിരിഞ്ഞു നടന്നു. അത് എത്തിനിന്നത് മെൻലോവ് നോർത്തിലായിരുന്നു. വീണ്ടും തിരികെ നടന്നു. ഇത്തവണ അയാൾ ഓരോ വീട്ടു നമ്പരും ശ്രദ്ധിച്ചു. എല്ലാം ഇരട്ട സംഖ്യകൾ മാത്രം. 25 എന്ന സംഖ്യ ഒരിടത്തുമില്ല. വഴിയിൽ കണ്ട ഒരു പയ്യനോട് വാലസ് അന്വേഷിച്ചു. ഇത് മെൻലോവ് സൗത്ത് ആണ്. ഈസ്റ്റ് എവിടെയാണു എന്ന് അവനും അറിയില്ല. ഒരു പക്ഷെ അവിടെ ആയിരിയ്ക്കാം. അവൻ കൈചൂണ്ടി.
വാലസ് അങ്ങോട്ടോയ്ക്ക് നടന്നു.

കുറച്ചു നടന്നപ്പോൾ 25 ആം നമ്പർ വീട് അയാൾ കണ്ടെത്തി. ആശ്വാസത്തോടെ അതിന്റെ വാതിൽക്കലെത്തി ബെല്ലടിച്ചു. അല്പസമയം കഴിഞ്ഞ് ഒരു സ്ത്രീ വാതിൽ തുറന്നു. “മി. ക്വാൽട്രോഫിന്റെ വീടല്ലേ ഇത്. ഒരു അപ്പോയിന്റെമെന്റ് ഉണ്ടായിരുന്നു.“ വാലസ് പറഞ്ഞു. “അല്ല. ഇത് റിച്ചാർഡ് മാത്തറുടെ വീടാണ്..!“ “ഓ..സോറി. മി. റിച്ചാർഡ് അകത്തുണ്ടോ.. ഞാൻ ഇവിടെ ഒരു ക്വാൽട്രോഫിന്റെ വീട് അന്വേഷിച്ച് നടക്കുകയാണ്.“ “അദ്ദേഹം പുറത്തു പോയിരിയ്ക്കുകയാണ്. എന്റെ അറിവിൽ ഇവിടെയെങ്ങും ക്വാൽട്രോഫ് എന്നൊരാൾ താമസിയ്ക്കുന്നില്ല.“ “മെൻലോവ് ഈസ്റ്റ് അല്ലേ ഇത്?“ “അല്ല. മെൻലോവ് വെസ്റ്റ്..“ ക്ഷമാപണത്തോടെ വാലസ് പുറത്തേയ്ക്കിറങ്ങി.

അരമണിക്കൂറോളമായി ചുറ്റിനടന്നു വശം കെട്ട വാലസ് ഗ്രീൻ ലയിൻ ജംഗ്ഷനിലേയ്ക്കു നടന്നു. അവിടെ അയാൾ ഒരു പൊലീസുകാരനെ കണ്ടു. താൻ അന്വേഷിയ്ക്കുന്ന അഡ്രസ്സിനെപറ്റി പൊലീസുകാരനോട് ചോദിച്ചു. “25, മെൻലോവ് ഈസ്റ്റ്“ എന്നൊരു അഡ്രസ് ഇല്ല..!“ പൊലീസുകാരൻ പറഞ്ഞു. വാലസ് അതിശയിച്ചു പോയി. മെൻലോവ് സൗത്ത്, നോർത്ത്, വെസ്റ്റ്, അവന്യു ഇവയെല്ലാം ഉണ്ട്, ഈസ്റ്റ് മാത്രം ഇല്ല..! ചെസ്സ് ക്ലബ്ബിലെ ക്യാപ്റ്റൻ ബീയാറ്റിയ്ക്ക് അഡ്രസ്സ് പറഞ്ഞു തന്നപ്പോൾ തെറ്റു പറ്റിയതാണോ? “ഇവിടെ എവിടെയെങ്കിലും ഒരു ഡയറക്ടറി പരിശോധിയ്ക്കാൻ കിട്ടുമോ? മി. ക്വാൽട്രോഫ് എന്നൊരാളുടെ പേരു ഉണ്ടെങ്കിൽ അറിയാമല്ലോ.. ചിലപ്പോൾ അഡ്രസ് തെറ്റിയതാവാം..“ വാലസ് പൊലീസുകാരനോട് ചോദിച്ചു.
“ആ പോസ്റ്റോഫീസിൽ ചിലപ്പോൾ കണ്ടേക്കും..“ റോഡിനപ്പുറത്തെ പോസ്റ്റോഫീസ് ചൂണ്ടി പൊലീസുകാരൻ പറഞ്ഞു. എട്ടുമണിയാകാൻ ഇനിയും സമയമുണ്ട്. പോസ്റ്റോഫീസ് അടച്ചിട്ടില്ല. പൊലീസുകാരനോട് നന്ദി പറഞ്ഞ് വാലസ് അങ്ങോട്ടു തിരിച്ചു.

പോസ്റ്റോഫീസിൽ പക്ഷേ ഡയക്ടറി ഒന്നും ഇല്ലായിരുന്നു. തൊട്ടപ്പുറത്തെ ന്യൂസ് ഏജൻസി ഷോപ്പിൽ ഉണ്ടായേക്കും എന്നു അവിടെ നിന്നും പറഞ്ഞു. അതനുസരിച്ച് വാലസ് ന്യൂസ് ഏജൻസി ഷോപ്പിൽ ചെന്നു. അവിടെ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. അവരുടെ പക്കൽ ഒരു ഡയറക്ടറി ഉണ്ടായിരുന്നു. അതിൽ പക്ഷേ ക്വാൽട്രോഫ് എന്ന പേർ ഉണ്ടായിരുന്നില്ല. മാത്രവുമില്ല മെൻലോവ് ഈസ്റ്റ് എന്ന പേരിൽ ഒരു സ്ഥലം ഇവിടെയെങ്ങും ഇല്ല എന്ന് ആ സ്ത്രീകൾ വാലസിനെ അറിയിച്ചു.. അപ്പോൾ സമയം 8.00 മണിയായിരുന്നു. ആകെ കുഴങ്ങിയ വാലസ് നിരാശയോടെ തിരികെ നടന്നു. 8.10 ന്റെ ട്രാമിൽ അയാൾ വന്ന റൂട്ടിൽ തന്നെ വീട്ടിലേയ്ക്കു മടങ്ങി.

സമയം രാത്രി 8.45 ആയിരിയ്ക്കുന്നു. രണ്ടു മണിക്കൂർ നീണ്ട വിഫലമായ ഒരു യാത്രയ്ക്കു ശേഷം വില്യം വാലസ് വീട്ടിൽ തിരിച്ചെത്തി. പുറത്ത് വെളിച്ചമൊന്നുമില്ല. വീട് നിശബ്ദമാണ്. തന്റെ താക്കോൽ ഉപയോഗിച്ച് അയാൾ മുൻ‌വശത്തെ കതകു തുറക്കാൻ ശ്രമിച്ചു. താക്കോൽ തിരിഞ്ഞെങ്കിലും വാതിൽ തുറന്നില്ല. അകത്തു നിന്നും തഴുതിട്ടിരിയ്ക്കുന്നു. കതകിൽ തട്ടി അയാൾ വിളിച്ചു.“ജൂലിയാ..ജൂലിയാ..“ മറുപടിയൊന്നുമുണ്ടായില്ല. തുടർന്ന് അയാൾ പിൻഭാഗത്തേയ്ക്കു പോയി. ആ കതകും അടച്ചിരിയ്ക്കുന്നു. ഉള്ളിൽ നിന്നും നേരിയ വെളിച്ചം ജനാലയിൽ കാണാം. താക്കോലിട്ടു തിരിച്ചെങ്കിലും പിൻ വാതിലും തുറന്നില്ല. അയാളുടെ വിളികൾക്ക് യാതൊരു മറുപടിയുമില്ല.. പരിഭ്രാന്തിയോടെ വാലസ് അയലത്തെ ജോൺസ്റ്റൻ ദമ്പതികളുടെ വീട്ടിലേയ്ക്കു കയറിച്ചെന്നു. തന്റെ വീട് അകത്തു നിന്നും ആരോ പൂട്ടിയിരിയ്ക്കുന്നു എന്നും ജൂലിയായെ വിളിച്ചിട്ട് യാതൊരു മറുപടിയുമില്ലെന്നും അയാൾ അവരോട് പറഞ്ഞു.. തങ്ങൾ കൂടി വരാം ഒന്നു കൂടി ശ്രമിയ്ക്കു എന്ന് ജോൺസ്റ്റൻ പറഞ്ഞു. അല്ലെങ്കിൽ തന്റെ കൈയിലുള്ള താക്കോൽ ഉപയോഗിച്ചു നോക്കാമെന്നും അയാൾ പറഞ്ഞു. (ഇംഗ്ലണ്ടിലെ അക്കാലത്തെ രീതി അനുസരിച്ച് വീടിന്റെ ഒരു താക്കോൽ അയൽക്കാരുടെ പക്കൽ ഏൽപ്പിയ്ക്കുമായിരുന്നു).

