അനുഭവക്കുറിപ്പ് – ദയാൽ കരുണാകരൻ.

2005 ലെ ഒരു തീവണ്ടി യാത്രക്കിടയിൽ സംഭവിച്ച കാര്യമാണിത്. ബസ്സിറങ്ങി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ വേഗത്തിൽ നടക്കുകയായിരുന്നു. ആ സമയത്ത് എന്റെ സമീപത്തൊന്നും കയറി വേഗത്തിൽ പോകാൻ ഒരു ഓട്ടോറിക്ഷ ലഭ്യമല്ലായിരുന്നു. എന്റെ കൈകളിൽ ഞങ്ങളുടെ മൂന്നു വയസ് പ്രായമുള്ള ഇളയ മകനും പിന്നൊരു ബ്രീഫ് കേസുമുണ്ടായിരുന്നു. മകനെ ഞാൻ ഇടതു കൈയിൽ ചേർത്ത് തോളിലിട്ടിരിക്കുകയായിരുന്നു. വലതു കൈയിൽ ബ്രീഫ് കേസും.

എന്റെ വൈഫ് അന്ന് മലപ്പുറം ജില്ലയിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റായിരുന്നു. ബസ്സിറങ്ങിയിടത്തു നിന്നും സ്റ്റേഷനിലേക്ക് 300 മീറ്ററിൽ കുറയാത്ത ദൂരമുണ്ടായിരുന്നു. അങ്ങോട്ടുള്ള വഴിയിൽ എനിക്ക് കാണാൻ കഴിയുമായിരുന്നു എനിക്ക് പോകേണ്ട തീവണ്ടി സ്റ്റേഷൻ വിട്ട് പതിയെ ഉരുണ്ടു തുടങ്ങുന്നത്. ആ തീവണ്ടി പോയി കഴിഞ്ഞാൽ പിന്നെ അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നും അന്ന് ഷോർണൂരിലേക്ക് മറ്റൊരു തീവണ്ടിയില്ലായിരുന്നു.

ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ ആകുലപ്പെടുത്തുന്നതായിരുന്നു. എന്തെന്നാൽ ആ തീവണ്ടിയിൽ എനിക്ക് കയറാൻ പറ്റിയില്ലെങ്കിൽ പിന്നീടുള്ള എന്റെ യാത്രകൾ മുഴുവൻ താളം തെറ്റുമായിരുന്നു. ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റിസർവ്ഡ് തീവണ്ടി യാത്ര എനിക്ക് നഷ്ടപ്പെടുമായിരുന്നു. പകരം എനിക്ക് ബസ് യാത്രയെ ആശ്രയിക്കുകയും അടുത്ത തിരുവനന്തപുരം തീവണ്ടി വരുംവരെ 3 വയസ്സുള്ള മകനെയും കൊണ്ടു രാത്രിയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ കാത്തിരിക്കുകയോ സ്റ്റേഷന് സമീപത്ത് മുറി എടുക്കുകയോ ഒക്കെ വേണമായിരുന്നു. ഏതായാലും അതൊക്കെ എനിക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.

ഏറ്റവും അനുയോജ്യമായ ബസ്സ് യാത്ര എന്തുകൊണ്ട് എന്റെ ശരീരം ഭയപ്പെടുന്നുവെന്നത് പലപ്പോഴും പറഞ്ഞിട്ടുള്ളതാണെങ്കിലും ആ മാർഗ്ഗം എനിക്ക് അവലംബിക്കാൻ കഴിയാത്ത സാഹചര്യം ഖേദത്തോടെ തന്നെ വീണ്ടും പറയുകയാണ്. 1998 ന് ശേഷം മറ്റൊരാൾ ഓടിക്കുന്ന കാർ, ബസ് ഇവകളിൽ കഷ്ടിച്ച് 5 കിലോമീറ്ററിന് മീതെ യാത്ര ചെയ്യാനാവില്ല. അങ്ങനെ ചെയ്താൽ എനിക്ക് കടുത്ത ക്ഷീണം, ഛർദ്ദി, ശരീരം അമിതമായി തണുക്കുക, മരവിക്കുക, ശ്വാസോച്ഛ്വാസ നിരക്ക് താഴുക എന്നിങ്ങനെ അസ്വസ്ഥതകൾ ഉണ്ടാവുക പതിവാണ്. യാത്ര പൂർത്തിയാക്കാനുമാവില്ല. അതുകൊണ്ട് 98 ന് ശേഷം എന്റെ യാത്രകൾ ബൈക്ക്, കാർ, തീവണ്ടി ഇവകളെ മാത്രം ആശ്രയിച്ചുള്ളവയായിരുന്നു.

