വിവരണം – ബാബു ഒതുക്കുങ്ങൽ.
ബദ്രിനാഥ്, കേദാര്‍നാഥ് യാത്രകൾ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം. ചാര്‍ ധാം എന്നറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്ക് ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്ന് യാത്ര പുറപ്പെടാം. അടുത്ത എയര്‍പോര്‍ട്ട്- ജോളിഗ്രാന്‍റ് എയര്‍പോര്‍ട്ട് ഡെറാഡൂണ്‍ ആണ്.
ഋഷികേശിലെ യാത്രാ ബസ് സ്റ്റാന്‍റില്‍ നിന്ന് ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് ബസ്സ് കുറവാണ്. എങ്കിലും ഒന്നിച്ചുള്ള ബസ്സിലോ ഇടയ്ക്ക് ഇറങ്ങിക്കയറിയോ ഈ നാല് ഇടങ്ങളിലും എത്തിച്ചേരാം. കൂടുതല്‍ ആളുണ്ടെങ്കില്‍ ട്രാവല്‍സുകള്‍ മുഖേന വാഹനങ്ങള്‍ ഹയര്‍ ചെയ്യാം.
ബദ്രി, കേദാര്‍, മനാ എന്നിവിടങ്ങളിലേക്ക് 5 ദിവസത്തെ പാക്കേജും നാല് ധാമുകളിലേക്കും 9 ദിവസത്തെ പാക്കേജുമാണ് ആവശ്യമായി വരിക. ബദ്രിനാഥിലേക്കും ഗംഗോത്രിയിലേക്കും വാഹനം എത്തിച്ചേരും. എന്നാല്‍ യമുനോത്രിയിലേക്കും കേദാര്‍നാഥിലേക്കും എത്തുന്നതിന് ട്രക്കിംഗ് ആവശ്യമാണ്. യമുനോത്രിയിലേക്ക് 5 കിലോമീറ്ററും കേദാര്‍നാഥിലേക്ക് 16 കിലോമീറ്ററുമാണ് നടപ്പാത.
കാല്‍നട ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിട്ടു, കുതിര എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. യാത്രക്കാരനെ കുട്ടയിലിരുത്തി പുറത്ത് താങ്ങിക്കൊണ്ടു പോകുന്ന സമ്പ്രദായമാണ് പിട്ടു. 1500, 2500, 3000 തുടങ്ങി സീസണ്‍, മുകളിലേക്കോ താഴേക്കോ എന്നത്, ആളുടെ ഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പിട്ടു, കുതിര എന്നിവയുടെ നിരക്ക്. കാല്‍നടയുടെ ഇടയ്ക്കു വച്ചും പിട്ടു, കുതിര എന്നിവ ലഭിക്കും.
ഹെലികോപ്ടര്‍ സൗകര്യവും ലഭ്യമാണ്. ഇരുവശത്തേക്കും കൂടി 8000 രൂപയും താഴേക്ക് മാത്രം 3500 രൂപയുമാണ് നിരക്ക്. മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. ഗൗരീകുണ്ഡിനടുത്ത് ഫട്ട എന്ന സ്ഥലത്തുനിന്നാണ് ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുന്നത്.
ഋഷികേശില്‍ നിന്ന് ഒരു പകല്‍ യാത്ര ചെയ്താല്‍ കാല്‍നട തുടങ്ങുന്ന ഗൗരീകുണ്ഡില്‍ എത്തിച്ചേരാം. 16 കിലോമീറ്റര്‍ തരക്കേടില്ലാത്ത ദൂരമായതുകൊണ്ട് രാവിലെ നേരത്തെ ട്രക്കിംഗ് തുടങ്ങിയാല്‍ നേരത്തെ എത്തിച്ചേരാം. 6 മുതല്‍ 8 മണിക്കൂറാണ് മുകളിലേക്കുള്ള ട്രക്കിംഗിന് സാധാരണ ഗതിയില്‍ വേണ്ടിവരിക. മുകളിലേക്ക് പോകുമ്പോള്‍ ഭീംബലി എന്ന സ്ഥലത്തിനു ശേഷം അവസാനഭാഗത്ത് കുത്തനെയുള്ള കയറ്റമാണ്.
