കടപ്പാട് – രഞ്ജിത്ത് രാമകൃഷ്ണൻ.

കോവിഡിൻ്റെ ദുരിതം ലോകത്താകമാനം പടർന്നുപന്തലിച്ച അവസ്ഥയിൽ, സിനിമയെ വെല്ലുന്ന കഥകളാണ് പലയിടത്തുനിന്നും നമുക്കു കേൾക്കുവാനാകുന്നത്. പക്ഷെ ഇവിടെ ഒരു സിനിമയുടെ കഥ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആവർത്തിച്ച സംഭവമാണ് പറയുന്നത്.

2004 ൽ സ്റ്റീഫൻ സ്പിൽബർഗിന്റെ സംവിധാനത്തിൽ മഹാനടൻ ടോം ഹാങ്ക്സ് അഭിനയിച്ച “The Terminal” സിനിമ നമ്മൾ എല്ലാവരും കണ്ടു കാണും. ന്യൂയോർക്കിലെ എയർപോർട്ടിൽ വന്നിറങ്ങുന്ന അയാൾ ചില സാഹചര്യങ്ങൾ മൂലം Stateless ആവുകയും, പ്രവേശനം നിഷേധിക്കപ്പെട്ടു എയർപോർട്ടിൽ കഴിയേണ്ടിവരുകയും ചെയ്ത കഥയാണു ആ സിനിമ പറഞ്ഞത്. 18 വർഷത്തോളം ഫ്രാൻസിലെ എയർപോർട്ടിൽ ജീവിച്ച മെഹ്റാൻ കരീമി നസ്‌റിയുടെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ ചിത്രം തയ്യാറാക്കിയത്.

ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവം ഇങ്ങനെ – Roman Trofimov എന്ന എസ്തൊണിയൻ പൗരൻ തന്റെ സ്വപ്നമായ തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന്റെ ഭാഗം ആയി 2020 മാർച്ച് 20 നു ആയിരുന്നു ഫിലിപ്പീൻസിൽ എത്തിയത്. സെബു എന്ന ഫിലിപ്പീൻസിലെ വിനോദസഞ്ചാര സ്ഥലത്തു കറങ്ങിയടിച്ച ശേഷം തായ്‌ലന്റിൽ പോകുവാനായിരുന്നു അദ്ദേഹത്തിൻ്റെ പദ്ധതി. എന്നാൽ ഫിലിപ്പീൻസിലെ മനില എയർപോർട്ടിൽ അദ്ദേഹത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു.

മനില എയർപോർട്ടിലെത്തിയ റോമൻ എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപേ കോവിഡ് കാരണം ഫ്ലൈറ്റ് ക്യാൻസൽ ആയി വിമാനത്താവളത്തിൽ പെട്ടുപോയി. ഇതോടൊപ്പം ഫിലിപ്പീൻസ് അധികൃതർ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുക കൂടി ചെയ്തതോടെ അദ്ദേഹം ശരിക്കും പെട്ടു.

അന്നു മുതൽ എസ്തൊണിയൻ അധികൃതർ അദ്ദേഹത്തെ തിരിച്ച് നാട്ടിലെത്തിക്കുന്ന ദിവസം വരെ ഏകദേശം 110 ദിവസം അദ്ദേഹം എയർപോർട്ടിലെ ലോഞ്ചിൽ കിടന്നും, പബ്ലിക് ടോയ്ലെറ്റ് ഉപയോഗിച്ചും, എയർപോർട്ടിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചും ആയിരുന്നു ജീവിതം തള്ളി നീക്കിയത്. എയർപോർട്ട് ജീവനക്കാരുടെ കാരുണ്യത്തിലായിരുന്നു പിന്നീടുള്ള ഇദ്ദേഹത്തിന്റെ ജീവിതം. അതായത് മാർച്ച് 20 മുതൽ ജൂലൈ 7 വരെ.

Unclear citizenship എന്ന വിഭാഗത്തില്പെടുന്ന Grey Passport ഹോൾഡർ ആണ് Roman Trofimov എന്നാണു എസ്തോണിയൻ അധികൃതരുടെ വിശദീകരണം. അതു കൊണ്ടാണത്രെ ഫിലിപ്പീൻസ് എമിഗ്രേഷൻ വിഭാഗം അദ്ദേഹത്തിനു പ്രവേശനം നിഷേധിച്ചത്.
ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ഇത്തരത്തിൽ ഉള്ള ഒരു ലക്ഷത്തോളം ആൾക്കാർ എസ്തോണിയയിൽ ഉണ്ട് എന്നാണു അറിയാൻ കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.