ഗോവ.. ഈ പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്തായിരിക്കും? ഉറപ്പായിട്ടും ബീച്ചും നൈറ്റ് പാർട്ടികളും സുന്ദരീ-സുന്ദരന്മാരുമൊക്കെ ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്നായിരുന്നു നമ്മളെല്ലാം ചെറിയ ക്‌ളാസ്സുകളിൽ വെച്ച് ഗോവയെ ആദ്യമായി അറിഞ്ഞത്. പിന്നീട് നമ്മൾ വളർന്നപ്പോൾ ആ അറിവും അതിരുകൾ ഭേദിച്ച് വളർന്നു.

തായ്‌ലൻഡിൽ പട്ടായ പോലെ ഇന്ത്യയിൽ എല്ലാവരും അടിച്ചു പൊളിക്കുവാനും അൽപം പാശ്ചാത്യ സംസ്കാരം നേരിൽക്കാണുവാനും അനുഭവിച്ചറിയുവാനും ഒക്കെ എത്തിച്ചേരുന്നത് ഗോവയിലേക്ക് ആണ്. എല്ലാവരും ധാരാളം കഥകൾ (ഉള്ളതും ഇല്ലാത്തതും) പറഞ്ഞു പരത്തിയിട്ടുള്ളതിനാൽ ഗോവ എന്നാൽ ‘ബാച്ചിലേഴ്‌സിൻ്റെ സ്വർഗ്ഗം’ എന്നാണു എല്ലാവരുടെയും വിചാരം. ഒരുകണക്കിനു നോക്കിയാൽ അങ്ങനെ തന്നെയാണ്. എന്നിരുന്നാലും ഗോവയിൽ ചെന്നിട്ട് തോന്നിയതു പോലെ നടക്കാമെന്ന് ആരും വിചാരിക്കേണ്ട. ഗോവയിൽ പോയാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവയിൽ ചിലത് നിങ്ങൾക്കായി പറഞ്ഞുതരാം.

© cntraveller.

മദ്യപാനം : ഗോവയിൽ ധാരാളം പബ്ബുകളും ബാറുകളും പെട്ടിക്കടകൾ പോലെ മദ്യഷാപ്പുകളും ഉണ്ടെന്നു വെച്ച് ഗോവക്കാർ മുഴുവനും കുടിച്ചു മറിഞ്ഞു നടക്കുന്നവരാണെന്നു വിചാരിക്കരുത്. മദ്യപിക്കണം എങ്കിൽ മാന്യമായി അത് കഴിക്കുക. അല്ലാതെ മദ്യം ഉള്ളിൽ കയറ്റിയിട്ട് ഒച്ചപ്പാടും ബഹളവും ഒക്കെ എടുത്താൽ ഏതൊരു സ്ഥലത്തെപ്പോലെയും ഗോവയിലും നല്ല അടി കിട്ടും. അതുകൊണ്ട് ഗോവൻ ട്രിപ്പ് മദ്യത്തിൽ മുക്കാതെ എല്ലാവരും ശ്രദ്ധിക്കുക.

ബീച്ചുകൾ വൃത്തികേടാക്കരുത് : ഗോവയുടെ പ്രധാന ആകർഷണം അവിടത്തെ വിവിധ ബീച്ചുകളാണ്. അവിടെയെല്ലാം പോയി അടിച്ചുപൊളിച്ചു രസിക്കാം എന്നതിനപ്പുറം അവിടം മലിനമാക്കുവാൻ ശ്രമിക്കരുത്. ടൂറിസമാണ് ഗോവയുടെ പ്രധാന വരുമാനം. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് ബീച്ചുകളുമാണ്. ഈ ബീച്ചുകൾ നമ്മൾ ചെന്നിട്ട് വൃത്തികേടാക്കിയാൽ അതിന്റെ ദോഷം ഗോവക്കാർക്കും കൂടിയാണ്. അതുകൊണ്ട് അവർ പ്രതികരിക്കും.

