സ്വകാര്യ വാഹനത്തിൽ കുടുംബാംഗങ്ങൾ അല്ലാതെ മറ്റുള്ളവർക്ക് യാത്ര ചെയ്യാമോ? അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണോ? മിക്കയാളുകളുടെയും ഉള്ളിലുള്ള ഒരു സംശയമാണിത്. ഇതിന്റെ നിയമവശങ്ങൾ നമുക്കൊന്ന് നോക്കാം.

മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 53 പ്രകാരം ഒരു മോട്ടോർ വാഹനം നിയമാനുസൃതമായ പെർമിറ്റ് ഇല്ലാതെ വാടകയോ
പ്രതിഫലമോ പറ്റി ഉപയോഗിക്കുവാൻ കൊടുക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യപ്പെടുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികാരികൾക്ക് ബോധ്യപ്പെടുകയാണെങ്കിൽ വാഹന ഉടമസ്ഥന്റെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിലേക്ക് നോട്ടീസയക്കുകയും അത് കൈപ്പറ്റിയതായി ബോധ്യം വന്നതിനുശേഷം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാവുന്നതാണ്. അങ്ങനെ സസ്പെൻഡ് ചെയ്യുന്നത് നാലുമാസത്തേക്കൊ അതല്ലെങ്കിൽ കുറവുകൾ പരിഹരിക്കുന്നതുവരെയോ ആയിരിക്കേണ്ടതാണ്.

എന്നാൽ തുടർച്ചയായി ആറുമാസക്കാലം വാഹന ഉടമയുടെ ഭാഗത്തുനിന്ന് കുറവുകൾ പരിഹരിക്കുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടായില്ലെങ്കിൽ ഏതു രജിസ്റ്ററിംഗ് അധികാരിയുടെ കീഴിലാണോ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്, ആ അധികാരിക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി ക്യാൻസൽ ചെയ്യാവുന്നതാണ്.

നിയമം ഇതായിരിക്കെ വാഹനത്തിൽ കുടുംബാംഗങ്ങൾ അല്ലാതെ, മറ്റൊരാൾ യാത്ര ചെയ്താൽ വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾക്ക് അധികാരം ഇല്ലാത്തതാകുന്നു. എന്നാൽ പെർമിറ്റില്ലാതെ സ്വകാര്യ വാഹനത്തിൽ ടാക്സി സർവീസ് നടത്തിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുവാനും, തുടർന്ന് ക്യാൻസൽ ചെയ്യുവാനും ബന്ധപ്പെട്ട അധികാരികൾക്ക് അധികാരമുണ്ട്.

മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 66 പ്രകാരം യാതൊരുവിധ വാഹനങ്ങളും പെർമിറ്റില്ലാതെ യാത്രക്കാരെ വാടക സവാരിക്കായി കൊണ്ടുപോകാൻ അവകാശമില്ലാത്തതാകുന്നു. ഇക്കാര്യത്തിൽ അധികാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ അത് കാര്യകാരണസഹിതം സ്ഥിതീകരിക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.

കടപ്പാട് – Consumer Complaints & Protection Society.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.