കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത രണ്ടേരണ്ടു ജില്ലകളാണുള്ളത്. ഒന്ന് വയനാടും മറ്റൊന്ന് ഇടുക്കിയും. സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ജില്ലകളായതിനാലാണ് ഇവിടേക്ക് റെയിൽപ്പാതകൾ ഇല്ലാത്തത്. എന്നാൽ വളരെയേറെ വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നു. അതെ, വിശ്വസിച്ചേ മതിയാകൂ. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 1902 മുതല്‍ 1924 വരെ. മൂന്നാറില്‍ നിന്നും ടോപ്പ് സ്റ്റേഷന്‍ വരെയായിരുന്നു ‘കുണ്ടള വാലി’ എന്നു പേരുണ്ടായിരുന്ന ഈ റെയിൽവേ ലൈൻ.
പ്രധാനമായും മൂന്നാറില്‍ നിന്നും തേയില കയറ്റുമതിക്കു വേണ്ടിയായിരുന്നു ഈ റെയില്‍ ലൈൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇത് ഉണ്ടാക്കിയത് ബ്രിട്ടീഷുകാർ ആയിരുന്നുവെന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ആദ്യം ഇത് മോണോ റയില്‍പാതയായിരുന്നു (ഒരേയൊരു പാളം മാത്രമുള്ള പാത). പിന്നീട് 1908 ല്‍ മോണോ റയില്‍ മാറി നാരോഗേജ് പാതകള്‍ നിലവില്‍ വന്നു. അതോടെ യഥാര്‍ത്ഥ തീവണ്ടിയുടെ കാലമായി. ലൈറ്റ് സ്റ്റീം ലോക്കോമോട്ടീവ് എഞ്ചിനുപയോഗിച്ചുള്ള പഴയ കല്‍ക്കരി എഞ്ചിന്‍ ട്രയിനായിരുന്നു അന്ന് അവിടെ സര്‍വ്വീസ് നടത്തിയിരുന്നത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനും ഇടയിലായി മധുപ്പട്ടി, പലാര്‍ എന്നീ പേരുകളിൽ സ്റ്റേഷനുകളും പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ ടാറ്റാ ടീ ലിമിറ്റഡിന്റെ ഹൗസിംഗ് റീജ്യണല്‍ ഓഫീസായി ഉപയോഗിക്കുന്ന കെട്ടടമായിരുന്നു പണ്ടത്തെ മൂന്നാര്‍ റയില്‍വേ സ്റ്റേഷന്‍.
ഇപ്പോൾ ഇത് വായിക്കുന്ന നിങ്ങൾക്ക് സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും. എന്തുകൊണ്ടാണ് ഈ ട്രെയിൻ റൂട്ട് നിർത്തിയത്? എന്താണ് അതിന്റെ കാരണം? കേട്ടോളൂ, ഇത് നമ്മളായി നിർത്തിവെച്ച സർവ്വീസ് അല്ല. 1924 ലെ ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ തിമിര്‍ത്തു പെയ്ത പേമാരിയായിരുന്നു കുണ്ടളവാലിയുടെ അന്തകന്‍. ‘തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്ക’മെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ പ്രളയം മൂന്നാറിനെ ഒന്നാകെ നശിപ്പിച്ചപ്പോൾ കൂടെ കുണ്ടളവാലിയും ഉണ്ടായിരുന്നു. പ്രളയത്തിനു ശേഷം മൂന്നാർ പതിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുണ്ടള വാലി എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു ഉണ്ടായത്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നമുക്ക് സന്തോഷം പകരുന്നതാണ്. വളരെയേറെ വർഷങ്ങൾക്ക് മുൻപ് ഓട്ടം നിർത്തിയ മൂന്നാർ – മാട്ടുപ്പെട്ടി റെയിൽപ്പാത വീണ്ടും തുടങ്ങുവാൻ ടൂറിസം വകുപ്പ് തയ്യാറെടുക്കുകയാണ് ഇപ്പോൾ. ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിന്‍ സര്‍വീസിന്റെ മാതൃകയില്‍ ട്രെയിന്‍ ഓടിക്കാനാണു പദ്ധതി. 35 കിലോമീറ്റർ ദൂരത്തിൽ ടാറ്റാ കമ്പനിയുടെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഉണ്ടായിരുന്ന തീവണ്ടിപ്പാതയുടെ അഞ്ചു കിലോമീറ്റർ നവീകരിക്കുവാനാണ് ടൂറിസം വകുപ്പ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. നാരോഗേജ് ആവി എൻജിൻ മാതൃകയിലായിരിക്കും ഈ സർവ്വീസ്. പദ്ധതി വിജയിച്ചാൽ പഴയ പാത പൂര്‍ണമായും പുതുക്കിപ്പണിയുകയും ചെയ്യും. ഈ പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കാമെന്ന് ടാറ്റാ കമ്പനി അധികൃതരുടെ ഉറപ്പും സർക്കാരിനു ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും പേരുകേട്ടതും കൂടുതലാളുകൾ വന്നു പോകുന്നതുമായ ടൂറിസ്റ്റു കേന്ദ്രമാണ് മൂന്നാർ. തേയിലത്തോട്ടങ്ങൾക്കും, മാട്ടുപ്പെട്ടി ഡാമിനും, ടീ ഫാക്ടറികൾക്കും ഒപ്പം ഒരു തീവണ്ടി സർവ്വീസ് കൂടി വന്നാൽ എങ്ങനെയിരിക്കും? ഇതുമൂലം കൂടുതൽ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുവാനും സാധിക്കും. റെയില്‍വേ വികസന കോര്‍പറേഷന്റെ പ്രതിനിധികളും ടൂറിസം വകുപ്പ് അധികൃതരും ചേർന്ന് റെയിൽപ്പാതകൾ കണ്ടെത്തുന്നതിനും സ്ഥാനം നിര്ണയിക്കുന്നതിനും വേണ്ടിയുള്ള പരിശോധനകൾ നടത്തുകയുണ്ടായി. മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന നടന്നത്. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ദരും പഠനം നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടി. എന്തായാലും മൂന്നാറിൽ ട്രെയിനിന്റെ ചൂളംവിളി ഇനിയും കേൾക്കുമോ എന്നു നമുക്ക് കാത്തിരുന്നു കാണാം.
Cover Photo – Representative Image.