കയറ്റം കയറിയും ആവശ്യത്തിന് വിശ്രമമെടുത്തും ധാരാളം വെള്ളം കുടിച്ചും ട്രക്കിംഗ് തുടരുക. വേണ്ടത്ര ഓക്സിജന്‍ കിട്ടേണ്ടതിനാല്‍ മൂക്ക്, വായ എന്നിവ ഒരിക്കലും മൂടരുത്. ട്രക്കിംഗ് സമയത്ത് ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ കൈയില്‍ കരുതുക. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ശുദ്ധജല ടാപ്പുകള്‍ ധാരാളമുണ്ട്. സ്ത്രീകളുടെ ഉപയോഗത്തിന് വഴിയിലുടനീളം താല്‍ക്കാലിക ടോയ് ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ലഘുഭക്ഷണശാലകളുമുണ്ട്.
ചാര്‍ധാമിലെ സ്ഥലങ്ങളില്‍ പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് രജിസ്ട്രേഷന്‍ ആവശ്യമാണ്. ഋഷികേശിലെ യാത്രാ ബസ് സ്റ്റാന്‍റിലും ഗൗരീകുണ്ഡിനടുത്ത സോന്‍ പ്രയാഗിലും രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ആധാര്‍ കാര്‍ഡും ടാക്സിയിലാണ് പോകുന്നതെങ്കില്‍ വണ്ടിയുടെ നമ്പറുമാണ് രജിസ്ട്രേഷന് ആവശ്യം. വെബ്ക്യാം ഉപയോഗിച്ച് ഫോട്ടോ എടുത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം രജിസ്ട്രേഷന്‍ കാര്‍ഡ് അനുവദിക്കും. ഫീസില്ല.
ഈ രജിസ്ട്രേഷന്‍ കാര്‍ഡ് പിന്നീട് എവിടെയും ആവശ്യപ്പെടുന്നില്ല. എങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാകുന്ന അവസരങ്ങളില്‍ വിവരശേഖരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേദാര്‍നാഥില്‍ എ.ടി.എം, പി.ഒ.എസ് മുഖേന പണം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ ഇല്ല. അതുകൊണ്ട് പിട്ടു, കുതിര, താമസം, ഭക്ഷണം എന്നിവക്ക് കണക്കാക്കി ആവശ്യത്തിന് പണം കൈയില്‍ കരുതണം.
മഞ്ഞുമലകളുടെ പശ്ചാത്തലത്തിലാണ് ബദ്രിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍. അതിനാല്‍ കമ്പിളി, തൊപ്പി, കൈയുറ, കട്ടിയുള്ള സോക്സ് എന്നിവ നിര്‍ബന്ധമാണ്. ചെളിയുടെയും മഞ്ഞിന്‍റെയും ഈര്‍പ്പം കാലില്‍ പറ്റാതിരിക്കാന്‍ റബ്ബര്‍ ഷൂ ഉപയോഗിക്കുന്നതാണ് നല്ലത്.
കേദാര്‍നാഥില്‍ താമസസൗകര്യം ലഭ്യമാണ്. ഒരു ബെഡ്ഡിന്6-8 പേര്‍ക്ക് കിടക്കാവുന്ന ഡോര്‍മറ്ററി മുറികളും ലഭിക്കും. വാടക ഏകദേശം 1500 രൂപ. ബദ്രിനാഥിലേക്ക് ട്രക്കിംഗ് ആവശ്യമില്ല. വാഹനം നേരിട്ട് എത്തിച്ചേരും. യഥേഷ്ടം താമസ സൗകര്യങ്ങളും ടൂറിസ്റ്റ് ഹോമുകളും ലഭ്യമാണ്. ബദ്രിനാഥില്‍നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയാണ് മനാ ഗ്രാമം.