ഇത് തമിഴ്നാട് പൊലീസിലെ കോൺസ്റ്റബിൾ എസ് സെയ്ദ് അബൂതാഹിർ. ട്രിച്ചിയിലെ ഒരു ഉൾഗ്രാമത്തിൽ തന്റെ ഡ്യൂട്ടിയിൽ മുഴുകവേയാണ് മൂന്ന് പേർ ലോക്ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങി നടക്കുന്നത് അബൂതാഹിറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൂർണ്ണ ഗർഭിണിയായ ഒരു യുവതിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്തിനാണ് ലോക്ഡൗൺ സമയത്ത് റോഡിലിറങ്ങി നടക്കുന്നതെന്ന അബൂതാഹിറിന്റെ ചോദ്യത്തിന് ഗർഭിണിയുടെ ഭർത്താവായ ഏഴുമലൈ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു.

ഏഴുമലൈ ഭാര്യയായ സുലോചനയോടൊപ്പം അവളുടെ പ്രസവത്തിന് വേണ്ടി ഹോസ്പിറ്റലിൽ പോയി തിരിച്ചു വരികയായിരുന്നു. നോർമൽ ഡെലിവറി വിഷമകരമായതിനാൽ സിസേറിയൻ ചെയ്യണമെന്നും അതിന് വേണ്ടി രണ്ട് യൂണിറ്റ് ഓ പോസിറ്റീവ് രക്തം അടിയന്തിരമായി ഏർപ്പാടാക്കണമെന്നും ഡോക്ടർമാർ നിർദേശം നൽകിയതിനെ തുടർന്ന് ഏഴുമലൈ രക്തത്തിനായി ഏറെ പരിശ്രമിച്ചെങ്കിലും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രക്തം സംഘടിപ്പിക്കാൻ സാധിച്ചില്ല. അതേതുടർന്ന് നിരാശനായ ഏഴുമലൈ ഭാര്യയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ഡ്യൂട്ടിയിലായിരുന്ന സെയ്ദ് അബൂതാഹിറിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

വിവരമറിഞ്ഞ അബൂതാഹിർ ഉടനെതന്നെ ഒരു വാഹനം ഏർപ്പാടാക്കി സുലോചനയേയും കുടുംബത്തെയും ആശുപത്രിയിൽ എത്തിച്ചു. അപ്പോൾ സമയം ഉച്ചക്ക് മൂന്ന് മണി. ഇതിനിടെ രക്തദാതാവിനെ കണ്ടെത്താനുള്ള പ്രയാസം നേരിട്ട് മനസിലാക്കിയ അബൂതാഹിർ തന്റെ രക്തം സുലോചനക്ക് ദാനം ചെയ്യുകയും രാത്രി ഒമ്പത് മണിയോടെ സുലോചന ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പോലീസ് വൃന്ദങ്ങളിൽ നിന്നും ഈ വിവരമറിഞ്ഞ തമിഴ്നാട് ഡിജിപി അബൂതാഹിനെ അഭിനന്ദിക്കുകയും പതിനായിരം രൂപ പാരിതോഷികമായി നൽകുകയും ചെയ്തു. ട്രിച്ചി പോലീസ് സൂപ്രണ്ടായ സിയാവുൾ ഹഖും ഇതിനിടെ അബൂതാഹിറിനെ അഭിനന്ദിക്കുകയും ആയിരം രൂപ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തനിക്കു പാരിതോഷികമായി ലഭിച്ച തുകയത്രയും അദ്ദേഹം ആശുപത്രിയിൽ കഴിയുന്ന സുലോചനയുടെ കുടുംബത്തിന് നൽകുകയായിരുന്നു.
കോൺസ്റ്റബിൾ സെയ്ദ് അബൂതാഹിർ…. ബിഗ് സല്യൂട്ട്..

കടപ്പാട് – Sreekumar Nair.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.