വിവരണം – Paachi Vallappuzha (Fasar).

രണ്ടുപേരെ തേടിയായിരുന്നു ഈ യാത്ര. “ന്റെ രണ്ട് മക്കൾ മരണപ്പെട്ടു പോയി. അതേ മാതിരി രണ്ട് മക്കൾ…” കുമരനല്ലൂരിലെ ഫാത്തിമ ഉമ്മ ഈ പറയുന്നത് കേരള പോലീസിലെ രണ്ട് പേരെ കുറിച്ചാണ്. തനിച്ച് താമസിക്കുന്ന ആ ഉമ്മയുമായുള്ള അവരുടെ സംഭാഷണ വീഡിയോ ഇന്ന് കേരളം നെഞ്ചേറ്റി കഴിഞ്ഞു.

കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം ബഹു:DGP അവറുകളുടെ നിർദ്ദേശമനുസരിച്ച്‌ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ട് പൊലീസുകാരെ ജനമൈത്രി ബീറ്റ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സംവിധാനമാണിത്. സ്റ്റേഷൻ പരിധിയിലെ എല്ലാ വീടുകളിലും ഇവർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കണം പോലീസിന്റെ ഭാഗത്ത് നിന്ന് ചെയ്ത് കൊടുക്കേണ്ട സഹായങ്ങൾ എല്ലാം അവർ ചെയ്തു കൊടുക്കുകയും ചെയ്യും ഇതാണ് ജനമൈത്രി.

എല്ലാ ജില്ലകളിലും DYSP റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരാണ് ജനമൈത്രി പദ്ധതിയുടെ നോഡൽ ഓഫീസർ. പാലക്കാട്‌ ജില്ലയിൽ നാർക്കോട്ടിക് സെൽ DYSP ആയ ബാബു k തോമസാണ്. ഇപ്പോൾ പറയാൻ പോകുന്നത് പാലക്കാട് ജില്ലയിലെ തൃത്താല പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ സമീർ അലിയും,ജിജോ മോനേയും കുറിച്ചാണ്. ഇവരാണിപ്പോൾ തൃത്താലയിലെ താരങ്ങൾ. ഇവരുടെ ഇപ്പൊഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ കേരള പോലീസിന്റെ ചരിത്രത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ സ്വർണ ലിപികളാൽ കുറിക്കും എന്ന് നിസംശയം തന്നെ പറയാം.

പാലക്കാട് നോഡൽ ഓഫീസർ DYSP ബഹു: ബാബു K തോമസിനെയും, ഇപ്പോഴത്തെ തൃത്താല SI ബഹു:അനീഷ് S ന്റെയും പൂർണ സഹകരണവും,പിന്തുണയും ഇവർക്കുണ്ട്. ജന മൈത്രി എന്ന വാക്ക് അതിന്റെ പൂർണ അർത്ഥത്തിൽ തന്നെയാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഓരോ പോലീസ് സ്റ്റേഷനുകളും മാതൃകയാക്കേണ്ട പ്രവർത്തനങ്ങളാണ് ഇവർ കാഴ്ച വെക്കുന്നത്. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ മാരായി ചാർജ് എടുത്ത് ഒരുമാസം കൊണ്ട് ചെയ്തു തീർത്തത് ഈ ഒരൊറ്റ എഴുത്ത് കൊണ്ട് എഴുതി തീരുന്ന ഒന്നല്ല. തൃത്താലക്കാർക്ക് ഇവർ ഇന്ന് കൂടപ്പിറപ്പുകളും, സഹോദരന്മാരുമായി കഴിഞ്ഞു.

സാമ്പത്തികമായി മുൻപന്തിയിൽ ഉള്ളവർ ആണെങ്കിലും, സമ്പത്ത് ഇല്ലാത്തവരാണെങ്കിലും ഒറ്റപ്പെട്ട് പോവുക എന്നുള്ളത് വല്ലാത്ത ഒരവസ്ഥയാണ്. അവർ കൊതിക്കുന്നത് മനസ്സൊന്ന് തുറന്ന് സംസാരിക്കാൻ സന്തോഷവും, ദുഃഖവും ഒന്ന് പങ്ക് വെക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്നാണ്. സമ്പത്തല്ല സന്തോഷത്തിന്റെ അവസാന വാക്ക്. എന്നാൽ സമ്പത്തും അതിന്റെ ഭാഗമാണ്. അവർക്കെല്ലാം സംരക്ഷണം നൽകുന്നതോടൊപ്പം അവരുടെ ദുഃഖങ്ങൾ ഉടച്ചു കളഞ്ഞ് സന്തോഷത്തിന്റെ വെളിച്ചം അവർക്ക് പകർന്ന് നൽകുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ബെന്യാമിന്റെ ആട് ജീവിതത്തിൽ ഇങ്ങനെ പറയുന്നുണ്ട്. “ഏത് യാതനയും നമുക്ക് സഹിക്കാം. പങ്കുവയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍. ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്കരമാണെന്നോ? വാക്കുകള്‍ നമ്മുടെയുള്ളിൽ കിടന്ന് പരല്‍മീനുകളെപ്പോലെ പിടയ്ക്കും. പങ്കുവെയ്ക്കപ്പെടാനാവാതെ വിങ്ങുകയും, പതയുകയും വായില്‍ നിന്ന് നുരയുകയും ചെയ്യും. സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം. നമുക്ക് നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം. നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാവണം.”

