എഴുത്ത് – വൈശാഖൻ തമ്പി.
ജീവിതത്തിൽ ഇതുവരെ കാണിച്ചതിൽ ഏറ്റവും വലിയ മണ്ടത്തരം ഏതെന്ന് ചോദിച്ചാൽ, വലിയ ആലോചനയൊന്നും ഇല്ലാതെ എടുത്ത് പറയാവുന്ന ഒരു സംഭവമുണ്ട്. കൗതുകവും ആവേശവും കാരണം, യുക്തിയേയും ബുദ്ധിയേയും വെല്ലുവിളിച്ചുകൊണ്ട് കാണിച്ച ഒരു അതിസാഹസം.
ചില വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് വ്യക്തികളേയോ കൃത്യമായ സ്ഥലമോ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ തത്കാലം ഒഴിവാക്കുന്നു. കേരളത്തിലെ തന്നെ ഒരു ചെറിയ ഹോം സ്‌റ്റേയിൽ മൂന്ന് ദിവസത്തെ ഒഴിവുകാല താമസത്തിന് പോയതാണ്. അതിന്റെ മൂന്ന് വശവും നല്ല കാടാണ്. സ്വകാര്യസ്ഥലമാണെങ്കിലും വനത്തോടും വന്യതയോടുമുള്ള പ്രിയം കാരണം, ഹോം സ്‌റ്റേ ഉടമ അത് അതേപടി നിലനിർത്തിപ്പോരുന്നതാണ്. ഞങ്ങൾ താമസിക്കുന്ന കോട്ടേജിൽ നിന്ന് നോക്കിയാൽ ഒരു ഇരുന്നൂറ് മീറ്ററോളം തുറന്ന പാടം പോലെ പുല്ല് നിറഞ്ഞ പ്രദേശമാണ്. അതിന് ശേഷം സാന്ദ്രമായ കാടും.
രാവിലെ എഴുന്നേറ്റ് കാട്ടിലൂടെ ഒന്ന് നടക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ, അവിടത്തെ കെയർ ടേക്കറായ മനീഷ് കാര്യമേറ്റു. പിറ്റേന്ന് രാവിലെ 7:30 ന് പുറപ്പെടാം എന്ന് പറഞ്ഞാണ് ഉറങ്ങാൻ കിടന്നത്. പക്ഷേ രാവിലെയായപ്പോൾ നല്ല കോടമഞ്ഞ്. ആ സമയത്ത് നടക്കാനിറങ്ങുന്നത് ബുദ്ധിയല്ല. മഞ്ഞിനിടയിൽ നിശബ്ദമായി നിൽക്കുന്ന കാട്ടാനയെ കാണാതെ നേരിട്ട് ചെന്നിടിച്ചെന്ന് വരും. അതുകൊണ്ട് കോട നീങ്ങുന്നത് വരെ കാത്തു. ഒമ്പതരയോടെയാണ് പുറപ്പെട്ടത്.
വരമ്പിലൂടെ വരിയായിട്ടാണ് നടക്കുന്നത്. ഞങ്ങൾ പതിനൊന്ന് പേരുണ്ട്, കേരളത്തിന് വെളിയിൽ നിന്ന് അവിടെ ടൂറിന് വന്ന വനിതകളുടെ ഒരു മൂന്നംഗസംഘം ഉൾപ്പെടെ. വരമ്പ് തീരുന്നിടത്ത് ഒരു തോട് ചാടിക്കടന്ന്, മൂന്നടി ഉയരത്തിലേയ്ക്ക് ചാടിക്കയറിയാൽ പിന്നെ ഇടതൂർന്ന കാടാണ്. അതുകൊണ്ട് അവിടേയും ഒറ്റ വരിയായിട്ടേ നടപ്പ് സാധ്യമാകൂ. ഒപ്പമുള്ള രണ്ട് ഹോം സ്റ്റേ ജീവനക്കാരിൽ മനീഷ് വരിയുടെ ഏറ്റവും മുന്നിലും സുനിൽ ഏറ്റവും പിന്നിലുമായിട്ടാണ് നടക്കുന്നത്.
