യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും വകവെയ്ക്കാതെ യാത്രകൾ പോകുന്നവർക്കായിരിക്കും ഇത്തരത്തിൽ പണി കിട്ടാറുള്ളത്. അതുകൊണ്ട് യാത്രകളിൽ സഞ്ചാരികൾക്ക് പണനഷ്ടമുണ്ടാക്കുന്ന ചില അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിച്ചു തരാം.

നിങ്ങളുടെ യാത്രയ്ക്കായി ട്രെയിൻ, ബസ്, ഹോട്ടൽ റൂം, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ അവ നേരത്തെ തന്നെ ചെയ്ത് വെക്കുക. അവസാന നിമിഷത്തെ ബുക്കിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം ബുക്ക് ചെയ്യുന്ന തീയതിയോട് അടുക്കുന്തോറും ഇവയിൽ ട്രെയിൻ, ബസ് എന്നിവയൊഴികെയുള്ളവയുടെ ചാർജ്ജുകൾ കൂടി വരുന്നതായി കാണാം. അതുപോലെതന്നെ വളരെ നേരത്തെയുള്ള ബുക്കിംഗും ഒഴിവാക്കുക.

ബസ്, ട്രെയിൻ, ഫ്‌ളൈറ്റ് എന്നിവയിൽ ആണ് നിങ്ങളുടെ യാത്രയെങ്കിൽ കഴിവതും യാത്രാ സമയം രാത്രികളിൽ ആക്കുക. ഇതുമൂലം പകൽ സമയത്തെ തിരക്കിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കുകയും യാത്രയ്ക്കിടയിൽ വിശ്രമിക്കുവാൻ സാധിക്കുകയും ചെയ്യും. ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ പകൽ സമയത്തെ യാത്ര മൂലം ഒരു ദിവസം അങ്ങനെ തന്നെ യാത്രയ്ക്കായി മാത്രം പോകുകയും ചെയ്യും. ഇത് ഒഴിവാക്കാനും രാത്രി യാത്രകൾ സഹായകരമാകും. പോകുന്ന വഴി ആസ്വദിക്കുവാൻ കാഴ്ചകൾ ഏറെയുണ്ടെങ്കിലും പകൽ യാത്ര തിരഞ്ഞെടുക്കാം കെട്ടോ.

നിങ്ങളുടെ യാത്രയ്ക്കിടയിൽ ഇന്ത്യയിലായാലും പുറം രാജ്യങ്ങളിൽ ആയാലും ടാക്‌സികൾ വിളിക്കുകയാണെങ്കിൽ ഓട്ടം തുടങ്ങുന്നതിനു മുൻപ് ചാർജ്ജ് പറഞ്ഞുറപ്പിക്കുക. അല്ലെങ്കിൽ ഇവർ കഴുത്തറുപ്പൻ റേറ്റുകൾ ആയിരിക്കും ട്രിപ്പിന്റെ അവസാനം പറയുക. യാത്രയ്ക്ക് മുൻപ് ടാക്സി ചാർജ്ജുകൾക്ക് വില പേശാവുന്നതാണ്. യൂബർ പോലുള്ള ഓൺലൈൻ ടാക്‌സികൾ ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കുവാൻ അത് വളരെ നല്ലതായിരിക്കും. നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഓൺലൈൻ ടാക്സി സേവനങ്ങൾ ലഭ്യമാണോ എന്ന് യാത്രയ്ക്ക് മുൻപ് അന്വേഷിക്കുക. നിങ്ങൾ പോകുന്ന സ്ഥലം ഏതാണോ അവിടത്തെ യാത്രയ്ക്കായി കഴിവതും ബസ്, മെട്രോ തുടങ്ങിയ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുക. ടാക്സി വിളിക്കുന്നതിനേക്കാൾ ലാഭകരമായിരിക്കും ഇത്.

