പൈലറ്റ് ആകണമെന്നു മോഹിച്ച് അവസാനം എയർഹോസ്റ്റസ് ആയ പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. എല്ലാവരും ഒന്നടങ്കം നല്ല അഭിപ്രായം പറഞ്ഞ ഈ ചിത്രത്തിലെ പാർവ്വതി അഭിനയിച്ച (ജീവിച്ച) പല്ലവി എന്ന കഥാപാത്രത്തെപ്പോലെ യഥാർത്ഥത്തിൽ ഒരു പെൺകുട്ടി ഉണ്ടെന്നു ആർക്കെങ്കിലും അറിയാമോ? സിനിമയിലെ കഥാ സന്ദർഭത്തോട് പൂർണ്ണമായും സാമ്യമില്ലെങ്കിലും ഒരു പൈലറ്റ് ആകുവാൻ മോഹിച്ച്, എയർ ഹോസ്റ്റസ് ആകുകയും, പിന്നീട് പൈലറ്റ് എന്ന സ്വപ്നത്തിലേക്ക് ചെന്നെത്തുകയും ചെയ്ത ജീവിതകഥയാണ് മുംബൈ സ്വദേശിനിയായ അങ്കിതയ്ക്ക് പറയുവാനുള്ളത്.
ചെറുപ്പം മുതലേ പൈലറ്റ് ആകണമെന്ന് കൊതിച്ചിരുന്ന അങ്കിത, വലുതായപ്പോൾ തൻ്റെ മോഹം മാതാപിതാക്കളോട് വെളിപ്പെടുത്തി. പക്ഷേ ആഗ്രഹിച്ച കോഴ്സ് യുഎസിൽ പഠിക്കുന്നതിനു 25 ലക്ഷം രൂപയോളം ചെലവു വരുമെന്ന കാര്യം ആ കുടുംബത്തിനു താങ്ങാനാവാത്ത ഒന്നായിരുന്നു. മകളുടെ ആഗ്രഹം സാധിക്കുന്നതിനായി ലോണെടുക്കുവാൻ ആ മാതാപിതാക്കൾ തീരുമാനിച്ചു.
എന്നാൽ കോഴ്‌സിനിടയിൽ കുടുംബപ്രാരാബ്ധങ്ങൾ മൂലം ഒരു ജോലിയ്ക്കായി അങ്കിത ശ്രമിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ അത് ലഭിച്ചില്ല. ഇതോടെ ബന്ധുക്കൾക്കും മറ്റുള്ളവർക്കും മുന്നിൽ അങ്കിത ഒരു ചർച്ചാവിഷയമായി മാറി. “ഒരു ഡോക്ടറോ മറ്റോ ആകാമായിരുന്നില്ലേ? ഇതിപ്പോൾ വീട്ടുകാരുടെ പണം വെറുതെ ചെലവാക്കിയില്ലേ..” എന്നൊക്കെയുള്ള കുത്തലുകൾ അങ്കിതയെ തളർത്തി. അങ്ങനെ രണ്ടു വർഷത്തോളം അവൾ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി.
വീട്ടിലിരുന്നു ജീവിതം തള്ളിനീക്കുന്നതിൽ കാര്യമില്ലെന്നു മനസ്സിലാക്കിയ അങ്കിത പിന്നീട് പൈലറ്റ് എന്ന സ്വപ്ന ജോലി ഉപേക്ഷിച്ച് എയർഹോസ്റ്റസ് പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ തീരുമാനിച്ചു. നാലു പ്രാവശ്യം എയർഹോസ്റ്റസ് ജോലിയ്ക്ക് അപേക്ഷിച്ചിട്ടും ആ നാലു വട്ടവും പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. പക്ഷേ അങ്കിത തളർന്നില്ല, അഞ്ചാം വട്ടവും അപേക്ഷിച്ചു. ഇത്തവണ എയർഹോസ്റ്റസായി അവൾക്ക് നിയമനം ലഭിച്ചു.
അങ്ങനെ എയർഹോസ്റ്റസ് ആയി തൻ്റെ കരിയർ ആരംഭിച്ച അങ്കിത തനിക്ക് ശമ്പളം കിട്ടുന്ന പണം സ്വരുക്കൂട്ടുവാനും തുടക്കം കുറിച്ചു. ഇതിനിടെ ഇന്റർനാഷണൽ വിമാന ഷെഡ്യൂളുകളിലും അവൾക്ക് ജോലി ചെയ്യുവാൻ അവസരം ലഭിച്ചു. പക്ഷേ ഒരു എയർഹോസ്റ്റസ് എന്നതിൽ ഒതുങ്ങുവാൻ അവൾ ഒരുക്കമായിരുന്നില്ല. എയർഹോസ്റ്റസിൽ നിന്നും ഒരു പൈലറ്റിന്റെ യൂണിഫോമിലേക്കുള്ള മാറ്റത്തിനായി അവൾ കൊതിച്ചു.