ജോൺസ്റ്റനും ഭാര്യയും വാലസിനൊപ്പം ഇറങ്ങിച്ചെന്നു. പിൻ വാതിൽ തുറക്കാൻ വാലസ് ഒരിയ്ക്കൽ കൂടി ശ്രമിച്ചു. അത്ഭുതം ഇക്കുറി അതു തുറന്നു..! “നിങ്ങൾ പോകരുതേ.. ഞാൻ ഉള്ളിലൊന്നു നോക്കട്ടെ..“ വേവലാതിയോടെ വാലസ് കയറിപ്പോയി. ജോൺസ്റ്റനും ഭാര്യയും പുറത്തെ അരണ്ട വെളിച്ചത്തിൽ കാത്തു നിന്നു. പെട്ടെന്ന് അകത്തുനിന്ന് ഒരു നിലവിളി കേട്ടു. വാലസ് അലമുറയിട്ടുകൊണ്ട് വെളിയിലേയ്ക്കു വന്നു.. “അയ്യോ.. അവളെ ആരോ കൊന്നിരിയ്ക്കുന്നു…വന്നു നോക്കൂ..“ ജോൺസ്റ്റനും ഭാര്യയും വാലസിന്റെ പിന്നാലെ ഉള്ളിലേയ്ക്കു ചെന്നു. അടുക്കളയിൽ നിന്നും ഹാളിലൂടെ ലോഞ്ചിലേയ്ക്ക്. അവിടെ, ജൂലിയ വാലസിന്റെ ശരീരം കമഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. കനത്ത എന്തോ ആയുധം കൊണ്ടുള്ള അടിയേറ്റ് അവരുടെ തല തകർന്നിരുന്നു. അവിടെയെങ്ങും രക്തം തളം കെട്ടിക്കിടക്കുന്നു. അവരുടെ ശരീരത്തിനടിയിലായി ഒരു മഴക്കോട്ട് കിടപ്പുണ്ട്. അതിലും രക്തം പറ്റിയിട്ടുണ്ട്.. ഭീകരമായിരുന്നു ആ കാഴ്ച. വാലസ് തളർച്ചയോടെ നിലത്തിരുന്നു… “ഓ പാവം ജൂലിയാ.. അവർ എന്തിനു അവളെ കൊന്നു..“ അയാൾ തേങ്ങിക്കൊണ്ടിരുന്നു.

ആദ്യം മനസ്സിടിഞ്ഞു പോയെങ്കിലും ജോൺസ്റ്റൻ മനസ്സാന്നിധ്യം വീണ്ടെടുത്തു. ഒന്നിലും സ്പർശിയ്ക്കരുതെന്ന് അയാൾ ഭാര്യ ഫ്ലോറെൻസിനോടും വാലസിനോടും പറഞ്ഞു. അവരോട് അവിടെ തന്നെ ഇരിയ്ക്കാൻ പറഞ്ഞിട്ട് അയാൾ പൊലീസിനെ വിവരമറിയ്ക്കാനായി പോയി, അതോടൊപ്പം തന്നെ ഒരു ഡോക്ടറെയും. വാലസ് ഫ്ലോറെൻസിനെയും കൂട്ടി അടുക്കളയിലേയ്ക്കു ചെന്നു. അവിടെ അന്നത്തെ “ലിവർപൂൾ എക്കോ“ എന്ന അന്തിപ്പത്രം നിവർത്തി വച്ച നിലയിൽ ഉണ്ടായിരുന്നു. ഒരു ക്യാബിനറ്റ് അലമാരയുടെ വാതിലുകൾ വെട്ടിപ്പൊളിച്ച നിലയിൽ തറയിൽ വീണു കിടക്കുന്നു. അതിലായിരുന്നു വാലസ് തന്റെ ദിവസകളക്ഷൻ സൂക്ഷിച്ചിരുന്നത്. അയാൾ വേഗം ചെന്ന് അതിലിരുന്ന പണം സൂക്ഷിയ്ക്കുന്ന ഒരു ചെറിയ ജാർ പരിശോധിച്ചു. ഒരു പൗണ്ടിന്റെ 4 നോട്ടുകൾ നഷ്ടപ്പെട്ടിരിയ്ക്കുന്നു. എന്നാൽ അടുക്കളയിലെ ഒരു മേശമേൽ ജൂലിയയുടെ ഹാൻഡ് ബാഗ് ഇരിപ്പുണ്ടായിരുന്നു. അതിൽ അക്രമി സ്പർശിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല. അതിലുണ്ടായിരുന്ന പണവും അല്പം വെള്ളിയും അവിടെ തന്നെ ഉണ്ടായിരുന്നു. വാലസ് ഫ്ലോറെൻസിനോടൊപ്പം വീടിന്റെ മുകൾ നിലയിലേയ്ക്കു പോയി. അവിടെ അയാളുടെ റൂമിലെ മറ്റൊരു ജാറിൽ കുറച്ചു പണം സൂക്ഷിച്ചിരുന്നു. അതും നഷ്ടപ്പെട്ടിരുന്നില്ല.

ജോൺസ്റ്റൻ, ലോവർ ബ്രെക്ക് റോഡ് ജംഗ്ഷനിലേയ്ക്കു നടന്നു. അവിടെ താമസിയ്ക്കുന്ന ഡോ: ഡൺലപ്പിനെ വിവരമറിയിച്ചു. ഉടനെ തന്നെ ആൻഫീൽഡ് ബ്രൈഡ്വെൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിയ്ക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു. സമയം 09.10. വാതിലിൽ ശക്തിയായി തട്ടുന്ന ശബ്ദം കേട്ട് ഫ്ലോറെൻസ് അതു തുറക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കതിനു കഴിയാതെ വന്നപ്പോൾ വാലസ് എഴുനേറ്റു വന്ന് സഹായിച്ചു. അല്പം ശ്രമകരമായി അതു തുറന്ന്. പൊലീസ് കോൺസ്റ്റബിൾ ഫ്രെഡ് വില്യംസ് ആയിരുന്നു പുറത്തുണ്ടായിരുന്നത്. വാലസ് അയാളെ ലോഞ്ചിലേയ്ക്കു നയിച്ചു. തനിയ്ക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല എന്നും, വീടു തുറന്ന് അകത്തു കയറിയ താൻ കണ്ട കാഴ്ച ഇതായിരുന്നു എന്നും ഇതിനിടയിൽ അയാൾ പറഞ്ഞു കൊണ്ടിരുന്നു.

ഫ്രെഡ് വില്യംസ്, ബോഡി കിടക്കുന്നതിനു സമീപം എത്തി. മുട്ടിന്മേലിരുന്ന് അയാൾ ജൂലിയയുടെ പൾസ് പരിശോധിച്ചു. ഒന്നുമുണ്ടായിരുന്നില്ല. ശരീരത്തിൽ നിന്നും ചൂട് പൂർണമായും വിട്ടുമാറിയിരുന്നില്ല. തുടർന്ന് അയാൾ സംഭവത്തെക്കുറിച്ച് വാലസിനോട് അന്വേഷിച്ചു. അതോടൊപ്പം വീടു മുഴുവനായും പരിശോധന നടത്തി. പുറത്തു നിന്നും ആരും അതിക്രമിച്ചു കടന്നതിന്റെ യാതൊരു സൂചനയും എവിടെയുമുണ്ടായിരുന്നില്ല. ജാറിൽ സൂക്ഷിച്ചിരുന്ന 4 പൗണ്ടിനപ്പുറം മറ്റൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. മുകൾ നിലയിലെ ഓരോ മുറിയും ഫ്രെഡ് വില്യംസ് പരിശോധിച്ചു. ജൂലിയയുടെ കിടക്കയിലെ വിരിപ്പുകൾ അലങ്കോലപ്പെട്ടാണു കിടന്നിരുന്നത്. തലയിണകൾ രണ്ടും ഫയർ പ്ലേസിലാണിരുന്നത്. ഇതൊഴിച്ചാൽ ആ മുറിയിൽ മറ്റൊന്നും അസ്വാഭാവികമായി ഉണ്ടായിരുന്നില്ല. മറ്റു മുറികളും അങ്ങനെ തന്നെ.