കാട്ടിലെ ചെടികളെ വകഞ്ഞ് മാറ്റി ചുമ്മാ നടക്കുന്നത് തന്നെ ഒരു രസമാണ്. പോകുന്ന വഴിയിൽ ചില അപൂർവയിനം തവളകളേയോ ഷഡ്പദങ്ങളെയോ ഒക്കെ കണ്ടെന്നും വരും. ഒരുതരം കാല്പനിക അനുഭവമാണത്. വല്ലപ്പോഴും കൊളുത്തിവലിക്കുന്ന മുൾച്ചെടികളാണ് ഇടക്കിടെ റിയൽ വേൾഡിലേയ്ക്ക് വലിച്ചിടുന്നത്. അങ്ങനെയൊക്കെയാണെങ്കിലും, രാത്രി മുഴുവൻ മാനുകളുടേയും കുരങ്ങൻമാരുടേയും അലാം കോൾ മുഴങ്ങിക്കേട്ടിരുന്ന സ്ഥലത്തുകൂടിയാണ് നടക്കുന്നത് എന്ന ഗൗരവം തീർച്ചയായും ഉണ്ടായിരുന്നു.
കടുവ, പുലി പോലുള്ള ഹിംസ്രജീവികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ ഇരയാകാൻ സാധ്യതയുള്ള ജീവികൾ പരസ്പരം അതറിയിക്കുന്നതിന് ഉപയോഗിക്കുന്ന സവിശേഷതരം ശബ്ദമാണ് അലാം കോൾ, alarm call. അതുകൊണ്ട് തന്നെ പരമാവധി നിശ്ശബ്ദത പാലിച്ച്, കാത് കൂർപ്പിച്ചാണ് നടന്നിരുന്നത്. പൊതുവേ നിശബ്ദമായി നിൽക്കുന്ന ആനയുടെയൊക്കെ സാന്നിദ്ധ്യം, ചുള്ളിക്കമ്പുകൾ ഒടിയുന്ന നേരിയ ശബ്ദം വച്ച് മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ. തറയിലും കാല്പാടുകൾ, കാഷ്ഠം തുടങ്ങിയ സൂചനകൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കുറേ നടന്നപ്പോൾ ഒരു ചെറിയ നീർച്ചാലിൽ എത്തി. വെള്ളം പേരിനേ ഉള്ളുവെങ്കിലും, ചെറിയൊരു ഒഴുക്കുണ്ട്. അവിടെ ചെളിയിൽ അതാ കാല്പാടുകൾ… ‘ലെപ്പേഡാണ്’ എന്ന് മനീഷ് വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. പെട്ടെന്ന് ഒരു അധികജാഗ്രത വരാൻ പോന്ന ഒന്ന് കൂടി ശ്രദ്ധിച്ചു, കൂട്ടത്തിൽ ചെറിയ ഒരു കൂട്ടം കാല്പാടുകൾ കൂടിയുണ്ട്. ഒരു പൂച്ചയുടെ കാല്പാടിനെക്കാൾ അല്പം കൂടി മാത്രം വലിപ്പമുള്ള അവ പുലിയുടെ കുഞ്ഞിന്റേതാണ്. കാട്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രെയിൽ ക്യാമറകളിൽ നിന്നും, അടുത്തിടെ അമ്മയായ ഒരു പുലിയുടെ
സാന്നിദ്ധ്യം അവർക്കറിയാമായിരുന്നു. അമ്മയും കുഞ്ഞും വന്ന് വെള്ളം കുടിച്ചുപോയിട്ട് അധികമായിട്ടില്ല.
കാടിനെപ്പറ്റി അറിയാവുന്നവരോട് ചോദിച്ചാൽ അവർ പറയും, “നിങ്ങൾക്കൊരിയ്ക്കലും ഒരു ക്യാറ്റിന് സർപ്രൈസ് കൊടുക്കാനാവില്ല” (കടുവ, പുലി, ചീറ്റ തുടങ്ങിയ ജീവികളെ എല്ലാം ബിഗ് ക്യാറ്റ് എന്ന് പറയാറുണ്ട്, അതിനെ ചുരുക്കി ചിലപ്പോഴൊക്കെ ക്യാറ്റ് എന്ന് മാത്രവും). അതിന്റെ മേഖലയിലേയ്ക്ക് നിങ്ങൾ കടക്കുമ്പോൾ തന്നെ അത് നിങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞുകഴിഞ്ഞു. പക്ഷേ അക്കാര്യം നിങ്ങളറിയാൻ സാധ്യത കുറവാണ്. നിങ്ങൾ നൂറ് തവണ കാട്ടിലൂടെ പോയിട്ട് ഒരു തവണയേ ക്യാറ്റിനെ കണ്ടുള്ളുവെന്ന് വരാം, പക്ഷേ ക്യാറ്റ് 99 തവണയും നിങ്ങളെ കണ്ടുകാണും എന്നും പറയാറുണ്ട്.
