മഴയും വെള്ളപ്പൊക്കവുമെല്ലാം നമ്മുടെ നാട്ടിലെ പല വഴികളും പുഴയ്ക്കു സമാനമാക്കിയ സാഹചര്യത്തിൽ അതുവഴി വാഹനങ്ങൾ ഓടിക്കേണ്ടി വരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു തരികയാണ് നമ്മുടെ ഒരു സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ബിബിൻ ഏലിയാസ് തമ്പി. ബിബിൻ തയ്യാറാക്കിയ ലേഖനം ഇതാ ഇവർക്കുമായി പങ്കുവെയ്ക്കുകയാണ്.

“മുൻപ് ഡൽഹി, മുംബൈ പോലെ ഉള്ള നഗരങ്ങളിൽ ആയിരുന്നു സാധാരണ മഴയും, വെള്ളക്കെട്ടും ഉണ്ടാകുമ്പോൾ വാഹനങ്ങളുടെ എൻജിനിൽ വെള്ളം കയറി നാശ നഷ്ടം ഉണ്ടാകാറുണ്ടായിരുന്നത്. എന്നാൽ ഇപ്പൊ നമ്മുടെ നാട്ടിലെ സ്ഥിതിയും മറിച്ചല്ല. മഴയും വെള്ളക്കെട്ടും ഒക്കെ ഉള്ളപ്പോൾ അതിലൂടെ സാഹസികമായി കാറും മറ്റും ഓടിക്കുന്നവരുടെ വീഡിയോയും, ഫോട്ടോകളും ഒക്കെ കാണാറുണ്ട്. അത്തരം ആളുകൾ ഭീമമായ സാമ്പത്തിക നഷ്ടം സ്വയം വരുത്തി വക്കുക ആണ്. ചില ഓഫ് റോഡ് വാഹനങ്ങൾ വെള്ളത്തിലും മറ്റും ഓടിക്കാൻ തക്കവണ്ണം രൂപ കല്പന ചെയ്തവയോ, അല്ലെങ്കിൽ അത്തരത്തിൽ രൂപമാറ്റം ചെയ്തവയോ ആണ്. പക്ഷെ എൻജിനിൽ വെള്ളം കയറിയാലും വാഹനം ഓടത്തക്ക വിധത്തിൽ ഇന്നേ വരെ ഒരു എൻജിനും ലോകത്ത് രൂപ കല്പന ചെയ്തിട്ടില്ല. അത്‌ കൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ചെറു കാറുകളും മറ്റും കൊണ്ട് ഇത്തരം അഭ്യാസം കാണിച്ചാൽ പണി വെള്ളത്തിൽ കലക്കി എൻജിനിൽ കിട്ടും.

എൻജിനിൽ വെള്ളം കയറി എൻജിൻ സീസ്‌ ആകുന്നതിനെ HYDROSTAT LOCK എന്നാണ് പറയുന്നത്. പെട്രോൾ എൻജിൻ ആണെങ്കിലും ഡീസൽ എൻജിൻ ആണെങ്കിലും വെള്ളം കയറിയാൽ ഹൈഡ്രോസ്റ്റാറ്റ് ലോക്ക് ആയിരിക്കും, പക്ഷെ പെട്രോൾ എൻജിനേ അപേക്ഷിച്ചു ഡീസൽ വണ്ടികൾ ഹൈഡ്രോസ്റ്റാറ്റ് ആകാൻ ഉള്ള സാധ്യത 80% കൂടുതൽ ആണ്. കാരണം മിക്ക ഡീസൽ എൻജിൻ കാറുകളും ഇന്റർ കൂളർ ടർബോ ചാർജ്ഡ് എൻജിൻ ആണ് അതുകൊണ്ട് തന്നെ ടർബോ പ്രവർത്തിച്ചു തുടങ്ങുമ്പോൾ അതിന്റെ പവറിൽ ശക്തിയായി വായുവിനെ അകത്തേക്ക് വലിക്കാറുണ്ട് വെള്ളം ഉണ്ട് എങ്കിൽ അതും വായുവിന്റെ കൂട്ടത്തിൽ നേരിട്ട് എൻജിന്റെ കംപ്രഷൻ ചെമ്ബറിൽ എത്തുകയും കമ്പ്രെഷൻ റേഷ്യോ കൂടുകയും, തന്മൂലം പിസ്റ്റൺ കണക്റ്റിംഗ് റോഡുകളും വാൽവുകളും ബെൻട് ആവുകയും, എൻജിൻ സീസ്‌ ആകുകയും ചെയ്യും.

