എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam).
വന്യമായ, മൃഗ സ്വഭാവം കാണിക്കുന്ന ആരോടും ഇണങ്ങാത്ത കുട്ടികളുടെ കഥകൾ ലോകചരിത്രത്തിൽ വളരെയധികം ഉണ്ട്. മിത്തുകളായും യാഥാർത്ഥ്യം ആയും അത് നിലനിൽക്കുന്നു. റോമൻ മിത്തുകളിൽ റെമുവും റോമുലസും, ഇന്ത്യയിലാണെങ്കിൽ മൌഗ്ലി എന്ന കുട്ടിയുടെയും കഥ എല്ലാവർക്കും സുപരിചിതമാണ്. സമാനമായ പല കഥകളും ലോകത്ത് നിലനില്ക്കുന്നുണ്ട്. ആധുനിക യുഗമെടുക്കുകയാണെങ്കിൽ, ഇന്ത്യയിൽ കമല, അമല എന്ന 2 കുട്ടികളുടെ ചരിത്രമെടുക്കുകയാണെങ്കിൽ അവരെയും ചെന്നായ വളർത്തിയതാണെന്നു പറയപ്പെടുന്നു. അത് ചിലർ തട്ടിപ്പാണെന്നും, ചിലർ യഥാർത്ഥം ആണെന്നും അവകാശപ്പെടുന്നു. അതുപോലെ 1985 ൽ മരണമടഞ്ഞ ഷാംധിയൊ എന്ന കുട്ടിയേയും ചെന്നായ വളർത്തിയതാണെന്നു പറയപ്പെടുന്നു.
ഒക്സാന മലയ, വൈൽഡ് പീറ്റർ, സിറിയൻ ഗസൽ ബോയി, പ്രാവ, ഇവാൻ മിഷുകൊവ് അങ്ങനെ പല വന്യസ്വഭാവമുള്ള കുട്ടികളുടെ ( Feral Chldren )പല ചരിത്രങ്ങളും ആധുനിക യുഗത്തിലും ഉണ്ട്. അതുപോലെയുള്ള ഒരു കുട്ടിയുടെ ചരിത്രമാണ് ഞാൻ പറയാൻ പോകുന്നത്. ഇതിന്റെ ആധികാരികതയെ കുറിച്ച് എനിക്ക് അറിയില്ല. മിത്തോ, യാഥാർത്ഥ്യമോ എന്തുമാകട്ടെ രസകരമായ ” ലോബോ ചെന്നായ് പെൺകുട്ടിയുടെ” ചരിത്രം ഞാൻ പറയാം. ചെകുത്താൻ നദിയിലെ ചെന്നായ് പെൺ കുട്ടിയെന്നാണ് (The Wolf Girl of Devil’s River) അവൾ അറിയപ്പെട്ടിരുന്നത്!.
1835 ൽ ഡോക്റ്റർ ചാൾസ് ബീലെ എന്നയാളുടെ നേതൃത്വത്തിൽ ഒരുപറ്റം കുടിയേറ്റക്കാർ (Colonists) എസ്പോണ്ടോസ തടാകത്തിനു സമീപം താവളമടിച്ചു. പ്രേതകഥകൾക്ക് പേരുകേട്ട ഒരുസ്ഥലമാണത്. ഇപ്പോഴത്തെ Southwest Texas നു സമീപമുള്ള Carrizo Springs നു സമീപമുള്ള സ്ഥലം. ബീലിന്റെ താവളത്തിൽ നിന്നും അര മൈൽ അകലെയായി ജോൺ ഡന്റ് എന്നയാൾ ഭാര്യയും ഗർഭിണിയും ആയ മോളി പെർറ്റുൽ ഡന്റുമായി ഒരു ക്യാബിനിൽ താമസിച്ചിരുന്നു. അവർ ജോർജിയയിൽ നിന്നുള്ളവരായിരുന്നു. ഡെവിൾസ് റിവർ പ്രദേശത്ത് ( Devils River State Natural Area is a 37,000-acre section of three ecosystems, the Edwards Plateau, the Tamaulipan mezquital and the Chihuahuan Desert. It is located 66 miles north of Del Rio, Val Verde County in the U.S. state of Texas ) ബീവറിനെ കെണി വച്ച് പിടിക്കാനായിട്ടാണ് അവർ അവിടെ താമസം തുടങ്ങിയത്. കൂടെയുള്ള ഒരു കെണിവെപ്പുകാരനെ കൊലപ്പെടുത്തിയതിന്റെ പേരിൽ നിയമത്തിൽ നിന്നും ഓടി രക്ഷപെട്ടതാണയാൾ. അവർ ആ സ്ഥലം തിരഞ്ഞെടുത്തതിൽ ഭാഗ്യമുള്ളവർ ആയിരുന്നു എന്ന് പറയാം.