സാധാരണ ഗതിയിൽ അവ മനുഷ്യരെ ആക്രമിക്കില്ല. പക്ഷേ, ഇരപിടിച്ച ശേഷം അതിനോടൊപ്പമോ, കുഞ്ഞുങ്ങളോടൊപ്പമോ ആണെങ്കിൽ സൂക്ഷിക്കണം. കാരണം, ആ സമയത്ത് സ്വന്തം ടെറിട്ടറിയിലേയ്ക്കുള്ള കടന്നുകയറ്റത്തെ അവ കൂടുതൽ ഗൗരവത്തോടെയാകും കാണുക. കഷ്ടപ്പെട്ട് പിടിച്ച ഇര നഷ്ടപ്പെടാതിരിക്കൽ വളരെ പ്രധാനമാണ്. പത്തോ ഇരുപതോ തവണ പിന്നാലെ പാഞ്ഞിട്ടാകും ഒരു മാനിനേയോ മറ്റോ ഒത്തുകിട്ടുന്നത്. അതുപോലെ തന്നെയാണ് അവയ്ക്ക് കുഞ്ഞിന് അപകടം വരില്ല എന്നുറപ്പിക്കലും.
കാല്പാടുകളിൽ നിന്നും പുലിയും കുഞ്ഞും പോയ ദിശ ഊഹിക്കാമായിരുന്നു. ഞങ്ങൾ പതിയെ മറ്റൊരു ദിശയിലെ ട്രെയിലിലൂടെ നടന്നു. പിന്നെയും കുറേ നേരം ചെടികൾ വകഞ്ഞുമാറ്റി, കയറ്റം കയറിയും, ഇറക്കമിറങ്ങിയും കുറേ ദൂരം വരിയായി നടന്നു. വഴി നീളെ മനീഷും സുനിലും കാടിനെപ്പറ്റിയും അവിടത്തെ മുന്നനുഭവങ്ങളെപ്പറ്റിയുള്ള പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. എങ്ങാനും ഓടേണ്ടിവന്നാൽ, ഇടത്തേയ്ക്കാണ് ഹോം സ്റ്റേയുടെ ദിശ എന്ന് അവർ പാതി തമാശ പോലെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
അങ്ങനെ മറ്റൊരു നീർച്ചാലിന്റെ അരികിലെത്തി. അവിടെ വെയില് വീഴുന്ന തരത്തിൽ മരങ്ങളുടെ കനോപ്പിയിൽ ഒരു വിടവുണ്ട്. വരിയൊക്കെ വിട്ട് ഒന്ന് വട്ടത്തിൽ കൂടിനിൽക്കാനുള്ള ഗ്യാപ്പുമുണ്ട്. കുറച്ചുനേരം അവിടെ നിന്ന് എല്ലാവരും ഒന്ന് ദീർഘശ്വാസമെടുത്തു. അപ്പോഴാണ് മണ്ണിൽ അത് ശ്രദ്ധിച്ചത്, ഒരു വലിയ കാല്പാട്! പെട്ടെന്ന് എല്ലാവരും വീണ്ടും അലർട്ടായി. ‘ശ്ശ്.. കടുവയുടേതാണ്’ മനീഷ് പതിയെ പറഞ്ഞു. ഞാനതൊന്ന് സൂക്ഷിച്ച് പരിശോധിച്ചു. ഏതാണ്ട് എന്റെ കൈപ്പത്തിയുടെ വലിപ്പം ഉണ്ട്. സ്പൈക്കുള്ള ഹൈക്കിങ് ഷൂസൊക്കെയിട്ട്, ബാഗുമൊക്കെ തൂക്കി ഞാൻ കുറേ നേരം നിന്നിട്ട് പോലും യാതൊരു പാടും വീഴാത്ത ആ മണ്ണിലാണ് ആ ഗമണ്ടൻ കാല്പാട് ആഴത്തിൽ പതിഞ്ഞ് കിടക്കുന്നത്. എന്തുമാത്രം ഭാരമുള്ള ജീവിയായിരിക്കും അതെന്ന് ഞാൻ മനസ്സിലോർത്തു.
