വിവരണം – പ്രശാന്ത് പറവൂർ.

നമ്മളെല്ലാം ആദ്യമായി ഒരു യാത്ര പോയത് അമ്മയുടെ ഒപ്പമായിരിക്കും. എന്നാൽ അമ്മമാർ പ്രായമാകുമ്പോൾ നമ്മുടെ യാത്രകളിൽ നാം അവരെക്കൂടി കൂട്ടാറുണ്ടോ? നമ്മളെ ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ച് അവർ പല യാത്രകളിൽ നിന്നും പിന്തിരിയാറാണ് പതിവ്. എൻ്റെ അമ്മയും ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്ന തരക്കാരിയായിരുന്നു. പലതവണ സിനിമയ്ക്ക് പോകാനായി വിളിച്ചെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാറായിരുന്നു പതിവ്.

ഒരിക്കൽ എന്താണ് ആഗ്രഹമെന്ന് ഞാൻ ചോദിച്ചു. പതിവുപോലെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എൻ്റെ നിർബന്ധത്തിനു വഴങ്ങി അവസാനം ഒരു വിമാനയാത്ര ആണെന്ന് പറഞ്ഞൊപ്പിച്ചു.നടക്കില്ല എന്ന് അറിയാമെങ്കിലും ഞാൻ ചോദിച്ചതല്ലേ എന്നു കരുതി അമ്മ പറഞ്ഞതാണ്. എന്നാൽ ആ ആഗ്രഹം എങ്ങനെയെങ്കിലും നടത്തിക്കൊടുക്കണം എന്ന വാശിയായി എനിക്ക്. വൈകാതെ തന്നെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഞാൻ രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്തു.

ഒടുവിൽ 2016 ഡിസംബർ ആദ്യവാരം ഒരു യാത്ര പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞപ്പോൾ മറുപടിയായി ഒരു ചിരിയായിരുന്നു ലഭിച്ചത്. അങ്ങനെ ഡിസംബർ 16ന് അതിരാവിലെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഒരു യൂബർ ടാക്സി വിളിച്ച് നേരെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക്. ഒരാഴ്ച മുന്നേ ഇൻഡിഗോയിൽ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ സർപ്രൈസ് കൊടുക്കുവാൻ ആ കാര്യം രഹസ്യമാക്കി വെച്ചതാണ്.

പിന്നെ ആദ്യമായി വിമാനത്തിൽ കയറാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു കക്ഷി. സെക്യൃരിറ്റി ചെക്കിംഗൊക്കെ പെട്ടെന്നു കഴിഞ്ഞു. 10 മണിയോടെ ഞങ്ങളുടെ ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും പറന്നു. ഇതിനു മുമ്പ് നാലു പ്രാവശ്യം വിമാനയാത്ര നടത്തിയ എനിക്ക് ഇത്തവണയും ടേക്ക് ഓഫ് സമയത്ത് ചെറിയൊരു നെഞ്ചിടിപ്പ്. അതേ സമയം എന്നെ ഞെട്ടിച്ചുകൊണ്ട് യാതൊരു പേടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് അമ്മയും. ഏകദേശം 40 മിനിറ്റുകൊണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു.

പിന്നീട് അവിടെ നിന്നും നേരെ മൃഗശാലയിലേക്ക്. മൃഗശാലയൊക്കെ രണ്ടു റൗണ്ട് കറങ്ങിയശേഷം അവിടന്നുതന്നെ ഊണും കഴിച്ചു. രണ്ടു മണിയോടെ അവിടെനിന്നും തമ്പാനൂർ ബസ് ടെർമിനലിലെത്തി. തിരിച്ച് 3.15 pm നുള്ള കേരള ആർടിസി ബെംഗലൂരു വോൾവോ ബസ്സിനായിരുന്നു മടക്കം. വോൾവോ മൾട്ടി ആക്സിൽ ബസ്സിൽ ഞാനും ആദ്യമായാണ് യാത്ര ചെയ്യുന്നത്.

കൊല്ലം എത്തിയപ്പോൾ കണ്ടക്ടർ ബസ്സിൽ സിനിമ പ്ലേ ചെയ്തു. പഞ്ചാബി ഹൗസ്. പിന്നീടങ്ങോട്ട് ബസ്സിൽ പൊട്ടിച്ചിരികളുടെ ബഹളമായിരുന്നു. അങ്ങനെ രാത്രി 9 മണിയോടെ ഞങ്ങൾ വൈറ്റിലയിൽ ബസ്സിറങ്ങി. അവിടുന്ന് ഒരു യൂബർ ടാക്സി പിടിച്ച് നേരെ പറവൂരിലെ വീട്ടിലേക്ക്. അങ്ങനെ കുറേനാളത്തെ അമ്മയുടെ ഒരാഗ്രഹം സാധിച്ചുകൊടുക്കുവാൻ കഴിഞ്ഞു.

എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ ഏതെന്നു ചോദിച്ചാൽ അതിലൊന്ന് അമ്മയുമൊത്തുള്ള ഈ യാത്രയായിരിക്കും. ഇനി അമ്മയോടൊത്ത് ഒരു ഇന്റർനാഷണൽ ട്രിപ്പാണ് അടുത്ത ആഗ്രഹം. അധികം വൈകാതെ അതും സാധ്യമാകട്ടെ.. മാതാപിതാക്കളുടെ സന്തോഷമാണ് മക്കളുടെ സംതൃപ്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.