ഒരു പറ്റം കൊമാഞ്ചുകൾ ( പ്രാദേശിക അമേരിക്കൻ വർഗ്ഗം ) ബീലിന്റെ താവളം ആക്രമിച്ച് നല്ലൊരു ശതമാനം ആൾക്കാരേയും കൊന്നൊടുക്കി. അവരുടെ ശരീരങ്ങളും വണ്ടികളും കൊമാഞ്ചുകൾ തടാകത്തിലേക്ക് എറിഞ്ഞു. ഈ സമയം എസ്പോണ്ടോസ തടാകം പ്രേതങ്ങളുടെ കഥകളാൽ സമ്പന്നമായിരുന്നു. ഈ കൂട്ടക്കൊലപാതകം അതിനു ആക്കം കൂട്ടി. നിർഭാഗ്യത്തിന്റെയും ദുഖത്തിന്റെയും ഒരു കേന്ദ്രമായി അവിടം അറിയപ്പെട്ടു. ഇന്നും മെക്സിക്കൊക്കാരുടെ ഇടയിൽ പ്രേതബാധയുള്ള സ്ഥലമായാണ് അതറിയപ്പെടുന്നത്!. എസ്പോണ്ടോസയുടെ അർഥം തന്നെ” ഭീതി നിറഞ്ഞത്” എന്നാണു.
എന്നാൽ മോളിയുടെ പ്രസവം അടുത്തപ്പോൾ വൈമനസ്യത്തോടെയും തീരാപ്പകയോടെയും കൊമാഞ്ച് ഇന്ത്യക്കാരിൽ നിന്ന് രക്ഷപെടാൻ അവർ ശ്രമം തുടർന്നു. ഒരു രാത്രി 1835 മെയ് മാസം മോളിക്ക് പ്രസവവേദന തുടങ്ങി. അതോടൊപ്പം ഇടിനാദവും മുഴങ്ങിത്തുടങ്ങി. പരിക്ഷീണയായ മോളിയെകണ്ട് സഹായം അന്വേഷിച്ച് ജോൺ ഡന്റ് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങി. അയാൾ പെകോസ് കാന്യനിലെ ഒരു മെക്സിക്കൻ ആടുസംരക്ഷണ കേന്ദ്രത്തിൽ എത്തി ( Goat Ranch ) ൽ എത്തി. അവരോട് തന്റെ ഭാര്യയുടെ ദയനീയ അവസ്ഥയെ പറ്റി പറഞ്ഞു. ആരെങ്കിലും തന്റെ കൂടെ വരണമെന്ന് അയാൾ യാചിച്ചു. എന്നാൽ മെക്സിക്കൊക്കാര് കുതിരയെ തയ്യാറാക്കുമ്പോൾ അതിശക്തമായ ഒരു ഇടിവെട്ടിൽ ഡന്റ് തൽക്ഷണം മൃതിയടഞ്ഞു.