അല്പസമയത്തിനകം, പൊലീസ് സെർജന്റ് ബ്രെസ്ലിനും ഫോറെൻസിക് പ്രൊഫസർ ഡോ. എഡ്വാർഡ് മക്‌ഫാളും അവിടെ എത്തിച്ചേർന്നു. ജൂലിയയുടെ ശരീരത്തിനടിയിലായി കാണപ്പെട്ട മഴക്കോട്ടിനെ പറ്റി സെർജെന്റ് ബ്രെസ്ലിൻ അന്വേഷിച്ചു. അല്പം ആലോചിച്ച ശേഷം, അതു തന്റെ ഒരു പഴയ കോട്ടാണെന്ന് വാലസ് സമ്മതിച്ചു. കുറേ നാളായി താനതു ഉപയോഗിയ്ക്കാറില്ലായിരുന്നു എന്ന അയാൾ പറഞ്ഞു. സമയം പത്തു മണിയായിരിയ്ക്കുന്നു. ജൂലിയയുടെ ബോഡി കണ്ടെത്തിയിട്ട് ഇപ്പോൾ ഒരു മണിക്കൂർ ആയിട്ടുണ്ട്. ഡോ. മക്‌ഫാൾ ബോഡി പരിശോധിയ്ക്കാനാരംഭിച്ചു. മരണ സമയം കണ്ടെത്താനായി രണ്ടു മെതേഡുകളാണു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. ബോഡിയുടെ ഊഷ്മാവിനെ സാധാരണ ശരീര ഊഷ്മാവിൽ (37 C ) നിന്നു കുറച്ചാൽ കിട്ടുന്നത് എത്രയോ അത്രയും മണിക്കൂർ മുൻപായിരിയ്ക്കും മരണം നടന്നിരിയ്ക്കുക. ഇതു അത്ര കൃത്യമായ ഒരു രീതിയല്ല. “റിഗോർ മോർട്ടിസ്“ ആണു മറ്റൊരു രീതി. മരണത്തിനു ശേഷം ശരീരം ഉറയ്ക്കുന്നതിന്റെ തോത് പരിശോധിച്ച് മരണ സമയം കണക്കാക്കുന്ന രീതിയാണിത്. പക്ഷേ ഇത് ആദ്യത്തെ രീതിയേക്കാൾ കൃത്യത കുറഞ്ഞതാണ്. ഡോ. മ‌ക്‌ഫാൾ ആകട്ടെ, റിഗോർ മോർട്ടിസ് മെതേഡ് ആണു സ്വീകരിച്ചത്.

ഏതാണ്ട് ഇതേ സമയം തന്നെ പൊലീസ് സർജൻ ഡോ. ഹഗ് പീയേഴ്സും ഡിറ്റക്ടീവ് സൂപ്രണ്ട് ഹ്യൂബെർട്ട് റോരി മൂറും സംഭവസ്ഥലത്തെത്തി. അതിനു പിന്നാലെ ആയി മറ്റു ഓഫീസർമാരും എത്തിക്കൊണ്ടിരുന്നു. ഡോ. മക്‌ഫാളും ഡോ: ഹഗ് പീയേഴ്സും ചേർന്ന് ഓരോ 15 മിനുട്ടിലും ബോഡിയുടെ “ഉറയ്ക്കൽ“ പരിശോധിച്ചു കൊണ്ടിരുന്നു. ഡിറ്റക്ടീവ് മൂർ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. കോൺസ്റ്റബിൾ ഫ്രെഡ് വില്യംസ് അദ്ദേഹത്തോട് തന്റെ കണ്ടെത്തലുകൾ അറിയിച്ചു. ജൂലിയയെ കൊലപ്പെടുത്തിയ ആളിന്റെ മേൽ വലിയ തോതിൽ രക്തം പുരണ്ടിരിയ്ക്കണം. അത്രയും വലിയ രക്തപ്രവാഹമാണു അവിടെ ഉണ്ടായിരുന്നത്. ഡിറ്റക്ടീവ് മൂർ വാലസിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. അന്നത്തെ തന്റെ യാത്രയും താൻ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ചകളും വാലസ് ക്രമാനുഗതമായി പൊലീസിനോടു വിവരിച്ചു കൊടുത്തു. വാലസിന്റെ വസ്ത്രങ്ങളും ശരീരവും മൂർ വിശദമായി പരിശോധിച്ചു. രക്തക്കറ വല്ലതും ഉണ്ടോ എന്നറിയാനായിരുന്നു അത്. പക്ഷേ ഒന്നും കണ്ടില്ല.

ഇതിനിടയിൽ സംഭവമറിഞ്ഞ് പുറത്ത് ആളുകൾ കൂടുന്നുണ്ടായിരുന്നു. അക്കാലത്ത്, ആൻഫീൽഡ് പ്രദേശത്ത് ഒരു കുറ്റവാളി വിലസുന്നുണ്ടായിരുന്നു. “ആൻഫീൽഡ് ഹൗസ് ബ്രേക്കർ“ എന്ന പേരിൽ കുപ്രസിദ്ധനായ അയാളുടെ രീതി വീടുകളിൽ അതിക്രമിച്ചു കയറി കൊള്ളയും കൊലയും നടത്തുക എന്നതായിരുന്നു. ആളുകൾക്കിടയിലെ സംസാരം ഇതു ആൻഫീൽഡ് ഹൗസ് ബ്രേക്കറുടെ ചെയ്തി തന്നെയാണെന്നായിരുന്നു. വല്ലാത്തൊരു ഭയം അവരെ ഗ്രസിച്ചിരുന്നു. എന്നാൽ ഇവിടെ, പുറത്തു നിന്നാരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ യാതൊരു ലക്ഷണവും കാണാത്തത് ഡിറ്റക്ടീവ് മൂർ ശ്രദ്ധിച്ചു.

രാത്രി ഏതാണ്ട് 1.00 മണിയായതോടെ ഡോക്ടർമാർ പരിശോധന അവസാനിപ്പിച്ചു. മരണസമയം കണക്കാക്കാൻ മാത്രമുള്ള വിവരം അവർക്കു ലഭിച്ചു കഴിഞ്ഞിരുന്നു. തന്റെ കണക്കു കൂട്ടൽ പ്രകാരം ഏതാണ്ട് 5 മണിക്കൂർ മുൻപാണു മരണം നടന്നിരിയ്ക്കുന്നതെന്ന് ഡോക്ടർ മക്ഫാൾ പ്രഖ്യാപിച്ചു. അതായത് രാത്രി 8.00 മണിയ്ക്ക്. ഈ സമയം വാലസ്. മെൻലോവ് ഗാർഡൻസിൽ, മി. ക്വാൽട്രോഫിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇരുമ്പു ദണ്ഡു കൊണ്ടുള്ള നാലോളം പ്രഹരങ്ങളേറ്റാണു ജൂലിയ മരണപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. എന്നാൽ അത്തരം ആയുധങ്ങളൊന്നും സംഭവ സ്ഥലത്ത് കണ്ടെത്താനായിരുന്നില്ല. ഒന്നേകാൽ മണിയോടെ പൊലീസ് ജൂലിയയുടെ ബോഡി ഓട്ടോപ്സിയ്ക്കായി മോർച്ചറിയിലേയ്ക്കു മാറ്റി. അവിടെ വച്ച് പൊലീസ് ഫോട്ടോഗ്രാഫർ ബോഡിയുടെ ചില ചിത്രങ്ങൾ പകർത്തി.

പുലർച്ചേ നാലുമണിയോടെ പൊലീസിന്റെ ക്രൈം സീൻ പരിശോധനകൾ പൂർത്തിയായി. അതോടെ ആ വീട് പൊലീസ് ബന്ദവസ്സിലായി. വാലസിനോട് തൽക്കാലം, ആമി വാലസിന്റെ വീട്ടിൽ താമസിയ്ക്കുവാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തിൽ തന്നെ അയാളെ, ഉല്ലെറ്റ് റോഡിലുള്ള ആമിയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. ജൂലിയയെ പറ്റി ആമിയ്ക്കറിവുള്ള കാര്യങ്ങൾ പൊലീസ് തിരക്കുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് ഡിറ്റക്ടീവ് മൂറിന്റെ ഓഫീസിൽ മൊഴി നൽകുവാനായി എത്തണമെന്ന് വാലസിനോട് നിർദ്ദേശിച്ച ശേഷം പൊലീസ് തിരികെ പോയി. വാലസ് ആകെ തകർന്നിരുന്നു. ഒരു ദിവസം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിയ്ക്കുന്നു.

വാലസിന്റെ വീടിരിയ്ക്കുന്ന വോൾവെർട്ടൻ തെരുവിന്റെ സമീപത്തുള്ള മറ്റൊരു തെരുവിൽ 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ഒരു ഗാരേജുണ്ട്. അവിടെ രാത്രി ഷിഫ്റ്റിൽ വാഹനം സർവീസ് ചെയ്യുന്നത് ജോൺ പാർക്സ് എന്നൊരു യുവാവാണ്. രാവിലെ ജോലികഴിഞ്ഞ് പോകുന്നതിനു മുൻപായി അയാൾ തന്റെ ഗാരേജുടമ ആറ്റ്കിൻസനോട് തലേ രാത്രിയിലെ ചില വിശേഷങ്ങൾ പറഞ്ഞു. രാത്രി 11.15 മണിയോടെ ബീറ്റു പൊലീസുകാരൻ അവിടെ വന്നു. തൊട്ടടുത്ത തെരുവിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തെന്നും പാർക്സിന്റെ സുഹൃത്ത് റിച്ചാർഡ് പാരി തന്നോട് പറഞ്ഞതായി അയാൾ അറിയിച്ചു. (യഥാർത്ഥത്തിൽ വാലസിന്റെ പേരിൽ കുറ്റമൊന്നും ചുമത്തിയിരുന്നില്ല). ഇന്നു വെളുപ്പിനു ഏതാണ്ട് 3 മണിയോട് അടുത്ത സമയം, റിച്ചാർഡ് പാരി തന്റെ കാർ കഴുകാനായി ഗാരേജിൽ വന്നു. ആ നാട്ടിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമാണു യുവാവായ പാരി. പക്ഷേ അയാളെപ്പറ്റി ആർക്കും അത്ര നല്ല അഭിപ്രായമില്ല. എന്തും ചെയ്യാൻ മടിയില്ലാത്തയാൾ. പാരിയുടെ കാർ കഴുകുന്നതിനിടെ പിൻ സീറ്റിൽ രക്തം പുരണ്ട ഒരു കൈയുറ കണ്ടു. പാരിയോട് അതേ പറ്റി ചോദിയ്ക്കാൻ പാർക്സിനു ധൈര്യമുണ്ടായിരുന്നില്ല. വാഹനം കഴുകിക്കൊടുത്ത പാടെ കൂലിയും നൽകി അയാൾ പോയി. തൽകാലം ഇക്കാര്യം പുറത്തു പറയണ്ട എന്ന് ഗാരേജുടമ പാർക്സിനെ ഉപദേശിച്ചു.