ഇതിനിടെ കൂട്ടത്തിലൊരാൾ, ബ്രൗൺ നിറമുള്ള ചെളിയിൽ കിടക്കുന്ന കടുംമഞ്ഞ നിറത്തിലുള്ള ഒരു ഇലയുടെ ഭംഗി ഫോട്ടോയിൽ പകർത്താനായി ക്യാമറയും കൊണ്ട് ചെന്നു. പൊടുന്നനെ എല്ലാവരും ഒന്ന് ഞെട്ടി, ഇലയിൽ ചോര! അവിടെ വെയിലടിക്കുന്നുണ്ട്. എന്നിട്ടും നനവുള്ള ചോര ആ ഇലയിൽ തങ്ങിനിൽക്കുന്നു. അതിനർത്ഥം ചോര കട്ടപിടിക്കുന്നതിനുള്ള സമയം പോലും ആയിട്ടില്ലാത്ത വിധം, തൊട്ടുമുൻപ് അവിടെ ഒരു ചോരക്കളി നടന്നിരിക്കുന്നു.
എല്ലാവരും കണ്ണും കാതും കൂർപ്പിച്ച് ചുറ്റും പരതി. അവിടന്ന് മുന്നിലോട്ട് ഒരു ചെറിയ കയറ്റമാണ്. അവിടെ ട്രെയിലിലൂടെ എന്തോ മണ്ണിൽ ഉരഞ്ഞിട്ടുണ്ട്. ഏതോ ജീവിയുടെ, കുളമ്പോ കൊമ്പോ ആണ്. വെള്ളം കുടിക്കാൻ വന്ന ഏതോ ഹതഭാഗ്യയായ ജീവിയെ അവിടെ വച്ച് നമ്മുടെ ബിഗ് ക്യാറ്റ് വായിലാക്കിയിരിക്കുന്നു എന്നും, അതിനെ ഞങ്ങൾക്ക് നടക്കേണ്ട അതേ ട്രെയിലിലൂടെ കൊണ്ടുപോയിരിക്കുന്നു എന്നും ഏതാണ്ട് ഊഹിക്കാമായിരുന്നു. അതും, ഞങ്ങളവിടെ എത്തുന്നതിന് തൊട്ടുമുൻപ്.
വയറ്റിൽ നിന്ന് മുകളിലേയ്ക്ക് അഡ്രിനാലിൻ ഇരച്ചുകയറുന്നത് കൃത്യമായി മനസ്സിലാവുന്നുണ്ടായിരുന്നു. അപ്പോഴാണ് മനീഷ് ആ ചോദ്യം ചോദിക്കുന്നത്; “നമുക്കിവിടെ ഒരു തീരുമാനം എടുക്കണം. മുന്നോട്ട് തന്നെ പോണോ, അതോ തിരിച്ച് നടക്കണോ? നമുക്ക് പോകേണ്ട വഴിയേയാണ് ടൈഗർ തൊട്ടുമുൻപ് ഇരയുമായി പോയിരിക്കുന്നത്. എന്ത് ചെയ്യണം, മുന്നോട്ട് തന്നെ പോണോ, അതോ…?”
എല്ലാവരും പരസ്പരം നോക്കി. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്നുവെങ്കിലും, അന്ന് എന്റെ മനസ്സ് പറഞ്ഞത് മുന്നോട്ട് തന്നെ പോകാം എന്നാണ്. മറ്റുള്ളവർ തിരിച്ചുപോകണമെന്ന് പറയുമോ എന്നതായിരുന്നു എന്റെ പേടി. മനീഷ് പിന്നേയും ചോദിച്ചു, “നമ്മളിവിടെ എത്തിയ കാര്യം ടൈഗർ എന്തായാലും അറിഞ്ഞിട്ടുണ്ട് എന്നുറപ്പാണ്. അതുകൊണ്ട് അത് ഇരയുമായി ട്രെയിലിൽ നിന്ന് മാറിനടന്നേക്കും. സോ, മിക്കവാറും നമ്മൾ ടൈഗറിനെ കാണാനേ പോകുന്നില്ല. തിരിച്ച് നടന്നാൽ, നേരത്തേ കണ്ട പുലിയുടേയും കുഞ്ഞിന്റേയും സാന്നിദ്ധ്യവും ഉണ്ടാകാം. അപ്പോ നമുക്ക് തീരുമാനമെടുക്കണം, മുന്നോട്ടോ തിരിച്ചോ?”
