വിവരണം – അരുൺ വിനയ്.
നിലമ്പൂരും പുനലൂരുമൊകെയുള്ള തൂക്കുപാലങ്ങളെക്കുറിച്ചു കണ്ടും കേട്ടും അറിവുണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരത്തു ഒരു തൂക്കുപാലം ഉണ്ടെന്നുള്ളത് ശെരിക്കും ഒരു പുതിയ അറിവായിരുന്നു. യാത്രകളൊക്കെ തുടങ്ങിയ കാലം മുതലേ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് കോട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാണാന്‍ അവസരം കിട്ടിയിട്ടില്ല.
ഒരു അവധി ദിവസം നോക്കി എന്‍റെ ‘കുടു കുടു’ ശകടവുമെടുത്തു കടലോര ഹൈവേ വച്ചു പിടിച്ചു. കോട്ടയുടെ മുകളില്‍ കയറിയപ്പോള്‍ ആണ് ലൈറ്റ് ഹൌസ് ശ്രദ്ധിച്ചത്. കടലും കായലും അതിനിടയിലൂടെ തീപ്പെട്ടിക്കൂടുകള്‍ അടുക്കിപ്പെറുക്കി വച്ചതു പോലെയുള്ള അഞ്ചുതെങ്ങിന്‍റെ ആകാശക്കാഴ്ചയ്കിടെ ആണ് ഒരു തൂക്കുപാലം അടുത്തായി കണ്ടത്. ഇത്രയും കറങ്ങി വന്ന സ്ഥിതിക്ക് അവിടെ കൂടി ഒന്ന് കയറണമെന്ന് തോന്നി.
2011 ല്‍ 55 ലക്ഷം രൂപ ചിലവഴിച്ചു പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതാണ് തോണിക്കടവ് തൂക്കുപാലം. ഉദ്ഘാടനത്തിനു മുന്നേ നിര്‍മ്മാണപ്പിഴവുകള്‍ കൊണ്ട് കുറെ ചീത്തപ്പേരു സ്വന്തമാക്കുകയും, ഇപ്പോഴും വര്‍ഷാവര്‍ഷം അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യാറുണ്ട് ഇവിടെ. കടലിനോടു ചേര്‍ന്ന് കിടക്കുന്ന ഭാഗമായത് കൊണ്ട് സ്ഥിരമായ ഉപ്പുകാറ്റേല്‍ക്കുന്നത് പാലത്തിന്‍റെ ഉറപ്പിനെ പ്രതികൂലമായി ബാധിക്കുകയും, ഇരുമ്പ് ഭാഗങ്ങള്‍ തുരുമ്പിക്കുകയും ചെയ്യുന്നുണ്ട്.
വൈകുന്നേരം അതിലിങ്ങനെ കയറി തണുത്ത കാറ്റേറ്റു നില്‍ക്കുമ്പോള്‍ കിട്ടുന്ന അഞ്ചുതെങ്ങ് കായലിന്‍റെ വ്യു ഒരു പ്രതേക ഭംഗിയാണ്. മത്സ്യബന്ധനത്തിന് പോകുന്ന ചേട്ടായിമാരുടെ ബോട്ടും, വല നിവര്‍ത്തലും, കൂട്ടം കൂടിയിരുന്നുള്ള ചീട്ടുകളിയും സൊറപറചിലുകളുമായിരിക്കുന്ന ഗ്രാമങ്ങളില്‍ മാത്രം കിട്ടുന്ന കാഴ്ചകളും. അഞ്ചുതെങ്ങ് കായലിന് കുറുകെ തോണിക്കടവില്‍ ഏകദേശം 85 മീറ്റര്‍നീളത്തിലും ജനനിരപ്പില്‍ നിന്നും 12അടി ഉയരത്തിലുമാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്.
പാലത്തിനു താഴെയുള്ള കായലിന്‍റെ ഭാഗം നല്ല ആഴം ഉള്ളത് കൊണ്ട് കടത്തു വള്ളത്തില്‍ പോകുന്നത് അപകടകരമായിരുന്നു. ഈ സാഹചര്യത്തില്‍ അഞ്ചുതെങ്ങ് നിവാസികള്‍ കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് ഭാഗങ്ങളിലേക്ക് പോകുന്നതിനും സമീപത്തെ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളുകളില്‍ എത്തിച്ചേരുന്നതിനുമായാണ് പാലം നിര്‍മ്മിക്കപ്പെട്ടത്. ആ സമയങ്ങളില്‍ കടത്തുവള്ളങ്ങള്‍ മറിഞ്ഞു സ്കൂള്‍കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം വാര്‍ത്തകളില്‍ ഒന്നായിരുന്നു. പരിഹാരമായി അത്തരം പ്രദേശങ്ങളില്‍ തൂക്കുപാലങ്ങള്‍ നിര്‍മ്മിക്കപെടുന്നതിനു ആ സമയത്തെ സര്‍ക്കാര്‍ തീരുമാനിക്കുകയും ആ കൂട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു തോണിക്കടവിലെ ഈ തൂക്കുപാലവും.
ഇരുവശത്തും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷം അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികളും പൈപ്പുകളിലൂടെ ഇരുമ്പ് കയറുകള്‍ ഉപയോഗിച്ചാണ് ഈ പാലം നിര്‍മ്മിക്കപ്പെട്ടത്.
ഒഴിവു ദിവസങ്ങളില്‍ പെരുമാതുറ മുതലപൊഴിയിലൂടെ അഞ്ചുതെങ്ങ് പോകുകയാണെങ്കില്‍ കടലിന്‍റെ കരയിലൂടെയുള്ള റോഡിലൂടെ ഉപ്പുരസമുള്ള കടല്‍ക്കാറ്റും കൊണ്ട് അഞ്ചു തെങ്ങ് കോട്ടയും,ലൈറ്റ് ഹൌസും ഒപ്പം തോണിക്കടവിലെ മ്മടെ തൂക്കുപാലവും കുടുംബത്തോടെ പോയി കണ്ടു വരാവുന്നതാണ്…