ഒരു വീടായാൽ അതിനു ചുറ്റും മതിൽ വേണമല്ലോ. സാധാരണ എല്ലാവരും കട്ട കൊണ്ട് ചുമ്മാ ഒരു മതിൽ കെട്ടി പെയിന്റ് അടിക്കാറാണ് പതിവ്. എന്നാൽ കോഴിക്കോട് ജില്ലയിലെ പാലങ്ങാട് സ്വദേശി മുഹമ്മദിന്റെ മതിൽ കണ്ടാൽ ആരുമൊന്നു അമ്പരക്കും. കാരണം ഇന്ത്യൻ റെയിൽവേയിലെ ഒരു ട്രെയിനിന്റെ മാതൃകയിലാണ് മുഹമ്മദിന്റെ വീടിനു മുന്നിലെ മതിൽ തീർത്തിരിക്കുന്നത്. പ്രധാന റോഡിൽ നിന്നും മുഹമ്മദിന്റെ വീട്ടിലേക്ക് കയറുമ്പോൾത്തന്നെ ആളുകളെ ആകർഷിക്കുന്നത് ചൂളം വിളിച്ചുകൊണ്ട് പുറപ്പെടാൻ തയ്യാറായിക്കിടക്കുന്ന ഈ ട്രെയിനാണ്. “വീടിനു മുന്നിൽ ട്രെയിനോ? ഇതെന്താ റെയിൽവേ സ്റ്റേഷൻ വല്ലതുമാണോ” എന്നാണു മുഹമ്മദിന്റെ വീട് കാണുന്നവർ തമാശയ്ക്ക് ചോദിക്കുന്നത്. ഇനി ഈ തീവണ്ടി മതിൽ ഉണ്ടായ സാഹചര്യം വിവരിക്കാം.
പുതിയ വീട് തയ്യാറാക്കുന്നതിനിടെ വ്യത്യസ്തമായ രീതിയിൽ കിണർ പണിയുവാനാണ് മുഹമ്മദ്, ഷാജി ആരാമ്പ്രം എന്ന കലാകാരനെ ബന്ധപ്പെടുന്നത്. വലിയ ഉരുളിയുടെ മാതൃകയിൽ കിണർ രൂപകൽപ്പന ചെയ്യുന്നതിനിടെയാണ് ഷാജിയ്ക്ക് വ്യത്യസ്തമായ ഒരു ബുദ്ധിയുദിക്കുന്നത്. റെയിൽവേ ജീവനക്കാരനായ വീട്ടുടമ മുഹമ്മദിനോട് വീടിൻ്റെ മതിൽ ഒരു ട്രെയിനിന്റെ രൂപത്തിലാക്കിയാലോ എന്ന് ഷാജി അഭിപ്രായം ചോദിച്ചു. സംഭവം ഉഷാറാകുമെന്നു മുഹമ്മദിനു തോന്നി. അങ്ങനെ മതിൽ കെട്ടിക്കഴിഞ്ഞെങ്കിലും അത് പൊളിച്ചുമാറ്റി തീവണ്ടിയുടെ മാതൃകയിൽ പുതുക്കിപ്പണിയുവാൻ മുഹമ്മദ് ഷാജിയ്ക്ക് അനുവാദം നൽകി.