അന്നു രാവിലെ തന്നെ വോൾവെർട്ടൻ തെരുവിൽ ഡിറ്റക്ടീവുകൾ ജോലി ആരംഭിച്ചു. ഓരോ വീടുകളിലും അവർ കയറി ഇറങ്ങി അന്വേഷണമാരംഭിച്ചു. പരിചയമില്ലാത്ത ആരെയെങ്കിലും കണ്ടോ, രാത്രിയിൽ എന്തെങ്കിലും ശബ്ദമോ മറ്റോ കേട്ടിരുന്നോ, അങ്ങനെ കിട്ടാവുന്ന വിവരങ്ങളെല്ലാം അവർ ശേഖരിച്ചു. വാലസിന്റെ തൊട്ടയല്പക്കക്കാരായ ജോൺ ജോൺസ്റ്റനും ഭാര്യ ഫ്ലോറെൻസും വീടു പൂട്ടി അവരുടെ മകളുടെ താമസസ്ഥലമായ ടൗൺസെന്റ് അവന്യൂവിലേയ്ക്കു പോയത് അവരുടെ ശ്രദ്ധയിൽ പെട്ടു. ഡോ. മക്‌ഫാളിന്റെ കണ്ടെത്തലുകളിൽ, പൊലീസ് സർജൻ ഹഗ് പീയേഴ്സിനു ചില അഭിപ്രായ ഭേദങ്ങളുണ്ടായിരുന്നു. അക്കാര്യം ചർച്ച ചെയ്ത ശേഷം മക്‌ഫാൾ തന്റെ നിഗമനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി. അതു പ്രകാരം ജൂലിയ വാലസ് മരണപ്പെട്ടത് വൈകിട്ട് 6.00 മണിയ്ക്ക് അല്ലെങ്കിൽ അതിനടുത്ത സമയത്ത് ആയിരിയ്ക്കണം. ഇരുമ്പു ദണ്ഡിനേക്കാൾ കനത്ത എന്തോ ഉപകരണം കൊണ്ടുള്ള 11 പ്രഹരങ്ങൾ ഏറ്റിട്ടുണ്ട് അവർക്ക്. കസേരയിൽ ഇരിയ്ക്കുന്ന അവസ്ഥയിലാവണം ആദ്യ പ്രഹരം ഏറ്റത്. നിലത്തു വീണ ശേഷമാണു ബാക്കി പ്രഹരങ്ങൾ. ആദ്യ പ്രഹരത്തിൽ തന്നെ അവർ മരിച്ചിരിയ്ക്കണം.

ഡിറ്റക്ടീവ് മൂർ രാവിലെ തന്നെ കൊലപാതകം നടന്ന വീട്ടിലെത്തി. പകൽ വെളിച്ചത്തിൽ അവിടമെല്ലാം വിശദമായി വീണ്ടും പരിശോധിച്ചു. ലോഞ്ചിനു സമീപത്തെ ടോയിലറ്റ് സീറ്റിൽ ഒരു തുള്ളി രക്തം പറ്റിപ്പിടിച്ചിരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൊലപാതകി, ശരീരം വൃത്തിയാക്കാൻ ടോയിലറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൈപ്പുകൾക്കുള്ളിൽ രക്തത്തിന്റെ അംശം ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലെ എല്ലാ പൈപ്പുകളും അഴിച്ച് പരിശോധന നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി.

കൃത്യം 10 മണിയ്ക്കു തന്നെ വാലസ്. ഡിറ്റക്ടീവ് മൂറിന്റെ ഓഫീസിലെത്തി. വാലസിൽ നിന്നു വിശദമായൊരു സ്റ്റേറ്റ്മെന്റ് മൂർ എഴുതി വാങ്ങി. വൈകിട്ട് 6.45 നു താൻ വീട്ടിൽ നിന്നും മെൻലോവ് ഗാർഡൻസിലേയ്ക്കു പോയതായി അതിൽ വ്യക്തമാക്കിയിരുന്നു. ഡിറ്റക്ടീവ് മൂർ അതു സശ്രദ്ധം വായിച്ചു. തുടർന്ന് വാലസിനെ ഒന്നു കണ്ണുയർത്തി നോക്കിയിട്ട് പൊയ്ക്കൊള്ളാൻ ആംഗ്യം കാട്ടി. വാലസ് പറയുന്ന “ക്വാൽട്രോഫിനെ പറ്റി അന്വേഷിയ്ക്കാൻ മൂർ, സർജെന്റ് ബെയിലിയെ ചുമതലപ്പെടുത്തി. കൂടാതെ, ജോൺസ്റ്റൻ ദമ്പതികൾ, ചെസ് ക്ലബ്ബ് ക്യാപ്റ്റൻ ബീയാറ്റി, വാലസിന്റെ വീട്ടിൽ ക്ലീനിങ്ങിനായി എത്താറുള്ള സാറാ ഡ്രേപ്പർ എന്ന സ്ത്രീ ഇവരെയും ചോദ്യം ചെയ്യാൻ നിർദ്ദേശം നൽകി. ജൂലിയ വാലസ് കേസിനായി ഡിറ്റക്ടീവ് മൂർ പുതിയൊരു ഫയൽ തുറന്നു. ക്രൈം ഫയൽ നമ്പർ 1341GC.

അന്നു വൈകുന്നേരത്തെ ലിവർപൂൾ എക്കോ അന്തിപ്പത്രത്തിലെ തലക്കെട്ട് ജൂലിയാ വാലസിന്റെ കൊലപാതകമായിരുന്നു. വൈകിട്ട് 6.00 മണിയ്ക്കാണത്രേ അവർ കൊല്ലപ്പെട്ടത്. പത്രവാർത്ത കണ്ട് വോൾവെർട്ടൻ തെരുവിലെ കുറച്ചു കൗമാരക്കാർ ഒത്തു ചേർന്നു. വീടുകളിൽ പാൽ വിതരണം ചെയ്യുന്ന അലൻ ക്ലോസ്, അവന്റെ സഹായി ആയ എൽസി റൈറ്റ്, പത്ര വിതരണം ചെയ്യുന്ന രണ്ടു കുട്ടികൾ എന്നിവരായിരുന്നു അത്. ജൂലിയയ്ക്കു അലൻ ക്ലോസിനെ നല്ല പരിചയമുണ്ട്. അവിടെ മിക്കപ്പോഴും പാൽ നൽകുന്നത് അവനാണ്. സംഭവ ദിവസം വൈകിട്ട് തെരുവിലൂടെ പോകുകയായിരുന്ന അലൻ, ജൂലിയയെ കണ്ട് അങ്ങോട്ട് ചെന്നു. അവർ അല്പനേരം സംസാരിച്ചു. ജൂലിയയുടെ ചുമയെയും പനിയെയും പറ്റി തിരക്കുകയും ചെയ്തു. അപ്പോൾ സമയം ഏകദേശം 6.45 ആയിരുന്നു. അന്തിപ്പത്രം വിതരണം ചെയ്യുന്ന കുട്ടികൾ ഇത് കണ്ടതുമാണ്. അപ്പോൾ എങ്ങനെയാണു 6.00 മണിയ്ക്കാണു ജൂലിയ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുക? ഇക്കാര്യം പൊലീസിനെ അറിയിയ്ക്കണമെന്ന് അലൻ തീരുമാനിച്ചു. അവൻ വാലസിന്റെ വീട്ടിലേയ്ക്കു ചെന്നു. അവിടെ പൊലീസ് കാവലുണ്ട്.

പുറത്തു നിന്ന ഗാർഡിനോട് തനിയ്ക്ക് ഓഫീസറെ കാണണമെന്ന് അവൻ പറഞ്ഞു. ഗാർഡ് അവനെ ഉള്ളിലേയ്ക്ക് കൊണ്ടു പോയി. അവിടെയുണ്ടായിരുന്ന ഒരു ഓഫീസറോട് അവൻ കാര്യങ്ങൾ പറഞ്ഞു. “നീ അവരോട് സംസാരിച്ചത് 6.45 ആണെന്ന് എങ്ങനെ മനസ്സിലായി?“ ഓഫീസർ ചോദിച്ചു. “തെരുവിനു എതിർവശത്തെ ഹോളി ട്രിനിറ്റി പള്ളിയുടെ ക്ലോക്ക് ടവർ അവിടെ നിന്നാൽ കാണാം. തെരുവിലൂടെ പോകുമ്പോൾ പതിവായി അതിൽ സമയം നോക്കാറുണ്ട്.“ കൂടാതെ ആ സമയത്ത് പത്ര വിതരണക്കാരെ കണ്ട കാര്യവും അവൻ പറഞ്ഞു. തുടർന്ന് പൊലീസ് അവരെ വിളിപ്പിച്ച് മൊഴിയെടുത്തു. അലൻ ക്ലോസ് പറഞ്ഞ കാര്യങ്ങളോട് യോജിയ്ക്കുന്നതായിരുന്നു അവരുടെ മൊഴിയും.

