ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തീവണ്ടി സർവീസ് ആണ് ഥാർ എക്സ്പ്രസ്സ്. ഇത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഭഗത് കീ കോഠിയിൽ അവസാനിക്കുന്നു. ഈ തീവണ്ടിപ്പാത 1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ തകർക്കപ്പെട്ടു. 41 വർഷത്തിനു ശേഷം 18 ഫെബ്രുവരി 2006 ൽ അത് പുനർനിർമ്മിച്ചു. ഥാർ എക്സ്പ്രസ്സ് ആണ് ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്നതും പുതിയതും എന്ന് പറയാവുന്ന തീവണ്ടി സർവീസ്. ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു തീവണ്ടി സർവീസാണ് സംഝോത എക്സ്പ്രസ്സ്.
ഇന്ത്യയിലെ ഡൽഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസം (ചൊവ്വ,വെള്ളി ദിവസങ്ങൾ) ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്സ് . സൗഹൃദ എക്സ്പ്രസ്സ് (Friendship Express) എന്നാണ് പൊതുവിൽ ഈ ട്രെയിൻ അറിയപ്പെടുന്നത്. സംഝോത എന്ന പദത്തിന് ഹിന്ദിയിലും ഉർദുവിലും ഉടമ്പടി, രഞ്ജിപ്പ് എന്നൊക്കെയാണ് അർത്ഥം.
ഥാർ എക്സ്പ്രസ്സ് പുനഃരാരംഭിക്കുന്നത് വരെ സംഝോത എക്സ്പ്രസ്സ് മാത്രമായിരുന്നു ഇന്ത്യയേയും പാകിസ്താനെയും ബന്ധിപ്പിച്ചിരുന്ന ഏക റയിൽ ബന്ധം. സിംല കരാറിനെ തുടർന്ന് 1976 ജൂലൈ 22 നാണ് ഈ ട്രെയിൻ ആരംഭിച്ചത്. 42 കിലോമീറ്റർ ദൂരമുള്ള അമൃതസറിനേയും ലാഹോറിനേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ആയിരുന്നു അക്കാലത്ത് സംഝോത എക്സ്പ്രസ്സ്. 1980 കളുടെ ഒടുവിൽ പഞ്ചാബിലുണ്ടായ അസ്വസ്ഥതയുടെ ഫലമായി സുരക്ഷയിലുള്ള ആശങ്കകാരണം ഇന്ത്യൻ റെയിൽവേ സംഝോത എക്സ്പ്രസ്സിന്റെ സേവനം അത്താരിയിൽ വേണ്ടെന്ന് തീരുമാനിച്ചു. 2000 ഏപ്രിൽ 14 ന് ഇന്ത്യൻ റയിൽവേയും പാകിസ്താൻ റയിൽവേയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ദൂരം മൂന്ന് കിലോമീറ്ററിനുള്ളിൽ ഒതുക്കാൻ തീരുമാനമായി.
സംഝോത എക്സ്പ്രസ്സ് ആരംഭിച്ചത് ദിനേനയുള്ള സേവനത്തോടെയായിരുന്നു. 1994 ൽ ആഴ്ചയിലൊരിക്കലായി. 2002 ജനുവരി ഒന്നിന് ആണ് ആദ്യമായി ഈ ട്രെയിൻ അതിന്റെ ഓട്ടം നിർത്തേണ്ടിവന്നത്. 2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നായിരുന്നു അന്ന് ഓട്ടം നിറുത്തിവെച്ചത്. എന്നാൽ 2004 ജനുവരി 15 ന് ട്രെയിൻ സേവനം പുനഃരാരംഭിച്ചു. 2007 ഡിസംബർ 27 ന് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടർന്നും സംഝോത എക്സ്പ്രസ്സിന്റെ ഓട്ടം താൽകാലികമായി നിറുത്തിവെച്ചു.
2007 ഫെബ്രുവരി 19 ന് പുലർച്ചെ സംഝോത എക്സ്പ്രസ്സ് എന്ന ഈ ‘സമാധാന ട്രെയിനിൽ’ ഉണ്ടായ ബോംബ്സ്ഫോടനം 68 ആളുകൾ മരണമടയാനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇടവന്നു. മരണമടഞ്ഞവരിൽ കൂടുതൽ ആളുകളും പാകിസ്താനിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ള ട്രെയിൻ സുരക്ഷാ സേനാനികളുമായിരുന്നു. ഹരിയാനയിലെ പാനിപറ്റിലുള്ള ദീവാന സ്റ്റേഷനിൽ വച്ചായിരുന്നു ബോംബാക്രമണം നടന്നത്. പൊട്ടാത്ത മൂന്ന് ബോംബുകൾ അടക്കം പല മാരകസ്ഫോടക വസ്തുക്കളും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയുണ്ടായി.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.