സാമാന്യം നല്ല താമസത്തിനു ശേഷം അവർ ജോൺ ഡന്റ് പറഞ്ഞ ഡയറക്ഷൻ വച്ച് യാത്ര തുടങ്ങി. എന്നാൽ ഇരുട്ടുകാരണം അവരുടെ യാത്ര തടസ്സപ്പെട്ടു. പിറ്റേ ദിവസം സൂര്യൻ ഉദിക്കുമ്പോൾ അവർ ഡന്റിന്റെ ക്യാബിൻ കണ്ടെത്തി. പക്ഷെ, അവർക്ക് കാണാൻ കഴിഞ്ഞത് ക്യാബിനു പുറത്ത് മോളി മരിച്ചു കിടക്കുന്നതാണ്. പ്രസവത്തോടെ അവൾ മരിച്ചു പോയിരുന്നു. എന്നാൽ കുട്ടിയെ കാണാനില്ലായിരുന്നു. മോളിയുടെ ദേഹത്ത് മാന്തിയ പാടുകൾ കാണാമായിരുന്നു. സമീപത്ത് ചെന്നായ്ക്കളുടെ കാലടയാളങ്ങളും. ചെന്നായ്ക്കൾ ആ കുട്ടിയെ കടിച്ചു തിന്നുകയോ, കടിച്ചോണ്ടു പോകുകയോ ചെയ്തു കാണുമെന്നു മെക്സിക്കൊക്കാര് വിചാരിച്ചു.
1845 ൽ San Felipe Springs ൽ ഉള്ള ഒരാങ്കുട്ടി ഒരു പറ്റം ചെന്നായ്ക്കൾക്കൊപ്പം നീണ്ടമുടിയുള്ള ഒരു ജീവി ഒരാട്ടിൻ കൂട്ടത്തെ ആക്രമിക്കുന്നത് കണ്ടു. അതിനെ കണ്ടാൽ നഗ്നയായ ഒരു പെൺ കുട്ടിയുടെ രൂപമായിരുന്നു!. ഒരു വർഷത്തിനു ശേഷം ഒരു മെക്സിക്കൻ സ്ത്രീ രണ്ട് വലിയ ചെന്നായ്ക്കൾക്കൊപ്പം നഗ്നയായ ഒരു പെൺ കുട്ടി ഒരു ആടിനെ കടിച്ചു കീറി തിന്നുന്നത് കണ്ടു!. മെക്സിക്കൊക്കാരി ആ കൂട്ടത്തെ സമീപിച്ചപ്പോൾ അവളെ കണ്ട് ചെന്നായ്ക്കളും നഗ്നയായ പെൺകുട്ടിയും അപ്രത്യക്ഷരായി. ആ സ്ത്രീ ആ പെൺകുട്ടി തുടക്കത്തിൽ നാലുകാലിൽ ആണ് ഓടുന്നതെന്ന് ശ്രദ്ധിച്ചു. എന്നാൽ ചെന്നായ്ക്കളോട് അടുത്തപ്പോൾ രണ്ടു കാലിൽ ഉയർന്ന് ഓടാൻ തുടങ്ങി!. ആ സ്ത്രീക്ക് താൻ കണ്ടെതെന്താണെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല.
അവിടെയുള്ളവർ പെൺകുട്ടിക്ക് വേണ്ടി കൃത്യമായ നിരീക്ഷണത്തിൽ ഏർപ്പെട്ടു. സമാനമായ പല കഥകളും പരന്നു. നദിയുടെ പരിസരത്ത് ചെന്നായ്ക്കൾക്കൊപ്പം മണലിൽ കുട്ടിയുടെ കാലടയാളവും കൈയ്യുടെ അടയാളവും പലരും കണ്ടതായി അവകാശപ്പെട്ടു. ഡെവിൾസ് റിവറിലെ ചെന്നായ് പെൺകുട്ടിയെ പിടിക്കാൻ ഒരു വേട്ടക്കാരുടെ കൂട്ടം ഒരുങ്ങി. മൂന്നാം ദിവസം എസ്പോണ്ടാസ നദിയുടെ സമീപം ചെന്നായ്ക്കൾക്കൊപ്പം ആ പെൺകുട്ടി ഓടിപോകുന്നത് അവർ കണ്ടു. കൌ ബോയിസ് അവൾക്കു പുറകെ കൂടി. ഒരു മലയിടുക്കിൽ അവളെ ചെന്നായ്ക്കൾക്കിടയിൽ നിന്നും ഓടിച്ച് ഒറ്റപ്പെടുത്തി. രക്ഷപെടാനായി ഒരു കാട്ടു പൂച്ചയെപോലെ അവൾ കടിക്കാനും മാന്താനും തുടങ്ങി. ഒടുവിൽ അവർ അവളെ കുരുക്കിട്ടു കീഴ്പ്പെടുത്തി. അവളെ കെട്ടാൻ നേരം അവൾ വീണ്ടും ഭയപ്പെടുത്താനായി ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു.