തൃത്താലയിലെ അമ്മമാർക്കും, അശരണർക്കും, അനാഥരായവർക്കും, നാല് ചുവരുകളിൽ ജീവിതം തളക്കപ്പെട്ടവർക്കും, രോഗം കൊണ്ട് വലയുന്നവർക്കും, മക്കൾ ഉപേക്ഷിച്ചവർക്കും ഇന്ന് ഇവർ ആ കണ്ണും കവിൾ തടവുമായി മാറികഴിഞ്ഞു ഇവർ. ചില കാഴ്ചകൾ ഹൃദയത്തെ നുറുക്കുകയും, മരവിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും ഞങ്ങൾ പതറാറില്ല.

ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി പട്ടിത്തറ പഞ്ചായത്തിലെ കരുണപ്ര കോളനിയിൽ ചത്തേട്ടന്റെ വീട്ടിൽ പോയി. അവർക്ക് 70 വയസ്സായിട്ടുണ്ട്. ഭാര്യയും, മകനും, മകളും മരണപെട്ടു. അരയ്ക്ക് താഴെ ചലന ശേഷി നഷ്ട്ടപ്പെട്ടു. 35 വയസായ മണികണ്ഠനും ചത്തേട്ടനുമാണ് ആ വീട്ടിൽ താമസം. പേരിന് വീട് എന്ന് പറയാം. അത്ര മാത്രം ചെറിയ ഒരു മഴ പൈതാൽ പോലും ചോർന്നൊലിക്കും. അവിടെ ഉള്ള നല്ലവരായ നാട്ടുകാരെ കണ്ട് സംസാരിച്ചു വീട് നവീകരിച്ചു കൊടുത്തു. അതിന്റെ സമർപ്പണം അന്നത്തെ തൃത്താല SI ചിത്തരഞ്ജൻ അവറുകൾ നിർവഹിച്ചു. ഇതുപോലെ ഒരുപാട് സ്വാന്ത്വന പ്രവർത്തനങ്ങൾ ഇവർക്ക് കാഴ്ചവെക്കാൻ കഴിഞ്ഞു.

ഇങ്ങനെ ഉള്ളവരുടെയെല്ലാം ഹൃദയത്തിൽ കാലങ്ങളായി ഉണങ്ങാതെ കിടക്കുന്ന മുറിവുകളിൽ ഇപ്പോഴും ചോര പൊടിയുന്നത് കാണാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. അവരോടൊപ്പമുള്ള നേരങ്ങളിൽ ഒരു പൊട്ടിച്ചിരി കൊണ്ട്, ഒരു സ്നേഹ സ്പർശനം കൊണ്ട് അത് തുടച്ചു നീക്കാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ സന്തോഷവും, അഭിമാനവും ഞങ്ങൾക്ക് തോന്നുന്നു.

ഒരു വിളിപ്പാട് അകലെ ഏത് സമയവും,എന്ത് സഹായത്തിനും ഇവർക്കൊപ്പം ഞങ്ങൾ ഉണ്ട്. അവരുടെയൊക്കെ കണ്ണിൽ നിന്നും ഖനീഭവിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തങ്ങളുടെ വിരൽകൊണ്ട് ഉടച്ചു നീക്കി അവർക്ക് താങ്ങും,തണലുമായി കൂടെ നിന്ന് മുന്നോട്ട് പോകാനുള്ള വഴി തെളിയിച്ചു കൊടുക്കുകയാണ് ഇവർ ഇന്ന്.