പിറ്റേ ദിവസം ഡിറ്റക്ടീവ് മൂർ, വാലസിനെ വീണ്ടും വിളിപ്പിച്ചു. ആരാണു കൊല ചെയ്തതെന്നു എന്തെങ്കിലും സംശയമുണ്ടോ എന്ന് മൂർ വാലസിനോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. വീട്ടിൽ അതിക്രമിച്ചു കടക്കാത്ത സ്ഥിതിയ്ക്ക് ജൂലിയയ്ക്കു പരിചയമുള്ളോ ആരോ ആയിരിയ്ക്കാം. അങ്ങനെ, വാലസ് ഇല്ലാത്തപ്പോൾ വീട്ടിൽ കയറാൻ അനുവാദമുള്ളവരുടെ ഒരു ലിസ്റ്റ് തരാൻ മൂർ ആവശ്യപ്പെട്ടു. 17 പേരുടെ ഒരു ലിസ്റ്റ് വാലസ് നൽകി.അതിൽ ഒരു പേരു മൂർ പ്രത്യേകം ശ്രദ്ധിച്ചു. റിച്ചാർഡ് പാരി ആയിരുന്നു അത്. അയാളുടെ പേരിൽ ചില കേസുകൾ ഉണ്ടായിട്ടുള്ളതിനാൽ മൂറിനു ആ പേരു അറിയാമായിരുന്നു.

“എന്താണു പാരിയും നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം?“ റിച്ചാർഡ് പാരി കുറേ നാൾ പ്രുഡൻഷ്യൽ ഇൻഷുറൻസിൽ ജോലി ചെയ്തിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ വാലസ്, തനിയ്ക്കു സുഖമില്ലാത്ത അവസരങ്ങളിൽ ഡെയിലി കലക്ഷനുകൾക്കായി പാരിയെ ചുമതലപ്പെടുത്തുമായിരുന്നു. വൈകിട്ട് കലക്ഷൻ ഏൽപ്പിയ്ക്കാനായി പാരി വീട്ടിൽ വരും. അങ്ങനെ അയാൾ അവരുടെ കുടുംബ സുഹൃത്തായി മാറി. ജൂലിയയ്ക്കും അയാളോട് താല്പര്യമായിരുന്നു. പാരി ഏൽപ്പിയ്ക്കുന്ന കളക്ഷൻ തുകയിൽ ചില കുറവുകൾ കണ്ടത് വാലസ് ശ്രദ്ധിച്ചു. പല പ്രാവശ്യമായപ്പോൾ ഇക്കാര്യം അയാൾ തന്റെ സീനിയർ മാനേജരെ അറിയിച്ചു. കൂടാതെ പാരിയുടെ അച്ഛനെയും അറിയിച്ചു. കുറവു വന്ന തുക അയാൾ വാലസിനു നൽകി പരാതി പിൻവലിപ്പിച്ചു. അധികം വൈകാതെ പാരിയ്ക്ക് പ്രുഡൻഷ്യലിലെ ജോലി നഷ്ടപ്പെട്ടു. തുടർന്ന് തീയേറ്റർ ആർടിസ്റ്റായി ജോലി ചെയ്യുകയാണു അയാൾ. പാരിയ്ക്ക് വാലസിനോട് പക ഉണ്ടാകാൻ സാധ്യതയുണ്ട്. ക്വാൽട്രോഫ് എന്ന പേരിൽ വാലസിനു ഫോൺ ചെയ്തത് പാരി ആയിരിയ്ക്കണം.

ഡിറ്റക്ടീവ് മൂർ, റിച്ചാർഡ് പാരിയെ തന്റെ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. ജനുവരി 19, 20 തീയതികളിലെ രാത്രിയിൽ അയാൾ എന്തു ചെയ്യുകയായിരുന്നു എന്ന് അന്വേഷിച്ചു. 19 നു രാത്രി തന്റെ കാമുകി ലില്ലിയുടെ വീട്ടിലായിരുന്നു താൻ എന്ന് അയാൾ മൊഴി നൽകി. 20 – ആം തീയതി വൈകിട്ട് 5.30 വരെ താൻ ജോലി സ്ഥലത്തായിരുന്നു. അവിടെ നിന്നും 43, നോക്ലൈഡ് റോഡിലുള്ള മിസ്സിസ് ഒലിവിയ ആൽബെർട്ടയുടെ വീട്ടിൽ പോയി. അവരുടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. രാത്രി 8.30 വരെ അവിടെ ചിലവഴിച്ചു. തുടർന്ന് 9.00 മണിയോടെ കാമുകി ലില്ലിയെ ജോലിസ്ഥലത്തു നിന്നും തന്റെ കാറിൽ കൂട്ടി വീട്ടിലെത്തിച്ചു. രാത്രി 11.00 മണി വരെ അവളുടെ വീട്ടിൽ സംസാരിച്ചിരുന്നു. അതിനു ശേഷം തന്റെ വീട്ടിലേയ്ക്കു പോയി. പൊലീസ് പാരി നൽകിയ മൊഴിയെ പറ്റി അന്വേഷിച്ചു. 9 മണിയോടെ തന്നെ വീട്ടിലെത്തിച്ച കാര്യം കാമുകിയും, ഏകദേശം 9 മണിയ്ക്കുശേഷം അയാൾ വീട്ടിലെത്തിയതായി അവളുടെ അമ്മയും മൊഴി നൽകി.

22 ആം തീയതി വ്യാഴാഴ്ച, മൊഴി നൽകലിനു ശേഷം മൂറിന്റെ ഓഫീസിൽ നിന്നും വാലസ് പുറത്തിറങ്ങുമ്പോൾ രാത്രി 10.15 ആയിരുന്നു. അയാൾ വെളിയിലിറങ്ങിയ പാടെ മൂർ ഒരു CID യെ വിളിച്ച് അയാളെ പിന്തുടരാൻ നിർദ്ദേശിച്ചു. വാലസ് അറിയാതെ CID സിവിൽ ഡ്രസ്സിൽ അയാളുടെ പിന്നാലെ കൂടി. ഇതേ സമയം, ചെസ് ക്ലബ്ബ് ക്യാപ്ടൻ ബിയാറ്റിയും മറ്റു ചിലരും കൂടി വാലസിനെ കാണുവാനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാൾക്കു സംഭവിച്ച ദുരന്തത്തിൽ അവരെല്ലാം വിഷമിയ്ക്കുന്നുണ്ടായിരുന്നു. ട്രാം സ്റ്റോപ്പിൽ വച്ച് അവർ കണ്ടുമുട്ടി.
“മി. ബീയാറ്റി, ആ ക്വാൽട്രോഫിന്റെ ഫോൺ എപ്പോഴാണു വന്നതെന്ന് താങ്കൾക്ക് കൃത്യമായ ഓർമ്മയുണ്ടോ? “ വാലസ് ആകാംക്ഷയോടെ ചോദിച്ചു.“ “ ഏഴുമണി. അല്ലെങ്കിൽ ഏഴു കഴിഞ്ഞയുടൻ..അതാണു എന്റെ ഓർമ്മ..“ ബീയാറ്റി പറഞ്ഞു.

“താങ്കൾ കോൾ എടുക്കുമ്പോൾ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോ? എങ്കിൽ സമയം ഒന്നു കൂടി ഉറപ്പിയ്ക്കാമായിരുന്നു. ഏഴു മണിയാണെങ്കിൽ കുഴപ്പമില്ല.. എന്തൊക്കെയാണു സംഭവിയ്ക്കുന്നതെന്ന് എനിയ്ക്കറിയില്ല.. പൊലീസിനു എന്നെ സംശയമില്ലെന്നാണു തോന്നുന്നത്…“ “മി. വാലസ്, നിങ്ങൾ ഇക്കാര്യങ്ങളൊന്നും മറ്റാരോടും സംസാരിയ്ക്കാതിരിയ്ക്കുന്നതാണു നല്ലത്. പൊലീസ് ചോദിയ്ക്കുന്നതിനു മാത്രം മറുപടി നൽകിയാൽ മതി..“ ബീയാറ്റി അയാളെ ഉപദേശിച്ചു. തൊട്ടടുത്തു നിൽക്കുന്ന CID ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അല്പസമയം കൂടി സംസാരിച്ച ശേഷം വാലസ് അവരോടു യാത്ര പറഞ്ഞ് അടുത്ത ട്രാമിൽ കയറി ആമിയുടെ വീട്ടിലേയ്ക്കു യാത്രയായി.

