വിവരണം – റിയാസ് റഷീദ് റാവുത്തർ.
അധികമാരും അറിയാൻ വഴിയില്ലാത്ത ഒരു സ്ഥലമാണു കണ്ണുർ ജില്ലയിലെ ജോസ്ഗിരിയിൽ സ്ഥിതി ചെയ്യുന്ന തിരുനെറ്റികല്ല്. ഈ യാത്ര തിരുനെറ്റിക്കല്ലിന്റെ ഉയരങ്ങളിലേക്കാണു. പുതിയ ഒരു സ്ഥലം സഞ്ചാരികൾക്കു പരിചയപ്പെടുത്തുന്നു.
കണ്ണുർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണു ജോസ്ഗിരിയും സമീപ ഗ്രാമങ്ങളും, വളരെ നല്ല കാലാവസ്ഥയാണു ഇവിടുത്തെ പ്രത്യേകതയായി എടുത്തു പറയാവുന്നത്, മാത്രവുമല്ല കർണാടകയുടെ അതിർത്തി ഗ്രാമം കൂടിയാണിവിടം, കണ്ണുർ ജില്ലയിൽ സ്റ്റോബറി വ്യാവസായ്കാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണു ജോസ്ഗിരി,ഒരു മലയുടെ ഏറ്റവും മുകളിൽ ഒരു കൊച്ചു ഗ്രാമം, മിക്കപ്പോഴും കോടമഞ്ഞിൽ പുതഞ്ഞു കിട്ക്കുന്ന തണുപ്പുള്ള കാലാവസ്ഥയുള്ള മനോഹരമായ ഒരു ഗ്രാമം.
ഇങ്ങോട്ടേക്കുള്ള വഴി ദുർഘടം പിടിച്ചതാണു, ചെറിയ റോഡും കുത്തനെയുള്ള കയറ്റവുമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്, ഉള്ള റോഡ് തന്നെ പൊട്ടി പൊളിഞ്ഞാനു കിടക്കുന്നത്. ജോസ്ഗിരിയിൽ നിന്നും 2 കിലോമീറ്റർ മുകളിലോട്ടു സഞ്ചരിച്ചാൽ തിരുനെറ്റിക്കല്ലായി. ഒരു മലയുടെ മുകളിൽ രണ്ടു വലിയ പാറകൾ മുഖാമുഖം നില്ക്കുന്ന കാഴച, ഒറ്റ നോട്ടത്തിൽ തിരുനെറ്റിക്കല്ലിനെ ഇങ്ങനെ പറയാം. വഴി വളരെ മോശമാണു, ഒരു ഓഫ് റോഡ് റൈഡിങ്ങാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ രണ്ടും കല്പ്പിച്ചു വണ്ടിയും കൊണ്ടു മല കയറാം. കൂട്ടുകാരന്റെ ബൈക്കായതു കൊണ്ടു ഓഫ് റോഡ് സാഹസത്തിനു മുതിരാതെ നടന്നു കയറി ഞങ്ങൾ.
ഓരു ഫാം ഹൗസിന്റെ അടുത്ത് എത്തുമ്പോൾ ഇടതു വശത്തായി കാട്ടിനുള്ളിലൂടെ ഒരു ചെറിയ നട വഴി കാണാം, ആ വഴിയാണു മലയുടെ മുകളിൽ കയറാനുള്ള വഴി, ഈ വഴി അന്വേഷിച്ചു കുറേ നടന്നു .വഴി ചോദിക്കാൻ ആണെങ്കിൽ ഒരാളേയും കണ്ടതുമില്ല, അവസാനം രണ്ടും കല്പ്പിച്ചു കയറിയ വഴി ശരി തന്നെയായിരുന്നു.
ഇനി അങ്ങൊട്ടു കാടാണു, വഴിയിൽ കാട്ടുപന്നി ഉഴുതു മറിച്ചിട്ട സ്ഥലങ്ങൾ കാണാം. പ്രശ്നം ഇതല്ല,മുൻ വശത്തുള്ളവരെ പോലൂം കാണാത്ത തരത്തിൽ വഴി പോലും മനസ്സിലാകാത്ത തരത്തിൽ ഉള്ള കാടും കറുക പുല്ലുമാണു മുൻപിൽ. അതു വകഞ്ഞു മാറ്റി വേണം മല കയറാൻ, ഇവിടുന്നു ശരിക്കും ഞങ്ങൾ ബുദ്ധിമുട്ടി എന്നു പറയാം. കോടമഞ്ഞും കൂടി വന്നതോടു കൂടി ആകെ പ്രശ്നമായി. കയ്യിൽ കിട്ടിയ വടിയും എന്റെ കുടയും ഉപയോഗിച്ചു മുൻപിലെ പുല്ലു വകഞ്ഞു മാറ്റി യാത്ര മുകളിൽ എത്തി.