അതൊരു പെൺകുട്ടിയുടെ കരച്ചിലിനും ചെന്നായുടെ ഓരിയിടലിനും ഇടക്കുള്ള ശബ്ദമായിരുന്നു. എന്നാൽ ഒരു ഓരിയിടലിനിടയിൽ ഒരു ഭീകരൻ ആൺ ചെന്നായ് അവളെ പിടിച്ചവരുടെ നേരെ ആക്രമിക്കാനായി അടുത്തു. ഭാഗ്യവശാൽ ഒരു കൌ ബോയി ഒരു വെടിക്ക് ആൺ ചെന്നായുടെ കഥ കഴിച്ചു. അതോടെ അവൾ ക്ഷീണിതയായി. അവളെയവർ സുരക്ഷിതമായി കെട്ടി, പരിശോധന തുടർന്നു. അവളുടെ ശരീരം രോമം നിറഞ്ഞതും, ഭാവം വന്യവും ആയിരുന്നുവെങ്കിലും മനുഷ്യനോടായിരുന്നു അവൾക്ക് കൂടുതൽ സാമ്യം. അവളുടെ കാലുകളും കൈകളും നല്ലപോലെ മസിലുകൾ നിറഞ്ഞതായിരുന്നു. എന്നാൽ അതിന്റെ അനുപാതം വ്യത്യസ്തമായിരുന്നു. അവൾക്ക് മുരളുവാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളൂ. നാലുകാലിൽ സുഗമമായി അവൾ നടക്കുമായിരുന്നു. എന്നാൽ രണ്ടുകാലിൽ എഴുന്നേറ്റു നില്ക്കാൻ ശ്രമിക്കുമ്പോൾ എന്തോ ഒരു അഭംഗി ഉണ്ടായിരുന്നു.
അവളെ ഒരു കുതിരപ്പുറത്ത് സമീപത്തെ ഒരു റാഞ്ചിൽ കൊണ്ടുവന്നു. രണ്ട് മുറിയുൾക്കൊള്ളുന്ന ഒന്നിലാക്കി കെട്ടഴിച്ച് സ്വതന്ത്രമാക്കി. അവൾക്ക് പുതക്കാനും ഭക്ഷണവും വെള്ളവും എല്ലാം നൽകി. അവൾ ഒന്നും സ്വീകരിച്ചില്ല. അവൾ മുറിയുടെ ഇരുണ്ട കോണിൽ ചുരുണ്ട് കൂടി. രാത്രിയിൽ പുറത്ത് ഒരാളെ കാവലേൽപ്പിച്ച് കതക് അവർ പൂട്ടി. പിന്നെ പുറത്തേക്കുള്ള ഒന്നേയൊന്ന് മുകളിലായി കാണുന്ന ചെറിയ ഒരു ജനലായിരുന്നു.
രാത്രിയിലുടനീളം അവളുടെ മുറിയിൽ നിന്നും ഓരിയിടൽ കേൾക്കാമായിരുന്നു!. അതിനു പകരമായി കാട്ടിൽ നിന്നും ചെന്നായ്ക്കളുടെ ഓരിയിടലും കെട്ടു!. പെട്ടന്ന് ആ ഓരിയിടലുകൾ അടുത്തു വരുന്നതായി അവർക്ക് തോന്നി. വലിയ ചെന്നായ്ക്കൾ ആടുകളെയും പശുക്കളെയും കുതിരകളെയും ആക്രമിക്കാൻ തുടങ്ങി!. കൌ ബോയിസ് വെടിയുതിർത്തും ഒച്ചവച്ചും ചെന്നായ്ക്കളെ തുരത്തി. ആ ജനാലയിലൂടെ എങ്ങനെയോ ആ ചെന്നായ് പെൺകുട്ടി രക്ഷപെട്ടു!. പിന്നീട് ആ ഒരിയിടലുകൾ നിലച്ചു. ചെന്നായ്ക്കൾ കാട്ടിലേക്ക് മടങ്ങി.