ഡിറ്റക്ടീവ് മൂർ, സർജന്റ് ബെയിലി, സൂപ്രണ്ട് ഗോൾഡ് എന്നിവരുടെ മുന്നിലേയ്ക്ക് CID യുടെ റിപ്പോർട്ട് എത്തി. ടെലഫോൺ കോൾ വന്ന സമയം മാറ്റിപ്പറയാൻ ക്യാപ്ടൻ ബീയാറ്റിയെ സ്വാധീനിയ്ക്കാൻ വാലസ് ശ്രമിച്ചു എന്നതായിരുന്നു അതിന്റെ രത്നച്ചുരുക്കം. പൊലീസ് ടെലഫോൺ എക്സ്ചേഞ്ചിൽ നിന്നും അന്നത്തെ ക്വാൽട്രോഫ് കോളിനെ പറ്റി അന്വേഷിച്ചു. പൊലീസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, ആ കോളിന്റെ സമയവും ബൂത്തിന്റെ നമ്പരും, ഓപറേറ്റർ ലിലിയൻ മാർത്തയുടെ ബുക്കിലുണ്ടായിരുന്നു. ബൂത്ത് നമ്പർ 1627 നിന്നും, ജനുവരി 19 നു വൈകിട്ട് 7.20 നാണു ആ കോൾ വന്നിരിയ്ക്കുന്നത്. ഡിറ്റക്ടീവ് മൂർ, വാലസിന്റെ മൊഴി വായിച്ചു നോക്കി. അതിൻ പ്രകാരം ജനുവരി 19 നു വൈകുന്നേരം 7.15 നാണു അയാൾ വീട്ടിൽ നിന്നും ഇറങ്ങിയത്. ബൂത്ത് നമ്പർ 1627 ലൊക്കേറ്റ് ചെയ്തപ്പോൾ, അത് വാലസിന്റെ വീട്ടിൽ നിന്നും വെറും 400 വാര (1300 അടി) അകലെയാണെന്നു മനസ്സിലായി.

24 ആം തീയതി ശനിയാഴ്ച ജൂലിയ വാലസിന്റെ ബോഡി ആൻഫീൽഡ് സെമിത്തേരിയിൽ അടക്കം ചെയ്തു. വാലസും ആമിയും സുഹൃത്തുക്കളുമായി നിരവധി പേർ അതിൽ പങ്കെടുത്തു. ദു:ഖം കൊണ്ട് വാലസ് തേങ്ങുന്നുണ്ടായിരുന്നു. ഏതാനും റീത്തുകളും അല്പം പുഷ്പങ്ങളും ബാക്കിയാക്കി അവർ സെമിത്തേരി വിട്ടു. അന്നു വൈകുന്നേരം മി.ഹാൾ എന്നൊരാൾ ഡിറ്റക്ടീവ് മൂറിന്റെ ഓഫീസിലെത്തി. അയാളുടെ മകൾ ലില്ലി ഹാൾ എന്ന യുവതി എഴുതിയ ഒരു കത്ത് മൂറിനെ ഏൽപ്പിച്ചു. ആകാംക്ഷയോടെ മൂർ കത്ത് തുറന്നു. ജൂലിയ കൊല്ലപ്പെട്ട രാത്രി 8.35നു, തന്റെ വീടിനു സമീപത്തുള്ള തെരുവിൽ വാലസ് ഉയരമുള്ള ഒരാളോടു സംസാരിയ്ക്കുന്നതു കണ്ടു എന്നതായിരുന്നു അതിലുണ്ടായിരുന്നത്. മങ്ങിയ വെളിച്ചമായതിനാൽ അയാളെ വ്യക്തമായി കാണാനായില്ല.

മൂർ തന്റെ സഹപ്രവർത്തകരുടെ ഒരു മീറ്റിംഗ് വിളിച്ചു ചേർത്തു. കേസിന്റെ ഇതേവരെയുള്ള പുരോഗതി അവർ വിലയിരുത്തി. പലരിൽ നിന്നായി ശേഖരിച്ച വിവരങ്ങൾ എല്ലാം ചേർത്തു വയ്ക്കുമ്പോൾ കേസിൽ സംശയിയ്ക്കപ്പെടാവുന്ന ഒരാളെ ഉള്ളു. അതു വാലസാണ്. എന്തോ കാരണത്താൽ വാലസ് തന്റെ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിയ്ക്കുന്നു. കൊലപാതക സമയത്ത് താൻ മറ്റൊരിടത്താണു എന്ന അലിബി സൃഷ്ടിയ്ക്കുന്നു. കൊലപാതകത്തിനു തലേ ദിവസം 7.15 നു വീട്ടിൽ നിന്നിറങ്ങിയ അയാൾ 400 വാര അകലെയുള്ള കോയിൻ ബൂത്തിലെത്തുന്നു. തന്റെ കോൾ ടെലഫോൺ ഓപറേറ്ററുടെ ശ്രദ്ധയിൽ പെടുത്താനെന്നവണ്ണം ആദ്യ കോൾ കട്ടാക്കിയ ശേഷം വീണ്ടും വിളിച്ച് അവരോട് സംസാരിയ്ക്കുന്നു. പക്ഷേ അവർ കോൾ സമയം കുറിച്ചു വെക്കുമെന്ന് വാലസ് ഓർത്തിരിയ്ക്കില്ല.

അടുത്ത ദിവസം വൈകുന്നേരം 6.45 നു ശേഷം (6.45 നു പാൽക്കാരൻ അലൻ ക്ലോസ് ജൂലിയയെ ജീവനോടെ കണ്ടിട്ടുണ്ട്) ലോഞ്ചിൽ ഇരിയ്ക്കുകയായിരുന്ന ജൂലിയയെ പിന്നിലൂടെ ചെന്ന വാലസ് ഇരുമ്പ് ദണ്ഡിനു അടിച്ചു വീഴ്ത്തി. തുടർന്ന് മരണം ഉറപ്പാക്കാൻ വീണ്ടും പ്രഹരിച്ചു. അതിനു ശേഷം വസ്ത്രം മാറി ട്രാം സ്റ്റോപ്പിലെത്തി അവിടെ നിന്നും ട്രാമിൽ മെൻലോവ് ഗാർഡനിലേയ്ക്കു പോകുന്നു. വഴി അറിയാനെന്ന വണ്ണം ബോധപൂർവം ട്രാം കണ്ടക്ടറോട് പലവട്ടം സംസാരിയ്ക്കുന്നു. തുടർന്ന് മെൻലോവ് ഗാർഡനിലെത്തിയ വാലസ്, നിലവിലില്ലാത്ത അഡ്രസായ “ഈസ്റ്റ്“ അന്വേഷിച്ചു ഏറെ നേരം നടന്നു. താൻ അവിടെ ആയിരുന്നു എന്ന അലിബി സൃഷ്ടിയ്ക്കാനായി ഒരു പൊലീസുകാരനുമായി ബോധപൂർവം സംസാരിയ്ക്കുന്നു. പിന്നീട് തിരികെ വീട്ടിലെത്തിയ അയാൾ ജൂലിയയുടെ ബോഡി കണ്ടെത്തുന്നതിനു ദൃക്സാക്ഷികളെ സൃഷ്ടിയ്ക്കാനായി ജോൺസ്റ്റൻ ദമ്പതികളെ വിളിച്ചു വരുത്തി നാടകം കളിയ്ക്കുന്നു. വീട്ടിൽ പലയിടത്തായി പണവും മറ്റു വസ്തുക്കളും ഉണ്ടായിരുന്നിട്ടും കപ്ബോർഡിലെ ഒരു ജാറിലിരുന്ന 4 പൗണ്ട് മാത്രമാണു നഷ്ടമായത്. മേശമേലിരുന്ന, ജൂലിയയുടെ ഹാൻഡ്ബാഗിൽ ഒന്നു തൊട്ടിട്ടു പോലുമില്ല. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണമില്ലാതിരുന്നു എന്നതും വീട് പൂട്ടിക്കിടന്നു എന്നതും പുറമേ നിന്നു ഒരാളും അവിടെ വന്നിട്ടില്ല എന്നതിന്റെ തെളിവാണ്.

ഇനി ഒരു സാധ്യത, ജൂലിയയെ കൊലപ്പെടുത്താൻ വാലസ് ആരെയെങ്കിലും ഏർപ്പെടുത്തിയിരുന്നു എന്നതാണ്. അയാൾക്ക് വാലസ് തന്റെ താക്കോൽ നൽകിയിരിയ്ക്കാം. ആ ആളുമായി സംസാരിയ്ക്കുന്നത് ആയിരിയ്ക്കും ലില്ലി ഹാൾ കണ്ടത്. ഇതായിരുന്നു പൊലീസ് എത്തിച്ചേർന്ന നിഗമനം. ഇതിൽ പക്ഷേ ചില പഴുതുകൾ ഉണ്ടായിരുന്നു. 6.45 നു ശേഷം തന്റെ ഭാര്യയെ കൊലപ്പെടുത്തിയ വാലസിനു, വസ്ത്രം മാറ്റി, അരകിലോമീറ്ററോളം അകലെയുള്ള ട്രാം സ്റ്റോപ്പിലെത്തി് 7.05 നുള്ള ട്രാമിനു പോകാൻ ആകുമോ എന്നതായിരുന്നു ഒന്ന്. രണ്ടാമതായി, ഇത്രയും മാരകമായി ജൂലിയയെ വകവരുത്തുമ്പോൾ അവരുടെ രക്തം വാലസിന്റെ ശരീരത്തിലും വസ്ത്രത്തിലും ഉണ്ടാകേണ്ടതാണ്. പക്ഷേ അങ്ങനെ ഒന്നും കണ്ടെത്തിയിട്ടില്ല. തന്നെയുമല്ല, അങ്ങനെ രക്തം പുരണ്ടിരുന്നെങ്കിൽ അതു വൃത്തിയാക്കി വസ്ത്രം മാറ്റി 7.05 ന്റെ ട്രാമിൽ പോകാൻ സമയം ലഭിയ്ക്കുകയുമില്ല.