യാത്രയ്ക്കായി ലഗേജുകൾ ഒരുക്കുമ്പോൾ ആവശ്യമുള്ളവ മാത്രം കൊണ്ടുപോകുക. വിമാന യാത്രയാണെങ്കിൽ അനുവദിച്ചിരിക്കുന്ന ഭാരത്തിൽ കൂടുതൽ ലഗ്ഗേജ് കൊണ്ടുപോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ വിമാനങ്ങളിൽ കയറ്റുവാൻ പാടില്ലാത്ത സാധനങ്ങൾ ലഗേജുകളിൽ നിന്നും പാടെ ഒഴിവാക്കേണ്ടതാണ്. വിമാനയാത്രകൾ ആണെങ്കിൽ നിങ്ങൾ ഉറപ്പായും ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണം. നമ്മുടെ യാത്രകൾ എന്തുകൊണ്ടും സേഫ് ആയിരിക്കുവാൻ ഇത്തരത്തിൽ ഇൻഷുറൻസ് എടുക്കുന്നത് മൂലം സാധിക്കും.

യാത്രകൾക്കിടയിൽ നിങ്ങൾ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ടിപ്പുകൾ കൊടുക്കാറുണ്ടാകുമല്ലോ. വളരെ നല്ല കാര്യം തന്നെ. പക്ഷെ ചില ഹോട്ടലുകൾ ബില്ലിനൊപ്പം സർവ്വീസ് ചാർജ്ജ് എന്ന പേരിൽ ടിപ്പ് കൂടി ഉൾപ്പെടുത്താറുണ്ട്. ഈ കാര്യം ബില്ല് ലഭിക്കുമ്പോൾ പ്രത്യേകം നോക്കുക. ഇത്തരത്തിൽ സർവ്വീസ് ചാർജ്ജ് നിങ്ങളിൽ നിന്നും ഈടാക്കുന്നുണ്ടെങ്കിൽ പിന്നെ വേറെ ടിപ്പ് കൊടുക്കേണ്ട ആവശ്യമില്ല. ഇനി അഥവാ നിങ്ങൾക്ക് കൊടുക്കുവാൻ ഇഷ്ടമുണ്ടെകിൽ ആകാം കെട്ടോ.

വിദേശ രാജ്യങ്ങളിൽ പോകുകയാണെങ്കിൽ കറൻസികൾ മാറേണ്ടി വരാറുണ്ട്. ഏറ്റവും ലാഭകരമായി ഇത് എവിടെ നിന്നും ലഭിക്കും എന്ന് ആദ്യമേ അന്വേഷിക്കുക. മിക്കവാറും എയർപോർട്ടിൽ നമുക്ക് ലാഭകരമല്ലാത്ത റേറ്റ് ആയിരിക്കും കറൻസികൾക്ക്. എന്തായാലും ഈ കാര്യം അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം കറൻസി എക്സ്ചേഞ്ച് ചെയ്യുക. അതുപോലെ തന്നെ നിങ്ങളുടെ യാത്രകൾ തിരക്കേറിയ സീസൺ സമയങ്ങളിൽ ആകാതെ നോക്കുക. കാരണം സീസൺ സമയത്ത് എല്ലാ സ്ഥലങ്ങളിലും എന്തു കാര്യത്തിനും നല്ല ചാർജ്ജ് ആയിരിക്കും. പോരാത്തതിന് എല്ലായിടത്തും സഞ്ചാരികളുടെ നല്ല തിരക്കും അനുഭവപ്പെടും. ഇതുമൂലം നിങ്ങൾക്ക് സ്വസ്ഥമായി യാത്ര ആസ്വദിക്കുവാൻ കഴിയാതെ വരികയും ചെയ്യും.

അപ്പോൾ ഇനി യാത്രകൾ ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ കൂടി ഒന്ന് കണക്കിലെടുക്കുവാൻ മറക്കരുതേ. വെറുതെ അനാവശ്യമായി കാശ് പൊടിക്കുന്നതായിരിക്കരുത് നമ്മുടെ യാത്രകൾ. അപ്പോൾ എല്ലാവർക്കും സുഖ സുരക്ഷിത യാത്രകൾ ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.