രണ്ടു വലിയ കല്ലുകളാണു ഇവിടുത്തെ ആകർഷണം. വലിഞ്ഞു കല്ലിന്റെ മുകളിൽ കയറുക എന്നുള്ളത് പണ്ടേയുള്ള ശീലമായതു കൊണ്ട് കഷ്ടപ്പെട്ട് വലിഞ്ഞു കയറി. ഇവിടെ നിന്നാൽ കാഴ്ചകളുടെ ഉത്സവമാണു. കണ്ണുർ ജില്ലയും കാസർഗോട് ജില്ലയും കർണാടകത്തിലെ തലക്കാവേരിയും അങ്ങനെ നിരവധി കാഴ്ചകൾ. പക്ഷേ ആ കാഴ്ച ആസ്വധിക്കുന്നതിനു മുന്നേ കോടമഞ്ഞു എല്ലാ കാഴ്ചകളും മറച്ചിരുന്നു. നല്ല കാറ്റും കോടമഞ്ഞിന്റെ തണുപ്പും ആസ്വദിച്ചു ആ മലയുടെ മുകളിൽ കുറേ നേരം വെറുതേ ഇരുന്നു. കഷ്ടപ്പെട്ടു വലിഞ്ഞു മുകളിൽ കയറുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ, അതു വലിഞ്ഞു കയറിയാലേ മനസ്സിലാകു. എങ്കിലും ഇല്ലിക്കൽ കല്ലു നരകപാലം വഴി വലിഞ്ഞു കയറിയ പോലെ ജീവൻ പണയം വെച്ചു കയറുന്ന പരുപാടിയൊന്നും ഇവിടെയില്ല. എങ്കിലും അപകടകരമാണു, താഴെ വലിയ കൊക്കയാണു, കാലു തെന്നിയാൽ പിന്നെ നോക്കണ്ട.
തിരിച്ചിറങ്ങാൻ സമയമായി. ഇരുട്ടു വീണാൽ അപകടകരമാണു യാത്ര. എന്നെക്കാൾ ഉയരമുള്ള കാടു വകഞ്ഞു മാറ്റി തിരിച്ചിറക്കം..വല്യ ആയാസമില്ലാതെ ഒരു ട്രെക്കിങ്ങ്, നല്ല കോടമഞ്ഞും തണുത്ത കാലാവസ്ഥയും, മല കയറി ഒരു ഓഫ് റോഡ് സവാരി, കാട്ടരുവിയിൽ മനസ്സു നിരഞ്ഞൊരു കുളി, ഇതൊക്കെയാണോ യാത്രാലക്ഷ്യങ്ങൾ എങ്കിൽ തിരുനെറ്റിക്കല്ലിലേക്കു വന്നോളു… (കോടമഞ്ഞു വന്നതിനാൽ മലയുടെ മുകളിൽ നിന്നുമുള്ള മനോഹരമായ കാഴ്ചകൾ ഒന്നും തന്നെ ക്യാമറയിൽ പകർത്തുവാനായില്ല).
എങ്ങനെ എത്തിച്ചേരാം. – കണ്ണുർ നിന്നും തളിപ്പറമ്പ്, ആലക്കോട് വഴി ഉദയഗിരി, അവിടെ നിന്നും ജോസ്ഗിരി. (66 KM). പയ്യന്നൂർ വഴിയും വരാവുന്നതാണു, പയ്യന്നൂർ- ചെറുപുഴ- ജോസ്ഗിരി (50KM). മഴക്കാലത്തു വരുകയാണെങ്കിൽ നിരവധി വെള്ള ച്ചാട്ടങ്ങൾ ആസ്വവധിക്കാവുന്നതാണ്. തിരുനെറ്റിക്കല്ലു കയറാൻ ആണെങ്കിൽ രാവിലെ 6.40 നു പയ്യന്നുർ നിന്നും ബസ് ഉണ്ട്, 9 മണിയാകുമ്പോൾ ജോസ്ഗിരിയിൽ എത്തും. തിരിച്ചു 2.30 നു ജൊസ്ഗിരിയിൽ നിന്നും മടക്കയാത്ര ആകാം. 4.40 നു പയ്യന്നുർ എത്തും. ഭക്ഷണം ജോസ്ഗിരിയിൽ നിന്നും കഴിക്കാവുന്നതാണ്.