ആദ്യത്തെ പ്രശ്നം, നടന്നു നോക്കി തിട്ടപ്പെടുത്താമെന്ന് മൂർ നിർദ്ദേശിച്ചു. രണ്ടാമത്തെ പ്രശ്നത്തിനുള്ള പരിഹാരം, ജൂലിയയുടെ ബോഡിയുടെ അടിയിൽ കാണപ്പെട്ട മഴക്കോട്ടാണ്. മൂർ പറഞ്ഞു. മറ്റു ഉദ്യോഗസ്ഥർക്കു അതു മനസ്സിലായില്ല. “വസ്ത്രങ്ങളെല്ലാം ഊരി മാറ്റി നഗ്നനായി, മഴക്കോട്ട് കൊണ്ട് ശരീരം പൊതിഞ്ഞാണു വാലസ് ജൂലിയയെ കൊലപ്പെടുത്തിയത്. പിന്നീട് ആ കോട്ട് അവരുടെ ശരീരത്തിനടിയിലേയ്ക്കു കയറ്റി വച്ചു.“ ആ വിശദീകരണം എല്ലാവർക്കും തൃപ്തികരമായി തോന്നി.

പിറ്റേ ദിവസം മൂറും കൂട്ടരും വാലസിന്റെ വീട്ടിലെത്തിയത് ഒരു സ്റ്റോപ്പ് വാച്ചുമായാണ്. ചെറുപ്പക്കാരനായ ഒരു പൊലീസുകാരനോട് അരകിലോമീറ്റർ അകലെയുള്ള ട്രാം സ്റ്റോപ്പിലേയ്ക്കു നടക്കാൻ നിർദ്ദേശിച്ചു. പലവട്ടം ആവർത്തിച്ച ഈ പരീക്ഷണത്തിനൊടുവിൽ കിട്ടിയ സമയം പത്തു മിനുട്ടിൽ താഴെ ആയിരുന്നു. അതായത്, പത്തുമിനിട്ടു കൊണ്ട് കൃത്യം പൂർത്തിയാക്കിയ വാലസിനു അടുത്ത പത്തു മിനിട്ടു കൊണ്ട് ട്രാം സ്റ്റോപ്പിൽ എത്താൻ കഴിയും.! റിച്ചാർഡ് പാരിയുടെ മൊഴികളും അയാൾ നൽകിയ അലിബികളും അയാളുടെ കാറിന്റെ ഫോറെൻസിക് പരിശോധനകളുമെല്ലാം അയാൾക്കനുകൂലമായതിനാൽ സംശയപ്പട്ടികയിൽ നിന്നും പാരി ഒഴിവാക്കപ്പെട്ടു.

ഫെബ്രുവരി 2 ആം തീയതി തിങ്കളാഴ്ച വൈകിട്ട് 7.00 മണിയ്ക്ക് വാലസിനെ അറസ്റ്റു ചെയ്തു. പിറ്റേ ദിവസം മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കിയ അയാളെ റിമാൻഡ് ചെയ്തു തടവിലാക്കി. വാലസിനെതിരെ കൊലപാതകത്തിനുള്ള കുറ്റപത്രം തയ്യാറാക്കി. ഈ ദിവസങ്ങളിലെല്ലാം ജൂലിയ വാലസ് കൊലക്കേസ് പത്രങ്ങളിൽ പ്രധാന തലക്കെട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. വാലസിനെ കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം വലിയ ജനക്കൂട്ടമായിരുന്നു. ചെസ് ബുദ്ധിരാക്ഷസനായ വാലസ് തന്റെ ഭാര്യയെ വിദഗ്ധമായ തന്ത്രത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്നൊക്കെയായിരുന്നു വാർത്ത. എന്തായാലും വാലസിന്റെ ജോലിസ്ഥലത്തെ സുഹൃത്തുക്കൾ അയാളെ നിയമപരമായി സഹായിയ്ക്കാൻ തീരുമാനിച്ചു. അതിനായി അവർ ഒരു ഫണ്ടും രൂപീകരിച്ചു. ജനങ്ങളിൽ ഒരു വിഭാഗം അയാളെ കൊലയാളിയായും മറ്റൊരു വിഭാഗം നിരപരാധിയായും ചിത്രീകരിച്ചു.

1931 ഏപ്രിൽ 22 നു , സെന്റ് ജോർജെസ് ഹാൾ ക്രിമിനൽ കോടതിയിൽ വാലസിനെതിരെയുള്ള വിചാരണ ആരംഭിച്ചു. റോബെർട്ട് ആൾഡേഴ്സൻ റൈറ്റ് ആയിരുന്നു ജഡ്ജി. EG ഹെമ്മെർഡ് പ്രോസിക്യൂട്ടറും RG ഒലിവർ പ്രതിഭാഗം വക്കീലും. 12 പേരടങ്ങിയ ഒരു ജൂറി മുമ്പാകെയാണു വാദം നടക്കുന്നത്. വാലസിനെതിരെയുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. താൻ നിരപരാധിയാണെന്ന് വാലസ് പറഞ്ഞു. തുടർന്നു സാക്ഷി വിസ്താരങ്ങൾ. പൊലീസിന്റെ കുറ്റപത്രത്തിനു അടിവരയിട്ടുകൊണ്ട് പ്രോസിക്യൂട്ടർ ശക്തമായ വാദമുഖങ്ങൾ മുന്നോട്ടു വച്ചു.
എന്നാൽ പ്രതിഭാഗം വക്കീൽ ഒലിവർ അവയെ ചോദ്യം ചെയ്തു.

അദ്ദേഹം ഉയർത്തിയ പ്രധാന വാദങ്ങൾ ഇവയാണ്: 1. ഒട്ടും കൃത്യതയില്ലാത്ത “റിഗോർ മോർട്ടിസ്“ മെതേഡ് ഉപയോഗിച്ചാണു പൊലീസ് ഡോക്ടർ മരണസമയം കണക്കാക്കിയിരിയ്ക്കുന്നത്. ആദ്യം കണ്ടെത്തിയ 8.00 മണി എന്ന സമയം പിന്നീട് 6.00 മണിയിലേയ്ക്കു മാറ്റുകയാണു അദ്ദേഹം ചെയ്തത്. എന്നാൽ അന്നേ ദിവസം 6.45 വരെ ജൂലിയ വാലസിനെ ജീവനോടെ കണ്ട സാക്ഷികൾ ഉണ്ട്. അതു കൊണ്ട് തന്നെ പൊലീസ് പറയുന്ന മരണ സമയം തെറ്റാണ്. 2. വാലസ് തന്നെയാണു ക്വാൽട്രോഫ് എന്ന പേരിൽ ഫോൺ ചെയ്തതെന്നാണു ആരോപണം. അതിനു തെളിവായി പറയുന്നത്, ഏറെ നാളായി ക്ലബ്ബിൽ പോകാത്ത വാലസ് അന്നേ ദിവസം ക്ലബ്ബിലെത്തുമെന്ന് മറ്റാർക്കും അറിയില്ല എന്നതാണു. അതു തെറ്റാണ്, അന്നേ ദിവസം നടക്കുന്ന ടൂർണമെന്റിൽ വാലസിന്റെ പേർ ഉൾപ്പെടുത്തിയ നോട്ടീസ് ആഴ്ചകളായി നോട്ടീസ് ബോർഡിൽ കിടപ്പുണ്ടായിരുന്നു. 3. ഭാര്യയെ കൊലപ്പെടുത്തിയ വാലസ് പത്തുമിനിട്ടു കൊണ്ട് അരക്കിലോമീറ്റർ അകലെയുള്ള ട്രാം സ്റ്റോപ്പിൽ എത്തി എന്നാണു പോലീസ് പറയുന്നത്. അതിനായി അവർ “ടൈം ട്രെയൽ“ തെളിവായി അവതരിപ്പിയ്ക്കുന്നു. ട്രയൽ നടത്തിയത് യുവഓഫീസറെ ഉപയോഗിച്ചാണ്. വൃക്കരോഗിയായ, 52 വയസ്സുള്ള വാലസ്സിനു അതു സാധ്യമല്ല എന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. 4. വാലസ് തന്റെ ഭാര്യയെ കൊലപ്പെടുത്താനുള്ള മോട്ടീവ് എന്താണ്? വളരെ സ്നേഹസമ്പൂർണമായിരുന്നു അവരുടെ കുടുംബ ജീവിതമെന്ന് അയൽക്കാരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജഡ്ജി വളരെ അനുഭാവപൂർണമായാണു ഈ വാദങ്ങൾ കേട്ടത്.