ഞാൻ ‘മുന്നോട്ട് തന്നെ’ എന്ന് പറയാൻ തുടങ്ങിയപ്പോഴേയ്ക്കും വേറെ ആരോ ആവേശത്തോടെ വിളിച്ചുപറഞ്ഞു, ‘മുന്നോട്ടുതന്നെ..!’. എല്ലാവരും ഞാൻ ചിന്തിച്ചതുപോലെ തന്നെയാണ് ചിന്തിച്ചത് എന്ന് മനസ്സിലായി. ഐകകണ്ഠേന മുന്നോട്ട് പോകാനുള്ള തീരുമാനം പാസ്സായി. കൂടുതൽ ജാഗ്രതയോടെ, നേരിയ കയറ്റത്തിലൂടെ പതിയെ നടത്തം തുടർന്നു. ഒരു പത്ത് മിനിറ്റ് നടന്നിട്ടും മറ്റ് അടയാളങ്ങളൊന്നും കാണാതെ വന്നപ്പോൾ കടുവ ട്രെയിൽ വിട്ട് പൊന്തക്കാടിനുള്ളിലേയ്ക്ക് കയറിയിട്ടുണ്ടാകും എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ആ ചിന്തയിൽ ഒന്ന് റിലാക്സ് ചെയ്യാൻ തുടങ്ങിയതും, അതാ പിന്നേയും കരിയിലയിൽ ചോര!
ഇത്തവണ അളവിൽ കൂടുതലുണ്ട്. ഉണങ്ങാത്ത ചുടുരക്തം തന്നെ. കടിച്ചുപിടിച്ച് കൊണ്ടുപോയ ഇരയെ അല്പനേരം നിലത്ത് വച്ചപ്പോൾ സംഭവിച്ചതുപോലെ തോന്നി. പെട്ടെന്ന് തന്നെ, ഒന്നയഞ്ഞ് വന്ന പേശികൾ പിന്നേയും വലിഞ്ഞുമുറുകുന്നതായി അനുഭവപ്പെട്ടു. ശ്വാസമെടുക്കലിന്റെ വേഗം കൂടി. ഭീതിയാണോ, കൗതുകമാണോ, ആവേശമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. പരസ്പരം നോക്കി, ചുണ്ടത്ത് വിരൽ വച്ച് ഞങ്ങൾ പിന്നേയും പതുങ്ങി നടന്നു. രക്തം ആദ്യമായി കണ്ടിടത്തുനിന്ന് ഉടനീളം ഒരു നേരിയ കയറ്റമായിരുന്നു. കുറച്ചുനേരം അങ്ങനെ കടന്നുപോയി, മറ്റ് സൂചനകളൊന്നും തന്നെയില്ല. ഒരിയ്ക്കൽ കൂടി ആ പഴയ ചിന്ത പരന്നു; “ഇത്തവണ തീർച്ചയായും കക്ഷി പൊന്തയ്ക്കുള്ളിലേയ്ക്ക് പോയിട്ടുണ്ടാകും”. അങ്ങനെ ഹൃദയമിടിപ്പ് ഒന്ന് താഴ്ന്നുവന്നപ്പോഴേയ്ക്കും, അതാ പിന്നേയും ചോര!
കുറച്ചുനേരം സൂചനകളൊന്നും കാണാതിരുന്നതുകൊണ്ട്, ആ വന്യമൃഗം അപ്രത്യക്ഷമായി എന്നർത്ഥമില്ല എന്ന് മനസ്സിലായി. തൊട്ടടുത്ത് എവിടെയോ അതുണ്ട്. അത് നമ്മളുടെയല്ല, നമ്മൾ അതിന്റെ ടെറിട്ടറിയിലാണ്. അതിനോട് തണ്ടപ്പേര് നംബർ കാണിച്ച് തർക്കിക്കാനാവില്ലല്ലോ. പിന്നേയും, ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ മുന്നോട്ട് നടന്നു. കയറ്റത്തിന്റ ചരിവ് കുറഞ്ഞ് ഒന്ന് നിരപ്പായി. മരങ്ങളുടെ എണ്ണം കുറഞ്ഞ, അടിക്കാട് നിറഞ്ഞ ഒരു ചെറിയ ഭാഗത്താണ് ഇപ്പോൾ. വെയില് താഴെയെത്തുന്നുണ്ട്. വരിയിൽ മുന്നിൽ നിന്ന് മൂന്നാമതാണ് ഞാൻ നടന്നിരുന്നത്. എന്റെ തൊട്ടുമുന്നിൽ മുൻപരിചയമില്ലാത്ത ഒരു യുവതിയും അതിന് മുന്നിൽ മനീഷുമാണ്.