പൈലറ്റ് എന്ന പദവിയിലേക്ക് എത്തുവാനായി അങ്കിതയ്ക്ക് അഞ്ച് പരീക്ഷകൾ കൂടി പാസ്സാകണമായിരുന്നു. ഒടുവിൽ ഈ ജോലിയിൽ തുടർന്നു കൊണ്ടു തന്നെ പൈലറ്റ് പരീക്ഷ എഴുതുവാൻ അവൾ തീരുമാനിച്ചു. എയർഹോസ്റ്റസ് ജോലിയിലിരുന്നുകൊണ്ട് പഠനത്തിനായി സമയം തികയില്ല എന്നുവന്നപ്പോൾ അങ്കിത ഗ്രൗണ്ട് സ്റ്റാഫിന്റെ പോസ്റ്റിലേക്ക് ഒരു തസ്തികമാറ്റം ചോദിച്ചു വാങ്ങുകയാണുണ്ടായത്.
ദിവസേന 12 മണിക്കൂർ ജോലി ഷിഫ്റ്റും, മൂന്നു മണിക്കൂർ യാത്രയും അവൾക്ക് വേണ്ടി വന്നിരുന്നു. ഒരു ദിവസത്തിൽ നിന്നും ഈ 15 മണിക്കൂർ ഒഴിവാക്കി നിർത്തി ബാക്കിയുള്ള സമയങ്ങളിൽ കുറേശ്ശെയായി പഠിക്കുവാൻ അവൾ തീരുമാനിച്ചു. ഒപ്പം തന്നെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലും, ജോലിയ്ക്കിടയിൽ വാഷ്‌റൂമുകളിൽ ചെന്നിരുന്നും, റെസ്റ്റ് സമയത്തും, ഊണ് കഴിക്കുന്നതിനിടയിലുമൊക്കെ അവൾ കഷ്ടപ്പെട്ടു പഠിച്ചു.
ഒടുവിൽ പരീക്ഷകളെല്ലാം എഴുതിയ ശേഷം അവൾ റിസൾട്ടിനായി കാത്തിരുന്നു. അപ്പോൾ അങ്കിതയ്ക്ക് പ്രായം 27, ബാങ്ക് ബാലൻസ് ആണെങ്കിൽ വെറും 600 രൂപയും. ട്രെയിനിംഗിനായി വേണ്ട 20 ലക്ഷത്തോളം രൂപ എങ്ങനെ ഇനി ഉണ്ടാക്കും എന്നറിയാതെ അവൾ കുഴങ്ങി. ഈ സമയത്ത് അങ്കിതയുടെ മാതാപിതാക്കൾ തങ്ങളുടെ മകൾക്കായി നല്ലൊരു വരനെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ടെൻഷൻ നിറഞ്ഞ നാളുകളായിരുന്നു അങ്കിതയ്ക്ക് അവ. എന്നാൽ ആ ടെൻഷൻ ഒരു സന്തോഷത്തിലേക്കെത്തുവാൻ അധികനാൾ വേണ്ടി വന്നില്ല.
പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് അങ്കിതയ്ക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം. ഇക്കാരണത്താൽ ട്രെയിനിംഗിനായി അവൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്തു. ഒടുവിൽ ഏഴു വർഷങ്ങൾക്കു ശേഷം അവൾ താൻ സ്വപ്നം കണ്ടിരുന്ന ആ യൂണിഫോം ധരിച്ചു. അങ്കിതയുടെ ആദ്യത്തെ പറക്കൽ ബറോഡയിലേക്ക് ആയിരുന്നു. പൈലറ്റ് യൂണിഫോമും ധരിച്ചു ട്രോളി ബാഗുമായി നടന്നു പോകുന്ന യുവതിയായ പൈലറ്റിനെ കണ്ടപ്പോൾ യാത്രക്കാർക്ക് തെല്ലൊരു അമ്പരപ്പ് ഉണ്ടായിരുന്നതായി അങ്കിത പറയുന്നു.
എയർഹോസ്റ്റസിൽ നിന്നും തുടങ്ങി പൈലറ്റിൽ എത്തിയ അങ്കിതയുടെ ജീവിതവും കഠിനാധ്വാനവുമെല്ലാം ഏവർക്കും മാതൃകയാണ്. നമ്മൾ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം സംഭവങ്ങളും സ്വപ്നസാക്ഷാത്കാരങ്ങളുമെല്ലാം യഥാർത്ഥ ജീവിതങ്ങളിലും നടക്കാറുണ്ട് എന്ന് ഈ സംഭവകഥ കേട്ടതോടെ മനസ്സിലായില്ലേ? അങ്കിത ഇന്നും പറന്നു കൊണ്ടിരിക്കുന്നു.. ഉയരേ.. ഉയരേ…