സോഷ്യൽ മീഡിയയിലെ വ്യത്യസ്തതമായ മേച്ചിൽപ്പുറങ്ങൾ തേടിയാണ് നമ്മുടെ ഇന്നത്തെ തലമുറയുടെ ജീവിതം. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഒക്കെ ശേഷം ഇപ്പോൾ വൈറലായിരിക്കുന്നത് ടിക് ടോക് തന്നെയാണ്. ചെറിയ വീഡിയോ ക്ലിപ്പുകൾ സ്വയം ഉണ്ടാക്കി അഭിനയിച്ച് പാട്ടോ ഡയലോഗൊ ഒക്കെ കയറ്റി ഷെയർ ചെയ്യാം എന്നതുകൊണ്ടാണ് ഈ ആപ്പിന് ഇത്ര പ്രചാരം യുവതലമുറയ്ക്കിടയിൽ ലഭിച്ചത്. എന്നാൽ ചിലർ ഈ സൗകര്യത്തെ നെഗറ്റിവ് പബ്ലിസിറ്റി സ്റ്റണ്ടുകൾക്കായി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെടുകയാണ് ഇപ്പോൾ.
ടിക് ടോക് വീഡിയോയ്ക്കായി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥികളെ നാട്ടുകാർ രക്ഷിച്ച സംഭവം ഈയിടെ കോഴിക്കോട് ഭാഗത്താണ് അരങ്ങേറിയത്. ഇത്തരത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്സിൽ തൂങ്ങിക്കിടന്നു കുട്ടിക്കരണം മറിയുന്ന വിദ്യാർത്ഥികളുടെ ഭീതിജനകമായ ദൃശ്യങ്ങളാണിവ. തമിഴ്‌നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. വീഡിയോ വൈറലായതോടെ വിദ്യാർത്ഥികൾക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയരുകയാണ്.
എന്താണ് ടിക് ടോക്? ഇതിന്റെ ചരിത്രം അറിയാമോ? – ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ പരിചയപ്പെടുത്തി. 2018 ൽ ഈ ആപ്ലിക്കേഷൻ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്ന് തുടങ്ങി ലോകത്തിൻറെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കൾക്ക് 3-15 സെക്കൻഡുകൾ, 3-60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും ആഗോളതലത്തിൽ 500 മില്ല്യൻ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.
200 ദിവസം കൊണ്ടാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചു എടുത്തത്, ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം 1 ലക്ഷം കോടി വീഡിയോകൾ ഉപഭോക്താക്കൾ കാണുന്നുണ്ട്. ചൈനയിൽ ഈ ആപ്ലിക്കേഷൻ ഡ്യുയിൻ എന്ന പേരിൽ ആണ് അറിയപെടുന്നത്. സാൻഫ്രാൻസിസ്കോയിലെ ആപ്ലിക്കേഷൻ അനലിറ്റിക്സ് പ്ലാറ്റ്ഫോമായ സെൻസർ ടവർ സിഎൻബിസിക്ക് നൽകിയ വിവരങ്ങൾ പ്രകാരം, 2018 ന്റെ ആദ്യ പകുതിയിൽ TikTok ആപ്പിളിൻറെ ആപ് സ്റ്റോറിൽ 104 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് . ഫേസ്ബുക്ക് , യൂട്യൂബ് , ഇൻസ്റ്റഗ്രാം എന്നിവയെ അപേക്ഷിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്ത ഐ ഓ എസ്സ് ആപ്ലിക്കേഷനും ടിക് ടോക്ക് ആണ്.
TikTok മൊബൈൽ ആപ്ലിക്കേഷൻ ഉപയോക്താവിന് ഒരു ഹ്രസ്വ വീഡിയോ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു .കൂടാതെ പശ്ചാത്തലത്തിൽ ഉപഭോക്താവിനു ഇഷ്ടമുള്ള സംഗീതം കൂട്ടിച്ചേർക്കാനും കഴിയും. ഒപ്പം സൃഷ്ട്ടിക്കുന്ന വീഡിയോ, മന്ദഗതിയിലോ , വേഗത്തിലോ ആക്കാനും കഴിയും. ഒരു വീഡിയോ സൃഷ്ടിക്കുന്നതിന്, ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന സംഗീതരീതികളിൽ നിന്ന് പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കാനാകും,TikTok- ൽ ചെയ്യുന്ന വീഡിയോ മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ളവരുമായി പങ്കിടാനും സാധിക്കുന്നു. ഒപ്പം മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിൽ കൂട്ടിച്ചേർക്കാനും കഴിയുന്നു.ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ “സ്വകാര്യമായി “സജ്ജമാക്കാനും സാധിക്കുന്നു. ഉപഭോക്താക്കളുടെ ഇഷ്ട്ടവും താൽപ്പര്യങ്ങളും മുൻഗണനകളും വിശകലനം ചെയ്ത് ഓരോ ഉപയോക്താവിനുമായി വ്യക്തിഗതമാക്കിയ ഒരു ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിനും ടിക്ടോക്ക് കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു.
ഈ അപ്ളിക്കേഷൻ ഉപയോഗിച്ച് വൻ തോതിൽ ഉപഭോക്താകളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് ഇതിൻറെ കമ്പനി ചോർത്തി കൊടുക്കുന്നുണ്ട് എന്ന ഒരു ആരോപണവും ഈ അടുത്ത കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പല രാജ്യത്തും ഈ ആപ്ലിക്കേഷന് നിരോധനം ഏർപെടുത്തിയിട്ടുമുണ്ട്. 2018 ജൂലൈ 3 ന് ഇന്തോനേഷ്യൻ ഗവൺമെൻറ് അശ്ലീലത നിറഞ്ഞ ഉള്ളടക്കവും, ദൈവ നിന്ദയ്ക്ക് പ്രചോദനം നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ടിക്ടോക്ക് നിരോധിച്ചിരുന്നു. അധികം താമസിയാതെ 2018 ജൂലൈ 11-ന് നിരോധനം പിൻവലിച്ചു. ഒപ്പം 2018 നവംബറിൽ ബംഗ്ലാദേശി ഗവൺമെന്റ് ടിക് ടോക്ക് ആപ്ലിക്കേഷൻറെ ഇന്റർനെറ്റ് ആക്സസ് തടഞ്ഞു. ഇന്ത്യയിലും നിരവധി രാഷ്ട്രീയ പ്രവർത്തകരും ടിക് ടോക്ക് നിരോധിക്കണം അല്ലെങ്കിൽ കൂടുതൽ കർശനമായി നിയന്ത്രിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.