മതിൽ നിർമ്മിക്കുന്നതിനിടെ ട്രെയിനിന്റെ രൂപം അതേപടി ആവിഷ്‌ക്കരിക്കുന്നതിനായി മുഹമ്മദ് തീവണ്ടിയുടെ ഓരോ ഭാഗങ്ങളുടെയും വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തി ഷാജിയ്ക്ക് നൽകി. തീവണ്ടി മതിൽ വളരെ തന്മയത്വത്തോടെ നിർമ്മിക്കുവാൻ ഇത് ഷാജിയ്ക്ക് സഹായകമായി മാറി. അങ്ങനെയാണ് വ്യത്യസ്തമായ ഈ ‘തീവണ്ടി മതിൽ’ പൂർത്തിയായത്. തീവണ്ടിയുടെ എഞ്ചിനും ബോഗികളും അതോടൊപ്പം ബോഗികളിലെ ജനാലകളും വരെ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഷാജി തയ്യാറാക്കിയിരിക്കുന്നത്. ഗൃഹപ്രവേശന ചടങ്ങുകൾക്ക് സ്ഥലത്തെത്തിയ വീട്ടുടമ മുഹമ്മദിന്റെ റെയിൽവേയിലെ സുഹൃത്തുക്കളടക്കമുള്ളവർ തീവണ്ടി മതിൽ കണ്ട് അത്ഭുതപ്പെടുകയാണുണ്ടായത്. ഇവരെല്ലാം മതിലിനു മുന്നിൽ നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തിയതാണ് മടങ്ങിയതും. ട്രെയിനിൽ ഇതുവരെ കയറാത്ത നാട്ടുകാരും ഈ തീവണ്ടി മതിൽ കാണുവാനായി എത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വീടിനേക്കാൾ പ്രശസ്തി വീടിൻ്റെ ചുറ്റുമതിലിനായി എന്നു സാരം.
മതിൽ പൂർത്തിയായതോടെ നിർമ്മാതാവായ ഷാജി ഇതിന്റെ ചിത്രങ്ങൾ തൻ്റെ ഫേസ്‌ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. നിരവധിയാളുകൾ ഈ ചിത്രം കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ തീവണ്ടി മതിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. വ്യത്യസ്തമായ, വളരെ ആകർഷണീയമായ ഈ കലാവിരുത് കണ്ട് ഷാജിയെ അഭിനന്ദിക്കുവാനായി നിരവധിപേർ മുന്നോട്ടു വന്നു. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ ഷാജി ഇതിനു മുൻപും ഇത്തരം വ്യത്യസ്തമായ വർക്കുകൾ ചെയ്തിട്ടുണ്ട്. അവയിൽ ചിലതൊക്കെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. അങ്ങനെയാണ് മുഹമ്മദ് ഷാജിയെ കിണർ രൂപകൽപ്പന ചെയ്യുവാനായി ക്ഷണിക്കുന്നത്. പത്തു വർഷത്തോളമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഷാജിയ്ക്ക് ഇത്രയധികം അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം പറയുന്നു. ഇതിനെല്ലാം പുറമേ സ്വന്തമായി വീടിൻ്റെ മുഴുവൻ ഭാഗങ്ങളും നിർമ്മിച്ച് ഷാജി ശ്രദ്ധേയനായി മാറിയിരുന്നു. കോൺക്രീറ്റിങ് ഒഴികെ വീടിന്റെ എല്ലാ പണികളും ഷാജി സ്വന്തമായി രൂപകൽപ്പന ചെയ്യുകയായിരുന്നു.
എന്തായാലും കോഴിക്കോട് നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന പാലങ്ങാട് എന്ന ഗ്രാമം തീവണ്ടി മതിലിന്റെ പേരിൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടി പ്രശസ്തമായിരിക്കുകയാണ്. സംഭവമറിഞ്ഞു മുഹമ്മദിനെ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദിക്കുകയുണ്ടായി. തൻ്റെ ജോലിയോടുള്ള ആദരവും ട്രെയിനുകളോടുള്ള സ്നേഹവും കൂടിയാണ് വീടിനു മുന്നിലെ മതിലിൽ മുഹമ്മദ് ഒരുക്കിയിരിക്കുന്നത്. റെയിൽവേ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കുന്ന മുഹമ്മദിന് ഇനി ജോലിസ്ഥലത്തും അതോടൊപ്പം വീട്ടിലെ ഒഴിവു സമയങ്ങളിലും കൺനിറയെ ട്രെയിൻ കാണാം. നിങ്ങൾക്കും ഇതുപോലെ വീടുകളുടെ മതിൽ വ്യത്യസ്തമായി ആവിഷ്‌ക്കരിച്ച് ആകർഷണീയമാക്കാവുന്നതാണ്. കഴിയുമെങ്കിൽ ഷാജി ആരാമ്പ്രത്തിനെ തന്നെ വിളിക്കുക. സംഭവം ഉഷാറാക്കിത്തരും…