തൃത്താലയുടെ മണ്ണ് ഇന്നിവരെ നെഞ്ചേറ്റി കഴിഞ്ഞു. സംസാരത്തിൽ ഉടനീളം തൃത്താലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളാണ് ഇവർ പങ്ക് വെച്ചത്. തൃത്താല പോലീസ് സ്റ്റേഷന്റെ പരിധിയിൽ 38000 ആയിരത്തോളം വീടുകൾ ഉണ്ട്. ഇതിൽ 580 വീടുകളിൽ ഇതിനോടകം വിവര ശേഖരണവുമായി ഇവർ എത്തിക്കഴിഞ്ഞു.

ഓരോ വീടുകളിലും സന്ദർശനം നടത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കും. ഒറ്റപെട്ട് ജീവിക്കുന്നവരും, അന്യസംസ്ഥാന തൊഴിലാളികൾ കഴിയുന്ന ഇടങ്ങൾ എല്ലാം ഇവരുടെ നിരീക്ഷണ സംരക്ഷന വലയത്തിലാണ്. ‘തൃത്താല പോലീസ് സ്റ്റേഷൻ ജനസൗഹൃദ പോലീസ് സ്റ്റേഷൻ ആക്കുക, കുറ്റകൃത്വങ്ങൾ ഇല്ലാതാക്കുക’ എന്നുള്ളതാണ് പ്രധാന ലക്ഷ്യം.

ഇതിന് പുറമെ “എന്റെ വിദ്യാലയം നല്ല വിദ്യാലയം” എന്ന ഒരു പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പത്തോളം സ്‌കൂളുകളിൽ രക്ഷിതാക്കൾക്കും, കുട്ടികൾക്കും ക്ലാസുകൾ എടുത്ത് ബോധവൽക്കരണം നടത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് നല്ലൊരു പരിധി വരെ തടയാൻ ഇത് കൊണ്ട് ഇവർക്ക് സാധിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, സ്‌കൂൾ സുരക്ഷ, റാഗിങ്, ട്രാഫിക് നിയമങ്ങൾ ഇതിനെ കുറിച്ചെല്ലാം കുട്ടികളെ അവർക്ക് മനസ്സിലാകുന്ന വളരെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് അറിയാവുന്ന രീതിയിൽ ഇവർ പറഞ്ഞു കൊടുക്കുന്നുണ്ട്. വിദ്യഭ്യാസത്തിന്റെ വാതിൽ ഒരു കുട്ടികളുടെ മുന്നിലും അടക്കപ്പെടാൻ പാടില്ല അതിന് വിലങ് തടിയായി കിടക്കുന്നതെല്ലാം മാറ്റികൊടുത്ത് കുട്ടികൾക്ക് വിദ്യഭ്യാസം നൽകുക എന്നുള്ളതും ഇവരുടെ പ്രധാന ലക്ഷ്യമാണ്.

ഇനി ജനങ്ങളുടെയിടയിൽ പ്രശസ്‌തരായ, നല്ലവരായ ആ പോലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടാം.

Sameerali Kaniyariyil : വളാഞ്ചേരി പുറമണ്ണൂർ കണിയാരിയിൽ മൊയ്‌ദീൻ കോയയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ:ഫസീല, മക്കൾ:ഫാത്തിമ സനിയ, ആയിഷ സുൽത്താന. കേരള പോലീസിന്റെ ഭാഗമായി 9 വർഷം കഴിഞ്ഞു. രണ്ടര വർഷമായി തൃത്താലയിൽ.

Jijomon Damodaran : ആലപ്പുഴ തണ്ണീർമുക്കം ചിത്തിര വീട്ടിൽ ദാമോദരന്റെയും, ശ്യാമളയുടെയും മകൻ. ഭാര്യ നിത, മകൾ : റിതിക. 8 വർഷമായി കേരള പോലീസിന്റെ ഭാഗമായിട്ട്. ഒന്നര വർഷമായി തൃത്താലയിൽ.

ചിലർ അങ്ങനെയാണ് അവർ ഉണങ്ങി കിടക്കുന്ന മനസ്സുകളിൽ മഴയായി വർഷിച്ച്‌ അവരുടെ മനസ്സിനെ ഉയർത്തുകയും,ഉണർത്തുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്നു.
നിരാശരുടെയും,ദുഃഖിതരുടെയും ഇരുളിൽ തളക്കപ്പെട്ടവർക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകുന്നു. ഹൃദയത്തിൽ അമൃത് വർഷിച്ചു കൊണ്ട് അവരെ ജീവിത സാഫല്യത്തിലേക്ക് നയിക്കുന്നു. അതെ.. നിങ്ങളും ആ ചിലർക്ക് ഉത്തമ ഉദാഹരണമാണ്.

ക്യാമറാമേൻ Robin Ali യോടൊപ്പം റിപ്പോർട്ടർ Paachi Vallappuzha.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.