“ഇനി കുറച്ചുകൂടി പോയാൽ നമുക്ക് കോട്ടേജിലേയ്ക്ക് മടങ്ങാം…” മനീഷ് മുന്നിലേയ്ക്ക് ചൂണ്ടി പറഞ്ഞു. “അവിടെ നിന്ന് ഈ വഴി മൂന്നായി പിരിയുന്നുണ്ട്. നേരേ പോയാൽ കഷ്ടിച്ച് ഇരുന്നൂറ് മീറ്റർ അപ്പുറം ടാറിട്ട റോഡാണ്. ഇടത്തോട്ട് പോയാൽ, നമ്മുടെ കോട്ടേജിലേയ്ക്ക് അധികദൂരമില്ല. അവിടെ സ്ഥിരം ആളനക്കമുള്ളതായി ടൈഗറിനറിയാം. അതുകൊണ്ട് ഈ രണ്ട് ദിക്കിലേയ്ക്കും ഇരയേയും കൊണ്ട് അത് പോകില്ല. ബാക്കിയുള്ളത് വലത്തോട്ടുള്ള ട്രെയിലാണ്, അത് കൂടുതൽ കനത്ത കാട്ടിനുള്ളിലേയ്ക്കായതുകൊണ്ട് കക്ഷി അങ്ങോട്ട് തന്നെ പോകാനാണ് സാധ്യത. നമുക്കിത് ഇവിടെ നിർത്തി ഈ ഡയറക്ഷനിലൂടെ തിരിച്ച് പോകാം, ഓക്കേ?”
അന്നത്തെ സാഹസികതയുടെ സ്റ്റോക്ക് കഴിഞ്ഞ അവസ്ഥയായിരുന്നു എല്ലാവർക്കും. അതുകൊണ്ട് മനീഷിന്റെ പിന്നാലെ അനുസരണയോടെന്നപോലെ ഞങ്ങൾ നടന്നു. ട്രെയിൽ നാലായി പിരിയുന്ന ആ ജംഗ്ഷനിൽ വച്ച്, മനീഷ് നേരേ തിരിഞ്ഞ് നിന്നിട്ട്, ഞങ്ങളെ എല്ലാവരേയും നോക്കി ഒരിയ്ക്കൽ കൂടി അക്കാര്യം ആവർത്തിച്ചു, “അപ്പോ നമ്മൾ പറഞ്ഞതുപോലെ നമ്മൾ കോട്ടേജിലേയ്ക്ക് മടങ്ങുകയാണ്, ദാ ഈ ഡയറക്ഷനിലേയ്ക്ക് നടന്നോളൂ” എന്ന് പറഞ്ഞ് മനീഷ് വലത്തോട്ട് കൈചൂണ്ടി ഒരല്പം പിന്നിലേയ്ക്ക് നീങ്ങിനിന്നു, ഞങ്ങൾ പോയശേഷം പിന്നാലെ വരാൻ പദ്ധതിയിട്ടപോലെ.
ഞങ്ങളെല്ലാവരും മനീഷ് ചൂണ്ടിക്കാണിച്ച ദിശയിലേയ്ക്ക് നടക്കാനായി ഒന്ന് മുന്നിലേയ്ക്കാഞ്ഞതും, പൊടുന്നനെ ആളുടെ ശരീരഭാഷ മാറി. അപ്പോഴാണ് അയാൾ തന്റെ ഇടതുവശത്തേയ്ക്ക് നോക്കിയത്, “നോ വെയ്റ്റ്…. ടൈഗർ!” എന്റെ തൊട്ടുമുന്നിൽ നിന്ന യുവതി അങ്ങോട്ട് നോക്കിയതും, പേടിച്ച് മുഖമാകെ വിളറി വെളുത്ത് അവർ സ്തബ്ധയായി നിന്നതും തൊട്ടുപിന്നിൽ നിന്ന ഞാൻ വ്യക്തമായി കണ്ടു. പക്ഷേ അവർ കണ്ടതെന്താണെന്ന് എനിയ്ക്ക് കാണണമെങ്കിൽ, അല്പം കൂടി മുന്നിലേയ്ക്ക് നീങ്ങണമായിരുന്നു.
എല്ലാവരോടും മിണ്ടാതെ, ഓടാതെ, ധൃതിപിടിക്കാതെ സാവധാനം തിരിഞ്ഞ് നടക്കാൻ മനീഷ് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്താണ് ഞാൻ, ഒന്ന് മുന്നോട്ടാഞ്ഞാൽ മുന്നിലെ രണ്ടുപേരും കണ്ട ആ കാഴ്ച എനിയ്ക്കും കാണാനാകും. ആ കൗതുകം എന്റെ മുഖത്തുനിന്ന് വായിച്ചതുകൊണ്ടാകണം, മനീഷ് എന്റെ കൈ പിടിച്ച് മുന്നോട്ട് വലിച്ച് അങ്ങോട്ട് ചൂണ്ടി.
