നമ്മൾ ട്രെയിനിൽ മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അന്യസംസ്ഥാനക്കാരുടെ മുരടൻ സ്വഭാവങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകാം. അതങ്ങനെയാണ്, കേരളം വിട്ടു കഴിഞ്ഞാൽ പിന്നെ റെയിൽവേ നിയമങ്ങൾക്കൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. റിസർവ്വേഷനുള്ള കോച്ചുകളിൽ ടിക്കറ്റ് പോലും എടുക്കാതെ കയറുകയും ഇത് മറ്റു യാത്രക്കാരാരെങ്കിലും ചോദ്യം ചെയ്‌താൽ അവരെ അസഭ്യം പറയുകയും ചെയ്യുന്നവരുമുണ്ട് ധാരാളം. അന്യനാടല്ലേ എന്നു വിചാരിച്ചുകൊണ്ട് നമ്മൾ മലയാളികൾ എല്ലാം സഹിച്ചുകൊണ്ട് യാത്ര ചെയ്യാനാണ് പതിവ്. ഇത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് അഖിൽ പി. ധർമ്മജൻ എന്ന യുവ എഴുത്തുകാരൻ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് നമുക്കൊന്നു നോക്കാം.

“RIP റെയിൽവേ പോലീസ്…! ഞാൻ അഖിൽ പി ധർമ്മജൻ. ഒരു അത്യാവശ്യ കാര്യത്തിനായി ചെന്നൈ സെൻട്രലിൽ നിന്നും എന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ കയറി. പെട്ടെന്ന് ചെന്നാൽ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ ബോഗിയിലാണ് കയറിയത്. കയറിയപ്പോൾ ഒരു സ്ത്രീ അവർക്ക് ചുറ്റുമുള്ള സീറ്റുകളിൽ ഇരിക്കരുത് കുടുംബം ഉണ്ടെന്ന് പറഞ്ഞു. അവരുടെ ഒപ്പം ഇരുന്ന ബാഗ് അല്ലാതെ സീറ്റുകളിൽ ഒന്നിലും ഒരു തൂവാല പോലും ഇടാത്തതിനാൽ ഞാൻ ഒന്നിൽ കയറി ഇരുന്നു. (ചില തമിഴ് സ്ത്രീകൾ സീറ്റ് പിടിച്ച് 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്നത് കണ്ടിട്ടുണ്ട്). അപ്പോൾ ഒരു അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് സംസാരിക്കുന്ന വ്യക്തി വന്ന് എന്നെ പിടിച്ചുവലിച്ച്‌ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഞാൻ ഇരുന്നവിടെ തന്നെ ഇരുന്നു. എന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും തടുത്തത് അല്ലാതെ അയാൾക്ക് പ്രായം കൂടുതലായതിനാൽ ഞാൻ തിരികെ ഉപദ്രവിച്ചില്ല. പെട്ടെന്ന് പത്തോളം വരുന്ന ആളുകൾ വരികയും അവർ പിടിച്ചതാണ് ആ സീറ്റെന്ന് പറയുകയും ആഹാരം വാങ്ങാൻ പോയതാണ് എന്ന് പറയുകയും ചെയ്തു.

സീറ്റുകൾക്ക് ഉടമ ഉണ്ടെന്ന് കണ്ടപ്പോൾ ഞാൻ സീറ്റിൽ നിന്നും മാറി ബർത്തിൽ കയറി ഇരുന്നു. അപ്പോൾ പറയുന്നു അവർക്ക് അതും വേണം എന്ന്. അവിടെ നിന്നും മാറാൻ ഞാൻ തയ്യാറായില്ല. ട്രെയിൻ എടുത്തപ്പോൾ മുതൽ ആ കുടുംബത്തിലെ സ്ത്രീ ഒഴികെ പിതാവ് എന്ന് തോന്നിച്ച വ്യക്തി അടക്കം പൊതുവായിരുന്ന് സിഗരറ്റ് വലിക്കുവാൻ ആരംഭിച്ചു. (പിതാവ് വലിച്ചത് എന്തോ ചുരുട്ട് ആണ്). ഞാൻ അത് വീഡിയോ എടുത്ത ശേഷം അകത്തിരുന്നുള്ള പുകവലി നിർത്താൻ ആവശ്യപ്പെട്ടു. എന്നെ കളിയാക്കിയ ശേഷം അവർ പുകവലി തുടർന്നു. ചില ഹിന്ദിക്കാർ എതിർത്തപ്പോൾ മലയാളിയെയും ഹിന്ദികാരനെയും എടുത്ത് വെളിയിൽ എറിയണം എന്ന് പറഞ്ഞ് രണ്ട് വശങ്ങളിലായി ഇരുന്നിരുന്ന ആ ഫാമിലി ആരവങ്ങൾ മുഴക്കി.

പുകവലി അസഹനീയമായപ്പോൾ ഞാൻ റെയിൽവേ പോലീസിൽ ഫോൺ ചെയ്തു. സ്ഥലം കാട്പാടി സ്റ്റേഷൻ ആകുന്നതെ ഉണ്ടായിരുന്നുള്ളു. സമയം രാത്രി 12 കഴിഞ്ഞിരുന്നു. റെയിൽവേ പോലീസ് എന്നു പറഞ്ഞ് കൊടുത്തിരിക്കുന്ന നമ്പർ നിലവിലില്ല എന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ആ കുടുംബം ബ്ലൂടൂത്ത് സ്പീക്കറിൽ അമിതശബ്ദത്തിൽ പാട്ട് വയ്ക്കുകയും സ്ത്രീ ഉൾപ്പെടെ ഉറക്കെ കൂവുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഞാൻ ഉൾപ്പെടെ പലർ പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ടാവണം പലരും ഇത് സഹിച്ചിരിക്കുന്നത് കണ്ടു. ചില യുവാക്കൾക്ക് എന്നോട് ഒപ്പം ഒന്ന് സപ്പോർട്ട് ചെയ്ത് സംസാരിക്കാനുള്ള ധൈര്യം പോലും ഇല്ലാതെ അപ്പുറത്തൊക്കെയായി ഇരിപ്പുണ്ട്. ഞാൻ ഇപ്പോഴും ഇതേ ട്രെയിനിൽ ഈ പിതൃശൂന്യർക്കൊപ്പം യാത്രയിലാണ്. റെയിൽവേ പോലീസിന്റെ 1512 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചപ്പോൾ എടുത്തിട്ട് കംപ്ലെയ്ന്റ് പറയാൻ വിളിച്ചതാണെന്ന് പറഞ്ഞപ്പോൾ അനവധി തവണ കട്ട് ചെയ്ത് കളഞ്ഞു.