അന്നും ഇന്നും ബസ് – കാർ ദീർഘയാത്രകളെ കുറിച്ച് എനിക്ക് ആലോചിക്കുന്നതു പോലും അസ്വസ്ഥയുളവാക്കുന്നതാണ്. ഇക്കാരണത്താൽ ഹിമാലയത്തിലെയും നോർത്ത് ഈസ്റ്റിലെയും പല യാത്രകളും എനിക്ക് സാദ്ധ്യമാകുന്നുമില്ല. അന്ന് അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നും ഉരുണ്ടു തുടങ്ങുന്ന തീവണ്ടി കണ്ട എന്റെ മാനസികാവസ്ഥ നിങ്ങൾക്ക് ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ.

ഇനി നടന്ന കാര്യങ്ങൾ ഇന്ത്യൻ റെയിൽവേയിൽ പതിവില്ലാത്ത കാര്യമായിരുന്നു. അന്ന് ആ പാതിവഴിയിൽ നിന്നും ആദ്യം കണ്ട ഗ്യാപ്പിലൂടെ ഞാൻ റെയിൽവേ ട്രാക്കിനടുത്തേക്ക് പാഞ്ഞു കയറി. ഞാൻ നോക്കുമ്പോൾ തീവണ്ടിയുടെ എൻജിൻ റൂമിൽ നിന്നും പുറത്തേക്ക് തലയിട്ടു നില്ക്കുന്ന ഒരുവൻ എന്റ്റെ പാഞ്ഞുള്ള വരവ് മുന്നേ കണ്ടമാതിരി എന്നേ തന്നെ നോക്കുന്നു.

എനിക്കൊരു പ്രതീക്ഷ കിട്ടി. നിമിഷനേരം കൊണ്ട് കൈയിലിരിക്കുന്ന കുട്ടിയേയും പെട്ടിയേയും അപ്പടി വച്ചു കൊണ്ടു സാദ്ധ്യമാകുന്ന തരത്തിൽ മുഖത്ത് പത്തരമാറ്റ് ‘റിക്വസ്റ്റ്’ രസമിട്ട്… പെട്ടി തൂക്കിയ കൈകൊണ്ട് ഒരു വണക്കവും പോടി… ഞാൻ അയാളെ തന്നെ യാചനാപൂർവ്വം നോക്കി. ഒരു അപ്പാവി മട്ടിൽ ഒരു നില്പങ്ങുനിന്നു. ‘കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി’ എന്ന മട്ടിൽ. എന്നാൽ അടുത്ത നിമിഷം തീവണ്ടിയുടെ വേഗത ഇത്തിരി കൂടിയ മട്ടായി. അതെന്നെ വല്ലാത്ത നിരാശയിലാഴ്ത്തി.

ആ മനുഷ്യൻ എന്നെ അനുഭാവപൂർവം നോക്കിയെങ്കിലും ഫലത്തിൽ പരിഗണിച്ചില്ലല്ലോ എന്നതായിരുന്നു എന്റെ ചിന്ത. ശേഷം ഷൊർണ്ണൂരേക്കുള്ള കഠിനമായ ബസ് യാത്രയും അവിടെ എത്തിയതിന് ശേഷമുള്ള കാര്യങ്ങളുമെന്നെ അലട്ടിത്തുടങ്ങി.

അങ്ങനെ ഞാൻ വിഷമിച്ചു നിൽക്കുമ്പോൾ തീവണ്ടിയുടെ വേഗത കുറയുന്ന പോലെ തോന്നി. ആ തോന്നൽ ശരിയായിരുന്നു. പതിയെപ്പതിയെ വണ്ടി നിന്നു. ഞാൻ ആഹ്ളാദത്തിലുപരി അത്ഭുതത്തിലാണ്ടു. കേവലം ഒരു യാത്രക്കാരൻ കൈകാണിച്ചപ്പോൾ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടി നിർത്തി തന്നെന്നോ? സത്യത്തിൽ ആ നിമിഷങ്ങളിലെ എന്റെ സന്തോഷം അളക്കാൻ പറ്റാത്ത നിലയിലായിരുന്നു. ഞാൻ ഓടിച്ചെന്ന് കംപാർട്മെന്റ്റിൽ കയറി.