ഏപ്രിൽ 25. വിചാരണയുടെ അവസാന ദിനം. ജഡ്ജി റോബെർട്ട് റൈറ്റ്, ജൂറി അംഗങ്ങളോട് അവരുടെ തീരുമാനം അറിയിയ്ക്കാൻ ആവശ്യപ്പെട്ടു. അതിനായി അല്പനേരത്തേയ്ക്ക് കോടതി പിരിഞ്ഞു. ജൂറി അംഗങ്ങൾ ഒരു മുറിയിൽ പ്രത്യേക യോഗം ചേർന്നു. ഏതാനും മണിക്കൂറിനകം കോടതി വീണ്ടും ചേർന്നു. ജൂറി അവരുടെ തീരുമാനം അറിയിച്ചു. “ജൂലിയാ വാലസിന്റെ കൊലപാതകത്തിൽ ഭർത്താവ് വില്യം വാലസ് കുറ്റക്കാരനാണ്..!“ “നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?“ ജഡ്ജി വാലസിനോട് ചോദിച്ചു. “ഞാൻ നിർപരാധിയാണ്.. അല്ലാതെ എനിയ്ക്ക് മറ്റെന്ത് പറയാനാവും..ജൂലിയയെ ഞാൻ സ്നേഹിച്ചിരുന്നു..“ വാലസ് തൊണ്ടയിടറി പറഞ്ഞു. ജൂറിയുടെ കണ്ടെത്തൽ ജഡ്ജി അതേപടി സ്വീകരിച്ചു. അദ്ദേഹം വിധി പറഞ്ഞു. “വില്യം വാലസിനെ തൂക്കിക്കൊല്ലാൻ വിധിയ്ക്കുന്നു“.

പൊലീസ് വാലസിനെ ജയിലിലേയ്ക്ക് കൊണ്ടു പോയി. അവിടെ വധശിക്ഷ വിധിയ്ക്കപ്പെട്ടവർക്കുള്ള പ്രത്യേക സെല്ലിൽ അയാളെ അടച്ചു. ഇതിനിടെ വാലസിന്റെ സഹോദരൻ ജോസഫ് ഇംഗ്ലണ്ടിലെത്തിയിരുന്നു. അയാളും സുഹൃത്തുക്കളും മുൻകൈ എടുത്ത് ലണ്ടനിലെ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. രണ്ടുദിവസത്തെ വാദത്തിനു ശേഷം, മെയ് 19 നു വാലസിന്റെ അപ്പീൽ അംഗീകരിച്ചു കൊണ്ട് കോടതി അയാളെ വെറുതെ വിട്ടു. ഇത്രയും ദുർബലമായ തെളിവുകൾ വച്ചുകൊണ്ട്, ജൂറിയുടെ അഭിപ്രായത്തെ അതേ പടി സ്വീകരിച്ച വിചാരണക്കോടതിയെ അപ്പീൽ കോടതി ശക്തിയായി വിമർശിച്ചു.

സ്വതന്ത്രനാക്കപ്പെട്ട വാലസ് ലിവർപൂളിൽ തിരിച്ചെത്തി. വോൾവെർട്ടൻ സ്റ്റ്രീറ്റിലെ ആ വീട്ടിൽ താമസിച്ച് തന്റെ ജോലി തുടരാനാണു അയാൾ തീരുമാനിച്ചത്. എന്നാൽ നാട്ടുകാരുടെ പ്രതികരണം മോശമായിരുന്നു. എല്ലാവരും അയാളെ ഒറ്റപ്പെടുത്തുകയും കുത്തുവാക്കുകൾ പറയുകയും ചെയ്തു. ജൂൺ മാസത്തോടെ ലിവർപ്പൂൾ വിട്ട്, വിരാൽ എന്ന സ്ഥലത്ത് ഒരു വീടുവാങ്ങി അങ്ങോട്ടു താമസം മാറ്റി. അപ്പോഴേയ്ക്കും അയാളുടെ വൃക്കരോഗം വീണ്ടും തലപ്പൊക്കി. 30 വർഷം മുൻപ് അയാളുടെ ഒരു വൃക്ക നീക്കം ചെയ്തിരുന്നു. തനിയ്ക്ക് ഒരു പരിചാരകയെ ആവശ്യമുണ്ടെന്നു കാണിച്ച് പത്ര പരസ്യം നൽകി, പക്ഷേ ആൾ വാലസ് ആണെന്നറിയുമ്പോൾ എല്ലാവരും പിന്മാറുകയാണുണ്ടായത്. ഒടുക്കം ആനി മേസൻ എന്നൊരു വൃദ്ധ ആ ചുമതല ഏറ്റെടുത്തു.

1933 ഫെബ്രുവരി 9 നു രോഗം മൂർച്ഛിച്ച വാലസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26 ആം തീയതി വെളുപ്പിനു മൂന്നുമണിയ്ക്ക് വില്യം വാലസ് അന്തരിച്ചു. മാർച്ച് 1 നു, ലിവർപൂളിലെ ആൻഫീൽഡ് സെമിത്തേരിയിൽ ജൂലിയ വാലസിന്റെ അതേ കല്ലറയിൽ തന്നെ വില്യം വാലസിനെയും അടക്കം ചെയ്തു. ഏതാനും പേർ മാത്രമേ ആ ചടങ്ങിനു പങ്കെടുത്തുള്ളു. നാലു ചെറിയ റീത്തുകൾ സമർപ്പിയ്ക്കപ്പെട്ടിരുന്നു. വാലസിന്റെ ആകെ സമ്പാദ്യത്തിൽ നിന്നും 1672 പൗണ്ട് സഹോദരൻ ജോസഫിനു നീക്കിവച്ചിരുന്നു, 100 പൗണ്ട് പരിചാരിക ആനി മേസനും.

ആരാണു ജൂലിയ വാലസിന്റെ യഥാർത്ഥ കൊലപാതകി എന്നറിയാനുള്ള ആകാംക്ഷയാൽ പിൽക്കാലത്ത് പലരും പലവിധ അന്വേഷണങ്ങൾ നടത്തുകയുണ്ടായി. ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ടായി. പലരും പല നിഗമനങ്ങളിലാണു എത്തി ചേർന്നത്. അവയിൽ ചിലത്: 1. റിച്ചാർഡ് പാരിയാവാം കൊലപാതകി. ജൂലിയയുമായി നല്ല അടുപ്പമുണ്ടായിരുന്ന അയാൾ , വാലസിന്റെ പണം മോഷ്ടിക്കാനാവാം അവിടെ ചെന്നത്. പാരിയുടെ കാമുകിയെ പിൽക്കാലത്ത് അയാൾ ഒഴിവാക്കുകയുണ്ടായി. അതേ തുടർന്ന് അവൾ തന്റെ പഴയ മൊഴി തിരുത്തിപ്പറഞ്ഞു. സംഭവദിവസം 9.00 മണിയ്ക്കു ശേഷമാണു താൻ അയാളെ കണ്ടതെന്നായിരുന്നു പുതിയ മൊഴി. പക്ഷേ പൊലീസ് ഇതു കണക്കിലെടുത്തില്ല.

2. വാലസ് തന്നെയാവാം കൊല ചെയ്തത്. പാരിയും ജൂലിയയുമായി അതിരുകവിഞ്ഞ അടുപ്പമുള്ളതായി അയാൾക്കു തോന്നി. വാലസ് ഒരു ഷണ്ഡനാണെന്ന് ജൂലിയ പാരിയോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പാരി വാലസിനെ കളിയാക്കിയിരുന്നത്രേ. വാലസും ആമിയുമായി അടുപ്പമുണ്ടായിരുന്നു എന്നു വാദിയ്ക്കുന്നവരും ഉണ്ട്. ഇതാവാം കൊലയ്ക്കു കാരണം. 3. ജൂലിയയെ കൊലപ്പെടുത്താൻ വാലസ് ആരെയോ ഏർപ്പാട് ചെയ്തിരുന്നു. അയാളെയാണു ലില്ലി ഹാൾ, വാലസുമായി സംസാരിയ്ക്കുമ്പോൾ കണ്ടത്. ( ഈ മൊഴി പക്ഷേ ലില്ലി ഹാൾ കോടതിയിൽ നിഷേധിച്ചിരുന്നു). 4. ഗാരേജ് ജോലിക്കാരൻ പാർക്സിനെ പിൽക്കാലത്ത് അന്വേഷകർ കണ്ടെത്തി. റിച്ചാർഡ് പാരി മരണപ്പെട്ടശേഷം മാത്രമാണു അയാൾ ഈ വിഷയത്തെ പറ്റി സംസാരിയ്ക്കാൻ തയ്യാറായത്. അന്നു രാത്രി ഒരു ഇരുമ്പു വടി എവിടെയോ കളഞ്ഞ കാര്യം പാരി തന്നോടു പറഞ്ഞു എന്ന് അയാൾ വെളിപ്പെടുത്തി. 5. വാലസിന്റെ അയൽക്കാരൻ ജോൺ ജോൺസ്റ്റനാണു കൊലപാതകിയെന്നു ചിലർ വിശ്വസിയ്ക്കുന്നു. കൊലയുടെ തൊട്ടടുത്ത ദിവസം അയാളും ഭാര്യയും വീടു പൂട്ടി മകളുടെ അടുത്തേയ്ക്കു പോയിരുന്നു. എന്തായാലും ഇന്നും ജൂലിയയുടെ ഘാതകനെ സംശയ രഹിതമായി കണ്ടെത്താനായിട്ടില്ല. ഒരു പക്ഷേ രണ്ടു പേർക്കു മാത്രമാകാം അതു പറയാനാകുക. ജൂലിയയെ കൊന്നയാൾക്കും പിന്നെ ജൂലിയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post