ഒരിയ്ക്കലും മറക്കില്ല ആ കാഴ്ച… “Tiger, tiger, burning bright…” എന്ന വില്യം ബ്ലെയ്ക്കിന്റെ കവിതയെ ഓർമ്മിപ്പിക്കുന്ന ഗാംഭീര്യം. പൊന്തക്കാട്ടിൽ നിന്നും മുഖം പുറത്തേയ്ക്കിട്ട്, അവിടെ നില്പുണ്ടായിരുന്നു ആ ജീവി. അതിന്റെ മുഖത്തേയ്ക്കാണ് ആ സമയം വെയിൽ വീണുകൊണ്ടിരുന്നത്. തിളങ്ങുന്ന ഓറഞ്ചും മഞ്ഞയും വെള്ളയും ഒക്കെ ചാലിച്ച, ആ പ്രൗഢസത്വം!
എന്നെ വലിച്ച അതേ ബലത്തിൽ ഉടനെ മനീഷ് എന്നെ തിരിച്ച് തള്ളിനീക്കാൻ തുടങ്ങി. “ഇനി നിൽക്കുന്നത് സെയ്ഫല്ല, എല്ലാവരോടും പതിയെ തിരിഞ്ഞ് നടക്കാൻ പറയൂ. പ്ലീസ് ഓടരുത്.” എനിയ്ക്കത് കൃത്യമായി മനസ്സിലായി. ആ മുഖത്ത് ഞാൻ കണ്ട ഭാവം, തീരെ പന്തിയുള്ളതായിരുന്നില്ല. It was obviously pissed off. ഞാൻ പിന്തിരിഞ്ഞ് കൂടെയുള്ള എല്ലാവരോടും പതിയെ തിരിഞ്ഞ് നടക്കാൻ ആംഗ്യം കാട്ടി. വരിയുടെ ഏറ്റവും പിന്നിലുണ്ടായിരുന്ന സുനിലിന്റെ മുഖം വല്ലാതെ വിളറിയിരുന്നു.
ആളുകൾ പേടിച്ച് ചിതറിയോടുകയോ മറ്റോ ചെയ്താൽ സംഭവിക്കാൻ സാധ്യതയുള്ള അപകടത്തെക്കുറിച്ചാണ് അപ്പോൾ ചിന്തിച്ചത് എന്നദ്ദേഹം പിന്നീട് പറഞ്ഞു. എന്തായാലും കൂട്ടത്തിൽ ആർക്കും മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ടില്ല. ചിലർ നന്നായി പേടിച്ചുവെങ്കിൽ, ചിലർ അതോടൊപ്പം തന്നെ വരിയുടെ മുന്നിലാകാൻ കഴിയാത്തതിന്റെ നിരാശയിലുമായിരുന്നു. പക്ഷേ സാഹചര്യം മനസ്സിലാക്കി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് തിരിഞ്ഞ് നടന്നു. പിന്നിൽ ഏതാണ്ട് പത്ത് സെക്കൻഡോളം നീണ്ട ഒരു കനത്ത മുരൾച്ച ഞങ്ങളെല്ലാവരും വ്യക്തമായി കേട്ടു. കഷ്ടിച്ച് മുപ്പതടി പിന്നിലേയ്ക്ക് നടന്ന്, വലത്തോട്ട് തിരിയുന്ന മറ്റൊരു അവ്യക്തമായ ട്രെയിലിലൂടെ നടക്കാൻ സുനിൽ ആവശ്യപ്പെട്ടു. ഇപ്പോൾ ഏറ്റവും പിന്നിൽ മനീഷും അവിടന്ന് രണ്ടാമതായി ഞാനുമാണ്.
ആ സമയത്ത് ചിതറിയ പല ചിന്തകളും മനസ്സിലൂടെ പോയി. എന്തൊരു മണ്ടത്തരമാണ് കാണിച്ചത് എന്ന് തോന്നിയത് അപ്പോൾ മാത്രമാണ്. ഇരപിടിച്ചുകൊണ്ട് നടന്നുപോയ, വല്ലാതെ ടെറിട്ടോറിയലായ ഒരു വന്യജീവിയെ ഏതാണ്ട് കാൽ കിലോമീറ്ററോളം പിൻതുടരുക. അതും, കാൽനടയായി, തൊട്ടുപിന്നിൽ. ഒരുപക്ഷേ ഞങ്ങളുടെ വരവ് ശ്രദ്ധിക്കാനായി ഇരയെ താഴെവച്ച് പിന്നിലേയ്ക്ക് ശ്രദ്ധിച്ചപ്പോഴായിരിക്കും വഴിയിൽ ആ ചോരപ്പാടുകൾ വീണത്. എന്തൊരു മര്യാദകേടാണ് ഞങ്ങളാ ജീവിയോട് കാണിച്ചത്! ഒരുപക്ഷേ ഇരയെ അവിടെയിട്ടിട്ട് മാറാനുള്ള അതിന്റെ മടികൊണ്ട് മാത്രമായിരിക്കും ഞങ്ങൾ ജീവനോടെയിരിക്കുന്നത്.