ആ തീവണ്ടിയുടെ ഡോറിൽ നിന്നവരും വശങ്ങളിലെ സീറ്റിലിരുന്ന പുറത്തേക്ക് നോക്കിയവരും മുന്നേതന്നെ കുട്ടിയേയും പെട്ടിയേയും തൂക്കിവരുന്ന എന്നെ ശ്രദ്ധിച്ചു കാണണം. അവരും ആ തീവണ്ടി ഒന്നു നിർത്തിയിരുന്നെങ്കിൽ… എനിക്കും കുട്ടിക്കും കയറാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകാണണം. ഡോറിൽ നിന്നവർ എന്നെ കരുതലിന്റ്റെ കൈകൾ പിടിച്ച് അകത്തേക്ക് സ്വീകരിച്ചു. ഒരു ദുബൈ ജാക്പോട് അടിച്ച ‘ഫീൽ’ എനിക്കും സഹയാത്രികർക്കും ഒരുമിച്ചുണ്ടായി എന്ന് പറയാവുന്ന അവസ്ഥ.

കംപാർട്മെന്റ്റിലേക്ക് കടന്നപ്പോൾ തന്നെ ലോംഗ് സീറ്റിലിരുന്ന ചെറുപ്പക്കാർ എനിക്ക് വേണ്ടി ഒതുങ്ങിയിരുന്ന് ഒരു ഇരിപ്പിടമൊരുക്കി തന്നു. പിന്നീട് അവർ തന്നെ എന്റെ അടുത്ത ആശങ്കക്ക് പരിഹാരവും കണ്ടെത്തി. അടുത്ത സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എനിക്ക് ടിക്കറ്റെടുത്ത് തരാമെന്ന് ഒരുവൻ ഏല്ക്കുകയും ചെയ്തു. അത് മലപ്പുറത്തിന്റ്റെ… മലബാറിന്റ്റെ ആതിഥ്യ മര്യാദയായിരുന്നു.

ഷൊർണ്ണൂരിൽ എത്തിയപ്പോൾ ഞാൻ തീവണ്ടിയുടെ എൻജിൻ ഭാഗത്തേക്ക് എത്തി ഞാൻ ആ ലോക്കോപൈലറ്റിന് കണ്ടു നന്ദി പറഞ്ഞു. എന്നാൽ അയാൾ നിർവ്വികാരതയോടെ എന്റെ വാക്കുകൾ കേട്ടതല്ലാതെ മറുവാക്കുകളൊന്നും പറഞ്ഞില്ല.

ഷൊർണ്ണൂർ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള തീവണ്ടി കാത്ത് ഇരിക്കുമ്പോൾ ഞാൻ ആലോചിച്ചത് രണ്ടു കാര്യങ്ങളായിരുന്നു.
ഒന്ന് – അന്ന് ആ ഉരുണ്ടു തുടങ്ങിയ തീവണ്ടി എന്ത് കാരണത്താലാണ് നിർത്തപ്പെട്ടത് എനിക്ക് വേണ്ടി തന്നെ ആയിരുന്നോ? രണ്ട് – ആ ലോക്കോപൈലറ്റ് എന്റെ നന്ദിപ്രകാശനത്തിനെ ഊഷ്മളമായി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു.

എങ്കിലും അന്ന് എന്റെ മനസ്സിനോട് ഞാൻ പറഞ്ഞത് ആ തീവണ്ടി അന്ന് നിർത്തപ്പെട്ടത് എനിക്ക് വേണ്ടി തന്നെയായിരുന്നെന്നാണ്. ഒരു യാത്രാ വഴിയിൽ ഇന്ത്യൻ റെയിൽവേ അങ്ങനെയൊരു കാരുണ്യം എന്നോടു കാണിച്ചു. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സർക്കാർ പ്രസ്ഥാനങ്ങൾക്ക് ഹൃദയമുണ്ടാകുന്നത് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.