ദിനംപ്രതി ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണ് തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി മേഖല. എന്നാൽ ഇവിടെ വരുന്നവരിൽ വലിയൊരു ശതമാനം സഞ്ചാരികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ അലക്ഷ്യമായി വനമേഖലയിൽ ഉപേക്ഷിച്ചു പോകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. പലയിടങ്ങളിലും വനംവകുപ്പ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഭൂരിഭാഗമാളുകളും വകവെക്കുന്നില്ല എന്നതാണ് സത്യം.
കുടുംബവുമായി ഉല്ലസിക്കാൻ വരുന്നവരാണ് ഇത്തരത്തിൽ മാലിന്യങ്ങൾ ധാരാളമായി തള്ളുന്നത് എന്നത് മറ്റൊരു വേദനിപ്പിക്കുന്ന സത്യമാണ്. ഭക്ഷണാവശിഷ്ടങ്ങൾ, ഭക്ഷണം കഴിച്ച പ്ളേറ്റുകൾ, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കുട്ടികളുടെ നാപ്കിനുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയാണ് പ്രധാനമായും വനമേഖലയ്ക്ക് ഭീഷണിയായി നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ. ഈയിടെ അതിരപ്പിള്ളി മുതൽ തുമ്പൂർമുഴി വരെയുള്ള വനമേഖലയിൽ വൃത്തിയാക്കൽ നടപടികൾ ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് ‘ഞങ്ങൾ ചാലക്കുടിക്കാർ മീഡിയ’ എന്ന ഫേസ്‌ബുക്ക് പേജിലാണ് ഞെട്ടിക്കുന്ന മാലിന്യദൃശ്യങ്ങൾ അടക്കമുള്ള വിവരങ്ങൾ കൊടുത്തിരിക്കുന്നത്.
‘ഞങ്ങൾ ചാലക്കുടിക്കാർ മീഡിയ’യിൽ വന്ന പോസ്റ്റ് ഇങ്ങനെ – “അതിരപ്പിള്ളി മലക്കപ്പാറ ഭാഗങ്ങൾ കാണാൻ വരുന്ന ടൂറിസ്റ്റുകളോട് ഒരു വാക്ക്. അതിരപ്പിള്ളി മുതൽ തുമ്പൂർമുഴി വരെ വി.എസ്.എസ് വൃത്തിയാക്കിയ ഭാഗങ്ങളാണ് ഇപ്പോൾ ചിക്ലായ് ഭാഗത്തു നിന്നും ഉള്ള ദൃശ്യങ്ങൾ ഇതോടൊപ്പം കൊടുക്കുന്നു. സഞ്ചാരികളായി എത്തുന്നവരുടെ ഭക്ഷണശേഷം വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ വനത്തിലെ വന്യ ജീവികൾക്ക് വലിയ പ്രശ്നങ്ങളാണ് വരുത്തുന്നത്. പ്ലാസ്റ്റിക് മാത്രമല്ല നിങ്ങൾ വലിച്ചെറിയുന്നതൊക്കെ വൃത്തിയാക്കാൻ വിധിക്കപ്പെട്ടവരാണ് വന സംരക്ഷണ സമിതിയംഗങ്ങൾ എന്ന ധാരണ തെറ്റാണ്. അത് തിരുത്തണം.
സ്വന്തം വീടുകളിൽ ഓരോരുത്തര്യം പിന്തുടരുന്ന വലിച്ചെറിയുന്ന ശീലങ്ങൾ വനമേഖലകളിൽ നടപ്പാക്കാൻ ശ്രമിക്കരുത്. കുടിവെള്ള സ്രോതസ്സുകൾ അടക്കം ഇത് മൂലം മലിനമാക്കപ്പെടുന്നു. മാത്രമല്ല കേരളത്തിന് ആരോഗ്യരംഗത്ത് ഉണ്ടായ ക്ഷയത്തിനും ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സ്വഭാവം ഒരു കാരണമാണ്. വനമേഖലകളിലേക്ക് നിങ്ങൾ കുടുംബമായോ ഒറ്റക്കോ ഉത്തരവാദിത്തത്തോടെ യാത്ര നടത്തുക. മാലിന്യം വലിച്ചെറിയാതെ അത് സംഭരിക്കുന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കുക.”
റെസ്പോണ്സിബിൽ ടൂറിസം അഥവാ ഉത്തരവാദിത്വ പൂർണ്ണമായ ടൂറിസം നമ്മുടെയാളുകൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ എല്ലാം മനസ്സിലാക്കിയിട്ടും അഹങ്കാരം കാണിക്കുന്നതിന്റെ തെളിവാണ് ഈ കാണുന്നതെല്ലാം. ഇത്തരത്തിൽ ചെയ്യുന്നവരോട് ഒരു ചോദ്യം – “നിങ്ങളുടെ വീട്ടിലും പരിസരങ്ങളിലും ആണെങ്കിൽ നിങ്ങൾ ഇതുപോലെ ചെയ്യുമോ?” ഓരോ സ്ഥലങ്ങളിലും യാത്രകൾ പോയി സെൽഫികളും എടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിറയ്ക്കുന്നത് മാത്രമല്ല, ഇതുപോലുള്ള കാര്യങ്ങൾ കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ദയവുചെയ്ത് ഇത്തരത്തിൽ ഇനി പ്രവർത്തിക്കാതിരിക്കുക.