ഇങ്ങനെ പലതും ചിന്തിച്ച് ഞാൻ നടക്കുമ്പോഴാണ്, മനീഷ് അടക്കിപ്പിടച്ച ആ ചോദ്യം ചോദിക്കുന്നത് “ആ ശബ്ദം കേൾക്കുന്നുണ്ടോ?” ഞാൻ കാതുകൂർപ്പിച്ചു. പതിഞ്ഞ കാലടിശബ്ദം… പൊന്തയുടെ മറുവശത്തുനിന്നാണ്. എന്റെ ഹൃദയമിടിപ്പ് പിന്നേയും ഉയർന്നു. “പേടിക്കണ്ടാ, അറ്റാക്ക് ചെയ്യാനായിരുന്നുവെങ്കിൽ അതിനുള്ള സമയം കഴിഞ്ഞു. നമ്മൾ പോയി എന്നുറപ്പിക്കാൻ ശ്രമിക്കുന്നതാകും. മറ്റാരോടും പറയണ്ടാ, പാനിക്കായാൽ വലിയ അപകടമാകും.” ഞാൻ ചുണ്ടുകൾ കടിച്ചുപിടിച്ച് നടന്നു. നെഞ്ച് പടപടാന്ന് മിടിക്കുന്നുണ്ടായിരുന്നു. ആരും ഒന്നും മിണ്ടാതെ നടക്കുകയാണ്. തലനാരിഴയ്ക്ക് നഷ്ടപ്പെടാതെ തിരിച്ചുകിട്ടിയത് ജീവൻ തന്നെയാണെന്നും, കാണിച്ചത് അതിസാഹസമെന്നല്ല, പടുവിഡ്ഢിത്തം തന്നെയായിരുന്നുവെന്നും എല്ലാവർക്കും തോന്നുന്നുണ്ടായിരുന്നു.
പതിനഞ്ചുമിനിറ്റോളം നടന്നപ്പോൾ ഹോം സ്റ്റേയുടെ ഇലക്ട്രിക് ഫെൻസ് കണ്ടു. നടന്ന് ഓരോരുത്തരായി അതിനകത്ത് കയറിയപ്പോഴേയ്ക്കും ഉച്ചത്തിലുള്ള ദീർഘനിശ്വാസമാണ് ആദ്യം ഉയർന്നത്. ‘എന്താണ് നമ്മളിപ്പോ കാണിച്ചത്?’ എന്ന് എല്ലാവരും പരസ്പരം ചോദിച്ചു. കടുവയുടെ ശക്തിയേയും സ്വഭാവത്തേയും ഹണ്ടിങ് ബിഹേവിയറിനേയും സംബന്ധിച്ച, കൂട്ടത്തിൽ ഏതാണ്ടെല്ലാവർക്കും ധാരണയുള്ള കാര്യങ്ങൾ പിന്നേയും ചർച്ച ചെയ്തു. ഓരോ പോയിന്റ് ഉയരുമ്പോഴും, കാണിച്ച അബദ്ധം കൂടുതൽ കൂടുതൽ വലുതായിരുന്നു എന്ന തിരിച്ചറിവിലേയ്ക്കാണ് വന്നത്. ഹൃദയമിടിപ്പ് സാധാരണഗതിയിലാവാൻ പിന്നേയും സമയമെടുത്തു.
ഇനി ഈ കഥയിലെ ഏറ്റവും വിചിത്രമായ ഭാഗം പറയട്ടെ. ഇത്രയൊക്കെ തിരിച്ചറിയുമ്പോഴും, ആ വരിയുടെ മുന്നിൽ തന്നെ ഉണ്ടാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ഒരു സെക്കൻഡ് കൂടി അവിടെ നിൽക്കാനുള്ള സാവകാശം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ആ കാഴ്ച അങ്ങനെയൊന്നായിരുന്നു. എന്തൊക്കെ പറഞ്ഞാലും, ആത്യന്തികമായി കോൺക്രീറ്റ് കാടുകളിൽ കഴിയുന്ന രോമമില്ലാത്ത കുരങ്ങുകൾ മാത്രമാണല്ലോ നമ്മൾ!