ആളുകളോടുള്ള പെരുമാറ്റം : ഗോവയിൽ വരുന്ന എല്ലാ സഞ്ചാരികളും ഒരേപോലത്തെ ചിന്താഗതിയുള്ളവരാകണം എന്നില്ല. പ്രത്യേകിച്ച് സ്ത്രീകൾ. അതിപ്പോൾ വിദേശികളായാലും സ്വദേശികളായാലും അവരോട് എന്തു കമന്റും അടിക്കാം, ഫോട്ടോസ് എടുക്കാം എന്നൊന്നും വിചാരിക്കരുത്. അവരുടെ അനുവാദത്തോടെ വേണമെങ്കിൽ മാന്യമായി ഫോട്ടോസ് എടുക്കാം. അല്ലാതെ ഒളിഞ്ഞും പാത്തും അറിയാതെ ഫോട്ടോസ് പകർത്തുന്ന നിങ്ങളിലെ ഫോട്ടോഗ്രാഫർ ഉണർന്നാൽ വെറുതെ പണിയാകും. അത്തരം ഫോട്ടോഗ്രാഫി കമ്പക്കാർ ആ കമ്പം ഇവിടെ ഉപേക്ഷിച്ചിട്ട് അവിടേക്ക് പോകുക.

തുറിച്ചു നോട്ടം : പല നാടുകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ വരുന്ന സ്ഥലമായതിനാൽ ഗോവയിൽ പല വസ്ത്രധാരണത്തിലുള്ള ആളുകളെയും കാണാം. പ്രത്യേകിച്ചും ബീച്ചുകളിൽ വിദേശ വനിതകളൊക്കെ അല്പവസ്ത്രധാരികളായി ഉല്ലസിക്കുന്നതും കാണാം. ഇതൊക്കെ ആദ്യമായിട്ടു കാണുകയാണെങ്കിൽ പോലും ഒരിക്കലും അവരെ കൗതുകത്തോടെ തുറിച്ചു നോക്കാനോ ഒന്നും പാടുള്ളതല്ല. അവരുടെ പ്രതികരണം ചിലപ്പോൾ കടുത്തതാകാൻ ഇടയുണ്ട്.

ഷോപ്പിംഗ് : ഗോവയിൽ ചെന്നിട്ട് സാധാരണക്കാരായ നമ്മളെല്ലാം ഷോപ്പിംഗ് പരമാവധി ഒഴിവാക്കുകയായിരിക്കും നല്ലത്. കാരണം അവിടത്തെ കച്ചവടങ്ങൾ എല്ലാം തന്നെ ടൂറിസ്റ്റുകളെ കണ്ടുകൊണ്ടാണ്. പ്രത്യേകിച്ച് നല്ല കാശുള്ള വിദേശികളെ. അതാകുമ്പോൾ കച്ചവടക്കാർക്ക് നല്ല ലാഭവും ലഭിക്കും. അതിനിടയിൽ നമ്മൾ ചെന്ന് വിലപേശാനും മറ്റും നിന്നാൽ അവർക്ക് കലിയിളകും. അത് പിന്നീട് ഒരു വഴക്കിലെത്തുവാനും സാധ്യതയുണ്ട്. എല്ലാ കച്ചവടക്കാരും ഒരേപോലെയല്ല കേട്ടോ. എന്നിരുന്നാലും ഇത്തരം വിലപേശലും വഴക്കിടലും ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

പലതരം ആക്ടിവിറ്റികൾ : ഗോവയിലെ ബീച്ചുകളിൽ പലതരം വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ലഭ്യമാണ്. ഇവയിലൊക്കെ കയറുന്നതൊക്കെ നല്ലതാണ്. പക്ഷേ സുരക്ഷയെ മുൻനിർത്തി അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ നാം തയ്യാറാകണം. അതൊന്നും കേൾക്കാതെ സൂപ്പർമാനെപ്പോലെ ഷൈൻ ചെയ്യാമെന്നു വിചാരിക്കരുത്. എന്തെങ്കിലും അപകടമുണ്ടായാൽ അവസാനം ഹോസ്പിറ്റൽ ബെഡിൽ സ്പൈഡർമാനെപ്പോലെ കിടക്കേണ്ടി വരും.

അപ്പോൾ ഈ കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാൽ ഏതൊരാൾക്കും അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ ലഭിക്കുന്ന നാടാണ് ഗോവ. നമ്മുടെ സന്ദർശനം മൂലം ആ നാടിനോ നാട്ടുകാർക്കോ യാതൊരു ബുദ്ധിമുട്ടും വരുത്താതെ നോക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.