വെള്ളകെട്ടിൽ കൂടി വാഹനം ഓടിക്കേണ്ട അത്ര അത്യാവശ്യമായ സാഹചര്യം വന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. പെട്രോൾ വാഹനങ്ങൾ ആണെങ്കിൽ റേഡിയേറ്റർ ഗ്രില്ലിന്റെ പകുതിയിൽ കൂടുതൽ വെള്ളം ഉണ്ട് എങ്കിൽ അതിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം വന്നാൽ ഒഴിവാക്കാൻ നോക്കുക. സാധിക്കാതെ വന്നാൽ വാഹനം 1st ഗിയറിൽ ഇട്ട് ആക്സിലേറ്റർ അമർത്താതെ സാവധാനം മുന്നോട്ട് നീക്കുക, ആട്ടോമാറ്റിക്‌ ഗിയർ ഉള്ള വാഹനം ആണെങ്കിൽ ഗിയർ D എന്ന പൊസിഷനിൽ (ഡ്രൈവ് മോഡ്) ഇട്ട ശേഷം ആക്സിലേറ്റർ അമർത്താതെ തന്നെ മുൻപോട്ടു നീക്കുക. വാഹനം വെള്ളത്തിൽ നിന്ന് പോകരുതല്ലോ എന്ന് കരുതി നാം സാധാരണ ആക്സിലേറ്റർ അമർത്തി വെള്ളത്തിൽ കൂടി വാഹനം ഓടിക്കും എന്നാൽ അങ്ങനെ ചെയ്‌താൽ ത്രോട്ടിൽ ബോഡി മുഴുവനായി തുറക്കുകയും വെള്ളം അതി വേഗം Air intake pipe വലിച്ചെടുക്കുകയും എയർ ഫിൽറ്ററിൽ എത്തിക്കുകയും അവിടെ നിന്ന് ഇഞ്ചക്ടറിലേക്കും, എൻജിനിലേക്കും വെള്ളം എത്തുകയും വാഹനം ഓഫ്‌ ആവാൻ ഇട ആവുകയും ചെയ്യും.

വാഹനത്തിന്റെ Headlight മുങ്ങുന്ന തരത്തിൽ വെള്ളം ഉണ്ട് എങ്കിൽ അതിലേക്ക് പോകാതെ ഇരിക്കുക കാരണം പെട്രോൾ വാഹനങ്ങൾടെ air intake pipe ഹെഡ്ലൈറ്റിന്റെ ലെവലിൽ ആയിരിക്കും മിക്ക വാഹനങ്ങളിലും. സ്റ്റാർട്ട്‌ എൻജിൻ ആണെങ്കിൽ intake pipe വെള്ളം അകത്തേക്ക് വലിച്ചെടുത്തിരിക്കും. ഡീസൽ വാഹനങ്ങൾ ആണ് എങ്കിൽ ടയറിന്റെ കാൽ ഭാഗം വെള്ളത്തിൽ കൂടി ഡ്രൈവ് ചെയ്യാം പക്ഷെ വെള്ളം ബമ്പറിനു മുകളിൽ വെള്ളം ഉണ്ട് എങ്കിൽ സാഹസം കാണിക്കാതെ ഇരിക്കുക. കാരണം ഇന്റർ കൂളർ ടർബോ ഉള്ള വാഹനങ്ങളിൽ കൂടുതൽ വായു വലിച്ചെടുക്കുന്നതിനായി intake പൈപ്പുകൾ ബമ്പറിന്റെ താഴ്ഭാഗത്തേക്ക്‌ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. ആ അവസ്ഥയിൽ വെള്ളം കൂടുതൽ വേഗത്തിൽ എൻജിനിലേക്ക് എത്തുന്നതിനു കാരണം ആകും. വെള്ളം കയറി എൻജിൻ നിന്ന് പോയാൽ വീണ്ടും സ്റ്റാർട്ട്‌ ആക്കാൻ മുതിരാതെ ഇരിക്കുക എന്നതാണ് ബുദ്ധി. അല്ലെങ്കിൽ വെറും ഒരു എൻജിൻ ഫ്ലഷിങ്ങിൽ തീരേണ്ടതു എൻജിൻ റീപ്ലേസ്മെന്റിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും.

ഇൻഷുറൻസ് പരിരക്ഷ: Hydrostat lock ആകുന്ന എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടും എന്ന് വിചാരിക്കരുത്. കാരണം ഇൻഷുറൻസിൽ എൻജിൻ കവറേജ് എന്ന ആഡ് ഓൺ പാക്കേജ് ഉണ്ടെങ്കിൽ മാത്രമേ മുഴുവൻ എൻജിൻ കവറേജ് ലഭ്യമാകുകയുള്ളു. നോർമൽ പോളിസി ആണ് എങ്കിൽ എൻജിൻ ഫ്ലഷിങ്‌ മാത്രമേ ഇൻഷുറൻസ് കമ്പനി കവർ ചെയ്യുക ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന വാഹനം വെള്ളം കയറി നാശനഷ്ടം ഉണ്ടായി എങ്കിൽ പൂർണ പരിരക്ഷ ലഭ്യമാണ്. അങ്ങനെ ഉള്ളപ്പോഴും എൻജിനിൽ വെള്ളം പോയാൽ കമ്പനികൾ കവർ ചെയ്യാറില്ല. കാരണം എൻജിൻ സ്റ്റാർട്ട്‌ ആക്കാതെ വെള്ളം ഉള്ളിൽ പോകില്ല എന്ന് ഉള്ളത് കൊണ്ട്.

Hydrostat ആകുന്ന ഒരു എൻജിന്റെ ചെലവ് 75,000 മുതൽ 15 ലക്ഷം വരെ ആകാം. (വാഹനത്തിന്റെ മോഡൽ അനുസരിച്ച്).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.