പിന്നെ ട്രെയിനിലിരുന്ന് പുകവലിക്കുന്ന വീഡിയോയും ഞാൻ താക്കീത് ചെയ്ത ശേഷം അതിന്റെ ചൊരുക്ക് തീർക്കാൻ ആരെയും ഉറങ്ങാൻ സമ്മതിക്കാതെ സ്പീക്കറിൽ പാട്ട് വച്ച് ബഹളം വയ്ക്കുന്ന വീഡിയോയും ചേർക്കുന്നു. അവർ പതിനഞ്ചോളം ആളുകൾ ഉണ്ടെങ്കിലും രണ്ടും കൽപ്പിച്ച് ആ ബ്ലൂടൂത്ത് സ്‌പീക്കർ ഞാൻ ഓഫ് ചെയ്തു…ഇപ്പോൾ ഒരു ശാന്തതയാണ്…അഥവാ തുടർന്നുള്ള യാത്രയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിന് വരേണ്ട റെയിൽവേ പോലീസിനെ വിളിച്ചാൽ അവർ എടുത്തിട്ട് കട്ടും ചെയ്യുന്നു. ഇനിയുള്ള ഒരു വഴി ഇത് മാത്രമാണ്.

ഇതേ സ്ഥാനത്ത് ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എന്ന് ഓർത്തിട്ട് റെയിൽവേ പൊലീസിന് റീത്ത്‌ വയ്ക്കാൻ തോന്നി. അവളെ കയറി പിടിക്കുകയോ റേപ്പ് ചെയ്യാനോ ശ്രമിച്ചാൽ ഇതുപോലെ പതിനഞ്ചോളം ആളുകൾ കൂടെ ഉണ്ടെങ്കിൽ നിസ്സഹായതയോടെ റെയിൽവേ പോലീസിനെ രാത്രി സമയത്ത് വിളിച്ചാൽ ഇതാണ് അവസ്ഥ. തൽക്കാലം വീഡിയോ സഹിതം ഇവിടെ പോസ്റ്റ് ചെയ്ത് ഞാൻ യാത്ര തുടരുന്നു. ഈ കുടുംബവും കേരളത്തിലേക്ക് ആണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. നാളെ പകൽ പത്തുമണി വരെ നീളും ഈ യാത്ര…ഇവർ എന്റെ നാടായ ആലപ്പുഴയിലേക്ക് ആകണേ എന്നേയുള്ളു ഇപ്പോൾ എന്റെ ഏക പ്രാർത്ഥന…!”

കഴിഞ്ഞിട്ടില്ല, ക്ലൈമാക്സ് വരുന്നേയുള്ളൂ. ട്രെയിൻ കേരളത്തിലേക്ക് കടന്നു.. തമിഴ്‌നാട്ടിൽ വെച്ച് വിളിച്ചിട്ടു കിട്ടാതിരുന്ന (ഫോൺ എടുക്കാതിരുന്ന) റെയിൽവേ പോലീസ് ശോകം ആയിരുന്നെങ്കിലും കേരളത്തിലെ റെയിൽവേ പോലീസ് മാസ്സ് ആണ്. ഒരു കോളിൽത്തന്നെ സംഭവം റെഡിയായി. ട്രെയിൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സിനിമാ സ്റ്റൈലിൽ വന്ന റെയിൽവേ പോലീസ് ഇത്രയും നേരം മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ട്രെയിൻ തറവാട്ടു സ്വത്താക്കിയ ആ ഫ്രോഡ് ഫാമിലിയെ കയ്യോടെ പൊക്കി.

ഇതുപോലെ യാത്രക്കാരാരും പ്രതികരിക്കാത്തതു കൊണ്ടാണ് ഇവരെപ്പോലുള്ള യാത്രക്കാർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കുവാൻ പ്രോത്സാഹനമാകുന്നത്. എന്തായാലും ഇനി ഈ ഫാമിലി ഇത് ആവർത്തിക്കില്ലെന്നുറപ്പാണ്. കാരണം അവർക്ക് കിട്ടേണ്ട നല്ല ബെസ്റ്റ് പണി തന്നെയാണ് കേരള റെയിൽവേ പോലീസ് വഴി കിട്ടിയത്. അറിയാത്തവർക്കായി ഒരു പുതിയ അറിവ് കൂടി ചേർക്കുന്നു…കേരളത്തിലെ റെയിൽവേ അതിവേഗ ഹെൽപ്പ് ലൈൻ നമ്പർ : 9846200100. ഒപ്പം കേരള റെയിൽവേ പോലീസിന് ഒരു ബിഗ് സല്യൂട്ട്.

1 COMMENT

  1. Railway has COMS app now…..athil complaint koduthaaal direct higher authorities level il ninnu avarkk pressure varum…call inekkaaal mecham athaayekkaaam….try that to log complaints… during journey….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.