പിന്നീട് പലപ്പോഴും ആ പെൺകുട്ടിയെ ചെന്നായ്ക്കൾക്കൊപ്പം കണ്ടതായി തൃപ്തികരമല്ലാത്ത പല വാർത്തകളും കേട്ടു. എന്നാൽ വളരെ അടുത്ത് അവളെ കാണാൻ ആർക്കും സാധിച്ചില്ല. ഈ സമയം കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തി എന്ന വാർത്ത പരന്നു. സ്വർണ്ണം തേടി പടിഞ്ഞാറു ഭാഗത്തേക്ക് ഭാഗ്യന്വേഷികൾ തള്ളിക്കയറിത്തുടങ്ങി.
1852 ൽ അതിർത്തി ദേശനിവാസികളുടെ ( frontiersmen ) ഒരു സർവേ പാർട്ടി എൽ പാസോയിലെക്ക് പുതിയൊരു വഴി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അവർ റിയോ ഗ്രാണ്ടേയിൽ ഡെവിൾസ് റിവറിന്റെ നദീമുഖത്ത് എത്തിയപ്പോൾ വളരെ അടുത്തായി അസാധാരണമായ ഒരു കാഴ്ച കണ്ടു. അതൊരു ചെറുപ്പക്കാരിയായ പെൺകുട്ടി രണ്ട് ചെന്നായ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതായിരുന്നു !. പെട്ടന്ന് സർവേ പാർട്ടിയെ അവൾ കണ്ടു. അവൾ വേഗത്തിൽ ചെന്നായ് കുഞ്ഞുങ്ങളെ വാരിയെടുത്ത് പാറക്കൂട്ടങ്ങളുടെ വിടവുകളിലൂടെ അപ്രത്യക്ഷമായി!. കുതിരപ്പുറത്തുള്ള സർവേ പാർട്ടിക്ക് അവളെ പിന്തുടരുക അസാധ്യമായിരുന്നു. ആ പെൺകുട്ടിക്ക് ഏകദേശം 17 വയസ് പ്രായം വരുമായിരുന്നു. കാട്ടിനുള്ളിലേക്ക് മറഞ്ഞ അവളെ പിന്നീടാരും കണ്ടിട്ടില്ല!. ഇക്കാലമത്രയും മോളി ഡന്റിന്റെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നാർക്കും അറിയില്ല. ആ ചെന്നായ് പെൺകുട്ടി മോളിയുടെ മകളാണെന്ന് പലരും കരുതുന്നു. 1930 കളിൽ മനുഷ്യമുഖമുള്ള ചെന്നായ്ക്കളെ ഈ പ്രദേശത്ത് കാണാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
1937 ൽ L .D. ബർട്ടൻ എന്ന എഴുത്തുകാരൻ എഴുതി “കഴിഞ്ഞ 40 വർഷത്തോളം ഞാൻ പടിഞ്ഞാറുണ്ടായിരുന്നു. ചെന്നായ് മുഖത്തേക്കാൾ കൂടുതൽ മനുഷ്യ മുഖത്തോടു സാമ്യമുള്ള ഒന്നിൽ കൂടുതൽ മുഖം ഞാൻ കണ്ടിട്ടുണ്ട്!”.
ഡെവിൾസ് റിവറിലെ ചെന്നായ് പെൺ കുട്ടിയുടെ കഥ ഒരു നാടോടി കഥ എന്നതിനേക്കാൾ ഒരു യഥാർത്ഥ സംഭവമെന്നാണ് അറിയപ്പെടുന്നത്. San Felipe Springs ലെ ഡെവിൾസ് റിവർ തീരങ്ങളിൽ പ്രേതരൂപിയായി അവളെ കാണാറുണ്ടെന്നു പറയപ്പെടുന്നു.1835 ൽ ജോൺ ഡന്റും മോളിയും ടെക്സാസിൽ എത്തിയപ്പോൾ മോളി തന്റെ അമ്മക്ക് അസാധാരണമായ ഒരു എഴുത്ത് എഴുതിയിരുന്നു. ” പ്രിയപ്പെട്ട അമ്മേ, ചെകുത്താനു ടെക്സാസിൽ സ്വന്തമായി ഒരു നദിയുണ്ട്. അത് വളരുന്നവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്”.