പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന, അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചിലരെ നമുക്കു മുന്നിലെത്തിക്കുകയാണ് ദേവികുളം സബ്കലക്ടർ തൻ്റെ ഫേസ്‌ബുക്ക് പേജ് വഴി. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.

ഔദ്യോഗിക ജീവിതത്തിൽ ഇനിയൊരിക്കലും ഓർമ്മിക്കുവാനാഗ്രഹിക്കാത്ത ദിവസങ്ങളിൽകൂടിയാണ് ഇപ്പോൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. അതുവരെ കാഴ്ചകളുടെ വസന്തം പെയ്തിറങ്ങിയിരുന്ന പെട്ടിമുടി.. ഇവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരോട് അസൂയ തോന്നിയിട്ടുള്ളവർ പോലുമുണ്ട്. എത്ര പെട്ടെന്നാണ് നിഷ്കളങ്കരായ ആ മനുഷ്യരുടെ ജീവൻ മണ്ണെടുത്തത്. അവരുടെ സ്വപ്നങ്ങൾ മലവെള്ളം കൊണ്ടുപോയത്..!!

രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ മനസ്സിലുണ്ടാക്കിയ നൊമ്പരം ആറിയിട്ടില്ല. കാലവസ്ഥ അല്പം അനുകൂലമായിട്ടുണ്ടെങ്കിലും ഒഴുകിയെത്തിയ പാറക്കൂട്ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ശ്രമകരമായ ദൗത്യം തന്നെയാണ്. വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങി നിരവധിപ്പേരുടെ സേവനം ഇവിടെ ലഭ്യമാണ്. അതിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ ശ്രീ പ്രദീപ് ടി ആർ, ശ്രീ അനീഷ്, ശ്രീ ജോയ് എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്.

ആദ്യ ദിനം പെട്ടിമുടിയിൽ എത്തുമ്പോൾ തന്നെ മുട്ടറ്റം ചെളിയിൽ ഇവരുണ്ട്.അവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രം ഒരാഴച്ചക്കുള്ളിൽ അൻമ്പത്തിയെട്ടു മൃതദേഹങ്ങൾ നമുക്ക് കണ്ടെത്താനായി.ഇതിൽ പലതും ഇവർ പറഞ്ഞ സ്പോട്ടുകളിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയതും. ദിവസങ്ങൾ കഴിയുംതോറും ജീർണ്ണാവസ്ഥയിലേക്ക് ആയിത്തുടങ്ങിയ ശരീരങ്ങൾ തൊടാൻ പലരും മടിച്ചുനിൽക്കുപ്പോൾ ആദ്യ ദിനം മുതൽ ഇന്ന് വരെ മൃതശരീരങ്ങൾക്ക് കേട് പറ്റാതിരിക്കാൻ ഒരു “ഗ്ലൗ” പോലും ഉപയോഗിക്കാതെയാണ് ഇവർ തങ്ങളുടെ ദൗത്യം തുടരുന്നത്.

ഒൻപതാം തീയതി വൈകുന്നേരം വലിയ പാറക്കൂട്ടങ്ങൾ പൊട്ടിച്ചു മാറ്റാനുള്ളതുകൊണ്ടും, മോശം കാലാവസ്ഥ കണക്കിലെടുത്തും അന്നത്തെ തിരച്ചിൽ അവസാനിപ്പിക്കാൻ ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ തീരുമാനിച്ചു. വയർലെസ് സന്ദേശം അയച്ചു നിമിഷങ്ങൾക്കുള്ളിൽ അവർക്ക് ഒരു പതിനഞ്ചു മിനിറ്റ് കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ ഞങ്ങളെ സമീപിച്ചു, അത്രയും മോശം കാലാവസ്ഥയിൽ അങ്ങനെ ഒരു ആവശ്യം കേട്ട് ആശ്ചര്യം തോന്നി..

പതിനഞ്ചു മിനിറ്റ് സമയം ആവശ്യപ്പെട്ട് പോയവരെ ഇരുപതു മിനിറ്റിനു ശേഷവും കാണാത്തത്കൊണ്ട് ഞങ്ങൾ സംഭവ സ്ഥലത്തേക്ക് ചെന്നു. ശക്തമായ കാറ്റും മഴയും പിന്നെ കൊടും തണുപ്പും. തിരച്ചിൽ അവസാനിപ്പിക്കാൻ ചുറ്റുമുള്ളവർ പറയാൻ തുടങ്ങി. ഇന്നത്തേക്ക് ദൗത്യം അവസാനിപ്പിക്കാനുള്ള നിർദേശം കൊടുക്കാൻ തുടങ്ങുമ്പഴേക്കും അകലെ സൈറ്റിൽ നിന്നും ഒരു ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ കൈ വീശി കാണിച്ചു. ഒപ്പം ഒരു ശരീരം കൂടി കണ്ടെത്തി എന്ന വയർലെസ് സന്ദേശവും എത്തി.

കോരിച്ചൊരിയുന്ന മഴയിൽ ഒരു ചെറിയ തുണിക്കെട്ടും കൊണ്ട് ഒരാൾ കയറി വന്നു. ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ ചേതനയറ്റ ശരീരമായിരുന്നു അത്. ഞങ്ങൾ അന്ന് കണ്ടെത്തിയ പതിനേഴാമത്തെ മൃതശരീരം..

“നാളെ ആറുമണിക്ക് തന്നെ ഞങ്ങൾ തിരച്ചിൽ പുനരാരംഭിക്കും സർ.” മറുപടിയൊന്നും പറയാതെ അയാളുടെ മുഖത്തേക്ക് വെറുതെ ഒന്ന് നോക്കുക മാത്രം ചെയ്ത് ഇന്നത്തേക്ക് തിരച്ചിൽ നിർത്താൻ നിർദ്ദേശം കൊടുത്തു. അപ്പോഴും തോരുമെന്നൊരു സൂചനപോലും തരാതെ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. അയാളുടെ കാലിലെ അട്ടകടിയേറ്റ മുറിവിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് മറുപടിയൊന്നും പറയാതെ തിരികെ പോരുമ്പോൾ ഒരുപറ്റം നല്ല മനസ്സുകളുടെ രൂപങ്ങൾ ആയിരുന്നു ചിന്ത നിറയെ.

ഇന്നിപ്പോൾ ദൗത്യം രണ്ടാഴ്ച പിന്നിടുമ്പോൾ അറുപത്തിയഞ്ചു മൃതദേഹങ്ങൾ കണ്ടെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കാണാതായ മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
പ്രീയപ്പെട്ട പ്രദീപ്, അനീഷ്, ജോയ്… ഉറ്റവരുടെ ശരീരം അവസാനമായൊന്നു കാണുവാൻ അലമുറയിടുന്ന ഒരുപറ്റം സാധുമനുഷ്യരുടെ പ്രതീക്ഷകളിലേക്ക് ഞാൻ നിങ്ങളുടെ പേരുകൾ ചേർത്തു വെക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.