ഇന്ന് നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണല്ലോ റഫ്രിജറേറ്റർ അഥവാ ഫ്രിഡ്‌ജ്‌. ഫ്രിഡ്ജ് വാങ്ങുമ്പോളും അത് ഉപയോഗിക്കുമ്പോളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പൊതുജനങ്ങൾക്കായി ഷെയർ ചെയ്യുകയാണ് കെഎസ്ഇബി. കെഎസ്ഇബിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് ഒന്ന് വായിക്കാം.

റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന്‌ 165 ലിറ്റര്‍ ശേഷിയുളള റെഫ്രിജറേറ്റര്‍ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.

റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന്‌ ബി.ഇ.ഇ (ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച്‌ സ്റ്റാര്‍ ഉളള 240 ലിറ്റര്‍ റെഫ്രിജറേറ്റര്‍ വര്‍ഷം 385 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട്‌ സ്റ്റാര്‍ ഉള്ളവ വര്‍ഷം706 യൂണിറ്റ്‌ ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ‍ വര്‍ഷം 900 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നര്‍ത്ഥം.

കൂടുതല്‍ സ്റ്റാര്‍ ഉള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടര്‍ന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടമാണ്‌ ഉണ്ടാകുന്നത്‌.

റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം. റെഫ്രിജറേറ്ററിന്റെ വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബര്‍ ബീഡിംഗ്‌ കാലാകാലം പരിശോധിച്ച്‌ പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.

ആഹാര സാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററില്‍ വയ്ക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക. കൂടെക്കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കും. റെഫ്രിജറേറ്റര്‍ കൂടുതല്‍ നേരം തുറന്നിടുന്നത്‌ ഒഴിവാക്കാനായി ആഹാരസാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത്‌ വയ്ക്കാന്‍ ശ്രദ്ധിക്കുക.

കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ്‌ അനുസരിച്ചും തെര്‍മോസ്റ്റാറ്റ്‌ ക്രമീകരിക്കണം. റെഫ്രിജറേറ്ററില്‍ ആഹാര സാധനങ്ങള്‍ കുത്തിനിറച്ച്‌ ഉപയോഗിക്കുന്നത്‌ വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്‌ റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന്‌ തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.

ആഹാര സാധനങ്ങള്‍ അടച്ചുമാത്രം റ്രഫിജറേറ്ററില്‍ സൂക്ഷിക്കുക. ഇത്‌ ഈര്‍പ്പം റെഫ്രിജറേറ്ററിനകത്ത്‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു. ഫ്രീസറില്‍ ഐസ്‌ കൂടുതല്‍ കട്ട പിടിക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മാതാവ്‌ നിര്‍ദ്ദേശിചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീ ഫ്രോസ്റ്റ്‌ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.